ADVERTISEMENT

നിരയായി കാണുന്ന ചെറിയ കുടിലുകളുടെ മുറ്റത്ത് വർണ നൂലുകൾ കൊണ്ട് തുണി നെയ്യുന്ന പെൺകുട്ടികളും സ്ത്രീകളും. ചിലരുടെ മടിയില്‍ ചെറിയ കുഞ്ഞുങ്ങളുണ്ട്. കവിളുകളില്‍ ചന്ദനം പോലെ എന്തോ ഒന്ന് പൂശിയിരിക്കുന്നു. മുടിക്കെട്ടിന്റെ മുക്കാലും മറച്ച് റിബണുകൾ കൊണ്ടുണ്ടാക്കിയ അലങ്കാരം, ആധുനികമെന്നു തോന്നിക്കുന്ന കഫ്താൻ പോലുള്ള മേലുടുപ്പും മുട്ടിനു മുകളിലുള്ള ചെറു മുണ്ടും ആണ് വേഷം. കൈകള്‍ നിറയെ മരത്തിന്റെയും ലോഹത്തിന്റെയും വളകള്‍, കഴുത്തിൽ സ്പ്രിങ് പോലെ ചുറ്റുകളായി അണിഞ്ഞ ലോഹവളയങ്ങള്‍. അവരുടെ തോളെല്ലുകള്‍ താഴേക്കു തൂങ്ങി കഴുത്ത് നീണ്ടിരിക്കുന്നു. സഞ്ചാരികളെല്ലാവരും കാഴ്ചവസ്തുക്കളെ പോലെ അവരെ തന്നെ നോക്കി നിൽക്കുകയാണ്. ഭാരമുള്ള ലോഹവളയങ്ങള്‍ കഴുത്തില്‍ അണിഞ്ഞിട്ടുണ്ടെങ്കിലും അവരുടെ മുഖത്ത് നിഷ്കളങ്കതയും നാണവും കലര്‍ന്ന പുഞ്ചിരി. വടക്കന്‍ തായ്‌ലൻഡിൽ മ്യാൻമറിന്റെ അതിർത്തിയിലുള്ള ഗ്രാമമാണിത്. കാറെ൯ ഗോത്ര ജനതയുടെ വാസസ്ഥാനം. നീളന്‍ കഴുത്തുള്ള ഈ സ്ത്രീകളെ ജിറാഫ് സ്ത്രീകൾ എന്നും വിളിക്കാറുണ്ട്.

തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ നഗരം

ADVERTISEMENT

തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ് ഷിയാങ് മൈ. വൃത്തിയും വെടിപ്പുമുള്ള പിംഗ് നദി നഗരത്തെ പകുത്ത് ഒഴുകുന്നു. നദിയുടെ കൈവഴികളായ കനാലുകളുടെ ഇരു കരകളിലും അച്ചടക്കമുള്ള നഗരവീഥികൾ. പ്രധാന കനാലിന്റെ കരയിൽ പുരാതനമായ കോട്ട. വലിയ തിരക്കില്ലാത്ത പഴമയുടെ മണമുള്ള അടുക്കും ചിട്ടയുമുള്ള നഗരം. അതിരാവിലെ ഉണരുന്ന ഷിയാങ് മൈയിലെ ദിവസ ചന്തകളും കനാൽ കരയിലെ ശാന്തമായ വൈകുന്നേരങ്ങളും കണ്ട്, തനത് തായ്‌ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളിലും തെരുവുകളിലും അലഞ്ഞു നടന്ന ദിവസങ്ങളിലൊന്നിലാണ് ട്രാവല്‍ ഏജൻസി നടത്തുന്ന നാൻ എന്ന സുന്ദരിയെ പരിചയപ്പെട്ടത്.

KaRenTribes2
ഷിയാങ് മൈ നഗരക്കാഴ്ചകൾ

ഷിയാങ്മൈയും പരിസരങ്ങളും കാണാനുള്ള ടൂർ പാക്കേജ് തേടിയാണ് ഞങ്ങള്‍ എത്തിയത്. വിദേശയാത്രകളിൽ നഗരങ്ങളിലെ വിശേഷങ്ങള്‍ അറിയാന്‍ പാക്കേജ് ടൂര്‍ നന്ന് എന്നാണനുഭവം. നാ൯ ആണ് ഷിയാങ് മൈ യുടെ വനപ്രദേശങ്ങളില്‍ താമസിക്കുന്ന കാറെ൯ ഗോത്രക്കാരെ പറ്റി പറഞ്ഞത്. കഴുത്തില്‍ ചുറ്റു ചുറ്റായി ഇടുന്ന പിച്ചള വളയം കാരണം കുറെ നാള്‍ കഴിയുമ്പോള്‍ കഴുത്ത് നീണ്ടു പോകുന്ന സ്ത്രീകളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചുമെല്ലാം... അടുത്ത ദിവസം രാവിലെ ആ ഭാഗത്തേക്ക് പുറപ്പെടുന്ന വണ്ടിയില്‍ രണ്ടു മുന്‍നിര സീറ്റുകൾ അവള്‍ മാറ്റി വച്ചു.

KaRenTribes6
ADVERTISEMENT

രാവിലെ ഏഴിനു തന്നെ ഹോട്ടല്‍ റിസപ്ഷനില്‍ ഞങ്ങളെ അന്വേഷിച്ച് ടൂര്‍ ഗൈഡ് 'തേ' (Thae ) വന്നു. ട്രാവലര്‍ പോലെയുള്ള ആഡംബര വാഹനം. ആകെ 10 പേർ മൂന്ന് ബെൽജിയംകാരും മൂന്ന് റഷ്യക്കാരും അറബ് വംശജരായ, ചിലിയില്‍ താമസമാക്കിയ നവദമ്പതികളും ആണ് സഹയാത്രികർ.

തിളയ്ക്കുന്ന കിണർ

ADVERTISEMENT

മുന്‍ സീറ്റിൽ ഗൈഡ് തേ, തായ്‌ ചുവയില്‍ നീട്ടിക്കുറുക്കിയ ഇംഗ്ലിഷിൽ വാചാലയായി . വാഹനം നഗര തിരക്കുകൾ വിട്ട് ഒഴിഞ്ഞ വിസ്താരമേറിയ റോഡുകളിലൂടെ പോകുമ്പോൾ റോഡിനു ഇരുവശവും നെല്‍വയലുകളും കൃഷി സ്ഥലങ്ങളും കണ്ട് തുടങ്ങി. മൂടല്‍ മഞ്ഞിന്റെ നേർത്ത മേലാപ്പിനടിയിൽ പൊ൯ നിറമാർന്ന നെല്‍ വയലുകൾ. ജോലിക്കാര്‍ വരമ്പിലൂടെ നിരനിരയായി പോകുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി കയറ്റം കയറി തുടങ്ങി. പോകും വഴി വലിയൊരു മൈതാനത്തിലാണ് ആദ്യം വണ്ടി നിർത്തിയത്. അതിനു ചുറ്റും ഒരു അങ്ങാടി. ചുറ്റുവട്ടത്തുള്ള കാര്‍ഷിക വിഭവങ്ങള്‍ വിൽക്കുന്ന കടകളും ചെറിയ കോഫീ ഷോപ്പുകളുമുള്ള അങ്ങാടി.

പെട്ടെന്നാണ് മൈതാനത്തിനു നടുവിലുള്ള രണ്ടു കിണറുകളിൽ നിന്നും ആവി ഉയരുന്നത് കണ്ടത്. നിറഞ്ഞ കിണറുകളിലെ വെള്ളം തിളച്ചു മറിയുന്നു. പതയുന്ന വെള്ളത്തില്‍ ചൂണ്ട ഇടുന്നത് പോലെ ചിലർ വടിയും പിടിച്ചു നിൽക്കുന്നുമുണ്ട്. തിളച്ച വെള്ളത്തിൽ മുട്ട പുഴുങ്ങുകയാണ് അവര്‍. ചെറിയ ചൂരല്‍ കൂടകളിൽ മുട്ട നിറച്ചു വില്ക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നും ഞാനും വാങ്ങി ഒരു കൂട. അവര്‍ തന്ന ചെറിയ കമ്പിന്റെ അറ്റത്തുള്ള കൊളുത്തിൽ മുട്ട നിറച്ച കൂട കുരുക്കിയിട്ട് കിണറ്റിൽ മുക്കി പിടിക്കുകയെ വേണ്ടൂ. മൂന്നു മിനിറ്റില്‍ മുട്ട വെന്തു.

KaRenTribes5

വടക്കന്‍ തായ്‌ലൻഡില്‍ പലയിടത്തും ഇത്തരം നിരവധി നീരുറവകളും കിണറുകളും ഉണ്ട് . ചിലത് തിളച്ച വെള്ളം നിറഞ്ഞതും ചിലതില്‍ ഇറങ്ങി കുളിക്കാൻ പാകത്തിന് ഇളം ചൂടുള്ളതും. സമയം കഴിഞ്ഞുവെന്ന് പറഞ്ഞു തേ വിളിച്ചു. ചൂട് നീരുറവയിൽ പുഴുങ്ങിയ മുട്ടയും ഒരു കർഷക സ്ത്രീയുടെ കയ്യില്‍ നിന്നും വാങ്ങിയ നല്ല മധുരമുള്ളവാഴപ്പഴവും കഴിച്ചു കൊണ്ട് ഞങ്ങള്‍ തേ യുടെ കഥകൾ കേട്ടിരുന്നു.

കുടിയേറ്റ സമൂഹം

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ബർമയില്‍ നിന്ന് തായ്‌ലൻഡിലേക്ക് കുടിയേറിയവരാണ് കാറെൻ ഗോത്രവിഭാഗം. 12 ലക്ഷത്തിൽ അധികം വരുന്ന കാറെൻ ഗോത്രക്കാർ തെക്ക് കിഴക്കൻ ഏഷ്യയിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നു. പ്രാദേശികമായി ഇവർ 'കാരിയാങ്' അല്ലെങ്കിൽ 'യാങ്' എന്ന് അറിയപ്പെടുന്നു. ഇവരുടെ വംശപാരമ്പര്യത്തിന്റെ തുടക്കം ടിബറ്റ് ആണെന്നാണ്‌ ചരിത്രം പറയുന്നത്. പല ഉപവിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ടെങ്കിലും അതുല്യമായ അവരുടെ ഭാഷ പൈതൃകവും ഭൂമിയുമായി ആഴത്തിലുള്ള ആത്മീയ ബന്ധവും അവരെ ഒരുമിപ്പിച്ചു നിർത്തുന്നു. കൃഷിയും വനവിഭവങ്ങളുമാണ് ഉപജീവനം.

വണ്ടിയുടെ മുൻ സീറ്റിൽ പിന്നിലേക്ക് നോക്കി മുട്ടും കുത്തി നിന്ന് തേ പറഞ്ഞ കഥകൾക്കൊപ്പം ഞങ്ങൾ അടുത്ത ലക്ഷ്യത്തില്‍ എത്തി. ‌ ചെറിയൊരുകുന്നിന്‍ ചെരിവ്. നിരനിരയായി സഞ്ചാരികൾക്കായുള്ള കാപ്പിക്കടകൾ. അതിനപ്പുറം വലിയൊരു കമാനം. വർണക്കടലാസുകള്‍ കൊണ്ടുണ്ടാക്കിയ കുടകളും തോരണങ്ങളും അലങ്കാരങ്ങൾ. ചെറിയൊരു കയറ്റമാണ്. ഒരു വശത്ത് നിരനിരയായി വലിയ തൂണുകളില്‍ താങ്ങി നിർത്തിയ കുടിലുകള്‍ . അതിന്റെ ഉമ്മറത്ത് നിരത്തി വച്ചിരിക്കുന്ന നിറപ്പകിട്ടുള്ള ആഭരണങ്ങളും ഭംഗിയുള്ള കരകൗശല വസ്തുക്കളും.കുടിലുകളുടെ മുറ്റത്ത് തലയില്‍ നിറയെ അലങ്കാരങ്ങളും നിറപ്പകിട്ടുള്ള വസ്ത്രങ്ങളും ധരിച്ച സ്ത്രീകള്‍. ചില കുടിലുകൾക്ക് മുന്നിൽ 'ഏക് താര' പോലുള്ള വാദ്യം വായിച്ചു കൊണ്ട് താളം ചവിട്ടി നിൽക്കുന്ന പുരുഷന്മാരും.

KaRenTribes9
കഴുത്തു നീട്ടിയ വനിത, കുട്ടിക്കൊപ്പം

വഴിയുടെ ഇരുവശത്തും നിറയെ ചെണ്ടു മല്ലികൾ. അതിനപ്പുറം ചേമ്പും വാഴയും ചീരയും മുളകും വഴുതനയും ഒക്കെ വിളഞ്ഞുനിൽക്കുന്ന തോട്ടം. ദൂരെയായി പ്ലാവ് മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും. കഴുത്തിലെ വള "ഇതാ, ഇതാണ് ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച" ഗൈഡ് തേയുടെ കയ്യില്‍ കാറെന്‍ സ്ത്രീകള്‍ കഴുത്തില്‍ അണിയുന്ന പിച്ചള വളയങ്ങള്‍ ആണ്. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ അവളുടെ ചുറ്റും കൂടി, അതൊന്നു പിടിച്ചു നോക്കാൻ തിരക്ക് കൂട്ടി. അതും കയ്യിൽ പിടിച്ചു ഞങ്ങൾ തേയുടെ വിവരണം കേട്ട് നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കിനാവിലെന്ന പോലെ ചിലിയൻ നവദമ്പതികൾ നടന്നു നീങ്ങി.

KaRenTribes7
കഴുത്തിൽ വളയങ്ങളിട്ട കാറെൻ സ്ത്രീകൾ

കാറെൻ 'ലോങ് നെക്ക്' ഗോത്രത്തിന്റെ പ്രത്യേകത, അവരുടെ സ്ത്രീകൾ മരണം വരെ തങ്ങളുടെ കഴുത്തിൽ ധരിക്കുന്ന കനത്ത പിച്ചള വളയങ്ങളാണ്. അത് കഴുത്തിൽ ചുറ്റിയാണ്‌ ധരിക്കുന്നത്. ചില സ്ത്രീകൾ കൈത്തണ്ടയിലും കാലുകളിലും ഇത്തരം പിച്ചള വളയങ്ങൾ അണിയാറുണ്ട്. വളയങ്ങളുടെ ഭാരം മൂലം തോളെല്ല് താഴ്ന്നു പോകുന്നു. ഇത് കാരണം കഴുത്തിനു കൂടുതൽ നീളം തോന്നിക്കുന്നു. ഭാരമേറിയ ഈ ലോഹവളയങ്ങൾ ജീവിതകാലം മുഴുവന്‍ ധരിക്കുന്നതിനാൽ പലരുടെയും വാരിയെല്ലുകൾക്കും തോളെല്ലിനും കേടുപാടുകള്‍ പറ്റി അവര്‍ക്ക് വളയങ്ങൾ നീക്കം ചെയ്യേണ്ടി വരുന്നു. അതിനുശേഷം ചിലരുടെ കഴുത്ത് ഒരു ഭാഗത്തേക്ക് ചരിയുകയും ചെയ്യും.

കഥകൾ തീരുന്നില്ല മുറിഞ്ഞു പോകുന്ന ഇംഗ്ലിഷും ഇടയ്ക്കിടെ കടന്നു വരുന്ന തായ് വാക്കുകളും ചേർത്ത് തേ പുതിയ കഥകളിലേക്ക്. വനവാസികളായ കാറെൻ ഗോത്രക്കാർക്ക് കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം നിത്യേന നേരിടേണ്ടി വന്നിരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ആണ് കൂടുതൽ കൊല്ലപ്പെട്ടിരുന്നത്. വന്യമൃഗങ്ങളെ ഭയപ്പെടുത്തുന്നതിനും അങ്ങനെ തങ്ങളുടെ ഗോത്രത്തെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സ്ത്രീകൾ കഴുത്തിൽ പിച്ചള വളയങ്ങൾ ധരിക്കാൻ ഗോത്രത്തിന്റെ നേതാക്കള്‍ തീരുമാനിച്ചുവത്രേ.അങ്ങനെ കഴുത്തിൽ ഒരു പടച്ചട്ട പോലെ അത് അവരെ കാത്തു രക്ഷിച്ചു പൊന്നു.

മറ്റൊരു കഥയിൽ കാറെന്‍ ഗോത്രക്കാർ തങ്ങളുടെ വ്യാളീ മാതാവിന്റെ മാന്ത്രിക കവചം അനുകരിച്ചാണ് കഴുത്തിൽ വളയങ്ങൾ അണിഞ്ഞു തുടങ്ങിയതത്രേ. കഥ എന്തായാലും ഈ വളയങ്ങള്‍ സമൂഹത്തിലെ സ്ത്രീകളുടെ പ്രാധാന്യം ഉറപ്പിക്കുന്നുണ്ട്.. പിന്നീടത് അവരുടെ പരമ്പരാഗത സ്ത്രീ സൗന്ദര്യ സങ്കല്പത്തിന്റെ ഭാഗമായി മാറുകയും സ്ഥിരമായി അവർ അത് അണിയുകയും ചെയ്തു തുടങ്ങി. കഴുത്തില്‍ കൂടുതൽ വളയങ്ങൾ ധരിക്കുന്ന സ്ത്രീകള്‍ കൂടുതൽ സുന്ദരിയായി കണക്കാക്കപ്പെടുന്നു. സാധാരണയായി, പെൺകുട്ടികൾ അഞ്ചാറ് വയസ്സ് മുതൽ നീളമുള്ള കഴുത്ത് വളയങ്ങൾ ധരിക്കാൻ തുടങ്ങുന്നു. അഞ്ച് വളയങ്ങളില്‍ തുടങ്ങി രണ്ട് വളയങ്ങള്‍ വീതം വർഷം തോറും അതിനോട് ചേര്‍ത്ത് ധരിക്കുന്നു. ഇരുപത്തഞ്ച് വളയങ്ങള്‍ വരെ ധരിക്കുന്ന സ്ത്രീകൾ ഉണ്ടത്രേ. അടുത്തുള്ള വീടുകളുടെ ഉമ്മറത്ത് കഴുത്തിൽ വളയങ്ങൾ ഇട്ട് നാണത്തോടെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾ. ആറടി പൊക്കമുള്ള ബെൽജിയം കാരി ഇസബെൽ ഒരു കാറെൻ മുത്തശ്ശിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് അവരുടെ സഹായത്തോടെ കഴുത്തിൽ വളയങ്ങൾ ധരിക്കാനുള്ള ശ്രമത്തിലാണ്. അവരുടെ കൂടെ നമുക്ക് ഫോട്ടോ എടുക്കാം. സഞ്ചാരികൾക്ക് കഴുത്തിലണിഞ്ഞ് നോക്കാനും ചിത്രങ്ങളെടുക്കാനും വേണ്ടി ഒരു വശം മുറിച്ചു സൗകര്യപ്രദമാക്കിയ ഒരു സെറ്റ് വളയങ്ങൾ അവർ കഴുത്തിൽ വച്ചു തരും. ഇഷ്ട്ടമുണ്ടെങ്കിൽ അവരുടെ ടിപ്പ് ബോക്സിൽ പണം ഇടാം. അവർ നെയ്തുണ്ടാക്കിയ ഒരു വസ്ത്രമോ തുണി സഞ്ചിയോ എന്തെങ്കിലും വാങ്ങാം. ഒന്നിനും ആരും നിർബന്ധിക്കുന്നില്ല.

KaRenTribes8
നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്ന കാറെൻ സ്ത്രീ

കാറെൻ ജനത കൂടുതലും താമസിക്കുന്നത്. മ്യാൻമറിനും തായ്‌ലൻഡിനും ഇടയിലുള്ള അതിർത്തിയിൽ ഷിയാങ് റൈ, ഷിയാങ് മൈ, മേ ഹോങ് സോൺ എന്നീ ഭാഗങ്ങളിലുള്ള മലനിരകളിലാണ്. തായ്‌ലൻഡിലെ പ്രധാന ന്യൂനപക്ഷങ്ങളിലൊന്നാണ് ഈ വിഭാഗക്കാർ. പ്രകൃതിയാണ് ഇവരുടെ ആരാധനാ മൂർത്തി. ഇപ്പോൾ ക്രിസ്തുമതവും ബുദ്ധമതവും സ്വീകരിച്ചവരുമുണ്ട് ഇവിടെ. കുറെ സമയം ഞങ്ങള്‍ ഗോത്രഗ്രാമത്തിൽ ചെലവഴിച്ചു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതൽ കണ്ടത്. പുരുഷന്മാർ കൃഷിപ്പണികള്‍ക്കായി വീടുകളിൽ നിന്ന് ദൂരെ പോയിട്ടുണ്ടാകും എന്നാണ് തേ പറഞ്ഞത്. കാറെന്‍ ഗോത്രക്കാരിൽ പുതിയ തലമുറയിലെ ചെറുപ്പക്കാർ ഏറെയും തായ് ഗവൺമെന്റിന്റെ ആനുകൂല്യങ്ങളിൽ വിദ്യാഭ്യാസം നേടുകയും നഗരങ്ങളിൽ ജോലിക്ക് പോകുകയും ചെയ്യുന്നു. സ്വപ്നവും പ്രതീക്ഷയും ഒരു ഭാഗത്ത് ചെറിയ ഷെഡുകളിൽ നെയ്ത്തിനുള്ള ചർക്കയും തറികളും സ്ഥാപിച്ചിട്ടുണ്ട്. തുണി നെയ്തു കൊണ്ടിരുന്ന സ്ത്രീകൾ ഞങ്ങളെ കണ്ട് നേർത്ത ചിരിയോടെ അവരുടെ ജോലി തുടർന്നു. തുണിത്തരങ്ങളില്‍അവരുടെ സംസ്കാരവും കഥകളും എല്ലാം വർണശബളമായ പാറ്റേണുകളിൽ അവതരിപ്പിച്ചിരിക്കുന്നു. കഴുത്തു നീണ്ട വനിതയുടെ ചിത്രമുള്ള ഒരു തുണി സഞ്ചി ഞാനും വാങ്ങി. യാത്ര പറഞ്ഞു നീങ്ങുമ്പോൾ നിർമലമായി ചിരിക്കുന്നു കഴുത്തു നീണ്ട സുന്ദരികൾ.

കാറെന്‍ ജനത തായ്‌ലൻഡിൽ ഇപ്പോഴും അഭയാർഥികളാണ്. മ്യാൻമറിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ അവസാനിക്കുമെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാനാവുമെന്നും സ്വപ്നം കണ്ടാണ് അവരുടെ ജീവിതം. തായ്‌ലാൻഡിൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഉണ്ടായിട്ടും മാതൃരാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്നപ്രതീക്ഷയിലാണ് ഒട്ടുമിക്ക കാറെൻ ഗോത്രക്കാരും . .

ADVERTISEMENT