തണുപ്പുള്ള നാട്ടിൽ നിന്നു ചൂടുള്ള നാട്ടിലേക്ക് ഒരു കൂടുമാറ്റം നോക്കിയാണ് മൊറോക്കോയിലേക്കു ടൂർ പ്ലാൻ ചെയ്തത്. ആഫ്രിക്കയുടെ വടക്കു ഭാഗത്തായി ജിബ്രാൾട്ടർ കടലിടുക്കിനോട് ചേർന്നുള്ള ഒരു ചെറിയ രാജ്യം, അതാണു മൊറോക്കോ. ബെർബെർ, അറബി ഭാഷ സംസാരിക്കുന്നവരുടെ രാജ്യത്ത് ഫ്രഞ്ചും സ്പാനിഷും അറിയുന്നവർക്ക് അൽപ്പംകൂടി വേഗത്തിൽ തദ്ദേശീയരുമായി ഇടപഴകാം. ഈ പറഞ്ഞ ഭാഷകളൊന്നും അറിയില്ലെങ്കിൽപോലും ഇംഗ്ലീഷ് സംസാരിച്ച് പിടിച്ചു നിന്നവരുടെ കഥയാണ് ഇനി പറയുന്നത്.
ഇംഗ്ലണ്ടിൽ നിന്നാണ് മൊറോക്കോയിലേക്കു പോയത്. മഞ്ഞു പെയ്യുന്ന യുകെയിലെ കാലാവസ്ഥയോടു വിട ചൊല്ലി മൊറോക്കോയിലെ മറകേഷ് എയർപോർട്ടിൽ രാത്രി 11ന് വിമാനമിറങ്ങി. താമസം ബുക്ക് ചെയ്തതു റിയാദിൽ ആണ്. പരമ്പരാഗത രീതിയിൽ ഉള്ള മൊറോക്കൻ വീടുകളെ മൊറോക്കോയിലുള്ളവർ റിയാദ് എന്നാണു വിളിക്കുന്നത്. ഹോം സ്‌റ്റേ എന്നു ചുരുക്കിപ്പറയാം.
രാത്രിയുടെ നഗരം നിശബ്ദം. കെട്ടിടങ്ങളും ചുമരുകളും ഇളം പിങ്ക് നിറം. മറക്കേഷ് നഗരത്തിനു ‘റെഡ് സിറ്റി’ എന്നൊരു വിളിപ്പേരുണ്ട്. മൊറോക്കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള അറ്റ്ലസ് മലനിരകളിൽ നിന്നുള്ള കല്ലും മണ്ണും ഉപയോഗിച്ചാണു കെട്ടിട നിർമാണം. നഗരം ചുവപ്പണിയാൻ കാരണവും അതു തന്നെ. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന കളിമണ്ണ് ഉണങ്ങുമ്പോൾ ഇളം പിങ്ക് നിറമായി മാറുകയാണ്. റിയാദിലേക്കുള്ള വഴിയിലേക്ക് കാർ തിരിഞ്ഞു. വഴിയോരത്ത് ഓറഞ്ച് മരങ്ങൾ കായ്ച്ചു നിൽക്കുന്നു. മൊറോക്കോയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാണ്യവിളയാണ് ഓറഞ്ച്.

റിയാദിൽ എത്തിയപ്പോൾ സമയം 12.30. തജീൻ എന്ന മൊറോക്കൻ വിഭവമാണ് അത്താഴത്തിനു വിളമ്പിയത്. കൂന പോലെ ആകൃതിയുള്ള മൺപാത്രത്തിലാണ് തജീൻ തയാറാക്കുന്നത്. ബട്ടർ ബ്രെഡാണ് സൈഡ് ഡിഷ്.
ഇസ്‌ലാമിക സംസ്കാരം പിൻതുടരുന്ന രാഷ്ട്രമാണു മൊറോക്കോ. ഇവിടുത്തെ ജനങ്ങളുടെ സന്തത സഹചാരി പൂച്ചയാണ്. പൂച്ചയെ പവിത്ര ജീവിയായും സ്നേഹമുള്ള കുടുംബാംഗമായും അവർ കരുതുന്നു.
ബഹിയ പാലസ്
മൊറോക്കോയിലെ ആദ്യ പകൽ. രാവിലെ എട്ടിന് ഗംഭീര പ്രഭാത ഭക്ഷണം. ബഹിയ പാലസ് ആണ് ആദ്യ ഡെസ്റ്റിനേഷൻ. ഹോം സ്‌റ്റേ സ്ഥിതി ചെയ്യുന്ന മെദിന നഗരത്തിൽ നിന്നു കൊട്ടാരത്തിലേക്ക് ടാക്സി വിളിച്ചു.
ബഹിയ പാലസ് പുരാതന നിർമിതിയാണ്. നീണ്ട ഇടനാഴികൾ, പിങ്ക് നിറത്തിലുള്ള കോർട്ട് യാർഡുകൾ... സെല്ലിക എന്നു പേരുള്ള ടൈലുകളാണ് എല്ലായിടത്തും ഉപയോഗിച്ചിട്ടുള്ളത്.
ബഹിയ കണ്ടിറങ്ങി. വീണ്ടും ടാക്സി വിളിച്ച് ബിൻ യൂസഫ് മദ്രസയിലേക്കു പോയി. ഇസ്‌ലാമിക് നിയമങ്ങളും രീതികളും സയൻസും പഠിപ്പിക്കുന്ന സ്ഥലമാണ് ബിൻ യൂസഫ് മദ്രസ.
തൊട്ടടുത്ത് വരെ ടാക്സി പോവാത്തതു കാരണം അൽപ്പ ദൂരം നടക്കേണ്ടി വന്നു. മൊറോക്കൻ പാസ്ടറി വിൽക്കുന്ന സ്ത്രീകളുടെ കടയുടെ മുന്നിലാണ് ആദ്യം എത്തിയത്. എള്ള്, ഓറഞ്ച്, ഏലക്ക എന്നിങ്ങനെ വിവിധ ചേരുവകളിൽ തയാറാക്കിയ രുചികരമായ പാസ്ട്രിയാണ് അവിടെ വിൽക്കുന്നത്.
മദ്രസ്സയിൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. രണ്ടു നിലകളിലായി കിളി വാതിലുകൾ ഉള്ള കെട്ടിടം. അറബിക് ഭാഷയിൽ സൂക്തങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഈ നടുമുറ്റത്തിന്റെ ഇരുഭാഗത്തുള്ള കെട്ടിടങ്ങളിലെ 130 മുറികളിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. 500 വർഷത്തോളം പ്രവർത്തിച്ച മദ്രസ 2017 ൽ നവീകരണ പ്രവർത്തികൾക്ക് വേണ്ടി നാല് വർഷം അടച്ചിട്ടു. 2022 ൽ പൊതു ജനങ്ങൾക്ക് വേണ്ടി വീണ്ടും തുറന്നു.
അവിടെ നിന്നു മെദിനയുടെ ഹൃദയ ഭാഗത്തുള്ള മാർക്കറ്റിലേക്ക് ഇറങ്ങി. കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, തുകൽ ഉത്പന്നങ്ങൾ, സുഗന്ധ തൈലങ്ങൾ എന്നിവയാണ് മാർക്കറ്റിൽ വിൽക്കുന്നത്. നമ്മുടെ നാട്ടിലെ തട്ടുകട പോലെയുള്ള ഭക്ഷണശാലകളുടെ നിര അവിടെ കണ്ടു. ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് മനസ്സിലായാൽ ഭക്ഷണശാല നടത്തുന്നവർ ക്യാൻവാസിങ് തുടങ്ങും. ഹിന്ദി സിനിമാ താരങ്ങളുടെ ആരാധകരാണെന്നു പറഞ്ഞാണ് ഒരാൾ ഞങ്ങൾക്കൊപ്പം വന്നത്. ഞങ്ങൾ ചിക്കൻ ഗ്രിൽ ഓർഡർ ചെയ്തു. എന്ത് ഓർഡർ ചെയ്താലും കൂടെ മൊറോക്കൻ ബ്രഡ് വരും. ഭക്ഷണത്തിനു ശേഷം ഖുതുബിയ്യ പള്ളിയുടെ സമീപത്തു ചെന്ന് സൂര്യാസ്തമയം കണ്ടു. പിന്നീട് റിയാദിലേക്കു തിരിച്ചു.
ഒലിവിന്റെ നാട്ടിൽ
രണ്ടാം ദിനം രാവിലെ 18 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വണ്ടിയിലായിരുന്നു യാത്ര. സഹയാത്രികർ സ്പെയിൻ, ഓസ്ട്രിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ആദ്യ പോയന്റ് അറ്റ്ലസ് മൗണ്ടൈൻസ് ആയിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയുന്ന പർവത നിരകളുടെ വ്യൂ പോയന്റാണിത്. അവിടെ എത്തിയപ്പോഴേക്കും സൂര്യോദയം കഴിഞ്ഞു. പിന്നീട് എത്തിയതു മൊറോക്കോയുടെ തനതു ഒലിവു ഓയിൽ നിർമിക്കുന്ന കടയിലാണ്. പരമ്പരാഗത രീതിയിലാണ് അവർ എണ്ണ തയാറാക്കുന്നത്. ഒലിവിന്റെ ശാലയിൽ നിന്നു അയ്ത്തു ബിൻ ഹാദൂലിലേക്കു നീങ്ങി. ഗ്ലാഡിയേറ്റർ, മമ്മി എന്നീ സിനിമകളുടെ ലൊക്കേഷനാണ് ഇവിടം.
ഇനി അയ്ത്തു ബിൻ ഹാദൂൻ കോട്ടയാണു കാണാനുള്ളത്. ഉച്ച ഭക്ഷണത്തിനു ശേഷമാണ് മല കയറ്റം. കോട്ടയുടെ മുകളിൽ നിന്നപ്പോൾ ഊനില നദി അകലെ കണ്ടു. അതിനപ്പുറം നീണ്ടു കിടക്കുന്നു തരിശു ഭൂമി. ഈ സ്ഥലത്തു നിന്നു തിരികെ ടിങ്കിറിലെ ഹോട്ടലിൽ എത്തിയപ്പോൾ വൈകിട്ട് 6.00.
ഫാൻസി ഡ്രസ് ഫോട്ടോ ഷൂട്ട്
പിറ്റേന്നു രാവിലെയും പ്രാതൽ വിഭവസമൃദ്ധമായിരുന്നു. അതു കഴിഞ്ഞ് ടൂദ്ര താഴ്‌വരയുടെ മനോഹര കാഴ്ചകളിലേക്കാണ് പോയത്. നദിയുടെ താഴ്‌വരയിൽ ഈന്തപ്പനകൾ കായ്ച്ചു നിൽക്കുകയാണ്. ഓറഞ്ചും മാതളനാരകവും അവിടെ കാണാം. പിന്നീടു പോയത് ദൂദ്ര മലയിടുക്കിലേക്കാണ്. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മല. ചുവപ്പും മഞ്ഞയും നിറങ്ങളിൽ പാറ. ഇവിടെ നിന്നാണ് ദൂദ്ര നദി ഉത്ഭവിക്കുന്നത്.
ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞ് സഹാറയിലേക്കുനീങ്ങി. മർസൂഗയിലാണ് ആദ്യം എത്തിച്ചേർന്നത്.
സഹാറയോട് ചേർന്നുള്ള നഗരമാണിത്. തുടർയാത്രയ്ക്ക് ഒട്ടകപ്പുറത്തു കയറി. അൽപ്പ ദൂരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഒട്ടകക്കാരൻ ഒട്ടകത്തെ നിർത്തി ഇറങ്ങാൻ ആവശ്യപ്പെട്ടു. തൊട്ടടുത്തുള്ള മണൽ കൂനയിൽ കയറി സൂര്യാസ്തമയം കണ്ടു.
ബ്ലൂ സിറ്റി
മർസൂഗയിൽ നിന്ന് ഫെസിലേക്കുള്ള യാത്ര എട്ടു മണിക്കൂർ. ഈ യാത്ര ഇഫ്രൻ ദേശീയോദ്യാനത്തിലൂടെയാണ്. അവിടെ താമസത്തിന് മറ്റൊരു റിയാദിൽ ഇടം ലഭിച്ചു. മറകേഷിലെ പോലെ ഹാർദ്ദമായ സ്വീകരണം അല്ലായിരുന്നു. ചെക്ക് ഇൻ ഒരുപാട് സമയമെടുത്തു.
പിറ്റേന്നു രാവിലെ ബ്ലൂ സിറ്റിയിലേക്കാണ് യാത്ര. രാജസ്ഥാനിലെ ജോധ്പുരിൽ ഉള്ള ബ്ലൂ സിറ്റിയെ പോലെ ആണ് മൊറോക്കോയിലെ ബ്ലൂ സിറ്റിയും. ചുമരുകൾക്കു നീല നിറം കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങളിലും സാദൃശ്യമുണ്ട്. ജൂതന്മാരാണ് നീലനിറം പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. കൊതുകിനെ തുരത്താനും തണുപ്പു കിട്ടാനും നീലനിറം സഹായിക്കുമത്രേ. ഇപ്പോൾ അതു ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള മാർഗമായി മാറിയിരിക്കുന്നു.
അടുത്ത യാത്ര 18 പേരോടൊപ്പമാണ്. ഫെസിൽ നിന്ന് ഷെഫ്ശാവനിലേക്കു മൂന്ന് മണിക്കൂർ സഞ്ചാരം. വഴിയുടെ ഇരു വശത്തും ഒലിവ് Ð ഓറഞ്ച് തോട്ടങ്ങൾ, ഗ്രാമങ്ങൾ.
ഷെഫ്ഷാവൻ നഗരം പരന്നു കിടക്കുകയാണ്. കുന്നിൻ ചെരിവിൽ ആണ് നീല പൂശിയ വീടുകളും മതിലുകളും. നീലനഗരം കാണാൻ നാല് മണിക്കൂർ വേണ്ടി വന്നു. തിരികെ എത്തിപ്പിയപ്പോഴേക്കും ഇരുട്ടു പരന്നിരുന്നു.
മഴവിൽ തെരുവ്
അടുത്ത ദിവസം റിയാദിൽ നിന്നു പ്രഭാത ഭക്ഷണം കഴിച്ചു, ആദ്യം പോയത് അൽ അറ്ററീൻ മദ്രസ്സയിലേക്ക്. പതിനാലാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ കെട്ടിടം. തിരക്കുള്ള അൽ അറ്ററീൻ സൂക്കിനു സമീപത്താണ് അറ്ററീൻ മദ്രസ്സ.
മദ്രസ്സയിൽ നിന്നിറങ്ങി ബ്ലൂ ഗേറ്റ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഗേറ്റിനടുത്തായുള്ള ചെറിയ ഗ്രൗണ്ടിലെത്തി. അവിടെ നിന്നു റൈൻബോ സ്ട്രീറ്റിലേക്കു പോയി. ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധമായ സ്ഥലമാണിത്. വീതി കുറഞ്ഞ തെരുവ്. ചുമരുകൾ മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. ഇതാണു മഴവിൽ തെരുവ്. കലാകാരന്മാരുടെ പെയിന്റിങ്ങും അത് വിൽക്കുന്ന കലാകാരനെയും അവിടെ കണ്ടു.
പിന്നീട് പല ഊടുവഴികളിലൂടെ അവസാനം റിയാദിൽ എത്തി. ബാഗുമെടുത്തു ടാക്സി വിളിച്ചു നേരെ റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങി.
വൃത്തിയുള്ള, എയർ പോർട്ടിന് തുല്യമായ റെയിൽവേ സ്റ്റേഷൻ. മറകേഷ് എത്തിയപ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞു. അടുത്ത ദിവസം മൊറോക്കയിലെ അവസാന ദിനമാണ്. രാവിലെ ജമായിൽ ഫനാ എന്ന "കടലിലേക്ക്" ഇറങ്ങി.

ജനത്തിരക്കാണ് എവിടെയും കാണാൻ സാധിച്ചത്. ഈ മനുഷ്യ സമുദ്രത്തിനിടയിൽ ആണ് ലെ ജാർദിൻ എന്ന പൂന്തോട്ടം. മൊറോക്കോയുടെ സമാന കാലാവസ്ഥയുള്ള അഞ്ചു ഭൂഖണ്ഡങ്ങളിലായുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടു വന്ന കള്ളി മുൾച്ചെടിയുടെ കുടുംബത്തിൽ പെട്ട ചെടികൾ ആണ് ഇവിടെ വരവേൽക്കുന്നത്.
ബർബർ ചിക്കനും കോഫ്തയും കഴിച്ചു എയർപോർട്ടിലേക്കു പോകും മുൻപ് ഓറഞ്ച് ജ്യൂസ് കുടിച്ചു. ഇംഗ്ലണ്ടിലെ കാലാവസ്ഥ മോശമായതിനാൽ വിമാനം പുറപ്പെടാൻ വൈകി. കാസാബ്ലാങ്കയും കുറച്ചധികം കാഴ്ചകളും ബാക്കി വച്ചുകൊണ്ട് മൊറോക്കോയോടു യാത്ര പറഞ്ഞു. മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച രാജ്യത്തിന് നന്ദി..