ADVERTISEMENT

“മണൽത്തരികൾ പോലെ കോടാനുകോടി മനുഷ്യരുള്ള ഈ ലോകത്തിൽ,നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും നേട്ടങ്ങളും കോട്ടങ്ങളും, എന്തിന്! ജീവിതം പോലും കഥകൾ മാത്രമാണ് ” അച്ഛൻ പറഞ്ഞ വാക്കുകളുടെ വ്യാപ്തി പൂർണമായി മനസിലാക്കാൻ അന്നത്തെ പന്ത്രണ്ടുകാരിക്ക് സാധിച്ചില്ല. എങ്കിലും പിന്നീട് കണ്ട എല്ലാ കാഴ്ചകളും കേട്ട ഓരോ വാക്കും കഥകളായി മാറി. ഓരോ സഞ്ചാരത്തിലും കഥകൾ എന്നെ തേടിയെത്തി, ചില കഥകൾ തേടി ഞാനുമിറങ്ങി.

ഒരു സ്ഥലം പത്തോ പതിനഞ്ചോ ദിവസങ്ങൾ കൊണ്ട് മനസിലാക്കുക എന്നത് ഏകദേശം അസാധ്യമാണ്. എന്നാൽ ഏതൊരു സ്ഥലത്തേയും അൽപമെങ്കിലും അറിയാനുള്ള ലളിതമായ മാർഗം അവിടുത്തെ ഭക്ഷണസംസ്കാരം അറിയുകയാണെന്ന് തോന്നിയിട്ടുണ്ട്.

ADVERTISEMENT

അങ്ങനെ രുചികളും കണ്ടറിഞ്ഞതും ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞുപോയതുമായ ചില മനുഷ്യരും സ്ഥലങ്ങളും എല്ലാം കോർത്തിണക്കി ഒരു യാത്ര- ഗുജറാത്തിലെ ദേശീയപാനീയമെന്ന് വിളിക്കാവുന്ന ‘സോസ്യോ’യിൽ തുടങ്ങി വാരാണസിയിലെ ചില ജീവിതങ്ങൾ കണ്ട്,രുചികൾ അറിഞ്ഞ്...

gowri2

ജീവിതം കഥകളാകുമ്പോൾ

ADVERTISEMENT

ചിലരുടെയൊക്കെ ജീവിതം കോരിത്തരിച്ചിരിക്കും വിധം സിനിമാറ്റിക് ആയി തോന്നിയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ഗുജറാത്തിയായ അബ്ബാസ് അബ്ദുൽ റഹീം ഹജൂരിയുടേത്. സോസ്യോ എന്ന ശീതളപാനീയത്തിന്റെ കഥ. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ‘വിംറ്റോ’ എന്ന പാനീയമാണ് ഇന്ത്യക്കാർ കുടിച്ചിരുന്നത്. സ്വാതന്ത്ര്യസമരാഹ്വാനങ്ങളും സ്വദേശി പ്രസ്ഥാനവും കൊടുമ്പിരി കൊണ്ട കാലത്ത് ഹജൂരിക്ക് തോന്നി - എന്തുകൊണ്ട് ഇന്ത്യക്ക് ഒരു സ്വദേശി ശീതളപാനീയം ആയിക്കൂടാ? ഈ ചിന്തയിൽ നിന്നാണ് 1923ൽ ആദ്യത്തെ സോസ്യോ പിറവിയെടുക്കുന്നത്. സോസ്യോയുടെ യഥാർത്ഥ നാമം സോഷ്യോ (socio) എന്നായിരുന്നു. എന്നാൽ ‘ഷ’യെ പൊതുവെ ‘സ’ എന്നുച്ചരിച്ചു ശീലിച്ച ഗുജറാത്തികൾ സോഷ്യോ സോസ്യോ ആക്കി. ഒടുവിൽ ജനഹിതം പരിഗണിച്ചു ഹജൂരിയും സോസ്യോ എന്നു നാമകരണം ചെയ്തു കുപ്പികളിറക്കി

gowri

സോസ്യോ കുടിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നല്ല തണുത്ത സോസ്യോക്കുപ്പിയെടുക്കുക. അഞ്ചുരൂപ പാക്കറ്റിൽ കിട്ടുന്ന നല്ല വലുപ്പമുള്ള ഗുജറാത്തിക്കപ്പലണ്ടി വറുത്തതും എടുക്കുക. കപ്പലണ്ടി കൈയ്യിലെടുത്ത് നന്നായി ഉരസി തൊലിയൊക്കെ കളഞ്ഞിട്ട് നേരെ കുപ്പിയിലേക്ക് ഇടുക. കുടിക്കുക. നമ്മുടെ ചായയിൽ മിക്സ്ചർ ഇട്ടു കുടിക്കുന്നതിനോട് സമാനമായ ഒരു സ്വയമ്പൻ അനുഭവമാണ് രസമുകുളങ്ങൾക്ക് ഈ കടിയും കുടിയും ചേർന്ന് സമ്മാനിക്കുന്നത്.

gwri
ADVERTISEMENT

കുപ്പിവള കിലുങ്ങുമ്പോൾ

gouri3

സഞ്ചാര വഴിയിൽ എപ്പോഴും നിറപ്പകിട്ടുള്ള കഥകൾ മാത്രമല്ല ലഭിക്കുക, ചില നേരം നിറം മങ്ങിയ കാഴ്ചകളും നമ്മുടെ അടുത്തെത്തും. അത്തരത്തിൽ ഒന്നാണ് കുപ്പിവളകളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഫിറോസാബാദ് നഗരത്തിന്റേത്. ആഗ്രയിൽ നിന്ന് സ്കൂട്ടർ വാടകക്കെടുത്ത് ഫിറോസാബാദിലേക്ക് പുറപ്പെടുമ്പോൾ അധികം ഒന്നും ചിന്തിച്ചിരുന്നില്ല. ലാഭത്തിന് കുറെ കുപ്പിവളകൾ വാങ്ങണം. അത്രമാത്രം. ചൂഡിബസാറിലെ ഒരു മൊത്തവ്യപാരക്കടയിലാണ് എത്തിയത്. ഡിസൈൻ ഒന്നുമില്ലാത്ത സാദാ കുപ്പിവള ഒരു ഡസൻ 2 രൂപ. ചിലതിന് 5 രൂപ മറ്റു ചിലതിന് 7. വില കേട്ട് കണ്ണു തള്ളി. നമ്മുടെ നാട്ടിൽ കുറഞ്ഞത് 40 രൂപ കൊടുക്കേണ്ട മുതലാണ് 2 രൂപക്ക് ഞാൻ വാങ്ങിയത്.

വളകൾ വാരിക്കൂട്ടിക്കഴിഞ്ഞപ്പോൾ ഒരു കുഞ്ഞുമോഹം. വളകൾ നിർമ്മിക്കുന്നത് കാണണം. ആഗ്രഹം അവിടുള്ള ചേട്ടനോട്‌ പറഞ്ഞു. അല്പനേരത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ഫാക്ടറിയുടെ അകത്തു പ്രവേശിച്ചപ്പോൾ ശരീരം ചുട്ടുപൊള്ളുന്നതു പോലെ തോന്നി. അസ്സഹനീയമായ ചൂടിൽ മണിക്കൂറുകളോളം തൊഴിലാളികൾ പണിയെടുത്താലാണ് ഓരോ വളയും ഉണ്ടാകുന്നത്. കുപ്പിച്ചില്ലും ചുണ്ണാമ്പും സിലിക്കയും ചേർത്തിളക്കിയ മിശ്രിതം 1000 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ചൂളയിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ പലപ്പോഴും കുപ്പിച്ചില്ല് പൊട്ടി ഇവർക്ക് പരിക്കേൽക്കാറുണ്ട്. ജീവൻ വരെ പണയം വെച്ച് ഏകദേശം 5 ലക്ഷത്തോളം മനുഷ്യരാണ് പല ഫാക്ടറികളിലായി ഇത്തരത്തിൽ തൊഴിലെടുക്കുന്നത്. ഇവരുടെ കുടുംബത്തിലെ സ്ത്രീകളും കുഞ്ഞുങ്ങളും ചേർന്നാണ് വളകളിൽ ചിത്രപ്പണികളൊക്കെ ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് കൂലി വളരെ കുറവായതുകൊണ്ട് കൂടുതലും കുഞ്ഞുങ്ങളെ ജോലിക്ക് നിർത്താൻ ആണ് മുതലാളിമാർ താല്പര്യപ്പെടുന്നത്. മണിക്കൂറുകളോളം പണിയെടുക്കുന്ന കുഞ്ഞുങ്ങൾക്ക് ദിവസവേതനം വെറും 70 രൂപയാണ്. അവിടെയിരുന്ന ഒരു പെൺകുട്ടിയോട് സ്കൂളിൽ പോകാറുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ മറുപടിയായി ഒന്നു ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം.

കഥകളുടെ നഗരമായ വാരാണസി

gowri3

സർപ്പംപോലെ വളഞ്ഞ,ഇടുങ്ങിയ ഗലികളും ഘാട്ടുകളും വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കാത്തൊരു ബന്ധം കാശി നഗരവും അവിടുത്തെ മനുഷ്യരുമായി എനിക്കുണ്ട്.

ബനാറസികളെ പോലെ സരസരായ മനുഷ്യരെ മറ്റെങ്ങും കാണാൻ സാധിക്കില്ല. പ്രഥമദൃഷ്ടിയിൽ ഗൗരവക്കാരെന്ന് തോന്നുമെങ്കിലും ഭാഷയുടെ അതിർവരമ്പു മറികടക്കാൻ സാധിച്ചാൽ ചായയുടെ ‘ചുസ്കി’യുമെടുത്ത് മണിക്കൂറുകളോളം അവർ നമ്മളോട് സംസാരിക്കും. പറഞ്ഞുവരുമ്പോൾ കാശീവിശ്വനാഥന്റെ നാട്ടുകാരാണെങ്കിലും അല്പം ‘നോൺ വെജ് ’ കലർന്ന വാക്പ്രയോഗങ്ങൾ ഇവരുടെ പ്രാദേശികഭാഷാശൈലിയുടെ മുഖമുദ്രയാണ്. ഭോജ്പുരി ഭാഷയുടെ സ്വാധീനം നന്നേ ഉള്ള ‘ബനാറസി ഹിന്ദി’യിൽ ഇവർ പരസ്പരം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.ഈ സരസത ഇവരുടെ ഭക്ഷണപദാർത്ഥങ്ങളുടെ നാമകരണത്തിലും കാണാൻ സാധിക്കും. ഉദാഹരണത്തിന് ‘പലങ്തോട്’. ‘കട്ടിൽ ഒടിക്കാൻ കെൽപ്പുള്ളത് ’ എന്നതാണ് പലങ്തോട് എന്ന വാക്കിന്റെ അർത്ഥം. ആദ്യരാത്രിയിൽ ദമ്പതികൾക്ക് സമ്മാനമായി കൊടുക്കുന്ന പ്രത്യേകം തയാറാക്കിയ മുറുക്കാൻ അഥവാ ‘ബനാറസി പാനി’ന് ഇതിലും നല്ലൊരു പേരുണ്ടോ?

കഴിഞ്ഞ വട്ടം വാരാണസി പോയപ്പോൾ “പലങ്തോട്” “പലങ്തോട്” എന്നുറക്കെ വിളിച്ചു പറയുന്ന ദിശയിലേക്ക് നടന്നു. ഗലിയുടെ ഓരത്ത് ഇരുന്ന് ഒരാൾ എന്തോ ഒന്നു വിൽക്കുന്നു. ഒരു കൂട്ടം മനുഷ്യർ നിന്ന് അത് വാങ്ങി കഴിക്കുന്നു. അടുത്ത് ചെന്ന് നോക്കിയപ്പോൾ പാൻ അല്ല. മറിച്ച്, ഒരു മധുരപലഹാരമാണ്. ശൈത്യകാലത്തു മാത്രം കിട്ടുന്ന, ബനാറസികൾക്ക് മാത്രം അറിയുന്ന പലഹാരം- പലങ്തോട്. ഇത് വിൽക്കുന്ന മനുഷ്യന്റെ പേര് ബച്ചാ ഫയൽവാൻ. ഗാട്ടാഗുസ്തിക്ക് ധാരാളം മെഡലുകൾ വാങ്ങിച്ചിട്ടുള്ള ബച്ചാഫയൽവാന്റെ കുടുംബം 40 വർഷങ്ങൾക്ക് മുൻപ് ഒരു കല്യാണത്തിന് പങ്കെടുത്തു. ദമ്പതികൾക്ക് നൽകാനായി പാലുകുറുക്കി ചില ചേരുവകളൊക്കെ ചേർത്ത് അവരൊരു മധുരമുണ്ടാക്കി. ഇതു കഴിച്ച ദമ്പതികൾ അന്നു രാത്രി കട്ടിലൊടിച്ചു എന്ന വാർത്ത കേട്ടാണ് പിറ്റേന്ന് നാട്ടുകാർ എഴുന്നേറ്റതത്രെ . കഥ പറഞ്ഞ് തീർത്തപ്പോഴേക്കും ബച്ചാഫയൽവാന്റെയും ഭാര്യയുടെയും മുഖം നാണം കൊണ്ട് ചുവന്നു. ശേഷം എല്ലാ വർഷവും ശൈത്യകാലത്ത് മലായിയോ എന്ന മധുരത്തിനൊപ്പം അവർ പലങ്തോടും വിളമ്പിതുടങ്ങി. പിന്നീട് വാരാണസിയിൽ ഏതെങ്കിലും കട്ടിലൊടിഞ്ഞോ എന്നറിയില്ല,എന്തായാലും സംഗതിയുടെ രുചി അപാരമാണ്.

ഇതുപോലെ രസകരമായ മറ്റൊരു നാമകരണം കേൾക്കണോ? സിസേറിയൻ ടോസ്റ്റ്! ഒരു റൊട്ടികഷ്ണം നെടുകെ പിളർന്ന് അതിനുള്ളിൽ വെണ്ണ നിറച്ച് കനലിന് മുകളിൽ വെച്ച് ചുട്ടെടുക്കും. ഇതാണ് സിസേറിയൻ ടോസ്റ്റ്. കത്തി കൊണ്ട് റൊട്ടി ആദ്യമായി പിളർന്നപ്പോൾ ഇതിലും നല്ലൊരു പേര് മനസ്സിൽ തോന്നിയില്ല എന്നാണ് 100 വർഷത്തിനുമേൽ പ്രവർത്തിക്കുന്ന ലക്ഷ്മി ചായ്‌ വാല ഉടമ സോനു ഭയ്യ ഈ നാമകരണത്തെ കുറിച്ച് പറഞ്ഞത്.

“ബനാറസ് മെ സബ് കുഛ് മിലേഗ! ആപ്കൊ പതാ ഹേ ക്യാ, ഹമാരി യഹാ IVF കുണ്ഡ് ഭി ഹേ! ” ( ഞങ്ങളുടെ വാരാണസിയിൽ എല്ലാമുണ്ട്! IVF കുളം വരെ ). തുൽസി ഘാട്ടിൽ വെച്ച് പരിചയപ്പെട്ട രുഗ്മിണിദീദി ചിരിച്ചു കൊണ്ട് ഇങ്ങനെ സംഭാഷണത്തിനിടയിൽ പറഞ്ഞപ്പോൾ കൗതുകമായി. ഘാട്ടിന്റെ പടികൾ കയറി കുറച്ചു മുൻപോട്ട് നടന്നാൽ ചുമന്ന ചായം പൂശിയ ഒരമ്പലം കാണാം. അവിടെ തൊട്ടടുത്തായാണ് ഈ കുളം എന്നവർ പറഞ്ഞു തന്നു. കുളത്തിന്റെ പേര് ‘ലോലാർക്ക് കുണ്ഡ് ’. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചു കഴിഞ്ഞാൽ പൂജാരി വന്നു കുളത്തിലേക്കുള്ള ഗേറ്റ് തുറന്നു കൊടുക്കും. ശേഷം രണ്ടാളും പടവുകളിറങ്ങി മൂന്നുവട്ടം കുളത്തിൽ മുങ്ങി നിവർന്ന് ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മറപ്പുരയിൽ ഉപേക്ഷിച്ച് പുതുവസ്ത്രം ധരിച്ചു മടങ്ങും. 4000 വർഷം പഴക്കമുള്ള ഈ കുളത്തിൽ ഇപ്രകാരം മുങ്ങി നിവർന്ന ധാരാളം ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായതുകൊണ്ടാണ് IVF കുണ്ഡ് എന്ന ചെല്ലപ്പേര് വാരാണസിക്കാർ നൽകിയത്.

പോകുന്ന യാത്രകളിലെല്ലാം തന്നെ ധാരാളം മറക്കാനാകാത്ത മുഖങ്ങളും ജീവിതങ്ങളും കാണാൻ സാധിച്ചിട്ടുണ്ട്. പല കാഴ്ചകളും അത്ഭുതത്തോടെ, വിടർന്ന കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്. ചില നിമിഷങ്ങളിൽ നിസ്സഹായയായി കരഞ്ഞിട്ടുണ്ട്. അപരിചിതമായ കരങ്ങൾ ചിലപ്പോളൊക്കെ താങ്ങി നിർത്തിയിട്ടുണ്ട് . യാതൊരു പരിചയവുമില്ലാത്ത വീടുകളിൽ നിന്ന് വിശപ്പും ദാഹവും തീർന്നിട്ടുണ്ട്. ഭാഷ അറിയാതെ മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. ഒരുപാടു വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഈ യാത്ര നിലക്കാതെ ഇങ്ങനെ തന്നെ തുടരണം... കഥയ മമ കഥയ മമ കഥകളതിസാദരം

ADVERTISEMENT