ADVERTISEMENT

40 മിനിറ്റ് മാത്രം രാത്രി, ബാക്കി മുഴുവൻ സമയവും പകൽ. ഈ ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ! സ്വപ്നം കണ്ട കഥയല്ല. ലോകത്ത് അങ്ങനെയൊരു നാടുണ്ട്, പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവെ. മെയ് തൊട്ട് ജൂലൈ വരെ മൂന്നുമാസത്തിനിടയിലാണ് നോർവെയിൽ ഈ പ്രതിഭാസം നടക്കുന്നത്. രാത്രി 12.45 ന് അസ്തമിക്കുന്ന സൂര്യൻ 40 മിനിറ്റിന്റെ വ്യത്യാസത്തിൽ വീണ്ടും ഉദിക്കുന്നു. ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് നോർവെ. പ്രകൃതിരമണീയത മാത്രമല്ല അതിനു കാരണം, സമാധാനപൂർണമായ ജീവിതം നയിക്കുന്ന ജനതയും നോർവെയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാണ് നോർവെ. സ്വീഡനിൽ സ്ഥിരതാമസമാക്കിയിട്ടും നോർവെ കാണാനുള്ള യാത്ര പലതവണ മുടങ്ങി.പാതിരാസൂര്യന്റെ നാട് കാണാനുള്ള ആഗ്രഹം ഒടുവിൽ സഫലമായി. മറ്റു നോർഡിക് രാജ്യങ്ങളായ സ്വീഡൻ, ഫിൻലൻഡ്, ഡെന്മാർക്ക്, െഎസ്‌ലൻഡ് എന്നീ രാജ്യങ്ങൾക്കൊന്നും ഇല്ലാത്ത ഒരാകർഷണം നോർവേയ്ക്ക് ഉണ്ടായിരുന്നു. സ്വീഡനിൽ നിന്ന് റോഡുമാർഗമാണ് നോർവേയിലേക്കുള്ള യാത്ര.

സൂര്യന്റെ പ്രണയഭൂമിയിൽ

Norway12
ADVERTISEMENT

സ്വീഡനിൽ നിന്ന് നോർവെയുടെ തലസ്ഥാനമായ ഓസ്‌ലോയിലേക്കാണ് യാത്ര. അതായത് സ്വീഡന്റെ അതിർത്തി കടന്ന് നോർവെയുടെ കിഴക്കെ അറ്റത്തു നിന്ന് പടിഞ്ഞാറെ അറ്റം വരെ. ഇത്ര ദൂരം റോഡ് മാർഗം പോവുക എന്നത് അസാധ്യമാണോ എന്ന് ആശങ്ക യാത്രയുടെ തുടക്കത്തിൽ ഉണ്ടായിരുന്നു. സ്വീഡനിലെ വാസ്തമാൻലാൻഡിൽ നിന്ന് മൂന്നു മണിക്കൂർ കൊണ്ട് നോർവെയിലെ ഓസ്‌ലോയിൽ എത്തിച്ചേർന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഹരാൾഡ് ഹാർഡ്ഡ്രോസ് എന്ന രാജാവ് സ്ഥാപിച്ചതാണ് ഇന്നത്തെ ഓസ്‌ലോ നഗരം. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന യൂറോപ്യൻ നഗരങ്ങളുടെ പട്ടികയിൽ ഓസ്‌ലോ ഇടം നേടിയിട്ടുണ്ട്. വേനൽക്കാലമാണ്. അതായത് പാതിരാത്രിയിലും സൂര്യൻ ജ്വലിച്ച് നിൽക്കും. ഉറക്കം മറന്നാൽ കാഴ്ചകൾ കണ്ടിറങ്ങാം. ഓസ്‌ലോ നഗരത്തിലെ ഏറ്റവും മനോഹരമായതും, ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നതുമായ കെട്ടിടം ഓപ്പറ ഹൗസാണ്. വെളുത്ത ഇറ്റാലിയൻ മാർബിളിലാണ് ഈ നിർമിതി. നാഷനൽ ഓപെറയുടെയും ബാലെയുടെയും കേന്ദ്രമാണിവിടം. പ്രധാന ഓഡിറ്റോറിയത്തിൽ 1300 പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഓപ്പറ ഹൗസിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്നു. പൊതുമുറികളും ഹാളുകളുമടക്കം 600 ലധികം റൂമുകളാണ് ഓപ്പറ ഹൗസിനുള്ളിലുള്ളത്.

ഓസ്‌ലോയിലെ വീഗെലാൻഡ്

norway3
ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ശിൽപ പാർക്ക് വീഗെലാൻഡ് സ്ഥിതി ചെയ്യുന്നത് ഓസ്‌ലോയിലാണ്. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഗുസ്താവ് വീഗെലാൻഡ് എന്ന ശിൽപിയുടെ കരവിരുതാണ് ഈ പാർക്ക്. വെങ്കലം, ഇരുമ്പ്, ഗ്രാനൈറ്റ് എന്നിവയിൽ പണിതിരിക്കുന്ന പാർക്കിലെ ഇരുന്നൂറോളം ശിൽപങ്ങൾ ഗുസ്താവ് വീഗെലാൻഡ് എന്ന ഒരേയൊരു ശിൽപിയുടെ മാത്രം കരവിരുതാണെന്ന സത്യം ആരെയും അമ്പരപ്പിക്കും. ഏറ്റവും ഉയരം കൂടിയതും മനോഹരമായതുമായ മൊണോലിത്ത് എന്ന ശിൽപം കൊത്തിയെടുത്തത് 14 വർഷങ്ങൾ കൊണ്ടാണത്രേ. ജനനം മുതൽ മരണം വരെയുള്ള ജീവിതചക്രം പ്രകടമാക്കുന്ന ശിൽപ വിസ്മയങ്ങൾ അതിശയിപ്പിക്കുന്ന ആശയമാണ്.

norway4

ഓസ്‌ലോയിലെ മറ്റ് കാഴ്ചകളായ പാർലമെന്റ്, നാഷനൽ മ്യൂസിയം, റോയൽ പാലസ് എന്നിവയെല്ലാം പുറമെ നിന്നു മാത്രം ചുറ്റി കണ്ടു. ഓസ്‌ലോ കാണാനായി പ്ലാനിങ്ങിൽ ഉൾപ്പെടുത്തിയ ‘ഒരു ദിനം’ അവസാനിക്കുകയാണ്.

ADVERTISEMENT

പിറ്റേന്ന് രാവിലെ ഓസ്‌ലോയിൽ നിന്ന് ഫ്ളാമിലേക്ക് യാത്ര തിരിച്ചു. ഏകദേശം അഞ്ചുമണിക്കൂർ ഡ്രൈവ് ചെയ്യാനുണ്ട്. നൂറുകിലോമീറ്റർ പിന്നിട്ടതേയുള്ളൂ, പ്രകൃതി അതിന്റെ പൂർണസൗന്ദര്യം പുറത്തെടുക്കാൻ തുടങ്ങി. റോഡിനിരുവശവും പൂക്കൾ, ഹെയർപിൻ വളവുകൾ, മലനിരകൾ, പച്ചപുതച്ച താഴ്‌വാരങ്ങൾ, മരക്കുടിലുകൾ, വെള്ളാരം കല്ലുകൾ നിറഞ്ഞ അരുവി...വിവരണാതീതമാണ് ആ കാഴ്ചകൾ. നോർവെയിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന ഒന്നാണ് ഫ്ളാം – മിർഡാൽ ട്രെയിൻ യാത്ര. വെറും 20 കിലോമീറ്റർ മാത്രമുള്ള യാത്ര. ചെങ്കുത്തായ മലനിരകൾക്കിടയിലൂടെയും , മലയടിവാരങ്ങളിലൂടെയും നദികളും കാടുകളും വെള്ളച്ചാട്ടങ്ങളും തുരങ്കങ്ങളും പിന്നിട്ടാണ് ട്രെയിൻ കടന്നു പോകുന്നത്. മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തേണ്ടവർക്ക് അതിനുള്ള അവസരം ഒരുക്കി പലയിടത്തും നിർത്തിയാണ് ട്രെയിൻ നീങ്ങുക. ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കങ്ങളിലൊന്നായ ലിയാർഡോ (നീളം , 25 കിലോമീറ്റർ) യ്ക്കുള്ളിലൂടെ ഉള്ള യാത്ര വേറിട്ട അനുഭവമായിരുന്നു.

ഫ്യോർഡുകളുടെ രാജ്യത്ത്

norway22

ചെങ്കുത്തായ മലനിരകൾക്കിടയിലുള്ള തടാകങ്ങളാണ് ഫ്യോർഡുകൾ അഥവാ ഹിമാനികൾ. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫ്യോർഡുകൾ ഉള്ളത് നോർവേയിലാണ്. ഹിമയുഗത്തിന് ശേഷമുണ്ടായ ചില രൂപമാറ്റങ്ങളാണത്രേ ഫ്യോഡുകൾ ഉണ്ടാകാൻ കാരണം. കട്ടിയായ െഎസ് ഉരുകി മലകളുടെ താഴ്‌വാരങ്ങളിൽ വിടവുകൾ ഉണ്ടാകുകയും അവിടെ സമുദ്രജലം നിറയുകയും ഉൾകടലു പോലെ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതിനെയാണ് ഫ്യോർഡുകൾ എന്ന് വിളിക്കുന്നത്. ഫ്യോഡ് യാത്ര ആഗ്രഹിക്കുന്നവർ നേരത്തെ ബുക്ക് ചെയ്യണം. സീസണിൽ സഞ്ചാരികളുടെ അത്രയധികം തിരക്കായിരിക്കും. നേരത്തെ ബുക്ക് ചെയ്യാതിരുന്നതിനാൽ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങേണ്ടി വന്നു.

മ്യോൾഫെൻ(Mjolfjell) എന്ന സ്ഥലത്തായിരുന്നു രണ്ടാം ദിവസത്തെ താമസസ്ഥലം ബുക്ക് ചെയ്തിരുന്നത്. ബെർഗനും ഫ്ളാമിനും ഇടയ്ക്കുള്ള ഒരു പ്രകൃതി ഭംഗിയുള്ള ഒരു ഗ്രാമമാണ് മ്യോൾഫെൽ. കിലോമീറ്ററുകളോളം നോർവെയുടെ ഉൾപ്രദേശത്തേക്കായിരുന്നു ആ യാത്ര. അന്ന് രാത്രി മ്യോൾഫെനിലെ ഒരു താഴ്‌വരയിലുള്ള വലിയ മരവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ഫ്ളാമിൽ നിന്നും ബെർഗ്‌നിലേക്ക് ഉദേശം 166 കിലോമീറ്റർ ദൂരമുണ്ട് . നോർവെയിലെ രണ്ടാമത്തെ വലിയ സിറ്റിയാണ് ബെർഗെൻ.

Norway1

ബെർഗെൻ, ഏഴു പർവതങ്ങളുടെ നഗരം

ഏഴു പർവതങ്ങൾക്കിടയിലുള്ള ഒരു നഗരമാണ് ബെർഗെൻ. ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം ആയിരുന്നത്രേ ബെർഗെൻ. സ്വീഡനും നോർവെയും സ്വതന്ത്രമായപ്പോൾ ബെർഗെന്റെ ആ പദവി നഷ്ടപ്പെട്ടു. നൊർവെയിലെ ഒരു പ്രധാന തുറമുഖ പട്ടണം കൂടിയായിരുന്നു ബെർഗെൻ. നിരവധി തവണ തീപിടുത്തങ്ങൾക്ക് വിധേയമായ ഈ നഗരം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. വാർഫ് മരങ്ങൾ കൊണ്ടുണ്ടാക്കുന്ന തടി വീടുകളാണ് ബ്രിഗെൻ എന്നറിയപ്പെടുന്നത്. 12 ാം നൂറ്റാണ്ടിൽ കടൽ കൊള്ളക്കാർ നഗരങ്ങൾ കൊള്ളയടിക്കുക പതിവായിരുന്നു. കൊള്ള യടിച്ച ശേഷം നഗരം കത്തിച്ചുകളയും. അങ്ങനെയാണ് ബെർഗെൻ നിരവധി തീപിടുത്തങ്ങൾക്ക് വിധേയമായത്. നഗരത്തോട് ചേർന്നാണ് ഫ്ളൂയാൻ പർവതം. ഈ പർവതത്തിന് മുകളിലേക്ക് കയറാൻ വെറും ആറ് മിനിറ്റ് ട്രെയിൻ യാത്രയെ ഉള്ളൂ. ബ്രിഗെൻ എന്ന തടിവീടുകളാണ് ബെർഗെൻ സിറ്റിയിലെ പ്രധാന ആകർഷണം. ഈ തടിവീടുകൾ ഉൾപ്പെടുന്ന പ്രദേശം ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

norway32

അന്ന് വൈകിട്ട് വരെ നഗരം ചുറ്റിയ ശേഷം ട്വിൻഡെ എന്ന ക്യാംപിങ് സൈറ്റിലേക്ക് യാത്ര തിരിച്ചു. വെള്ളച്ചാട്ടത്തോട് ചേർന്ന് മനോഹരമായി ഉണ്ടാക്കിയിട്ടുള്ള ഒറ്റമുറി മരവീടുകളാണ് ക്യാംപിങ് സൈറ്റ്. സുന്ദരമായൊരു രാത്രി ഞങ്ങൾക്ക് സമ്മാനിച്ച ബെർഗിനോട് യാത്ര പറഞ്ഞു, ഫ്ളാമിലേക്ക് മടക്ക യാത്ര തുടങ്ങി.

ഫ്ളാമിലെത്തി ഫ്യോർഡ് (തടാകങ്ങൾ) കാണുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നത്. നോർവെയിലെ ഏറ്റവും ആഴമേറിയതും നീളം കൂടിയതുമായ ഫ്യോർഡാണ് നെയ്റോയ് – സോഗ്‌നെ ഫ്യോർഡ്. ഇതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വലിയൊരു ബോട്ടിൽ അവിസ്മരണീയമായൊരു യാത്രയായിരുന്നു അത്. മലഞ്ചെരിവുകൾക്കിടയിലൂടെ പ്രകൃതിയുടെ പൂർണ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര ജീവിതത്തിൽ മറക്കാൻ കഴിയില്ല. ഫ്യോർഡ് യാത്രയ്ക്ക് ശേഷം ഫ്ളാമിൽ നിന്നും സ്വീഡനിലേക്ക് മടക്കം.

ADVERTISEMENT