ഉച്ചവെയിലൊടുങ്ങും മുൻപ് കൊളംബോയിലെ ബണ്ടാരനായക വിമാനത്താവളത്തിൽ എത്തി. അത്യാവശ്യം കുറച്ച് പണം ശ്രീലങ്കൻ കറൻസിയിലേക്ക് മാറ്റിയെടുത്ത്, എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് ഡയലോഗ് എന്ന ശ്രീലങ്കൻ സിം കാർഡും വാങ്ങി പുറത്തു കടക്കുമ്പോൾ ട്രാവൽകമ്പനി ഉടമ റിദ്വാൻ പറഞ്ഞയച്ച ടാക്സി കാത്തു നിന്നിരുന്നു. കാറിൽ കൊളംബോ നഗരത്തിലേക്ക്. വിശപ്പ് കലശലായതിനാൽ ആദ്യം കണ്ട റസ്റ്ററന്റിൽ വണ്ടിയൊതുക്കി. ഭക്ഷണത്തിനുശേഷം റിദ്വാന്റെ ഓഫീസിലെത്തി,

ശ്രീലങ്കയുടെ തെക്കേ മുനമ്പ് മുതൽ സിഗിരിയ വരെ യാത്ര ചെയ്യണമെന്നതാണ് ലക്ഷ്യം. അതിൽ പ്രധാനപ്പെട്ടതാണ് ഗോൾ പട്ടണവും അടുത്തുള്ള തീരദേശ ഗ്രാമങ്ങളായ കൊഗ്ഗലയിലും മിറിസ്സയിലുമൊക്കെ കാണപ്പെടുന്ന സ്റ്റിൽറ്റ് ഫിഷിങ്ങും. ശ്രീലങ്കയിലെ പരമ്പരാഗത മത്സ്യബന്ധന രീതിയാണ് സ്റ്റിൽറ്റ് ഫിഷിങ്. ഗോൾ പട്ടണത്തിന്റെ കിഴക്കേ അതിർത്തിക്കടുത്തുള്ള കൊഗ്ഗലയിലാണ് അന്യമായിക്കൊണ്ടിരിക്കുന്ന ഈ മത്സ്യബന്ധന രീതി കാണപ്പെടുന്നത്. ഗോളിൽ തുടങ്ങി ശ്രീലങ്കയിലെ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാമെന്നുറപ്പിച്ച് ഹോട്ടൽ റൂമിലേക്കെത്തി.
സഞ്ചാരം സംഗയ്ക്കൊപ്പം
കാഴ്ചകൾ കാണുന്നതിനൊപ്പം ഫൊട്ടോഗ്രഫിയിലും മുഷിവില്ലാതെ ഒപ്പം കൂടാനും വഴികാട്ടാനും വേണ്ടിവന്നാൽ സഹായിക്കാനും പറ്റുന്ന ഡ്രൈവറെ നൽകണമെന്ന് പറഞ്ഞിരുന്നു. ഗോൾ യാത്രയ്ക്കായി റിദ്വാൻ അയച്ചതാണ് സംഗയെ. ശ്രീലങ്കയുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ അറിയുകയും സമീപകാല വീഴ്ചകളിൽ നിന്നു രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിക്ക് കരകയറാൻ ടൂറിസത്തിനുള്ള പ്രാധാന്യത്തെകുറിച്ചുമൊക്കെ അവബോധമുള്ള ചെറുപ്പക്കാരൻ.
രാവിലെ 8 .30 ന് സംഗ ഹോട്ടൽ ലോബിയിലെത്തി. കൊളംബോ നഗരാതിർത്തി പിന്നിട്ട് വണ്ടി പായുമ്പോൾ പാതയോരത്ത് ചെറു ഭക്ഷണശാലകൾ കണ്ടു. വൃത്തിയുള്ള കടയുടെ മുന്നിൽ വണ്ടിയൊതുക്കി. വൃദ്ധദമ്പതികൾ നടത്തുന്ന നാടൻ ഭക്ഷണശാലയായിരുന്നു അത്. ശ്രീലങ്കൻ ശൈലിയിലുള്ള പൊറോട്ടയും അപ്പവുമൊക്കെ ലഭിക്കും. പൊറോട്ടയും മുളക് കറിയും വാങ്ങി ഒപ്പം ശ്രീലങ്കൻ ബ്ളാക്ക് ടീയും. പൊറോട്ട പലപല കഷ്ണങ്ങളായി മുറിച്ച് പാത്രത്തിൽ പകർന്നു തന്നു. അതിനൊപ്പം എരിവുള്ള മുളക് കറിയും കൂടിയായപ്പോൾ രുചികരമായി.
സുന്ദരം ഈ തീരദേശം
ഗോള്‍, ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറെ മുനമ്പിലെ ഏറ്റവും മനോഹരമായ പട്ടണം. ഏഷ്യയിലെ ബീച്ച് ടൂറിസത്തിന് പേരുകേട്ട ഇടങ്ങളിലൊന്ന്. സന്ദർശകരെ കൊണ്ട് നിറഞ്ഞ ബീച്ചുകളാണ് ഇവിടത്തെ ഹൈലൈറ്റ്. നഗര മധ്യത്തിലെ ഡച്ചുകോട്ടയും വിളക്കുമരവുമൊക്കെ ചേർന്ന് കാഴ്ച്ചകൾ കൂടുതൽ ആകർഷകമാകുന്നു. ഗോൾ ജില്ലയുടെ ഭരണകേന്ദ്രമാണിത്. കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗോൾ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയവും സൗന്ദര്യം കൊണ്ട് പ്രസിദ്ധമാണ്..1502 ൽ പോർച്ചുഗീസ് അധീനതയിലായ ഈ പ്രദേശം 1640 കളിൽ ഡച്ചുകാർ പിടിച്ചടക്കി. അക്കാലയളവിൽ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയെ ഡച്ചുകാർ കൂട്ടിച്ചേർക്കലുകളോടെ വിപുലപ്പെടുത്തി. പിന്നീടു വന്ന ഇംഗ്ലിഷുകാരും ഈ കോട്ടയെ മനോഹരമായി സംരക്ഷിച്ചു. ഇന്നും സജീവമാണ് ഗോൾ ഫോർട്ട്.

കമ്പുകളിലിരുന്ന് ചൂണ്ടയിടൽ
ഗോളിൽ നിന്നു 15 കിലോമീറ്ററുണ്ട് കോഗ്ഗല എന്ന മത്സ്യബന്ധന ഗ്രാമത്തിലേക്ക്. തീരദേശപാതയിലൂടെ കിഴക്കോട്ടു സഞ്ചരിക്കവേ സ്‌റ്റിൽറ്റ് ഫിഷിങിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളെ ഇടയ്ക്കിടയ്ക്ക് കാണാം. ഈ സവിശേഷ മത്സ്യബന്ധന രീതിയുടെ തുടക്കത്തെപ്പറ്റി കാര്യമായ അറിവില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്തെ വറുതിയിൽ നിന്നാണ് രൂപപ്പെട്ടതെന്ന് പറയുന്നു. ഭക്ഷ്യക്ഷാമത്തോടൊപ്പം വള്ളവും വലയുമൊന്നുമില്ലാതെ ബുദ്ധിമുട്ടിയ തൊഴിലാളികൾ തകർന്ന് തീരത്തടിഞ്ഞ ബോട്ടുകളുടെ മുകളിലിരുന്നും കടലിലെ പവിഴപ്പുറ്റുകളുടേയും കൽക്കെട്ടുകളുടെയും ഇടയിൽ തൂണുകൾ നാട്ടിയും കടലിലേക്ക് നീണ്ട കമ്പിൽ കൊളുത്തി ചൂണ്ടയെറിഞ്ഞ് മീൻപിടിക്കുകയായിരുന്നു അന്ന്. വാണിജ്യ ലക്ഷ്യമില്ലാതെ ഉപജീവനത്തിനു മാത്രമായിരുന്ന ഈ മത്സ്യബന്ധനരീതിയാണ് പിന്നീട് സ്‌റ്റിൽറ്റ് ഫിഷിങ് എന്ന പേരിൽ ലോക ശ്രദ്ധയാകർഷിച്ചത്. ഏതാനും തലമുറകൾ ഇത് സജീവമായി തുടർന്നു. എങ്കിലും പുതിയ തലമുറ ഈ രീതിയിൽ നിന്നും വേഗത്തിൽ പുറത്തുകടക്കുകയാണ്. പഴയ തലമുറക്കാരായ ചിലരെ അവിടെ ഇപ്പോഴും സ്‌റ്റിൽറ്റ് ഫിഷിങ് ശൈലിയിൽ കാണാം.

മെയ് മുതൽ സെപ്റ്റംബർ വരെയാണ് സ്‌റ്റിൽറ്റ് ഫിഷിങ്ങിന്റെ സീസൺ. ഇക്കാലത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ ഉൾക്കടലിലെ മത്സ്യബന്ധനം ഉപേക്ഷിച്ച് ചിലർ പരമ്പരാഗത രീതിയിലേക്ക് തിരിച്ച് വരും. കൊഗ്ഗലയ്ക്കടുത്തുള്ള വെലിഗമ, തങ്കലെ, ദിക്വലെ എനീ പ്രദേശങ്ങളിലും ഈ രീതി കാണാം. രണ്ടു മരക്കൊമ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു സ്‌റ്റിൽറ്റ് ആണ് ഇതിന്റെ ഇരിപ്പിടം. തീരത്തോട് ചേർന്ന്, കടലിലേക്ക് ഇറങ്ങി ഉറപ്പിച്ചു വച്ചിരിക്കുന്ന തൂണുകളാണിത്. ഓരോ തൂണിനും മൂന്നോ നാലോ മീറ്റർ ഉയരം കാണും. കടലിന്റെ ആഴം കുറഞ്ഞ ഇടങ്ങളാണ് തൂണുകൾ സ്ഥാപിക്കാനായി തിരഞ്ഞെടുക്കുക.
ആഴവും തിരയും വേണ്ട
സൂര്യോദയത്തിന് മുൻപ് മത്സ്യത്തൊഴിലാളികൾ സ്റ്റിൽറ്റിലേക്ക് എത്തും. ഒൻപതുമണിവരെ തൂണുകളിലെ ഇരിപ്പിടത്തിലിരുന്ന് ചൂണ്ടയിടും. വെയിലുറയ്ക്കുമ്പോഴേക്ക് അതുവരെ ലഭിച്ച മീനുകളുമായി വീട്ടിലേക്ക് മടങ്ങും. പിന്നെ വൈകിട്ട് നാല് മണി കഴിഞ്ഞ് അസ്തമയം വരെ ഫിഷിങ് തുടരും. ചൂണ്ടയിൽ കുരുങ്ങിയ മീനുകളെ സൂക്ഷിക്കാൻ അരയിൽ ഒരു കൂട് കെട്ടിയുറപ്പിച്ചിട്ടുണ്ടായിരിക്കും. സീസൺ സമയങ്ങളിൽ പത്തോ ഇരുപതോ പേർ ചേർന്ന വലിയ സംഘങ്ങളായിട്ടായിരിക്കും മത്സ്യബന്ധനത്തിൽ ഏർപ്പെടുക.

പ്രധാനമായും തിരയും ആഴവും കുറഞ്ഞ ഇടങ്ങളാണ് തൂണുകൾ ഉറപ്പിക്കാൻ തിരഞ്ഞെടുക്കുക. അതുകൊണ്ടു അപകടസാധ്യതയും കുറവാണ്. ഗോൾ പട്ടണത്തിന് കിഴക്കുള്ള ഇരുപത് കിലോമീറ്ററോളം ഇങ്ങനെ ആഴവും തിരയും ഏറെയില്ലാത്ത പ്രദേശങ്ങളാണ്. ആ പ്രദേശം സ്‌റ്റിൽറ്റ് ഫിഷിങ്ങിന് ഏറ്റവും അനുകൂലമാകുന്നതും അതിനാലാണ്.
സ്റ്റിൽറ്റ് ഫിഷിങ് കാണുമ്പോൾ കൗതുകം തോന്നുമെങ്കിലും പരിശീലനം വേണ്ട ജോലിയാണ്. കടലിൽ ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ കുറുകെ കമ്പ് ഘപിടിപ്പിച്ച് അതിലിരുന്ന് ഒരു കൈകൊണ്ട് ബാലൻസ് കിട്ടാനായി തൂണിൽ പിടിച്ച്, മറുകൈ കൊണ്ട് നീളമുള്ള വടിയിൽ ചൂണ്ട കൊരുത്തിട്ട് ഇരിക്കണം, മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പ്. ചില ദിവസങ്ങളിൽ മീനുകൾ അധികമൊന്നും ലഭിച്ചില്ലെന്നു വരാം. എങ്കിലും ക്ഷമയോടെയുള്ള ഈ കാത്തിരിപ്പാണ് ഈ മത്സ്യബന്ധനത്തെ ഇത്രയും പെരുമയുള്ള ഒരു രീതിയാക്കി മാറ്റിയത്.
ലോക ടൂറിസ്റ്റുകൾക്കിടയിൽ കൗതുകമുള്ളതിനാൽ കേട്ടറിഞ്ഞും കണ്ടറിഞ്ഞും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടേക്കെത്തുന്നുണ്ട്. പലരും മീൻ പിടിക്കാൻ കൂടാനും അതിന്റെ ചിത്രങ്ങളെടുക്കാനും എല്ലാമുളള ആവേശത്തിലാണ്. ഓഫ്‌സീസണിൽ ഈ പരമ്പരാഗതരീതി കാണാന്‍ എത്തുന്ന സഞ്ചാരികളിൽ നിന്ന് ചെറിയൊരു തുക ഫീസ് ഈടാക്കാറുണ്ട് ഗ്രാമീണർ. അന്യം നിന്നുപോകുന്ന മത്സ്യബന്ധന രീതിയെ ഇത്തരത്തിൽ വരുമാനമാർഗമാക്കി മാറ്റാൻ ശ്രമിക്കുകയാണവർ.
കൊഗ്ഗലയിലെ സായാഹ്നം
കൊഗ്ഗലയിലെത്തിയപ്പോൾ നാലുമണി കഴിഞ്ഞിരുന്നു. വെയിൽച്ചൂട് ഒഴിഞ്ഞതിനാൽ ചില ചൂണ്ടക്കാർ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. ഏതാനും സഞ്ചാരികൾ ചിത്രങ്ങളെടുക്കാൻ കൂടെകൂടിയിട്ടുമുണ്ട്.
ബീച്ചിലെ പഞ്ചാരമണലിനപ്പുറമുള്ള നീലക്കടലിന്റെ കാഴ്ച അതിസുന്ദരം. തീരത്തെ കൈതക്കാടുകൾക്കിടയിലൂടെ ഇറങ്ങിച്ചെന്നത് വൃത്തിയുള്ള തീരത്തേക്കായിരുന്നു. പവിഴപ്പുറ്റുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഇടമായിരുന്നു അത്. കടലിന് ഏറെ ആഴവുമുണ്ടായിരുന്നില്ല. തീരത്തെത്തിയപ്പോൾ അൽപം വെയിലുണ്ടായിരുന്നെങ്കിലും വളരെ വേഗം ആകാശത്തിന്റെ നിറം മാറി. കടലിനു മുകളിൽ മഴക്കാറുകൾ നിറഞ്ഞു. ചുറ്റും ഇരുട്ടുപരന്നു തുടങ്ങി.

ചിത്രങ്ങളെടുക്കാനുള്ള മോഹം പതുക്കെ മാഞ്ഞു. രണ്ടാഴ്ച മുൻപ് ശ്രീലങ്കയെ മുഴുവനും ബാധിച്ച പേമാരിയുടെയും കൊടുങ്കാറ്റിന്റെയും കെടുതികൾ മാറുന്നതേയുള്ളൂ. മീൻ പിടിക്കാനിരുന്നവർ വേഗം മരക്കൊമ്പുകളിൽ നിന്നു താഴേക്കിറങ്ങി തീരത്തെത്തി. മഴ നനയാതിരിക്കാൻ കൈതക്കാടുകൾക്കിടയിൽ കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലെ തടി ബെഞ്ചിലിരുന്നു. ഞങ്ങളും അവർക്കൊപ്പം കൂടി. ശീതക്കാറ്റേൽക്കാതെ ക്യാമറ പൊതിഞ്ഞുവെച്ചു. അൽപ്പനേരം അവരുടെ കടൽ ജീവിതവും കേട്ടിരുന്നു. എല്ലാവരും പ്രായമുള്ള മനുഷ്യരാണ്. കടലാണ് അവരുടെ ജീവിതം.
സൂര്യോദയത്തിലും അസ്തമയത്തിലും പകർത്തുന്ന സ്റ്റിൽറ്റ് ഫിഷിങ്ങിന്റെ ചിത്രങ്ങൾക്ക് മിഴിവേറും. അസ്തമയ ചിത്രങ്ങളുടെ സ്വപ്നങ്ങൾക്കാണിപ്പോൾ മഴ നിഴൽ വീഴ്ത്തിയിരിക്കുന്നത്. ഭാഗ്യം, അല്‍പനേരം പെയ്ത ശേഷം മഴ മെല്ലെ പിൻവാങ്ങി. കാത്തിരിപ്പ് വെറുതെയായില്ല. അവർ കടലിലെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ക്യാമറയുമായി ഞാനും കടലിലേക്കിറങ്ങി. ഇരുളിന്റെ നിഴലുകൾ അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നെങ്കിലും മോശമല്ലാത്ത ചിത്രങ്ങൾ ലഭിച്ചു. നേരം വൈകുംതോറും തിരയുടെ പ്രഹരശേഷി കൂടിക്കൂടി വന്നു. തിരയിൽ മുങ്ങി ക്യാമറ നനഞ്ഞെങ്കിലും ഉപ്പുവെള്ളത്തിൽ കേടുപാട് സംഭവിക്കാതെ രക്ഷപ്പെട്ടു. അൽപനേരം കൂടി അവർക്കൊപ്പം നിന്നിട്ട് യാത്ര പറഞ്ഞിറങ്ങി.
ഗോളിലെ സായാഹ്നം
ബീച്ചുകളും റിസോർട്ടുകളും ഹോം സ്‌റ്റേയുമൊക്കെ ധാരാളമുള്ള, നൈറ്റ് പാർട്ടീ മൂഡിലുള്ള പട്ടണമാണ് ഗോൾ. നേരം ഇരുണ്ടുതുടങ്ങിയതോടെ ഗോളിലെ വിളക്കുകൾ തെളിഞ്ഞുതുടങ്ങി. സംഗയുടെ കാറിൽ പട്ടണത്തിലെ തെരുവുകളിലൂടെ തലങ്ങുംവിലങ്ങും സഞ്ചരിച്ചു. പോർച്ചുഗീസ്-ഡച്ച് കോട്ടകൾക്കിടയിലെ മനോഹരമായ തെരുവുകളും ഇടുങ്ങിയ പാതകളും മട്ടാഞ്ചേരിയെയും ഗോവയേയും ഓർമിപ്പിച്ചു. കടലിലേക്ക് തള്ളി നിൽക്കുന്ന കോട്ടയുടെ മുനമ്പിൽ ബ്രിട്ടീഷുകാർ 1848 ൽ 80 അടി ഉയരത്തിൽ ഇരുമ്പു പ്ലേറ്റുകൾ കൊണ്ട് ലൈറ്റ് ഹൗസ് നിർമിച്ചിരുന്നു. 1936 ലെ അഗ്നിബാധയിൽ അത് കത്തിപ്പോയതിനാൽ 1939ൽ അവർ 87 അടി ഉയരത്തിൽ വീണ്ടുമൊരു ലൈറ്റ്ഹൌസ് നിർമിച്ചു. അതിപ്പോൾ സംരക്ഷിത നിർമിതിയായി ഗോൾ പട്ടണത്തിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്നു.

കറുത്തിരുണ്ട ആകാശത്തിനു താഴെ കടലിൽ നിന്നു പൊയ്ക്കാലുകൾ പോലെ ഉയർന്നു നിൽക്കുന്ന തൂണുകളിലെ പടികളിൽ അപ്പോൾ ആരുമുണ്ടായിരുന്നില്ല. കൊഗ്ഗലയിലെ കുടിലുകളിൽ അവർ അടുത്ത പുലരിയിലേക്ക് ചൂണ്ടയിൽ ഇര കോർത്തിരുന്ന് മയങ്ങിയിട്ടുണ്ടാകും.