Tuesday 15 June 2021 12:58 PM IST

അതെന്താ പെൺകുട്ടികൾക്ക് ലോകം കാണണ്ടേ? മലയാളി പെൺകുട്ടി ഒറ്റയ്ക്ക് സൈക്കിളിൽ പിന്നിട്ടത് നാലുരാജ്യങ്ങളിലൂടെ...

Akhila Sreedhar

Sub Editor

aisu 10

കൃത്യമായി പറഞ്ഞാൽ ഒരു രൂപ, മുപ്പത്തിയാറു പൈസയാണ് അക്കൗണ്ടിൽ ബാക്കിയുള്ളത്. ഇന്ത്യ ചുറ്റിക്കാണാന്‍ സൈക്കിളുമായി ഇറങ്ങുമ്പോൾ ആത്മവിശ്വാസമായിരുന്നു മുതൽക്കൂട്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിളിൽ യാത്രയ്ക്കിറങ്ങുമ്പോൾ പലരും കളിയാക്കി. ചിലർ ചേർത്തുപിടിച്ചു. ഉത്തരേന്ത്യയിലേക്കൊക്കെ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയ്ക്ക് യാത്ര ചെയ്യാമോ? അതും സൈക്കിളിൽ...ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. എല്ലാത്തിനുമുള്ള ഉത്തരമായിരുന്നു എന്റെ സൈക്കിൾ യാത്ര. ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യാൻ നമുക്ക് കഴിയും എന്ന വിശ്വാസമുണ്ടെങ്കിൽ അതങ്ങ് ചെയ്യണം. ആ വിശ്വാസം ഉറച്ചതാണെങ്കിൽ കാലവും നമ്മോടൊപ്പം നിൽക്കും... എറണാകുളം പെരുമ്പാവൂർ സ്വദേശി

ഐശ്വര്യ നാഗേശ്വർ എന്ന 23 കാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് സൈക്കിളോടിച്ച കഥ പറഞ്ഞുതുടങ്ങുകയാണ്. എഴുപതുദിനങ്ങൾ നീണ്ട സോളോ യാത്രയിലൂടെ ഒരായുസ്സിന്റെ അനുഭവങ്ങൾ സ്വന്തമാക്കിയ അനുഭവകഥ.

നിനക്ക് പൊക്കമില്ല, പറ്റുന്ന പണിയെടുക്ക് മോളേ

അച്ഛന്റെയും അമ്മയുടെയും നാട് തമിഴ്നാട്ടിൽ കുംഭകോണമാണ്. പക്ഷേ ഞാൻ ജനിച്ചതും വളർന്നതും പെരുമ്പാവൂരാണ്. ഓർമ വച്ച കാലം മുതലേ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും ഉപദ്രവവും അവസാനം ഡിവോഴ്സ് വരെ എത്തിയ ഓർക്കാനിഷ്ടമില്ലാത്ത കുട്ടിക്കാലം. ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. എനിക്കൊരു അനിയത്തിയുണ്ട്. അച്ഛനും അമ്മയ്ക്കും ഞങ്ങളെ വേണ്ടാതായതിൽ പിന്നെ പഠനവും ഭക്ഷണവും താമസവുമെല്ലാം സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ്. തൃക്കാക്കര ഭാരത് മാതാ കോളജിലായിരുന്നു ഡിഗ്രിക്കാലം. പഠനത്തോടൊപ്പം ഫൊട്ടോഗ്രഫി ചെയ്യുന്നുണ്ടായിരുന്നു. ഫ്രീലാൻസ് ട്രാവൽ ഏജന്റാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ യാത്ര ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ചിന്നാറിലേക്ക് നടത്തിയ സോളോ യാത്രയാണ്. എല്ലാവരും യാത്ര പോകുന്നുണ്ട്, എന്താണ് യാത്രയിലൂടെ ആസ്വദിക്കുന്നതെന്ന് അന്നേ വരെ അറിഞ്ഞിട്ടില്ലായിരുന്നു. കെ എസ് ആർ ടി സി ബസിലാണ് ചിന്നാറിലേക്ക് പോയത്. ഇടപ്പള്ളി ബസ് കാത്ത് നിന്നപ്പോൾ കണ്ടത് കോതമംഗലം വണ്ടിയായിരുന്നു. കയറിയിരുന്നു. എവിടെ പോകണമെന്നോ എങ്ങനെ പോകണമെന്നോ അറിയില്ല. കോതമംഗലം ഇറങ്ങിയപ്പോൾ അടിമാലി ബസ് കണ്ടു. അപ്പോൾ ഓർത്തു. എന്നാൽ മൂന്നാർ പോയാലോ അങ്ങനെ വഴി തെറ്റിയും തിരുത്തിയും ആ യാത്ര ചെന്നെത്തിയത് ചിന്നാറിലാണ്.

ഡിഗ്രിയ്ക്ക് ശേഷം കേരളം വിട്ടു. 21 ാമത്തെ വയസ്സിൽ സേലത്ത് ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്തു. താമസവും ഭക്ഷണവും കിട്ടും. ഒരു സർവീസ് ആയി മാത്രമേ ഞാൻ ആ ജോലിയെ കണ്ടുള്ളൂ. നോർത്ത് ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലേക്കും ആ സർവീസ് നീണ്ടു.

ഞാനൊരു മോട്ടോർക്രോസ് റൈഡർ ആണ്. 2016 ലാണ് ആദ്യത്തെ റേസിൽ ഇറങ്ങിയത്. വാഗമണിൽ ഒരു ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് വളരെ അപ്രതീക്ഷിതമായാണ് മോട്ടോർക്രോസ് റേസിൽ പങ്കെടുക്കാൻ ഒരു സുഹൃത്ത് വഴി അവസരം കിട്ടി. ആർ എക്സ് വണ്ടിയിലാണ് പരിശീലനവും മറ്റും. പക്ഷേ വണ്ടിയ്ക്ക് ബുക്കും പേപ്പറുമൊന്നും ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. സുഹൃത്തിന്റെ ഡിയോ ബൈക്ക് ഉപയോഗിച്ചാണ് പിന്നെ ആ മത്സരത്തിൽ പങ്കെടുത്തത്. ടയർ മാറ്റാത്തതിനാൽ ട്രാക്കിൽ ഓടിക്കാനെ കഴിഞ്ഞില്ല. ഉരുണ്ടുമറിഞ്ഞു വീണു. പക്ഷേ റാമ്പ് സെക്ഷൻ വന്നപ്പോൾ ഡിയോ വച്ച് റാമ്പ് ചാടിയെടുത്തു. അതോടെ റേസിലെ താരമായി. പിന്നെയും നിരവധി റൈഡുകൾ...മിക്കതും ഫ്ലോപ് ആണ്. 2018 ൽ ഒരു മോട്ടോർറൈഡ് കാണാൻ പോയി. ലേഡീസ് ക്ലാസിൽ ആളുകുറവാണെന്നു പറഞ്ഞ് എന്നെ റൈഡ് ചെയ്യാൻ വിളിച്ചു. വണ്ടിയും ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങളുമെല്ലാം പലരുടെ കയ്യിൽ നിന്നായി കടം വാങ്ങി റൈഡിൽ പങ്കെടുത്തു. ആണുങ്ങൾ റൈഡിനുപയോഗിക്കുന്ന വണ്ടി പവറുകൂടിയതാണ്. ആ റൈഡിലും വീണു, പക്ഷേ ഒരു വിധം റൈഡ് പൂർത്തീകരിച്ചു. അന്ന് ഒരാൾ വന്ന് എന്നോടു പറഞ്ഞു , ‘നിനക്ക് പൊക്കമില്ല. നീയൊക്കെ ആണോ ഇത്രേം വലിയ വണ്ടി ഓടിക്കുന്നത്. പറ്റുന്ന പണിനോക്ക് മോളേ’ എന്ന്. മോട്ടോക്രോസ് റൈഡ് എന്റെ പാഷനാണ്. അയാളുടെ വാക്കുകൾ ആഴത്തിൽ മുറിവേൽപ്പിച്ചു.

വഴി തെളിയുന്നു, മുന്നേറാൻ

aisu30

നാഷനൽ ലെവൽ മോട്ടോർ ക്രോസ് പങ്കെടുക്കാൻ മനസ്സും ശരീരവും ഒരുപോലെ അനുവദിക്കണം. എന്റെ ആ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓൾ ഇന്ത്യ സൈക്കിൾ യാത്ര. പൊക്കത്തെ കുറിച്ചുള്ള കളിയാക്കലുകൾ പാഷനെ തളർത്തിക്കളയുമോ എന്ന സങ്കടം പറയാൻ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചു. ആ വീഡിയോ വൈറലായി. വീഡിയോ കണ്ട് തൃശൂരുള്ള ടീം ടോർക്ക് റൈഡേഴ്സ് സഹായമായെത്തി. അവരുടെ കൂടെയായിരുന്നു പിന്നീട് പരിശീലനം. 2018– 19 ഫുൾ സീസണിലെ മുഴുവൻ റൈഡുകളിലും പോഡിയം നേടി. ആദ്യമൂന്ന് സ്ഥാനം നിരന്തരമായി കരസ്ഥമാക്കി. ആ ടീമിന്റെ പിൻതുണയിലാണ് ഞാൻ ഓൾ ഇന്ത്യ റേസറാകുന്നത്. ഈ റൈഡുകൾ ഒക്കെ കഴിഞ്ഞ് ഓഫ് സീസണായപ്പോഴാണ് സൈക്കിൾ റൈഡ് പോയാലോ എന്ന ആലോചന തുടങ്ങുന്നത്. പിന്നീടുള്ള എട്ടുമാസം കഠിനാധ്വാനത്തിന്റേതായിരുന്നു. കിട്ടുന്ന ജോലികളെല്ലാം ചെയ്തു. ഡാൻസർ കുക്കുവിന്റെ കൊറിയോഗ്രഫറുടെ സ്റ്റുഡിയോയിലാണ് ആദ്യം ജോലിയ്ക്ക് കയറിയത്. അവിടെ നിന്നുള്ള ഇടവേളകളിൽ ഊബര്‍ ഈറ്റ്സ് ഓൺലൈൻ ഡെലിവറി ഗേൾ ആയി ജോലിനോക്കി. രാത്രി വരെയും ഊബർ ഈറ്റ്സ് ഓടിയിട്ടും ചെലവിനായുള്ള പണം കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ സമയം ക്രമീകരിച്ച് അടുത്ത ജോലി നോക്കി, തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലെ കുട്ടികള്‍ക്ക് ട്യൂഷ്യൻ എടുക്കാൻ പോയി. അങ്ങനെ എന്നെക്കൊണ്ടു പറ്റുന്ന പണികളെല്ലാം ചെയ്ത് എട്ടുമാസം പിന്നിട്ടപ്പോഴേക്ക് 60,000 രൂപ കയ്യിലുണ്ടാക്കി.

യാത്ര തുടങ്ങുന്നു, അക്കൗണ്ട് ബാലൻസ് ഒരു രൂപ 36 പൈസ

കാശ്മീർ മുതൽ കന്യാകുമാരി വരെയായിരുന്നു യാത്രാ പ്ലാനിങ്. എത്ര ദിവസം ഏത് റൂട്ട് എന്നിവയൊന്നും മുൻകൂട്ടി പ്ലാൻ‌ ചെയ്തില്ല. യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ കാലത്താണ് നാട്ടിൽ നിന്നൊരു ഫോൺ കാൾ. വീട്ടുവിട്ട് പോന്ന ശേഷമുള്ള ആദ്യത്തെ വിളിയാണ്. ഫോണെടുത്തു. കസിൻ സിസ്റ്ററാണ്. എന്റെ അനിയത്തിയുടെ കല്യാണമാണെന്നും വരണമെന്നും പറഞ്ഞു. പോകണ്ടെന്നുള്ള തീരുമാനത്തിലായിരുന്നു. പിന്നെ അനിയത്തിയെ ഓർത്ത് പോയി. അന്നവൾ ആദ്യമായി എന്നോടൊരു ആഗ്രഹം പറഞ്ഞു. കല്യാണത്തിന് ഡാൻസർ കുക്കുവിന്റെ ഡാൻസ് റെഡിയാക്കി കൊടുക്കാമോ എന്ന്. സൈക്കിൾ വാങ്ങാനും യാത്രയ്ക്കുമായി വച്ചിരുന്ന പണമെടുത്ത് അദ്ദേഹത്തിന്റെ പരിപാടി ബുക്ക് ചെയ്തു, അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. മറ്റുള്ളവരെ സന്തോഷിപ്പിച്ചാൽ ദൈവം ആ സന്തോഷം ഇരട്ടിയാക്കി നമുക്ക് സമ്മാനിക്കുമെന്ന് കേട്ടിട്ടില്ലേ. പിന്നീട് എന്റെ ജീവിതത്തിൽ സംഭവിച്ചത് അതായിരുന്നു. വളരെ അവിചാരിതമായി മഞ്ചേരിയിലുള്ള ടാന്റം ബൈസൈക്കിൾസ് എനിക്കൊരു സൈക്കിൾ സ്പോൺസർ ചെയ്തു. തക്സ് എന്നാണ് ഞാൻ ആ സൈക്കിളിന് പേരിട്ടത്. മഞ്ഞുവീഴ്ച കാരണം കർദുങ് ലാ അടയ്ക്കുന്നു എന്ന് കേട്ടപ്പോൾ 2019 നവംബർ അഞ്ചിന് കോഴിക്കോട് നിന്ന് ജമ്മുലേക്ക് ട്രെയിൻ കയറി. മൂന്നു ദിവസത്തെ യാത്രയായിരുന്നു. ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോൾ അക്കൗണ്ടിൽ ബാക്കയുള്ളത് ഒരു രൂപ, 36 പൈസ. പൈസ ഇല്ലെന്നും വച്ച് ഈ യാത്രയിൽ നിന്ന് ഞാൻ പിന്മാറിയാൽ എന്നെ കളിയാക്കിയവർക്ക് മറുപടി കൊടുക്കാൻ കഴിയില്ലല്ലോ. അവർ പറഞ്ഞതു പോലെ ഞാനൊരു ‘തോൽവി’ ആയി പോകില്ലേ. മോട്ടോക്രോസ് റേസിങ് അവെയർനെസ് ആയിരുന്നു ഈ സൈക്കിൾ യാത്രയുടെ ലക്ഷ്യം. യാത്രയാക്കാൻ വന്ന സുഹൃത്ത് തന്ന 300 രൂപ കയ്യിലുണ്ട്. ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കായി വന്ന ടി ടി ആർ സൈക്കിൾ കണ്ടതുകൊണ്ടാകണം കാര്യം തിരക്കി. സൈക്കിൾ യാത്രയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാകെ അദ്ഭുതപ്പെട്ടു, ആശിർവദിച്ചു. എനിക്ക് വിശക്കുന്നു എന്നു പറഞ്ഞതും ആവശ്യമുള്ള ഭക്ഷണം പാൻട്രിയിൽ ചെന്ന് മേടിച്ച് കഴിച്ചോളാൻ പറഞ്ഞു. ഞാൻ‌ പാൻട്രിയിൽ പോയി ചോദിച്ചു. രാത്രി ഒരുപാട് വൈകിയതിനാൽ പണം തരാമെന്ന് പറഞ്ഞിട്ടും അവരെന്നെ ഓടിച്ചുവിട്ടു. പക്ഷേ കുറച്ചുനേരത്തിനു ശേഷം, സീറ്റിലേക്ക് ചൂടുചപ്പാത്തിയും കറിയുമെത്തിച്ചു തന്നു. പിന്നീടുള്ള മൂന്ന് ദിവസവും ഈ രീതി തുടർന്നു. മൂന്നുനേരം എനിക്കുള്ള ഭക്ഷ‌ണം അവരെന്റെ ബർത്തിൽ വയ്ക്കാൻ തുടങ്ങി. ഒരു രൂപ പോലും വാങ്ങാതെ.

മഴയിൽ നനഞ്ഞ് തുടക്കം

ജമ്മു താവിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. പഴയ ഒരു ഫോണാണ് കയ്യിൽ. യാത്രയുടെ നിമിഷങ്ങൾ ഷെയർ ചെയ്യാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതു കൊണ്ടുമാത്രം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. ട്രെയിൻ യാത്രയ്ക്കിടെ ഫോൺ കേടായപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടു, ഫോൺ കേടാണ് മുന്നോട്ടുള്ള യാത്ര വിവരങ്ങൾ അറിയിക്കാൻ പറ്റുമോ എന്ന് സംശയമാണെന്ന് പറഞ്ഞ്. ജമ്മുതാവി എത്തിയപ്പോൾ എന്നെ കാണാനായി ആർമി മെഡിക്കൽ കോപ്സിലുള്ള ഒരു ആൾ വന്നു. കിരൺ എന്നാണ് പേര്. പരിചയപ്പെട്ടു, എന്റെ റൈഡിന് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും അടങ്ങിയ മെഡിക്കൽ കിറ്റ് തന്നു. അതിലും എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം അയാൾ എനിക്കൊരു ഫോൺ തന്നു. എന്നിട്ട് പറഞ്ഞു എന്റെ അനിയത്തിയുടെ ഫോൺ ആണ്. ഇതെന്തായാലും വച്ചോള്ളൂ. യാത്ര കഴിഞ്ഞ് സുരക്ഷിതമായി തിരിച്ചെത്തിയിട്ട് എനിക്ക് കൊറിയർ ചെയ്ത് തന്നാൽ മതിയെന്നു പറഞ്ഞു. അയാൾ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം മേടിച്ച് തന്ന് യാത്ര പറഞ്ഞു. അയാൾ എവിടുന്ന് വന്നെന്നോ എന്തിനെന്നെ സഹായിച്ചെന്നോ ഇപ്പോഴും അറിയില്ല. യാത്ര തുടങ്ങി. നല്ല മഴയായിരുന്നു. ശ്രീനഗർ ഹൈവേ കടന്ന് കുറച്ചുദൂരം കഴിഞ്ഞപ്പോൾ ആർമി ക്യാംപ് ഉണ്ടായിരുന്നു. അവരെന്നെ കടത്തി വിട്ടില്ല. ശ്രീനഗറിൽ നല്ല മഞ്ഞുവീഴ്ചയാണ്. തൽകാലം എവിടെയെങ്കിലും മുറിയെടുത്ത് താമസിച്ച് നാളെ പോകാം എന്നു നിർദേശിച്ചു. കയ്യിൽ പണമില്ലാത്ത കാര്യം പറഞ്ഞപ്പോൾ വന്ന വഴി തിരികെ പോയാൽ ഒരു ഗുരുദ്വാര ഉണ്ടെന്നും അവിടെ നിന്നോളാനും പറഞ്ഞു. പൗരത്വബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്നതിനാൽ ജമ്മുവിലെവിടെയും ഇന്റർനെറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. വഴി ചോദിച്ച് ഒരുവിധം ഞാൻ ആ ഗുരുദ്വാര കണ്ടെത്തി. എന്നാൽ അവിടെ എന്നെ കയറ്റിയില്ല. തൊട്ടടുത്ത് കണ്ട കടയുടെ ഓരം ചേർന്ന് ടെന്റ് അടിക്കാൻ അനുവാദം ചോദിച്ചു. ആ കടക്കാരന്റെ നിർദേശപ്രകാരം കടയ്ക്ക് പുറകിലായുള്ള ഗോഡൗണിൽ ടെന്റ് അടിച്ചു. അവിടെ ജോലി ചെയ്യുന്ന കുറച്ചുപേരുണ്ട്. അവർ തീയൊക്കെ കൂട്ടി, തണുപ്പിൽ നിന്ന് രക്ഷപ്പെടുത്തി. കിടക്കാനൊരുങ്ങിയപ്പോൾ ഗുരുദ്വാരയിലെ ആൾക്കാർ വന്ന് പ്രശ്നമുണ്ടാക്കി. എന്നോട് അവിടെ നിന്ന് പോകാൻ പറഞ്ഞു. ആ പാതിരാത്രി ദൈദൂതന്മാരെ പോലെ വന്നൊരു കുടുംബം അവരുടെ വീട്ടിൽ അഭയം തന്നു. യാത്രയുടെ ആദ്യത്തെ ദിവസം ഇങ്ങനെയായിരുന്നു.

അനുഭവങ്ങളുടെ യാത്ര രാജ്യം കടക്കുന്നു

aisu40

പ്ലാൻ ചെയ്ത പോലെ കർദുങ്‌ലേ യാത്ര നടക്കില്ലെന്നുറപ്പായി. തുടർന്ന് പഞ്ചാബ്, പത്താൻകോട് വഴി ഡൽഹൗസി കയറി. എന്നാൽ മണാലി റോഡ് അടച്ചിരിക്കുകയായിരുന്നു. തിരിച്ച് പത്താൻകോട് വന്ന് ലേ– മണാലി ഹൈവേ വഴി മണാലി കടന്ന് ഷോളങ് വാലി – കസോൾ– മണിക്കരൻ– തോഷ് – മണ്ഡി– ഛണ്ഡീഗഡ്– അംബാല– ഡൽഹി– ഉത്തർപ്രദേശ്– ബീഹാർ– പശ്ചിമബംഗാൾ– മേച്ചിറിവർ ഇന്ത്യ– നേപ്പാൾ ബോർഡർ –കാഠ്മണ്ഡു – തിരിച്ച് സിലിഗുരി– ജയ്ഗോൺ വഴി ഇന്ത്യ– ഭൂട്ടാൻ ബോർഡർ (ഫുണ്ട്ഷോലിങ്) – തിരിച്ച് ന്യൂ ജാൽപൈഗുരി –ഫുൾബാരി ബോർഡർ വഴി ബംഗ്ലബന്ദ (ബംഗ്ലാദേശ് ബോർഡർ) – ഇവിടെ മുതൽ ഗോവ വരെ ഹിച്ച് ഹൈക്കിങ് ആയിരുന്നു, പൗരത്വബിൽ പ്രക്ഷോഭം കാരണം സൈക്കിൾ യാത്ര നടന്നില്ല. – ബെംഗളൂരു മുതൽ വീണ്ടും സൈക്കിൾ യാത്ര– കന്യാകുമാരി – തിരിച്ച് നാട്ടിലേക്ക് ട്രെയിനിൽ. ഇതായിരുന്നു യാത്രയുടെ റൂട്ട്. റെയിൽവേ വഴി ബെംഗളൂരുവിലേക്ക് കയറ്റി വിട്ട സൈക്കിൾ എന്റെ കയ്യിൽ കിട്ടുമ്പോൾ പല ഭാഗങ്ങളും മോഷണം പോയ അവസ്ഥയിലായിരുന്നു. ചവിട്ടി മുന്നോട്ടുപോകാൻ നന്നേ പാടുപെട്ടു. ഒരു വിധത്തിലാണ് ആ സൈക്കിളുമായി കന്യാകുമാരി എത്തിയത്.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ യാത്ര കഴിഞ്ഞ് മടങ്ങാം എന്ന പ്ലാനിലിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് പറയുന്നത് നീയിപ്പോൾ നിൽക്കുന്നിടത്ത് നിന്ന് വളരെ അടുത്തല്ലേ ബംഗ്ലാദേശ്. ഒന്നു പോകാൻ ശ്രമിച്ചു നോക്കിക്കൂടെയെന്ന്. അതൊരു പുതിയ അറിവായിരുന്നു. ഗൂഗിൾ നോക്കിയപ്പോൾ അധികം അകലെയല്ലെന്ന് മനസ്സിലായി. ബംഗ്ലബന്ദ അതിർത്തിയിലേക്ക് സൈക്കിൾ ചവിട്ടിയെത്തി. പൗരത്വബിൽ പ്രക്ഷോഭം കാരണം ആകെ കലാപഭൂമിയായി കിടക്കുന്ന ഇടം. ചുറ്റിലും തോക്കേന്തിയ പട്ടാളക്കാർ. അവിടെ ചെന്ന് കാര്യം പറഞ്ഞു. പാസ്പോർട് ചോദിച്ചു. ഇന്ത്യൻ പാസ്പോർട് കണ്ടപ്പോൾ വീസ ചോദിച്ചു. വീസ വേണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്തൊക്കെ പറഞ്ഞിട്ടും അവരെന്നെ അകത്തേക്ക് കടത്തിവിട്ടില്ല. മടങ്ങാനൊരുങ്ങുമ്പോൾ ഒരു പട്ടാളക്കാരൻ വന്നുപറഞ്ഞു, നിങ്ങളെ കേണൽ കാണണം എന്നു പറയുന്നെന്ന്. അദ്ദേഹത്തെ കണ്ട ഞാൻ ശരിക്കും അദ്ഭുതപ്പെട്ടു, മലയാളി കേണൽ. പരിചയപ്പെട്ടു. അദ്ദേഹം വഴി ഞാൻ ബംഗ്ലാദേശിന്റെ മണ്ണിൽ കാലുകുത്തി. ഈ യാത്രയിലുടനീളം സംഭവിച്ച മാന്ത്രികത പോലെ മറ്റൊരു നിമിഷം.

aisu20

നേരത്തെ പ്ലാനിട്ട് പോയ യാത്ര റൂട്ട് അല്ല, അതുകൊണ്ടുതന്നെ ഇന്ത്യകാണാനിറങ്ങിയ യാത്ര നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്ക് കൂടി നീണ്ടു. യാത്രയ്ക്കിടെ പലരും ഭക്ഷണവും വെള്ളവും താമസിക്കാനിടവും തന്നു സഹായിച്ചു. യാത്രയുടെ പുരോഗതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നുണ്ടായിരുന്നു. പണമില്ലാത്ത യാത്ര എന്ന എന്റെ പോസ്റ്റിനു താഴെ ഒരു പയ്യൻ കമന്റിട്ടു. ‘പിന്നെ, പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാനാണ് ’എന്ന്. അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് എടുത്ത് അവനുള്ള മറുപടിയായി ഞാൻ പോസ്റ്റ് ചെയ്തു. ആ പോസ്റ്റ് വൈറലായി. പരിചയമില്ലാത്ത നിരവധി ആളുകൾ പണം അയച്ചുതന്നു. യാത്രയ്ക്കാവശ്യമായ വസ്ത്രം, ഷൂ, ജാക്കറ്റ് തുടങ്ങി പലതും പലയിടങ്ങളിൽ നിന്നായി സ്പോൺസർഷിപ്പായി കിട്ടി. പലയിടത്തും മലയാളികളുൾപ്പെടെ നിരവധി ആളുകളെ പരിചയപ്പെട്ടു. ഈ എഴുപതു ദിനങ്ങൾ ഞാൻ ‘ആദ്യമായി ജീവനോടെ ജീവിക്കുകയായിരുന്നു’. ഇനി മുന്നിലൊരു ലക്ഷ്യമുണ്ട്, നാഷനൽ ലെവൽ മോട്ടോർക്രോസ്. ആ വലിയ സ്വപ്നത്തിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു.