ADVERTISEMENT

പാമ്പിനെ തിന്നുന്നവരുടെ നാട്ടിൽ എത്തിയാൽ നടുക്കഷ്ണം തിന്നണം എന്നാണല്ലോ മലയാളികളുടെ നിലപാട്. പക്ഷേ, പാമ്പിന്റെ കഴുത്തു മുറിച്ചു ചോര കുടിക്കുന്നവരുടെ നാടു സന്ദർശിച്ചപ്പോൾ ലോക പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് പാമ്പിന്റെ ഇറച്ചി ഭക്ഷിക്കാൻ സാധിച്ചില്ല. മസാല പുരട്ടി പാമ്പിന്റെ ഇറച്ചി പാകം ചെയ്യുന്നതു നോക്കി നിൽക്കാനേ അദ്ദേഹത്തിനു സാധിച്ചുള്ളൂ. പാമ്പിന്റെ കഴുത്തു മുറിച്ച് ചോര ഒരു ഗ്ലാസിലൊഴിച്ച് കുടിക്കുന്ന മനുഷ്യരെ തായ്പേയ് നഗരത്തിലെ ഹ്വാഷി മാർക്കറ്റിൽ കണ്ടതായി സന്തോഷ് പറഞ്ഞു. ചാരായത്തിനു വീര്യം കൂട്ടാൻ വാറ്റുകാർ വിഷപ്പാമ്പിനെ ഉപയോഗിക്കുന്നതും നമ്മുടെ നാട്ടിൽ ഇഴച്ചിക്കോഴി വിൽക്കുന്ന പോലെ ഹ്വാഷി മാർക്കറ്റിൽ പട്ടിയിറച്ചി വിൽക്കുന്നതും അദ്ദേഹം ക്യാമറയിൽ പകർത്തി. പുഴുവും പാറ്റയും പഴുതാരയും ഉൾപ്പെടെ ഭൂമിയിലെ സകല കീടങ്ങളെയും വറുത്തും പൊരിച്ചും പുഴുങ്ങിയും വിൽപന നടത്തുന്ന ഭക്ഷണശാലകളുണ്ട് ഹ്വാഷി മാർക്കറ്റിൽ. ചാരായത്തിനു വീര്യം കൂട്ടാനായി വിഷപ്പാമ്പിനെ ചേർക്കുന്നതിനെ കുറിച്ചും സന്തോഷ് ജോർജ് മനോരമ ട്രാവലറിനു വേണ്ടി ‘സഞ്ചാരിയുടെ ഡയറിക്കുറിപ്പി’ൽ വിശദീകരിച്ചു. തായ്പേയ് നഗരത്തിലെ ഹ്വാഷി മാർക്കറ്റിലെ ‘വീരന്മാരെ’ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര എഴുതിയ ലേഖനം.

തെരുവിലൂടെ നടത്തം തുടര്‍ന്നു. നമ്മുടെ നാട്ടിലെ ചായക്കടകളില്‍ പഴക്കുല കെട്ടിത്തൂക്കിയ പോലെ പട്ടിയിറച്ചി തൂക്കി വില്‍ക്കുന്നതു കണ്ടു. പട്ടിത്തലകൾ മുറിച്ചെടുത്ത് കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പട്ടി നമുക്കു സന്തതസഹചാരിയും വളര്‍ത്തു മൃഗവുമായതിനാല്‍ ആ കാഴ്ച ആദ്യം അല്‍പം അലോസരമുണ്ടാക്കി. പട്ടിയിറച്ചി വില്‍ക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുടെ മുന്നിലൂടെ നടന്നപ്പോള്‍ ആ വിഷമം അങ്ങു മാറി.  

ADVERTISEMENT

മറ്റൊരു കടയുടെ മുന്‍പില്‍ വലിയ ജനക്കൂട്ടം. മിഠായി കുപ്പി പോലെയുള്ള ചില്ലു ഭരണികൾ കടത്തിണ്ണയിൽ നിരത്തി വച്ചിരിക്കുന്നു. കുപ്പിയുടെ ഉള്ളില്‍ കിടക്കുന്ന സാധനം എന്താണെന്നു നോക്കാന്‍ ഞാന്‍ തിരക്കിനിടയിലൂടെ തല നീട്ടി. പല നിറത്തിലും രൂപങ്ങളിലുമുള്ള പാമ്പുകളാണത്. മൂര്‍ഖന്‍, ചേര, അണലി, ചേനത്തണ്ടന്‍ തുടങ്ങി പല ഇനം പാമ്പുകളുടെ കമനീയ ശേഖരം. ആവശ്യക്കാരന്‍ ചൂണ്ടിക്കാട്ടുന്ന പാമ്പിനെ കറി വച്ചു നല്‍കും - ലൈവ് പാചകം.

santhosh2

പാമ്പുകള്‍ കുപ്പിയില്‍ ഭദ്രമെന്നു വിശ്വസിച്ച് കടയിലേക്കു കയറി. മുറിയിലേക്കു കാലെടുത്ത വച്ചപ്പോള്‍ തലയില്‍ എന്തോ മുട്ടി. ആന്തരികാവയവം എടുത്തു മാറ്റിയ പാമ്പുകള്‍ അഴയില്‍ തൂങ്ങിയാടുന്നു. ഒറ്റ ചാട്ടത്തിന് ഞാന്‍ കടയുടെ പുറത്തെത്തി. പിന്നീട് സുരക്ഷിതമായ ഒരിടം കണ്ടെത്തി പാമ്പിനെ പാചകം ചെയ്യുന്ന ദൃശ്യം ആസ്വദിച്ചു.

ADVERTISEMENT

പാചക്കാരന്‍ ഭരണിയുടെ അടപ്പു തുറന്ന് പാമ്പിനെ പുറത്തെടുത്തു. അതിനെ ഒരു ഗ്ലാസിനു മുകളിലേക്കു ചേര്‍ത്തു പിടിച്ച് തലയറുത്തു. ഗ്ലാസിന്റെ പകുതിയോളം ചോര നിറഞ്ഞു. ചോരയിലേക്ക് ചില രസക്കൂട്ടുകൾ വിതറിയ ശേഷം കസ്റ്റമറുടെ മുന്നില്‍ വച്ചു. അയാള്‍ ആ പാനീയം നുണഞ്ഞിറക്കി.

ഈ സമയത്ത് അടുക്കളയില്‍ പാചകം തകൃതിയായി നടക്കുകയാണ്. മുരിങ്ങക്കായുടെ തൊലി ചീന്തുന്ന പോലെ ഒരു വിദ്വാന്‍ പാമ്പിന്റെ തൊലിയുരിഞ്ഞു. മീന്‍ വെട്ടുന്ന ലാഘവത്തോടെ കഷണങ്ങളാക്കി. മസാല പുരട്ടിയ ഇറച്ചി എണ്ണയില്‍ മൊരിച്ചെടുത്ത് ചോര്‍പ്പയില്‍ കോരിയെടുത്തു. ചെറിയ കൂർത്ത മുളങ്കമ്പുകൾ ഇറച്ചിക്കഷണത്തില്‍ കുത്തിയ ശേഷം പ്ലെയിറ്റില്‍ വിളമ്പി. പാമ്പിറച്ചിയുടെ സ്വാദറിയാന്‍ എത്തിയവരോടൊപ്പം ക്യൂ നിന്നെങ്കിലും അന്ന് അവിടെ വച്ച് അതു കഴിക്കാന്‍ ധൈര്യമുണ്ടായില്ല. പിന്നൊടൊരു അവസരത്തില്‍ ഒരു കഷണം കഴിച്ചു, പുഴമത്സ്യത്തിന്റെ രുചി.

ADVERTISEMENT

പാമ്പും പുല്‍ചാടിയും മലയാളിക്ക് അപരിചിതമായ ഭക്ഷ്യവസ്തുക്കളാണ്. എന്നാല്‍  അവയെല്ലാം ചൈനക്കാര്‍ അഭിമാനിക്കുന്ന നൂറ്റാണ്ടു പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമാണ്.

നെല്ലു വാറ്റിയ പാനീയം

ചൈനയിലും തായ് വാനിലുമൊന്നും മദ്യം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളൊന്നുമില്ല. നിത്യോപയോഗ സാധനങ്ങളോടൊപ്പം മദ്യവും വില്‍ക്കുന്നു. ഹ്വാഷി മാര്‍ക്കറ്റില്‍ വൈന്‍ ഷോപ്പുകള്‍ക്കു മാത്രമായി ഒരു തെരുവുണ്ട്. റൈസ് വൈന്‍ ആണ് പ്രധാന ഐറ്റം. നെല്ലു വാറ്റിയുണ്ടാക്കുന്ന ഒരു തരം ചാരായമാണ് റൈസ് വൈന്‍. അക്കൂട്ടത്തിലൊന്നിന്റെ പേര് - ബൈജു. ചാരായക്കുപ്പികളിൽ ചാരായം മാത്രമല്ല ഉള്ളത്. അതിൽ ചില ‘വീരന്മാരുമുണ്ട്. വിഷപ്പാമ്പുകൾ വളഞ്ഞുകൂടി കുപ്പികളിൽ കിടക്കുന്നു. പഴുതാര, തേള്‍ തുടങ്ങി മറ്റു വിഷജീവികളെയും മൂപ്പു കൂട്ടാനായി വൈനില്‍ ചേര്‍ക്കുന്നു. വിനോദസഞ്ചാരികള്‍ സുഹൃത്തുക്കള്‍ക്കു സമ്മാനിക്കാന്‍ ഇത്തരം കുപ്പികൾ വാങ്ങി നാട്ടിലേക്കു കൊണ്ടു പോകുന്നു. പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന കാര്യങ്ങളാണ് ഇതെല്ലാം.

ചൈനക്കാര്‍ കഠിനാധ്വാനികളാണ്. അവര്‍ക്കു പകരംവയ്ക്കാന്‍ അധ്വാനശീലരെ മറ്റൊരു രാജ്യത്തും ഞാന്‍ കണ്ടിട്ടില്ല. ഭക്ഷണത്തിലെ വൈവിധ്യമാണ് കരുത്തെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു. വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വന്‍മതിലിനു പുറത്താണ് സ്ഥാനം.

ADVERTISEMENT