ADVERTISEMENT

ഉണങ്ങി വരണ്ട ജനവാസമില്ലാത്ത സ്ഥലമെന്ന് തോന്നിയാലും രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം പോലെ നിരവധി ജനജീവിതങ്ങളുള്ള ഇടം... വലുപ്പത്തിൽ ലോകത്തിൽ പതിനെട്ടാം സ്ഥാനവും രാജ്യത്തെ ഏറ്റവും വലുതുമായ ഥാർ മരുഭൂമി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്, ആരവല്ലി പർവതനിരകളിൽ തുടങ്ങി പാകിസ്ഥാനിലെ സിന്ധു നദീതടം വരെ വ്യാപിച്ചു കിടക്കുന്ന മരുപ്രദേശം ഏതാണ്ട് രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റിൽ വ്യാപിച്ചിരിക്കുന്ന ഇതിന്റെ 80 ശതമാനവും ഇന്ത്യയിൽ തന്നെയാണ്. ആ തണുത്ത പകലിൽ ഞങ്ങൾ മൂവർ, ഞാനും ഭർത്താവും വഴികാട്ടി ദിൽബറും, ഥാർ മരുഭൂമിയെ രണ്ടായി മുറിക്കുന്ന ഹൈവേയിൽ കൂടി പായുകയായിരുന്നു. ഇടയ്ക്ക് മരുക്കാറ്റ് വീശി മണൽ വീണ്് അപ്രത്യക്ഷമാകുന്ന റോഡ്, അസ്ഥികളെ കിടുക്കി വീശുന്ന തണുത്ത പിശറൻ കാറ്റ്.

ADVERTISEMENT

നിറങ്ങളുടെ നാട്ടിൽ

dsrttnt2

മരുഭൂമിയിലെ ഹിമക്കാറ്റേറ്റ് ഞങ്ങൾ പുലർവേളയിൽ ജയ്സൽമേർ റെയിൽവേ സ്‌റ്റേഷനിലെത്തി. തണുപ്പ് 10ഡിഗ്രിക്കും താഴെയാണ്. പുലർച്ചെ അഞ്ചു മണി. സുവർണ നിറമുള്ള നഗരം ഉറക്കത്തിലാണ്. മുകളിലെ കോട്ടയിൽ നിന്നു മഞ്ഞ വെളിച്ചം ചിതറുന്നു. വീതിയുള്ള റോഡിൽ നിന്നും കാർ തീരെ ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു. ലൊക്കേഷൻ അവിടെ തീരുകയാണ്. ഹവേലി മാതൃകയിലുള്ള കെട്ടിടങ്ങൾ നിറഞ്ഞ വഴി.

ADVERTISEMENT

സുവർണ നിറമുള്ള കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ കോട്ടയും ഹവേലികളും കണ്ടു. ഒരു ചാർപോയിയിൽ കിടന്നു കമ്പിളിയ്ക്ക് താഴെ ഏകാന്തമായ മരുഭൂമിയിൽ ഉറങ്ങാനുള്ള സന്തോഷം എല്ലാരുടെയും മുഖത്തുണ്ട്. സീസൺ ആയത് കൊണ്ട് ഉയർന്നു നിൽക്കുന്ന റേറ്റ് ആണ് പ്രശ്നം.

അങ്ങനെ ഞങ്ങൾ മരുഭൂമിയിലെ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാൻ യാത്രയായി....

dsrtsafari3
ADVERTISEMENT

പോകും വഴി രാജസ്ഥാനിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങൾ കാണാം. പലിവാൽ ബ്രാഹ്മണർ തങ്ങളുടെ രാജാവിനോടുള്ള എതിർപ്പ് കൊണ്ട് ഒരു രാത്രി കൊണ്ട് ആരോരുമറിയാതെ ഉപേക്ഷിച്ചു പോയ ഗ്രാമങ്ങൾ.. ഇന്നവ രാജസ്ഥാൻ ടൂറിസത്തിന്റെ പൈതൃക പട്ടികയിൽ പെട്ട സ്ഥലങ്ങളാണ്.

dsrttnt3

ഹൈ ടെൻഷൻ വയറിൽ തൂക്കിയിട്ടിരിക്കുന്ന മിനുങ്ങുന്ന റിഫ്ലക്ടറുകൾ കലമ്പലുണ്ടാക്കുന്ന ശബ്ദം ദൂരെ നിന്നും കേൾക്കാം..കാറ്റാടിപ്പാടങ്ങളിൽ കാറ്റിന്റെ ഹുങ്കാരം.. ഇടയ്ക്കൊക്കെ ചെമ്മരിയാടിൻ പറ്റങ്ങളും കാലിക്കൂട്ടങ്ങളും നിരത്ത് കൈയ്യേറുന്നുണ്ട്. മരുഭൂമിയുടെ നടുക്ക് കണ്ട മരുപ്പച്ച അതിശയക്കാഴ്ചയായിരുന്നു. നിറഞ്ഞു കിടക്കുന്ന തടാകവും അതിൽ നിറയെ ജലപക്ഷികളും ചുറ്റും മരങ്ങളുമായി കണ്ണിനു സന്തോഷം പകരുന്ന ദൃശ്യം. മരുപ്പച്ചയ്ക്ക് ചുറ്റും കൃഷിത്തോട്ടങ്ങളുമുണ്ട്. പോകും വഴി ചെറിയ ഗ്രാമങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.. തലപ്പാവ് കെട്ടിയ ചാച്ചാജികൾ ചാർപ്പോയിലിരുന്ന് ഒരിക്കലും അവസാനിക്കാത്ത കഥകൾ പറയുന്നു. സ്ത്രീകൾ പതിവുപോലെ ജോലിയിലാണ്.

മണ്ണുകൊണ്ട് ഉണ്ടാക്കിയ വീടുകൾക്ക് പലതിനും ഒരു ജനൽ മാത്രമേയുള്ളൂ. പുറം ലോകത്തേക്ക് തുറക്കുന്ന ഒരു കിളിവാതിലും. റോഡിൽ മരുഭൂമിയിലേക്ക് പായുന്ന അനേകം വാഹനങ്ങൾ.

മരുച്ചിത്രങ്ങൾ

desrt

ഞങ്ങൾ സം സാൻഡ് ഡ്യൂൺ എന്നറിയപ്പെടുന്ന ഗ്രാമത്തിലെത്തി. ചീറിയടിക്കുന്ന മരുക്കാറ്റിൽ രൂപം മാറുന്ന മണൽക്കുന്നുകളാണ് ഇവിടുത്തെ പ്രത്യേകത. നഗരത്തിൽ നിന്നും ഏതാണ്ട് 40 കിലോമീറ്ററുണ്ട് ഇങ്ങോട്ടേക്ക്. പാരാഗ്ലൈഡിങ്, പാരാ സെയ‌്‌ലി‌ങ് ഒക്കെ തകൃതിയായി നടക്കുന്നു. മണലിന്റെ ചെറു കുന്നുകളിൽ കൂടി അപകടകരമാംവിധം ജീപ്പ് പായുന്നു. വരണ്ട കാറ്റേറ്റ് മണൽ മരുഭൂമിയുടെ ആകൃതി ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു.

കാർണിവൽ അന്തരീക്ഷമാണ് ഇവിടെ. വർണ മേലങ്കി അണിഞ്ഞു നിസ്സംഗരായി നിൽക്കുന്ന ഒട്ടക കൂട്ടങ്ങൾ ആണ് ആദ്യം കണ്ണിൽ പെടുക. മരുഭൂമിയിലെ കപ്പൽ എന്ന് നാം വിളിക്കുന്ന ഈ സാധു ജീവി ഇവിടുത്തെ ഗ്രാമീണരുടെ ജീവിതവുമായി എത്രമാത്രം ഇഴുകി ചേർന്നിരിക്കുന്നുവെന്നോ. സഞ്ചാരികളുടെ കൈയിൽ നിന്നു ചില്ലറ നാണയങ്ങൾ സ്വന്തമാക്കാൻ രാജസ്ഥാനി ബാലികമാർ എല്ലായിടവും കറങ്ങി നടപ്പുണ്ട്. ഇവരാണോ ഇന്നു എന്റെ മുതുക് ഒടിക്കാൻ പോകുന്നത് എന്ന ഭാവത്തിൽ ഞങ്ങളുടെ സവാരിക്കുള്ള ഒട്ടകം തയ്യാറായി നിൽക്കുന്നു. കുറേ പരിശ്രമിച്ചാണ് ഞങ്ങൾ അതിന്റെ മുകളിൽ അള്ളിപ്പിടിച്ചു കയറിയത്. ഇരിപ്പ് ഒട്ടും സുഖകരമായിരുന്നില്ല.. ഞങ്ങളുടെ ഭാരത്തെ പറ്റി ബോധമുള്ളതുകൊണ്ട് തന്നെ കുറ്റബോധത്തിലാണ് ഇരുന്നതും.

desrt3

അൽപ നേരം കഴിഞ്ഞതോടെ മരുഭൂമിയുടെ മായികസൗന്ദര്യത്തിലേക്ക് ലയിച്ചു. മണലിന്റെ സ്വർണ തരികളിൽ വെളിച്ചം വിതറി സൂര്യൻ ചക്രവാളത്തിലേക്ക് മായുന്നു. വീശി അടിക്കുന്ന മണൽക്കാറ്റിൽ പുതിയ മണൽ കുന്നുകൾ രൂപം പ്രാപിക്കുന്നു. മുന്നിൽ കണ്ണെത്തുവോളം മണൽ നിറഞ്ഞ ഭൂമി മാത്രം.. ഡ്യൂൺ ബാഷിങ് നടത്തുന്ന വാഹനങ്ങളുടെ ടയറിൽ നിന്നും മണൽത്തരികൾ ചിതറി തെറിക്കുന്നു.. ആർത്തു വിളിച്ചു സന്തോഷിക്കുന്ന ജനക്കൂട്ടം..

കൽബലിയ ചുവടുകൾ

dsrtsafari2

മരുഭൂമിയിലെ വെള്ള നിറത്തിന്റെ പശ്ചാത്തലത്തിൽ ഒടുവിൽ സൂര്യൻ അസ്തമിച്ചു. നിറങ്ങളുടെ കൊളാഷിന്റെ സൗന്ദര്യത്തിൽ മതിമറന്ന് തുരുതുരെ ക്ലിക്കുന്ന ക്യാമറകൾ. സുവർണ്ണ നിറമുള്ള മണലും

സൂര്യന്റെ ചുവന്ന ചരിഞ്ഞ രശ്മികളും ചേർന്ന് ജീവിതത്തിലെ മറക്കാനാവാത്ത ഒരു സൂര്യാസ്തമയം സമ്മാനിച്ചു. തണുത്ത രാത്രിയിലേക്ക് ഡിസംബറിന്റെ പുകമഞ്ഞു പരന്നു.

മരുഭൂമിയിലെ നൃത്ത സന്ധ്യ, കടും നിറമുള്ള ലഹങ്കയും ചുനരിയും അലുക്ക് വച്ച ബ്ലൗസും ധരിച്ചു സുന്ദരികൾ താലമേന്തി തിലകം ചാർത്തി സ്വീകരിച്ചു. വെളുത്ത എള്ള് കൊണ്ട് അലങ്കരിച്ച്, ഈന്തപ്പഴം കൊണ്ട് ഉണ്ടാക്കിയ മധുരപലഹാരമാണ് ആദ്യം കഴിക്കാൻ തന്നത്. ടെന്റുകൾക്ക് മധ്യത്തിലുള്ള വേദിയിൽ സഞ്ചാരികൾ നിരന്നു. രാജസ്ഥാനി സംഗീതം ആലപിച്ച ഗായകന് പിറകെ നർത്തകർ രംഗം കയ്യടക്കി. കൽബലിയ നൃത്തമായിരുന്നു ആദ്യം. നാഗങ്ങളുടെ വർത്തുള ചലനങ്ങളെ അനുസ്മരിപ്പിച്ച സുന്ദരി... അവളുടെ കറുപ്പിൽ ശല്ക്കങ്ങൾ പോലെ പതിപ്പിച്ച കണ്ണാടി തുണ്ടുകളിൽ വെളിച്ചം ചിതറുന്ന മനോഹര കാഴ്ച. നിറമുള്ള നിലത്തിഴയുന്ന പാവാടകളും മൂക്കിൽ നൊട്ടങ്കിയും അലുക്കുകളുള്ള ബ്ലൗസും ധരിച്ച് സുന്ദരികളായ രാജസ്ഥാനി സ്ത്രീകൾ.

dsrtt3

ഥാർ മരുഭൂമികളിലൂടെ അലഞ്ഞു നടക്കുന്ന നാടോടി ആദിവാസി ഗോത്ര വർഗ്ഗമാണ് കൽബലിയ. പാമ്പിനെ ആരാധിക്കുന്ന ഇവരുടെ കുലത്തൊഴിൽ തന്നെ പാമ്പ് പിടുത്തമാണ്. ഥാർ മരുഭൂമിയിൽ പലയിടത്തും ഇവരെ കാണാം. തോളിൽ തൂങ്ങുന്ന മാറാപ്പിൽ മൂർഖൻ പാമ്പ് നിശ്ചയമായും കാണും. ഉടലിൽ സർപ്പം ആവേശിച്ചത് പോലെയുള്ള നൃത്ത ചലനങ്ങൾ ആണ് കൽബലിയ നൃത്തത്തിന്റെ പ്രത്യേകത. നാഗങ്ങൾ ഇവർക്ക് ദൈവതുല്യമാണ്. ചുവപ്പും കറുപ്പും ഇടകലർന്ന നൃത്തത്തിന്റെ ആടയാഭരണങ്ങൾ തന്നെ നാഗത്തെ അനുസ്മരിപ്പിക്കും

ടെന്റിൽ ചേക്കേറാം

രാത്രി മണൽ പരപ്പിന് നടുവിൽ വിരിച്ച കട്ടിലിൽ, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ ഉറങ്ങാമെന്ന് ഗൈഡ് ദിൽബർ പറഞ്ഞു. എന്നാൽ തണുപ്പ് അത്യധികമായതിനാൽ ആ നിദ്ര ഞങ്ങൾ ഉപേക്ഷിച്ചു. പകരം എല്ലാ സൗകര്യങ്ങളുമുള്ള ഒരു ടെന്റിലേക്ക് ഞങ്ങള്‍ നീങ്ങി..

dsrttnt

ടെന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആകാശത്ത് നക്ഷത്രങ്ങളുടെ സമ്മേളനം.നക്ഷത്രങ്ങൾ ആകാശച്ചെരുവിൽ നിറയെ ചിരിച്ചു നിന്ന രാത്രി ഒരു സ്വപ്നം പോലെ മനോഹരമായിരുന്നു. പുലർച്ചെ കൊടും മഞ്ഞിലൂടെ മരുഭൂമിയിലെ സൂര്യോദയം കണ്ടു അടുത്തുള്ള കുറച്ചു ഗ്രാമങ്ങൾ കൂടി സന്ദർശിച്ചു രാത്രി ഞങ്ങൾ തിരികെ പോരുന്നു. മണൽപരപ്പിന് മീതെ പൂർണ്ണചന്ദ്രനും നക്ഷത്രങ്ങളും പൂത്തു വിരിഞ്ഞു നിൽക്കുന്നു. തണുത്ത കാറ്റിൽ.... തുറന്ന ജീപ്പിൽ മരുഭൂമിയുടെ നടുവിൽ കൂടി ഒരു അവിസ്മരണീയ യാത്ര.

ADVERTISEMENT