Tuesday 24 September 2024 11:50 AM IST

ഹൗസ് കീപ്പിങ്ങിൽ നിന്ന് മാരിയറ്റിന്റെ വൈസ് പ്രസിഡന്റ് പദവിയിലേക്ക്: രഞ്ജു അലക്സ് പങ്കുവയ്ക്കുന്നത് ജീവിതയാത്രയുടെ കഥകളാണ്

Baiju Govind

Sub Editor Manorama Traveller

1 renju

‘‘നമ്മൾ ജീവിക്കുന്ന സ്ഥലത്തു നിന്നു കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്കു യാത്ര ചെയ്യുമ്പോൾ ജീവിതം എത്രമാത്രം മനോഹരമാണെന്ന് തിരിച്ചറിയാൻ അവസരം ലഭിക്കുന്നു. സ്വന്തം ജീവിതത്തിൽ സന്തോഷം നിറയ്ക്കാനുള്ള എളുപ്പ മാർഗമാണു സഞ്ചാരം. വിമാനം കയറി ആലോചിച്ചു നോക്കൂ, കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് ? ’’

വലിയൊരു ചോദ്യം മുന്നോട്ടെറിഞ്ഞു കൊണ്ടാണ് രഞ്ജു അലക്സ് അഭിമുഖത്തിനു തുടക്കം കുറിച്ചത്. മറുപടിക്കു കാത്തു നിൽക്കാതെ ഇത്രയും കൂടി അവർ പറഞ്ഞു:

‘‘നിങ്ങൾ നേരിടുന്ന തടസ്സത്തെ മറികടക്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതു മാത്രമാണ്. ജയിക്കുമെന്ന് ഉറപ്പോടെ പ്രവർത്തിക്കുമ്പോൾ, അടഞ്ഞു കിടന്നിരുന്ന വാതിലുകൾ തുറക്കും; അകലെ നിന്നതെല്ലാം അരികിലേക്കു വന്നണയും. സംശയമുണ്ടെങ്കിൽ ഇന്നു മുതൽ ശ്രമിച്ചു നോക്കൂ’’

വിജയപാതയിലേക്കുള്ള ഷോർട്ട് കട്ട് ചൂണ്ടിക്കാട്ടുന്ന രഞ്ജു അലക്സ് ആരാണെന്ന് ഇനി പറയാം. ലോകം മുഴുവനും സഞ്ചാരികൾക്ക് ആഡംബര താമസം ഒരുക്കി നൽകുന്ന മാരിയറ്റ് ഇന്റർനാഷനൽ ഹോട്ടൽ ഗ്രൂപ്പിന്റെ ഏരിയ വൈസ് പ്രസിഡന്റാണ് രഞ്ജു. ജനിച്ചതു ബിഹാറിൽ. പഠിച്ചതും വളർന്നതും പശ്ചിമബംഗാളിൽ. അങ്ങനെ നോക്കുമ്പോൾ ഉത്തരേന്ത്യക്കാരിയാണെങ്കിലും രഞ്ജുവിനൊരു കേരള കണക്‌ഷനുണ്ട്. കോട്ടയം സ്വദേശി അലക്സാണ് രഞ്ജുവിന്റെ ഭർത്താവ്. ഗോഡ്സ് ഓൺ കൺട്രിയുടെ ‘മരുമകളായി’ എത്തിയ നിമിഷം തന്നെ രഞ്ജു കേരളത്തിന്റെ കടുത്ത ആരാധികയായി മാറി.

മുപ്പത്തെട്ടു നഗരങ്ങളിലായി മാരിയറ്റ് ഇന്റർനാഷനലിന് 145 ഹോട്ടലുകളുണ്ട്. ഇത്രയും കെട്ടിടങ്ങളിലായി 25,000 മുറികൾ. ഇപ്പോൾ, ആ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റാണു രഞ്ജു അലക്സ്. ഒരു ഹോട്ടലിലെ ഏറ്റവും ചെറിയ ജോലിയായ ഹൗസ് കീപ്പിങ്ങിൽ നിന്നാണ് രഞ്ജു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സഞ്ചാരികൾ തീർച്ചയായും അറിഞ്ഞിരിക്കണം രഞ്ജു അല്ക്സ് എന്ന സഞ്ചാരിയുടെ, വനിതയുടെ വിജയഗാഥ.

കാൻസറിനെ തോൽപിച്ച യാത്ര

മനോരമ ട്രാവലർ അഭിമുഖത്തിനു ക്ഷണിച്ചപ്പോൾ രഞ്ജു വിദേശത്തായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഉടൻ കൂടിക്കാഴ്ച നിശ്ചയിച്ചു. ചോദിക്കാനും പറയാനുമുള്ള വിഷയം ട്രാവൽ ആയതിനാൽ രഞ്ജുവിനു തയാറെടുപ്പു വേണ്ടി വന്നില്ല.

2 renju

‘‘ബിഹാറിലാണു ജനിച്ചത്. സ്കൂൾ, കോളേജ് പഠനം പശ്ചിമ ബംഗാളിലായിരുന്നു. അച്ഛൻ എസ്.എൻ. ഝാ. അദ്ദേഹത്തിനു ബംഗാളിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിലായിരുന്നു ജോലി. കുടുംബിനിയുടെ റോളിൽ പൂർണ സംതൃപ്തി കണ്ടെത്തിയയാളാണ് അമ്മ – പേര് മുന്ദ്രിക ഝാ.’’

രഞ്ജു തന്റെ ജീവിതവഴികളെക്കുറിച്ചു പറഞ്ഞു തുടങ്ങി.

യാഥാസ്ഥിതിക സാമൂഹിക രീതികൾ പിന്തുടരുന്ന വ്യവസായ നഗരമായിരുന്നു അക്കാലത്തെ ദുർഗാപുർ. മുപ്പതു വർഷം മുൻപുള്ള കാര്യങ്ങളാണ് പറയുന്നത്. അന്നത്തെ സാഹചര്യത്തിൽ ഒരു പെൺകുട്ടി ഹോട്ടലിൽ ജോലിക്കു പോകുന്നത് മറ്റുള്ളവർ അംഗീകരിക്കുന്ന കാര്യമായിരുന്നില്ല. പ്രതിഷേധങ്ങളും എതിർപ്പുകളും മറികടന്നാണ് ഒബ്റോയ് ഹോട്ടലിൽ ഞാൻ ജോലിക്കു കയറിയത്. ആദ്യത്തെ നിയമനം ലഭിച്ചത് ഹൗസ് കീപ്പിങ് ഡിവിഷനിലായിരുന്നു.

ആത്മാർഥമായി ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാൻ കഴിയുമെന്നാണല്ലോ പറയാറുള്ളത്. അങ്ങനെയൊരു നേട്ടത്തിലെത്തും മുൻപ് എനിക്കു വലിയൊരു പ്രശ്നം നേരിടേണ്ടി വന്നു. കാർമൽ കോൺവെന്റ് സ്കൂളിൽ പഠിക്കുമ്പോഴാണ് അതു സംഭവിച്ചത്. പതിനഞ്ചു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന എനിക്ക് വിട്ടു മാറാത്ത തലവേദന പിടികൂടി. പരിശോധിച്ചപ്പോൾ അർബുദം സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്ടർ വിധിയെഴുതി. എന്നാൽ, പരീക്ഷ കഴിഞ്ഞതിനു ശേഷം വിട പറയാമെന്നായിരുന്നു എന്റെ തീരുമാനം. തളർന്ന ശരീരവും ധൈര്യമുള്ള മനസ്സുമായി പരീക്ഷയെഴുതി. എക്സാം ഹാളിൽ രണ്ടു മണിക്കൂറിനിടെ പത്തു തവണയെങ്കിലും ഛർദിച്ചു. വിറയ്ക്കുന്ന ൈകകളോടെയാണ് പരീക്ഷ എഴുതി തീർത്തത്.

വാസ്തവം പറയട്ടെ, അതൊരു തിരിച്ചു വരവായി വന്നു ഭവിച്ചു. എന്നെ കൊണ്ടു പോകാനുള്ള സമയമായിട്ടില്ലെന്ന് വിധിക്കു തോന്നിയിരിക്കാം. പിന്നീട്, ഒബ്റോയ് സെന്റർ ഫോർ ലേണിങ് ആൻഡ് ഡെവലപ്മെന്റിൽ ഉപരിപഠനത്തിനു ചേർന്നതും ഇവിടം വരെ എത്തിയതും ബാക്കി കഥ.

ബിഹാറിൽ നിന്നൊരു കേരള കണക്‌ഷൻ

ജോലി ആരംഭിച്ചത് ഒബ്റോയ് ഹോട്ടലിലാണെന്ന് പറഞ്ഞല്ലോ. പതിനേഴു വർഷം അവിടെ തുർന്നു. 2010ലാണ് മാരിയറ്റിലേക്കു മാറിയത്. ഈ മേഖലയിൽ ഇപ്പോൾ മുപ്പതു വർഷം പൂർത്തിയാക്കുന്നു. ഇക്കാലത്തിനിടെ എന്നെ ആകർഷിച്ച ചില കാര്യങ്ങൾ പങ്കുവയ്ക്കാം. ഇതുവരെ ഞാൻ 32 രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോഴും യാത്ര തുടരുന്നു.

ഈജിപ്തും സ്വിറ്റ്സർലൻഡുമാണ് ഓർമയിൽ നിറം ചാർത്തിയ രാജ്യങ്ങൾ. മനംമയക്കുന്ന പ്രകൃതിഭംഗിയാണു സ്വിറ്റ്സർലൻഡിന്റെ ആകർഷണം. അതേസമയം, ഈജിപ്ത് സമ്പന്നമായ ചരിത്രക്കാഴ്ചകളിലൂടെ അദ്ഭുതപ്പെടുത്തുന്നു. ആധുനികതയിലേക്ക് കുതിച്ചു പായുന്ന ജപ്പാനിലെ ഓരോ മാറ്റങ്ങളും കൗതുകത്തോടെയേ നോക്കിക്കാണാൻ കഴിയൂ.

എനിക്ക് സന്തോഷം നൽകിയിട്ടുള്ള സംസ്ഥാനമാണു കേരളം. ഇരുപത്തെട്ടു വർഷം മുൻപാണ് ആദ്യമായി കേരളത്തിൽ വന്നത്. കോട്ടയം സ്വദേശിയാണ് അലക്സ്. അലക്സിന്റെ പിതാവ് പട്ടാളത്തിൽ നിന്നു വിരമിച്ചയാളാണ്. ഞാൻ ജനിച്ചത് ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിലാണ്. രണ്ടു മതങ്ങളുടെ പശ്ചാത്തലമാണെങ്കിലും അലക്സിന്റെ വീട്ടിൽ എനിക്കു സ്നേഹപൂർണമായ സ്വീകരണം ലഭിച്ചു. റബർതോട്ടത്തിന്റെയും തെങ്ങിൻതോപ്പിന്റെയും സമീപത്ത് വിസ്താരമേറിയ സ്ഥലത്താണ് അലക്സിന്റെ വീട്. മൺസൂൺ മഴ തുടങ്ങുമ്പോൾ ആ വീടിനും പരിസരത്തിനും പ്രത്യേക ഭംഗിയാണ്.

ഞങ്ങൾക്ക് രണ്ട് മക്കളാണ്. രണ്ടാളും വിദേശത്തു പഠിക്കുന്നു. അവർ‌ക്കു കേരളത്തിൽ വരാനും ഇവിടെ യാത്ര ചെയ്യാനും ഇഷ്ടമാണ്.

വർഷത്തിൽ രണ്ടോ മൂന്നോ തവണ കുടുംബസമേതം കോട്ടയത്തു വരാറുണ്ട്. എല്ലാ മാസവും വിരുന്നു പോകുന്ന മരുമകളെന്നാണ് അടുപ്പമുള്ളവർ എന്നെക്കുറിച്ചു പറയാറുള്ളത്. അതു വാസ്തവമാണ്. കേരളത്തിലെ മലകളും കായലും കടൽത്തീരവും പള്ളികളും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ഇവിടുത്തെ തെങ്ങിൻ തോപ്പുകൾ മനോഹരമാണ്. മലയാളികളുടെ അടുക്കളപ്പെരുമ ലോക പ്രശസ്തമാണ്. ബേക്കറികളിലെ മധുരപലഹാരങ്ങൾ ആരെയും ആകർഷിക്കും വിധം മധുരമുള്ളവയാണ്. ഇതര സംസ്ഥാനത്തു നിന്നുള്ള ഒരാൾക്കു മാത്രമേ ഈ പറഞ്ഞതിന്റെ അർഥം പൂർണമായും മനസ്സിലാകൂ.

ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിശ്രമം, ഉറക്കം എന്നിവ അടുത്ത ദിവസത്തെ യാത്രയുടെ മൂഡ് നിശ്ചയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. അതിനാൽത്തന്നെ ഹോട്ടൽ മുറിയിലെ ബെഡ്, ബാത്ത്റൂം എന്നിവ മികച്ചതെന്ന് ഉറപ്പു വരുത്തണം. സന്ദർശന സ്ഥലത്തിന്റെ സമീപത്തു തന്നെ മുറി ബുക്ക് ചെയ്യുമ്പോൾ യാത്ര കൂടുതൽ ആസ്വാദ്യകരമാകുന്നു.

വൃത്തി, നിലവാരം, സുരക്ഷ എന്നിവയാണ് സ്റ്റാർ ഹോട്ടലുകൾ അവരുടെ അതിഥികൾക്കു നൽകുന്ന വാഗ്ദാനം. ഹോട്ടൽ മുറിയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അവിടെയുള്ള ജോലിക്കാരെ വിവരം അറിയിക്കുക. പരാതി അപ്പോൾ തന്നെ പരിഹരിച്ച് അതിഥിയെ അതു ബോധ്യപ്പെടുത്തുന്ന ഹോട്ടലുകൾ ജനപ്രീതി നേടുന്നു. അതിഥികളിൽ നിന്നു മാത്രമല്ല, ജോലിക്കാരിൽ നിന്നും ഫീഡ് ബാക്ക് എടുക്കുന്നതാണ് ഞങ്ങളുടെ രീതി.

3 renju

യെസ്, സ്ത്രീകൾക്കു പലതും സാധിക്കും

മാരിയറ്റിന്റെ വൈസ് പ്രസിഡന്റായതിനു ശേഷം രാജ്യത്തും വിദേശത്തും നിരവധി വേദികളിൽ അതിഥിയായി പങ്കെടുത്തു. സ്ത്രീശാക്തീകരണത്തെ കുറിച്ചാണ് എല്ലായിടത്തും പറയാറുള്ളത്. ഹൗസ് കീപ്പിങ്ങിൽ നിന്നു ജനറൽ മാനേജർ പദവിയിലേക്ക് ഉയർന്നതും അവിടെ നിന്ന് ഇപ്പോഴത്തെ പദവിയിൽ എത്തിയതും ഒരു സ്ത്രീയാണെന്ന് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഓർമപ്പെടുത്താറുണ്ട്. പ്രതിസന്ധികൾക്കെതിരേ തുഴഞ്ഞ് സൗത്ത് ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ 163 ഹോട്ടലുകളുടെ ചുമതലയിൽ എത്താൻ എനിക്കു സാധിച്ചുവെങ്കിൽ നിശ്ചയദാർഢ്യമുള്ള മറ്റു പെൺകുട്ടിക്കും ഇതു സാധ്യമാണ്.

ഇതുവരെയുള്ള നേട്ടങ്ങളിലേക്കു വഴി നടത്താൻ എനിക്ക് ഗോഡ്ഫാദർ ഉണ്ടായിരുന്നില്ല. ആരിൽ നിന്നെങ്കിലും എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ കീഴിൽ ജോലി ചെയ്യുന്നവരിൽ നിന്നു മാത്രമാണ്. യാത്ര ചെയ്യുന്ന മലയാളികളോട് എനിക്കു പറയാനുള്ളതും സമാനമായ നിർദേശമാണ്. വിദേശ യാത്ര രസകരമായ അനുഭവം തന്നെ, സംശയമില്ല. അതേസമയം, സ്വന്തം നാട്ടിലെ വിസ്മയങ്ങൾ കാണാൻ ഇനിയും വൈകരുത്. ഓർക്കുക, അകലെയുള്ള ആകാശത്തേക്കാൾ ഭംഗി കൺമുന്നിലെ മേഘങ്ങൾക്കാണ്...