250 കടുവകൾ വിഹരിക്കുന്ന പാർക്ക്, ഇവിടെ ഫുൾ ടൈം ഫൺ കടുവയ്ക്കൊപ്പം

Mail This Article
അൽപനേരം കഴിഞ്ഞപ്പോഴേക്കും കടുവയുടെ മുരൾച്ചകേട്ടു. അൽപം ഭയത്തോടെ ചുറ്റിലും നോക്കി. വിശ്വസിക്കാനാവാത്ത കാഴ്ചയാണ് മുന്നിൽ, കും സുമേദ് ഒരു കടുവയുമായി പുറത്തേക്ക് നടന്നുവന്നു. നാട്ടിൻപുറങ്ങളിൽ നായ്കുട്ടികളോടൊപ്പം മനുഷ്യർ നടക്കുന്ന ലാഘവത്തോടെ.... ബാങ്കോക്കിൽ നിന്നും നൂറ്റിപ്പത്ത് കിലോമീറ്റർ അകലെ പട്ടായയിലേക്കുള്ള ദേശീയ പാതയിലാണ് ഇരുന്നൂറിലധികം ബംഗാൾ കടുവകളെ വളർത്തുന്ന കേന്ദ്രമായ ടൈഗർ ടോപിയ. മജയ് ഹോളിഡേയ്സ് എന്ന പേരിൽ തായ്‌ലൻഡിൽ ഉടനീളം വിദേശ വിനോദസഞ്ചാരികൾക്കായി ട്രാവൽ കണ്ടക്റ്റ് ചെയ്തുവരുന്ന കമ്പനിയുടെ ഉടമ, മലയാളിയായ വിനീത് ആൻഡ്രുസാണ് തായ് യാത്രയ്ക്കിടെ ടൈഗർ ടോപിയയെ കുറിച്ച് പറഞ്ഞത് ഇരുന്നൂറ്റമ്പതോളം കടുവകളെ അതിന്റെ ആവാസവ്യവസ്ഥയോട് ചേരുംവിധം പരിപാലിച്ച് പോരുന്ന ഒരിടം. താരതമ്യേന ചെറിയ രാജ്യമായ തായ്‌ലൻഡിൽ വനവിസ്തൃതി തീരെ കുറവാണ്. ഉള്ളയിടങ്ങൾ തന്നെ കടുവകളെപോലെയുള്ള വന്യമൃഗങ്ങൾ ജീവിക്കാൻ പ്രാപ്തമായവയല്ല. ഇന്ത്യയെ പോലെ മൃഗങ്ങൾ നിറഞ്ഞ നിബിഢവനകളോ, എല്ലാത്തരം മൃഗങ്ങളും നിറഞ്ഞ ആഫ്രിക്കൻ പുൽമേടുകൾ പോലുള്ള ഭൂപ്രദേശങ്ങളോ അല്ല ഇവിടെ. രാജ്യാതിർത്തിയോട് ചേർന്നുള്ള ചെറുകാടുകളിൽ അപൂർവമായി കരടിയും കാട്ടുപൂച്ചകളുമുൾപ്പെടെ കാണപ്പെടുന്നു. കാട്ടാനകളാണ് തായ്‌ലൻഡിൽ ധാരാളം കാണപ്പെടുന്ന മൃഗങ്ങളിലൊന്ന്. ചോൻബുരി പ്രാവശ്യയിലാണിത് ടൈഗർ ടോപിയ. തായ്‌ലൻഡിൽ നിയമ വിധേയമായി പ്രവർത്തിക്കുന്ന അൻപതോളം കടുവ വളർത്തുകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണിത്.
ഗ്ർർ.... എവിടെ തിരിഞ്ഞാലും കടുവ

ദിനം തോറും തായ്‌ലൻഡ് സന്ദര്ശിക്കാനെത്തുന്ന എണ്ണമറ്റ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മൃഗശാലകൾ തായ്‌ലൻഡിലെ ടൂറിസം ഭൂപടത്തിന്റെ പ്രധാന അടയാളങ്ങളാണ്. സ്വാഭാവികമായ ആവാസകേന്ദ്രങ്ങളിൽ നിന്നും മനുഷ്യനോട് വളരെയധികം ഇണങ്ങി ജീവിക്കുന്ന കടുവകളെയാണ് ടൈഗർ ടോപിയയിൽ താമസിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഈ രാജ്യത്തെ അമ്പതിലധികമുള്ള കടുവ വളർത്തൽ കേന്ദ്രങ്ങളിലുള്ള കടുവകളുടെ എണ്ണം ഇന്ത്യൻ വനങ്ങളിലെ ആകെയുള്ള കടുവകളുടെ എണ്ണത്തോളം വന്നേക്കാം. തായ്‌ലൻഡിലെ പ്രധാന ബിസിനസ്സുകാരിൽ ഒരാളായ കിം സുമേദിന്റെ ഉടമസ്ഥതയിലുള്ള ശ്രീരച കമ്പനിയുടെ കീഴിലാണ് ഈ മൃഗശാല പ്രവർത്തിക്കുന്നത്. ശ്രീരച ടൈഗർ സൂ എന്നപേരിൽ പ്രവർത്തിച്ചിരുന്ന
ഈ സ്ഥാപനം അടുത്തകാലത്താണ് ടൈഗർ ടോപിയ എന്ന പേരിലേക്ക് മാറിയത്. കാർ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തി ഞങ്ങൾ മൃഗശാലയുടെ കവാടം കടന്നു. ഇനി മുന്നോട്ടുള്ള യാത്ര മൃഗശാല വക ഇലക്ട്രിക് വാഹനത്തിലാണ്. ക്യാമറയും ലെൻസും സൂക്ഷിക്കാനുള്ള ഒരു ചെറിയ ബാഗ് മാത്രം കയ്യിൽ കരുതി. മരങ്ങൾക്കിടയിലൂടെയുള്ള നീണ്ട ആ പാത ചെന്നെത്തിയത് കടുവകളുടെ പ്രദർശനശാലയിലേക്കാണ്. പരിശീലനം നൽകിയ കടുവകളെ അവിടെ സഞ്ചാരികളെ രസിപ്പിക്കുന്നതിനായി തയാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു.
അത്തരം ഷോ കാണുന്നതിൽ വലിയ താല്പര്യം ഇല്ലാത്തതിനാൽ പാർക്കിന്റെ മറ്റിടങ്ങളിലേക്ക് നടന്നു. വേലികെട്ടിത്തിരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ധാരാളം കടുവകളെ ഒരുമിച്ച് താമസിപ്പിച്ചിരിക്കുന്നു. അവയ്ക്ക് തീറ്റ നൽകുന്നതിനും പരിപാലിക്കുന്നതിനുമായി പരിശീലനം നേടിയ ധാരാളം ജോലിക്കാർ ഈ ടൈഗർ പാർക്കിലുണ്ട്. തായ് സർക്കാരിനു കീഴിലുള്ള വെറ്റിനറി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്.

കടുവകളുടെ കൂട്ടിൽ ഭയപ്പാടോടെ
സത്യത്തിൽ കടുവകളുടെ സൗന്ദര്യം ക്യാമറയിൽ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്രാപദ്ധതിയിൽ ഇല്ലാതിരുന്നിട്ട് കൂടി ഈ മൃഗശാലയിലേക്ക് വന്നത്. കടുവകളുടെ ചന്തവും കണ്ണുകളിലെ ക്രൗര്യവുമൊക്കെ ക്യാമറയിൽ പകർത്തിയെടുക്കുന്നത് ഒരു അമച്വർ ഫോട്ടോഗ്രാഫറെ സംബന്ധിച്ച് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ അവർ കടുവകളുടെ കൂടിനുള്ളിലേക്ക് ക്ഷണിച്ചപ്പോഴും മറുത്തൊന്നും ചിന്തിച്ചില്ല.
അകത്തെത്തിയപ്പോഴാണ് അപകടം മനസിലായത്. കടുവകളുടെ പ്രദർശനത്തിനായി തയാറാക്കിയ വലിയ കൂട്ടിൽ മൂന്നു കടുവകൾ അസ്വസ്ഥരായി നടക്കുന്നു. ഒറ്റ ഫ്രെയിമിൽ മൂന്നു കടുവകളുടെ മുഖം ലഭിക്കുമെന്ന അമിത പ്രതീക്ഷയിൽ കുറച്ചുനേരം കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. അതിലൊരെണ്ണം തീരെ മെരുങ്ങുന്നില്ല. കൂടിനുള്ളിൽ അത് തലങ്ങും വിലങ്ങും നടക്കുന്നു. ചിലപ്പോൾ സമീപത്ത് പരിചയമില്ലാത്ത ഒരാളുടെ സാന്നിധ്യമാകാം അതിന്റെ കാരണം.
രണ്ടിൽ കൂടുതൽ കടുവകളെ ഒരുമിച്ച് നിർത്തുക എന്നത് ബുദ്ധിമുട്ടുതന്നെ. ഒടുവിൽ മൂന്നാമത്തെ കടുവയെ ഒഴിവാക്കി ക്യാമറയുമായി എന്നെ കൂടിനുള്ളിലേക്ക് കയറ്റിവിട്ടു.

രണ്ടു കടുവകളുമായി മുഖാമുഖം...! നോരെ മുന്നിൽ നിന്നുള്ള ക്യാമറാക്ലിക്ക് അപകടകരമെന്ന് തോന്നി കടുവകൾ ആക്രമണത്തിന് മുതിർന്നാലോ? എന്റെ പേടി കണ്ടിട്ടാകും ഉടമ കും സുമേദ് തന്നെ രണ്ടു കടുവകളുടെ നടുക്കായി നിലയുറപ്പിച്ചു. കടുവകളുടെ ഭാവം മാറിമറിയുന്നുണ്ടായിരുന്നു. അത്രത്തോളം സേഫ് സോണിലായിരുന്നില്ല ചിത്രം പകർത്താനുള്ള നിൽപ്പ്. ഏതാനും ചിത്രങ്ങൾ പകർത്തി പെട്ടെന്ന് പുറത്തേക്കിറങ്ങി. സത്യത്തിൽ അപ്പോഴാണ് ശ്വാസം നേരെ വീണത്.

ഉള്ളിൽ ഭയത്തിന്റെ അലയടികളെങ്കിലും വീണ്ടും കടുവ ആസ്വാദനത്തിനിറങ്ങി. എത്ര സുന്ദരമാണ് കടുവയുടെ ഓരോ കാൽവയ്പ്പും. പരിചയമില്ലാത്ത മനുഷ്യരുടെ സാന്നിധ്യം അതിനെ ജാഗരൂകരാക്കുന്നു. പലപ്പോഴും കടുവകളുടെ ശ്രദ്ധ തിരിക്കുന്നതിനായി പരിശീലകർ ഇടയ്ക്കിടയ്ക്ക് അതിന് ഇറച്ചികഷ്ണങ്ങൾ നൽകുന്നു. കടുവകൾക്കൊപ്പം ചിത്രങ്ങളെടുക്കാൻ കഴിയുംവിധം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മനുഷ്യരോടൊപ്പം അത്രത്തോളം ഇണങ്ങിയിട്ടുള്ള , ഒട്ടുംതന്നെ അഗ്രസീവ് അല്ലാത്ത കടുവകളെ കണ്ടെത്തിയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുന്ന കടുവകൾക്ക് സാധാരണയേക്കാൾ കൂടുതൽ വലിപ്പവുമുണ്ടായിരിക്കും. ബന്ധിക്കപ്പെട്ട നിലയിലോ, ചിലയിടങ്ങളിൽ തുറന്നുവിട്ട നിലയിലോ ആയിരിക്കും ഈ കടുവകളെ പാർപ്പിച്ചിരിക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഈ രാജ്യത്ത് നിയമവിധേയമായതിനാൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. ഇവിടെയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളുടെ താൽപര്യങ്ങൾക്കാണ് അവർ മുൻഗണന കൊടുക്കുന്നത്. ഇരുന്നൂറ് തായ് ബാത്താണ് കടുവയോടൊപ്പമുള്ള ചിത്രം പകർത്തുന്നതിന് ഒരാളിൽ നിന്നും ഈടാക്കുന്നത്. കടുവകൾക്ക് തീറ്റ കൊടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.