നാഗാലാൻഡിൽ നിന്നും ഗുവാഹത്തിയിലേക്കു വരുന്ന വഴി. നാഗാലാൻഡിലെ മോൻ ജില്ലയിൽ നിന്ന് അസമിന്റെ അതിർത്തിയിൽ എത്തും വരെ റോഡ് ഒരു ഐതിഹ്യം പോലെയായിരുന്നു. അതുണ്ട് എന്നു നമ്മളങ്ങു വിശ്വസിച്ചു. ചെളിക്കുഴമ്പു തെറിക്കുന്ന വഴിയിൽ എവിടെയോ വച്ചാണ് ‘ഇന്ത്യയിലും പിരമിഡുകളുള്ളത് അറിയില്ലേ ചേച്ചിക്ക്’ എന്ന് സഹയാത്രികരായ അജുവും നിധിയും ചോദിച്ചത്. എവിടെയോ അതേപ്പറ്റി വായിച്ചത് ഓർമ വന്നു. അതേ, ചരൈദേവോ അടുക്കുകയാണ്.
ചരൈദേവോ മെയ്‌ദാം.. ‘കുന്നുകളുടെ മുകളിലെ തിളങ്ങുന്ന നഗരം’, ‘ചരൈ’ എന്ന തായ് വാക്കിന്റെ അർഥം അതാണ്. അഹോം രാജാക്കന്മാരുടെ ആദ്യ തലസ്ഥാനം എന്ന് പുകൾപ്പെറ്റയിടം. പിന്നീട് തലസ്ഥാനം പല സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും ചരൈദേവോ തന്റെ ആദ്യത്തെ പ്രതാപം എല്ലാ കാലവും നിലനിർത്തി.

ദൂരെ നിന്നേ കാണാം ഉയർന്നു നിൽക്കുന്ന പച്ചപ്പുൽക്കുന്നുകൾ. മിക്കതിലും പുനസ്ഥാപന പ്രവർത്തനങ്ങൾ നടക്കുന്നു എന്ന അറിയിപ്പുമുണ്ട്.
ജീവനില്ലാത്തവരുടെ പ്രതാപം നിലനിർത്താനായി ജീവനുള്ളവരെയും അടക്കിയെന്നു ദുഷ്പേരുള്ള സ്ഥലമാണിത്, പച്ചപ്പുൽ കുന്നുകളിൽക്കിടയിലൂടെ നടക്കുമ്പോഴോർത്തു. ഒരുപക്ഷേ, ചരിത്രാന്വേഷികൾക്കു മാത്രമായിരിക്കും ഇവിടം കൂടുതൽ കൗതുകം ജനിപ്പിക്കുന്നത്. സഞ്ചാരികൾ വെറുതെ കാഴ്ച കണ്ടു പോകുന്നതായാണ് കാണുന്നത്. ഇതിനിടെ തായ്‌ലൻഡിൽ നിന്നെത്തിയ ഒരുപറ്റം സഞ്ചാരികളെ പരിചയപ്പെട്ടു. അവർക്കൊപ്പം ടൂർ ഗൈഡുമുണ്ട്.
അത്മാവിനെ അടക്കുന്ന മെയ്ദാം
700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോംരാജവംശത്തിന്റെതാണ്. ധാരാളം നിലവറകളുള്ള, വിലയേറിയ സ്വത്തുക്കളാലും രാജാക്കന്മാരുടെ മൃതശരീരങ്ങളാലും നിറയ്ക്കപ്പെട്ട മെയ്ദാമുകൾ. ഏതാണ്ട് ആറ് നൂറ്റാണ്ട് അസമിനെ ഭരിച്ച അഹോം രാജാക്കന്മാരുടെ അന്ത്യവിശ്രമ കുടീരങ്ങളാണ് മെയ്ദാം എന്ന ഈ നിർമിതികൾ.

കിഴക്കൻ അസമിൽ പട്കായ് മലനിരകളുടെ താഴ്‌വരയിൽ ജലാശയങ്ങളാലും വൃക്ഷലതാദികളാലും പച്ച പുൽത്തകിടിയാലും ചുറ്റപ്പെട്ട മനോഹര സ്ഥലം. കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി. ഈജിപ്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇതിന്റെ നിർമിതി. ഫറവോൻമാരെപ്പോലെ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന ഒരു രാജവംശത്തിന്റെ ശേഷിപ്പുകൾ... സ്വർണവജ്രാഭരണങ്ങളാലും ആനക്കൊമ്പിന്റെ അലങ്കാരവസ്തുക്കളാലും മോടി കൂട്ടിയ ഒരിടം.

തദ്ദേശീയനായ ഒരാൾ ചെവിയിൽ വന്നു പറഞ്ഞത് മരിച്ചുപോയ രാജാവിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരായ അനുചരൻമാരെ കൂടെ ജീവനോടെ അടക്കം ചെയ്തതിന്റെ കഥകളാണ്. പത്തു പേരെയെങ്കിലും ജീവനോടെ രാജാക്കന്മാരുടെ മൃതശരീരത്തിനൊപ്പം അടക്കം ചെയ്തിട്ടുണ്ടത്രെ. മരണാനന്തര ജീവിതത്തിലും അനുചരന്മാരില്ലാതെ എന്ത് രാജ ജീവിതം! ഒടുവിൽ രുദ്രസിംഹ രാജാവിന്റെ കാലത്താണ് അതിനു മാറ്റം വന്നത്.
18ാം നൂറ്റാണ്ടിൽ അഹോം രാജാക്കന്മാർ ഹിന്ദുമതം സ്വീകരിച്ചതോടുകൂടി ഈ മരണാനന്തര ജീവിതങ്ങൾക്ക് പൂർണമായും മാറ്റം വന്നു. തായ് പദമായ ഫ്രാങ്ക് മായ് ദം എന്ന വാക്കിൽ നിന്നും മെയ്ദം എന്ന വാക്കുണ്ടായത് എന്ന് കരുതുന്നു. ‘ഫ്രാങ്ക് മായ്’ എന്നാൽ അടക്കുക എന്നർത്ഥം. ‘ദം’ എന്നാൽ ആത്മാവ് എന്നും.

കിഴക്കൻ അസമിലെ ജോർഖണ്ഡ്, ദിബ്രുഗഡ് ജില്ലകളിലൊക്കെ സമാനമായ മെയ്‌ദങ്ങൾ കാണാം. ഏതാണ്ട് 150 മെയ്ദങ്ങളിൽ 90 എണ്ണം മാത്രമാണ് പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നത്. ബാക്കിയുള്ളതൊക്കെയും തദ്ദേശീയരാൽ കൊള്ളയടിക്കപ്പെട്ടും മറ്റും നാശത്തിന്റെ വക്കിലാണ്. ആഘോഷിക്കപ്പെടേണ്ട ആത്മാവിന്റെ മരണാനന്തര ജീവിതമാണ് ഈ കുന്നുകളിലുടനീളം കാണാൻ കഴിയുക. അക്കാലത്ത് ഒരു മെയ്ദാമിന്റെ നിർമാണം നാലുമാസം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയായിരുന്നത്രേ.
അഹോം പ്രൗഢി
ഓരോ മെയ്ദാമിനും വ്യക്തമായ രൂപ ഘടനയുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഒരു അറ. അറയുടെ മുകളിൽ ഗോളാകൃതിയിലുള്ള മൺകൂന. ഇതിനുമുകളിൽ മൺകട്ടകൾ കൊണ്ടുണ്ടാക്കിയ സ്തൂപം. ഇങ്ങനെയാണ് പൊതുവെ കാണുന്നത്. മധ്യകാല ഏഷ്യയിലെ ഏറ്റവും പ്രതാപികൾ ആയിരുന്ന അഹോം രാജാക്കന്മാരുടെ പ്രൗഢി വെളിപ്പെടുത്തുന്നതാണ് ഇതിന്റെ നിർമാണ രീതികളും. പുരാവസ്തു ഗവേഷകരുടെ ഇഷ്ടഭൂമിയാണിത്. രാജാക്കന്മാരുടെ പ്രാധാന്യം അനുസരിച്ച് മെയ്ദത്തിന്റെ വലുപ്പവും കൂടും. പ്രകൃതിക്ഷോഭങ്ങൾ കാരണം മിക്കതിനും ഇപ്പോൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവയുടെ പ്രൗഢി നിലനിർത്താൻ സംരക്ഷണം അനിവാര്യം.
അക്കാലത്ത് പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമേ രാജാവിന്റെയും രാജ്ഞിയുടെയും മൃതദേഹങ്ങൾ സ്പർശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അവരെ മരണശേഷം കുളിപ്പിക്കുന്ന കുളക്കടവും മൃതദേഹം കൊണ്ടുപോകാനുമുള്ള വഴികളും പോലും പ്രത്യേകമായിരുന്നു. രാജകീയ മൃതദേഹങ്ങൾ അടക്കാനുള്ള പെട്ടികൾ തയാറാക്കുന്നതു പോലും പ്രത്യേക മരത്തിലായിരുന്നു. കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ, രാജകീയ മുദ്രകൾ, വസ്ത്രങ്ങൾ ഇതെല്ലാം ഇവിടെ നിന്ന് ഇപ്പോൾ ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിൽ എത്തിക്കഴിഞ്ഞു. വെള്ളി കൊണ്ട് ഉണ്ടാക്കിയ പല്ലുകുത്തി വരെ ഇവിടെ നിന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മധ്യകാല അഹോം രാജാക്കന്മാർ പ്രതാപികളായ് ജീവിച്ചു, പ്രതാപികളായി തന്നെ മരിച്ചു വാഴുന്ന ഇടങ്ങൾ.
എല്ലാ രാജാക്കന്മാരും അവരുടെ പ്രമുഖന്മാരും അനുചരരും മരണശേഷം ഇവിടെയെത്തും. ചില നേരങ്ങളിൽ അനുയായികളും സഹായികളും ജീവനോടെയും അടക്കം ചെയ്യപ്പെടും. ഭാര്യമാരെയും അടക്കം ചെയ്തെന്ന കഥകളുണ്ട്. ചുണ്ണാമ്പ് കല്ലും സുർക്കിയും ചേർന്ന മിശ്രിതവും ചുടുകട്ടകളുമാണ് പ്രധാന നിർമാണ സാമഗ്രികൾ എന്ന് പുരാവസ്തു വകുപ്പിന്റെ രേഖകളിൽ പറയുന്നു. ടെറാക്കോട്ടയുടെ ചുവപ്പൻ നിറമാണ് മെയ്‌ദാമുകൾക്ക്. ഓരോ ശവകുടീരത്തിന്റെയും മുകളിലെ ഡോമുകളിൽ കാലക്രമേണ പുല്ലും വൃക്ഷങ്ങളും വളർന്ന് മൂടി കഴിയുമ്പോൾ പച്ചക്കുന്നുകളായി മാറുന്നു.
മെയ്ദത്തിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന പടവുകൾ ഒരു കുഞ്ഞു തുരങ്കം പോലെ തോന്നും. രാജാക്കന്മാരുടെ കാലശേഷം ഇത് നിധി വേട്ടക്കാരുടെ ഇഷ്ട സ്ഥലമായി മാറി. ബ്രിട്ടീഷുകാരും ആവോളം ഇതിൽ നിന്നു സാധനങ്ങൾ കവർന്നെടുത്തു.
ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ കുടിയേറിയ തായ് വംശത്തിന്റെ പിൻഗാമികളാണ് അഹോമുകൾ. പതിമൂന്നാം നൂറ്റാണ്ടിൽ ചാവോ ലുങ് സു- കാ - പ്പയാണ് തന്റെ ഒൻപതിനായിരത്തോളം വരുന്ന അനുയായികളുമായി മലനിരകൾ താണ്ടി ആദ്യം ദിബ്രുഗഡിൽ എത്തിയത്. അവർ ഇന്നത്തെ മ്യാൻമർ പ്രദേശത്തുനിന്ന് ബ്രഹ്മപുത്രയുടെ ഫലഭൂയിഷ്ഠ തടങ്ങളിലേക്ക് കുടിയേറി. തദ്ദേശീയ രാജാക്കന്മാരുമായി വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടു തങ്ങളുടെ പ്രവിശ്യകളുടെ വിസ്തൃതി വർധിപ്പിച്ചു. അഹോം രാജവംശം നിർമിച്ച റോഡുകളും പാലങ്ങളും ഇന്നും അസമിൽ നിലനിൽക്കുന്നു എന്നു കാണുമ്പോൾ മനസ്സിലാക്കാം അവരുടെ വൈദഗ്ധ്യം. ഒഴിഞ്ഞ പറമ്പുകളെ അവർ നെൽപ്പാത്രങ്ങൾ ആക്കി മാറ്റി. ഉഴുതുമറിക്കാൻ പോത്തുകളെയും കാളകളെയും ഉപയോഗിച്ചു.
ബ്രഹ്മപുത്ര നദി അവരുടെ ജീവനാഡി ആയിരുന്നു. ഏറ്റവും ജലസമ്പത്ത് ഏറിയ, ചിലയിടങ്ങളിൽ കിലോമീറ്റർ കണക്കിന് വിസ്തൃതിയുള്ള സമുദ്രം പോലെ തിരയടിക്കുന്ന ഭീമാകാരമായ ബ്രഹ്മപുത്ര നദി. വീര യോദ്ധാവ് ലചിത് ബോർഫുകൻ പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും സൈനിക സേവനം നടത്തുന്ന വീര ശൂര പരാക്രമികളുടെ വംശം കൂടിയായിരുന്നു അഹോം. മഹാനായ അഹോം യോദ്ധാവ് ലചിത് ബോർഫുകന്റെ നേതൃത്വത്തിലുള്ള സരായ് ഘട് യുദ്ധം മുഗൾ രാജാക്കന്മാരെ ഞെട്ടിച്ചു കളഞ്ഞ ഒന്നാണ്. ബ്രഹ്മപുത്രയുടെ ജലവിസ്തൃതിയിൽ വച്ച് നടത്തപ്പെട്ട ഈ യുദ്ധം ഏറ്റവും വലിയ നദീമുഖ യുദ്ധമെന്നാണ് അറിയപ്പെടുന്നത്. ഒടുവിൽ, 1671ലെ സരായ്ഘട്ട് യുദ്ധത്തിൽ, ലചിത് ബോർഫുകന്റെ കീഴിലുള്ള അഹോം സംഘത്തിന് മുഗൾ അധിനിവേശത്തെ ചെറുക്കാൻ കഴിഞ്ഞു, അങ്ങനെ അഹോം അവരുടെ അതിർത്തികൾ പടിഞ്ഞാറ് മനാസ് നദിയിലേക്ക് വരെ വ്യാപിപ്പിച്ചു.
വടക്കു കിഴക്കൻ ഇന്ത്യയെ വൈദേശിക ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കാൻ ഈ രാജവംശം എന്നും ശ്രദ്ധിച്ചു പോന്നു. പതിനൊന്നാം ശതകം മുതൽ19 ശതകം വരെയാണ് അഹോം രാജവംശം ഇവിടം ഭരിച്ചിരുന്നത്. ഏതാണ്ട് 40 രാജാക്കന്മാർ മാറിമറിഞ്ഞു അഹോം രാജാക്കന്മാരുടെ യുദ്ധത്തെപ്പറ്റി ഭൂപെൻ ഹസാരികയുടെ പ്രശസ്തമായ ഒരു പാട്ടുണ്ട്. സിരകളിൽ വിപ്ലവത്തിന്റെ തീജ്വാലയുണർത്തുന്ന ഒരു ഗീതം. യുദ്ധ സമയത്ത് അഹോം രാജാവ് നേരിട്ട് ആയിരുന്നു പടയെ നയിച്ചിരുന്നത്. ഗറില്ലാ യുദ്ധത്തിലും നിപുണരായിരുന്നു ഇവർ.
ശിവ്സാഗറിലെ അഹോം നിർമ്മിതികൾ..
ചരൈദേവോ കുന്നുകൾ പിന്നിട്ട് ശിവ്സാഗറിലേക്കു നീങ്ങി. പോകുംവഴി അസമിന്റെ തനത് താലി കഴിക്കാൻ മറന്നില്ല. കറികളിൽ ഏറ്റവുമിഷ്ടപെട്ടത് പാവയ്ക്ക കൊണ്ടുള്ള ഉപ്പേരിയാണ്. വെള്ള ചോറിൽ ദാലൊഴിച്ചു ചെറിയ കയ്പ് രസം പടർന്ന പാവയ്ക്ക ഉപ്പേരിയും കൂട്ടി ഉഗ്രനൂണ്. ഇവിടെ വെള്ള ചോറിൽ കൂട്ടിച്ചേർത്തു കഴിക്കാൻ ഒരു മുറി നാരങ്ങാ തുണ്ടും തരും.
ഏകദേശം ഒരു നൂറ്റാണ്ട് കാലം അഹോം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ശിവ്സാഗർ. ശിവ ഭഗവാന്റെ സമുദ്രം എന്നാണ് ആ പേരിനർഥം. 129 ഏക്കറില്‍ കൃത്രിമമായി നിർമിച്ച ശിവ്സാഗർ ടാങ്ക് എന്നപേരില്‍ അറിയപ്പെടുന്ന വലിയൊരു ജലസംഭരണിക്ക് ചുറ്റുമായാണ് ശിവ്സാഗര്‍ പട്ടണം പടുത്തുയര്‍ത്തിയിട്ടുള്ളത്. ഇരുനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുൻപ് പണിത ഈ ജലസംഭരണിക്ക് പട്ടണത്തേക്കാള്‍ ഉയരമുണ്ട്.
ഇതിന് ചുറ്റുമായാണ് ഇവിടത്തെ മൂന്ന് പ്രധാന ക്ഷേത്രങ്ങള്‍. 1734 ല്‍ മാദംബിക രാജ്ഞി പണിത ഈ ക്ഷേത്രങ്ങള്‍ ശിവദോല്‍, വിഷ്ണുദോല്‍, ദേവിദോല്‍ എന്നിവയാണ്. കലയ്ക്കും വാസ്തുവിദ്യയ്ക്കും പ്രശസ്തമായിരുന്നു അഹോം രാജവംശം. അതിന്റെ അനുരണനങ്ങളായി ധാരാളം നിർമിതികൾ ശിവ്സാഗറിലും അസമിലൂടനീളവും ചിതറി കിടപ്പുണ്ട്. ഉപഭൂഖണ്ഡത്തിലെ നാല് ആദി ശക്തി പീഠങ്ങളിൽ ഒന്നായ പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു.

ശിവ്സാഗറിലെ തലാതല്‍ ഘര്‍, കരേങ് ഘര്‍, ഗര്‍ഗോന്‍ പാലസ് എന്നിവയും അഹോം ശില്‍പകലയുടെ ഉദാത്ത മാതൃകകളാണ്. ഏഴ് നിലമാളികയുടെ ഏറ്റവും താഴത്തെ നിലകളാണ് തലാതല്‍ ഘര്‍. രണ്ട് രഹസ്യ തുരങ്കങ്ങള്‍ ഈ ഭൂഗര്‍ഭ അറയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. ഉപരിഭാഗത്തുള്ള നിലകളെയാണ് കരേങ് ഘര്‍ എന്ന് വിളിക്കുന്നത്. അഹോം രാജാക്കന്മാര്‍ക്ക് കാളപ്പോര് പോലുള്ള വിനോദങ്ങള്‍ കണ്ടാസ്വദിക്കാനായി പണിത ആംഫി തിയറ്റര്‍ ആകർഷണീയമാണ്. രംഗ് ഘര്‍ എന്നാണ് ഇതറിയപ്പെടുന്നത്. കമഴ്ത്തിവച്ച വള്ളത്തിന്റെ ആകൃതിയിലാണ് ഇതിന്റെ മേല്‍ക്കൂര. പച്ച പുൽത്തകിടിക്ക് സമാന്തരമായി നിലകൊള്ളുന്ന ഇതിന്റെ ചുവപ്പ് രാശി കലർന്ന നിറം സഞ്ചാരികൾക്ക് ഏറെ പ്രിയമേറിയ കാഴ്ചയാണ്. എവിടെ നോക്കിയാലും അസാമിന്റെ തനത് കരകൗശല വിദ്യകളുടെ പ്രദർശന നഗരി പോലെയുള്ള കടകളാണ്.. ഈറയുടെയും മുളയുടെയും അലങ്കാര വസ്തുക്കൾ, തടി വീടുകൾ,തടിയിൽ പണിഞ്ഞ കാസിരംഗയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം, കാഴ്ചകൾക്ക് അവസാനമില്ല വടക്കു കിഴക്കൻ മണ്ണിൽ.
എത്തിച്ചേരുന്ന വിധം
അസമിലെ ചരൈദേവോ ജില്ലയിലാണ് ചരൈദേവോ മെയ്ദാം. ശിവ്സാഗർ നഗരത്തിൽ നിന്ന് 30 കിലോമീറ്ററുണ്ട് ഇവിടേക്ക്. ശിവ്സാഗറിൽ നിന്ന് 16 കിലോമീറ്റര്‍ മാറിയുള്ള സിമല്‍ഗുരിയാണ് സമീപ റെയില്‍വേസ്റ്റേഷന്‍. ജോര്‍ഹട്ട് പട്ടണത്തിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. (75കിലോമീറ്റർ)ദിബ്രുഗഡിലാണ് മറ്റൊരു എയർപോർട്ട്. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 360 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.