തായ്‌ലൻഡിലെ മെയ്‌ഹോങ് പ്രവിശ്യയിൽ മ്യാൻമർ അതിർത്തിക്കടുത്തുള്ള മനോഹരമായൊരു ഗ്രാമമാണ് പായ്. ഗ്രാമം എന്നു പൂർണമായി പറയാൻ കഴിയാത്തവിധം ചെറിയൊരു പട്ടണം. വടക്കുകിഴക്കൻ മലനിരകൾക്കിടയിൽ പടർന്നുകിടക്കുന്ന താഴ്‌വരയിലാണ് പായ് ഗ്രാമം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വിദേശ വിനോദസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ പായ് ഇടംപിടിച്ചിട്ടുണ്ട്. തായ്‌ലന്റിന്റെ സാംസ്കാരിക തലസ്ഥാന നഗരമെന്ന് പറയാവുന്ന വടക്കൻ തായ്‌ലൻഡിലെ നഗരമായ ചിയാങ് മേയിൽ നിന്നാണ് പായിലേക്കുള്ള യാത്ര തുടങ്ങുന്നത്. ചിയാങ്മെയിൽ നിന്നും ഏകദേശം 150 കിലോമീറ്റർ അകലെയാണ് പായ്. ബീച്ച് ടൂറിസം കേന്ദ്രീകരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ പ്രധാനമായും തായ്‌ലൻഡിലെത്തുന്നത്. അതുകൊണ്ടുതന്നെ പായ് എന്ന വനാതിർത്തിയിലെ മനോഹരമായ ഗ്രാമം സന്ദർശിച്ചിട്ടുള്ളവരുടെ എണ്ണം കുറവായിരിക്കും.
പായ്, ഗ്രാമീണ തായ് സുന്ദരി

നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജീവിതത്തെ സംഗീതത്തിലും രുചികരമായ ഭക്ഷണത്തിലും തളച്ചിടുന്നതിനും ആവശ്യമുള്ളവർക്ക് നിശബ്ദമായി ലഹരി നുണയുന്നതിനും പറ്റിയ ഒരിടം, ഇതായിരുന്നു പായ് ഗ്രാമത്തെ കുറിച്ചുകിട്ടിയ ആദ്യചിത്രം. ചിയാങ്മേയിലെത്തുന്ന സന്ദർശകരിൽ അധികവും വടക്കേയിന്ത്യൻസും യൂറോപ്യന്മാരും കിഴക്കനേഷ്യൻ രാജ്യക്കാരായ വിനോദസഞ്ചാരികളുമാണ്.
തായ്‌ലന്റിലെ മറ്റു നഗരങ്ങളിലേക്കുള്ള ബസുകളെ അപേക്ഷിച്ച് 10 പേർക്ക് യാത്ര ചെയ്യാവുന്ന വിധമുള്ള വാനുകളാണ് പായ് വില്ലേജിലേക്ക് സർവീസ് നടത്തുന്നത്. പോകാനുള്ള ബസിന്റെ ടിക്കറ്റും അത് പുറപ്പെടുന്ന സമയവും ഡ്രൈവറുടെ പേരും ഓൺലൈൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് നിറയെ പായിലേക്കുള്ള വിദേശ സഞ്ചാരികളാണ്. യൂറോപ്യന്മാരുടെയും, ബാക്ക്പാക്കേഴ്സിന്റെയും ഹിപ്പികളുടേയുമൊക്കെ താവളമാണ് പായ്.പാട്ടും ആട്ടവും ആഘോഷങ്ങളുമായി കഴിഞ്ഞുകൂടുന്ന ഇടം. അതിസുന്ദരമായ പാതയാണ് ചിയാങ്മേയിൽ നിന്നും പായിലേക്കുള്ളത്. മൂന്നാറിലേക്കുള്ള കാട്ടുപാതകളെ ഓർമ്മിപ്പിക്കും വിധമുള്ള വഴി.
ശ്രദ്ധിക്കൂ, സൈന്യം നിരീക്ഷിക്കുന്നു
ആൾതാമസമില്ലാത്ത ചുരങ്ങളിലൂടെ വണ്ടി കയറിയും ഇറങ്ങിയും യാത്ര തുടർന്നു. ഇടയ്ക്ക് ചാറ്റമഴ പെയ്യുന്നുണ്ട്. താഴ്‌വരയിറങ്ങിയപ്പോഴേക്കും തായ് സൈന്യത്തിന്റെ ചെക്പോസ്റ്റിലെത്തി. പരിശോധനയ്ക്കായി വണ്ടി നിർത്തി. ആയുധധാരികളായ രണ്ടു സൈനികർ വാനിന്റെ അടുത്തെത്തി. യാത്രക്കാരുടെ പേരുവിവരങ്ങളും പാസ്‌പോർട്ടും പരിശോധിച്ചു.മ്യാൻമറിന്റെ അതിർത്തി പ്രദേശമായതിനാൽ ഇവിടെ വിശദമായ പരിശോധനയുണ്ട്. മയക്കുമരുന്നുകേന്ദ്രങ്ങൾക്ക് പേരുകേട്ട മ്യാൻമറിലെ ഷാൻ േസ്റ്ററ്റുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് പായ്.

ചെലവ് ചുരുക്കി യാത്ര ചെയ്തുവരുന്നതിനാൽ പായ് വില്ലേജിലും അത്തരമൊരിടം കണ്ടെത്തി. ബസ് േസ്റ്റഷനിൽ നിന്നും 100 മീറ്റർ അടുത്തായിരുന്നു താമസം തരപ്പെട്ട ജാസ് ഹൗസ്. 200 തായ് ബാത്താണ് അതിന്റെ വാടക. തെരുവിലൂടെ നടന്നു. മനോഹരമായ തെരുവുകളാണ് പായ് ഗ്രാമത്തിന്റെ പ്രധാന ആകർഷണം. വാഹനങ്ങൾ തീരെയില്ലാത്ത പാത. ഇരുവശത്തും തടികൊണ്ടും കല്ലുകൊണ്ടുമൊക്കെ നിർമ്മിച്ച കൂരപാകിയ വീടുകളും കടകളുമാണ്. അധികദൂരം നടക്കുന്നതിനുമുൻപ് തന്നെ സ്കൂട്ടർ വാടകയ്ക്ക് നൽകുന്ന ഷോപ്പ് കണ്ടു. പാസ്പോർട്ട് നൽകി ഒരു സ്കൂട്ടർ വാടകയ്‌ക്കെടുത്തു. തെരുവിന് പിന്നിലെ മലമുകളിൽ ഒരു ബുദ്ധപ്രതിമ കാണാം.

മുന്നൂറിലധികം പടിക്കെട്ടുകളുള്ള ബുദ്ധ പ്രതിമയാണിത്. ചെറിയ വെയിലും ചാറ്റൽ മഴയുമായതിനാൽ പടികയറ്റം അത്രയേറെ ബുദ്ധിമുട്ടുള്ളതായിരുന്നില്ല. അരമണിക്കൂറെടുത്തു മുകളിലെത്താൻ. വിശാലമായൊരു കോംബൗണ്ടിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വെളുത്ത നിറത്തിൽ സുന്ദരമായൊരു പ്രതിമ. ഈ മലമുകളിൽ നിന്നാൽ താഴെ പായ് ഗ്രാമത്തിന്റെ മനോഹരമായ ദൃശ്യം കാണാം. മലനിരകളും കൃഷിയിടങ്ങളും നദിയും ജനപഥങ്ങളും ചേർന്ന സുന്ദരകാഴ്ച.
ബൂൺ കോ കുസോ എന്ന ബാംബൂ പാലം

പായ് വില്ലേജിലെ ഏറ്റവും പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് കൃഷിയിടങ്ങൾക്ക് മുകളിലൂടെ അരികുചേർന്ന് നിർമ്മിച്ച നടപ്പാലം. പായ് വില്ലേജിൽ നിന്നും പത്ത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തായ് ഭാഷയിൽ ബൂൺ കോ കുസോ എന്നാണ് ഈ പാലത്തിന് പറയുന്നത്. മനോഹരമായ മലനിരകളുടെ അടിവാരത്ത് സ്ഥിതിചെയ്യുന്ന കുങ് മായ് സാക് വില്ലേജിലാണ് ഈ പാലം. ഉദ്ദേശം ഒരു കിലോമീറ്റർ ദൂരത്തിൽ കൃഷിയിടങ്ങൾക്കും നെൽ വയലുകൾക്കും മുകളിലൂടെ രണ്ടുമീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും മുളങ്കമ്പ് കൊണ്ട് തൂണുകളും അതിന്റെ തോലുണക്കി നടപ്പാതയും വിരിച്ചിരിക്കുന്നു. നടക്കുമ്പോൾ അൽപം കുലുക്കം അനുഭവപ്പെടുമെങ്കിലും പൂർണമായും സുരക്ഷിതമായ പാലമാണിത്. ചുറ്റും പച്ചപുതച്ചുകിടക്കുന്ന കൃഷിയിടങ്ങളെ കാൽചുവട്ടിലാക്കിയുള്ള ആ നടപ്പ് രസകരമാണ്.