ADVERTISEMENT

വോൾഗ നദിയാൽ ചുറ്റപ്പെട്ട നഗരമാണ് മോസ്കോ. മനോഹരമായ അംബരചുംബികളും യൂറോപ്യൻ ക്ലാസിക്കൽ രീതിയിൽ പണിത കെട്ടിടങ്ങളും തെരുവോരം നിറയെ വഴിവാണിഭക്കാരുമുള്ള നഗരം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മോസ്കോ എന്നാൽ റെഡ് സ്ക്വയറും അതിന് ചുറ്റിലുമുള്ള സ്മാരകങ്ങളും തന്നെയാണ്. യുനെസ്കോ ലോക പൈതൃകപട്ടികയിൽ സ്ഥാനം കൊടുത്ത ഇടം. മോസ്കോ നഗരം ചുറ്റിക്കാണണം എന്ന ആഗ്രഹത്തിൽ ദുബായിൽ നിന്നും യാത്ര തുടങ്ങി. ഏറെക്കാലം മനസ്സിൽ കൊണ്ടു നടന്ന സ്വപ്നത്തിലേക്ക് വിമാനം പറന്നുയർന്നു.

കാഴ്ചകളൊരുക്കി കാത്തിരുന്ന നഗരം

moscownw
ADVERTISEMENT

മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്താണ് റെഡ് സ്ക്വയർ സ്ഥിതി ചെയ്യുന്നത്. അതിനോട് ചേർന്ന് റഷ്യൻ പ്രസിഡന്റിന്റെ ആസ്ഥാനമായ ക്രെംലിൻ കൊട്ടാരം. 23,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന റെഡ് സ്ക്വയർ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ചത്വരങ്ങളിലൊന്നാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് റെഡ് സ്ക്വയർ പണിതത്. സ്ക്വയറിന്റെ നിറം ചുവപ്പും രാജ്യം റഷ്യയുമായതിനാൽ പലരും ഈ ചുവപ്പിനെ കമ്യൂണിസവുമായി കൂട്ടി ചേർത്തുവായിച്ചു.ചുവന്ന കല്ലുകളാണ് റെഡ് സ്ക്വയർ എന്ന് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്. റെഡ് സ്ക്വയർ എന്ന പേര് വന്നത് റഷ്യൻ വാക്കായ ‘ക്രാസ്നായ’യിൽ നിന്നാണ്. ഇതിനർഥം സുന്ദരി എന്നായിരുന്നു. പിന്നീട് ചുവപ്പ് എന്ന അർഥം കൂടി ആ വാക്കിന് വന്നതോടെ ചത്വരം റെഡ് സ്ക്വയർ ആയി മാറി.

mscwnw

മനോഹരമായി ഒരുക്കിയിരിക്കുന്ന നടപ്പാതയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. റെഡ് സ്ക്വയറിലെ ഏറ്റവും ആകർഷകവും പ്രശസ്തവുമായ സെയിന്റ് ബാസിൽ കത്തീഡ്രലിലേക്കായിരുന്നു യാത്ര. 15 –ാം നൂറ്റാണ്ടിൽ സാർ ചക്രവർത്തിയാണ് ഇത് പണികഴിപ്പിച്ചത്. 500 റൂബിളാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്. ടിക്കറ്റെടുത്ത് അകത്ത് കയറിയപ്പോൾ ഏതോ പുരാതന കോട്ടയിൽ എത്തിയ പ്രതീതി. ഈ കത്തീഡ്രലിൽ നിന്ന് നോക്കിയാൽ അൽപം ദൂരെയായി കസാൻ കത്തീഡ്രൽ കാണാം. ഇതിനടുത്തായാണ് മോസ്കോയിലെ ഏറ്റവും പ്രസിദ്ധവും ആകർഷകവുമായ ഷോപ്പിങ് സെന്റർ.

ADVERTISEMENT

വർണ ബൾബുകൾ മിന്നുന്ന രാത്രി

moscow2

സെന്റർ ഗം ഗാലറീസ് എന്ന ഷോപ്പിങ് മാൾ സുന്ദരിയാകുന്നത് രാത്രിയിലാണ്. പല വർണങ്ങളിലുള്ള വെളിച്ചം കൊണ്ട് വിവിധ രീതിയിൽ അലങ്കരിച്ചിരിക്കുന്നു. 240 മീറ്ററിലധികം വലിപ്പമുള്ള മാൾ രാത്രി 10 വരെ സഞ്ചാരികളാൽ നിറഞ്ഞിരിക്കും. ക്രെംലിൻ എന്ന റഷ്യൻ വാക്കിന്റെ അർഥം കോട്ടയാൽ ചുറ്റപ്പെട്ട നഗരം എന്നാണ്. റഷ്യയിൽ ഉദ്ദേശം ഇരുപതോളം ക്രെംലിനുകളുണ്ട്. മോസ്കോ ക്രെംലിൻ, കാസാൻ ക്രെംലിൻ, നോവ്ഗരോഡ് ക്രെംലിൻ തുടങ്ങിയവ ഉദാഹരണം.

moscownw2
ADVERTISEMENT

റെഡ് സ്ക്വയറിലെ മറ്റൊരു ആകർഷണമാണ് അലക്സാണ്ടർ ഗാർഡൻസ് എന്നറിയപ്പെടുന്ന മനോഹരമായ പൂന്തോട്ടം. പ്രവേശനം സൗജന്യമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഒരു സ്മാരകമുണ്ടിവിടെ. സദാ എരിയുന്ന ഒരു തീ പന്തത്തിന്റെ രൂപത്തിൽ. സാർ ചക്രവർത്തിയുടെ കാലത്ത് കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും തലവെട്ടിയിരുന്നത് ഗാർഡന് അടുത്തായി നിലകൊള്ളുന്ന തറയിൽ വച്ചാണെന്ന് പറയപ്പെടുന്നു.

moscwnw

ലെനിൻ മുസോളിയം

റെഡ് സ്ക്വയറിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ലെനിന്റെ മുസോളിയം കാണാം.തിങ്കളും വെള്ളിയും മുസോളിയം അവധിയായതിനാൽ അവിടേയ്ക്കുള്ള ഞങ്ങളുടെ യാത്ര കുറച്ച് വൈകി. പത്തുമണി മുതൽ 12 വരെയാണ് മുസോളിയത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം. കറുപ്പും ഇരുണ്ട പിങ്ക് നിറത്തിലുള്ള ഗ്രാനൈറ്റും മാർബിളും ഉപയോഗിച്ചാണ് മുസോളിയം പണിതിരിക്കുന്നത്. അക്കാലത്തെ പ്രസിദ്ധ ആർകിടെക്റ്റർ ആയിരുന്ന അലക്സി ഷുകോസേവ് എന്നയാളാണ് മുസോളിയം ഡിസൈൻ ചെയ്തിരിക്കുന്നത്. ദീർഘ ചതുരാകൃതിയിലാണ് കെട്ടിടം. മുകളിലായി റഷ്യൻ ഭാഷയിൽ ലെനിൻ എന്ന് എഴുതിയിട്ടുണ്ട്. 1924 ൽ ലെനിൻ മരിക്കുമ്പോൾ പ്രായം 53 ആയിരുന്നു. മൃതദേഹം എംബാം ചെയ്ത് സ്തിരമായി സൂക്ഷിച്ചിരിക്കുകയാണ്. 1971 ലാണ് ഇന്നു കാണുന്ന രൂപത്തിലുള്ള മുസോളിയം പണിയുന്നത്. ലെനിന്റെ മുസോളിയം പ്രവേശനം സൗജന്യമാണ്. ക്യാമറയും മറ്റും കൗണ്ടറിൽ ഏൽപ്പിച്ച് മണിക്കൂറുകൾ ക്യൂ നിൽക്കണം. വരി നിൽക്കുന്നതിന്റെ വലത് ഭാഗത്തായി സ്റ്റാലിൻ മുതലുള്ള എല്ലാ റഷ്യൻ പ്രസിഡന്റുമാരുടെയും പ്രശസ്തവ്യക്തികളുടെയും പ്രതിമകള്‍ കാണാം. അവയ്ക്ക് താഴെ അവരെ കുറിച്ചുള്ള ചെറിയ വിവരണവും. വളരെ മനോഹരമായി ഒരുക്കിയിട്ടുള്ള പുൽത്തകിടിയിലാണ് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. ഗൈഡുകളുടെ നിർദ്ദേശം കൃത്യമായി പാലിച്ച് വേണം അകത്തേക്ക് കടക്കാൻ.

കണ്ണാടിക്കൂട്ടിൽ ഉറങ്ങുന്ന ലെനിൻ

mscwnw3

മുന്നിൽ ഒരു വലിയ കറുത്ത വാതിൽ. അത് കടന്ന് മുന്നോട്ട് നടന്നപ്പോൾ അതാ മുന്നിൽ ഒരൽപം താഴ്ന്ന നിരപ്പിൽ ഒരു ഗ്ലാസ് കൂടാരം. നാലു ഭാഗത്ത് നിന്നും ഫോക്കസ് ലൈറ്റുകളുള്ളതിനാൽ അതിനകം നല്ല വെളിച്ചമുണ്ട്. മനോഹരമായി ഒരുക്കിയ ആ കണ്ണാടിക്കൂട്ടിൽ‌ ലെനിൻ ശാന്തമായി ഉറങ്ങുകയാണ്. മരണത്തോടെ ജീവിതം അവസാനിക്കും എന്ന് വിശ്വസിച്ച മനുഷ്യൻ സഞ്ചാരികൾക്ക് മുന്നിലൊരു കാഴ്ചവസ്തുവായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലാണ്. ഒരു കേടുപാടുകളും സംഭവിക്കാത്ത ശരീരം. കറുത്ത കുറിയ താടിയോടെയുള്ള മുഖം അതേ പോലെ. വെളുത്ത ഷർട്ടിൽ കറുത്ത സൂട്ടും നല്ല ചുവപ്പ് നിറത്തിലുള്ള ടൈയും ധരിച്ചിട്ടുണ്ട്. മുഷ്ടികൾ ചുരുട്ടി കൈകൾ വയറിൽ ചേർത്ത് വച്ചിരിക്കുന്നു. ലോകത്തിലെ കോടാനുകോടി മനുഷ്യർക്ക് ഒരു പുതുജീവിതവും ഉദയവും സമ്മാനിച്ച മഹാൻ. ഒരു യുഗത്തെ തിരുത്തിയെഴുതിയ നേതാവ്. ഇതാ, ഇവിടെ ഈ കണ്ണാടിക്കൂട്ടിൽ. കണ്ണുകൾക്ക് വിശ്വസിക്കാനാകുന്നില്ല. കാഴ്ചക്കാരിൽ പലരും സെല്യൂട്ട് ചെയ്യുന്നു. വിങ്ങിപ്പൊട്ടി കരയുന്നു. വേറിട്ടൊരു അനുഭവമായി ലെനിൻ മുസോളിയം. നിശ്ചിത സമയത്തിനപ്പുറം അവിടെ നിൽക്കാൻ അനുവാദമില്ലാത്തതിനാൽ ഞങ്ങൾ പുറത്തിറങ്ങി. പക്ഷേ, ഒരിക്കൽ കൂടി ആ മുഖം കാണണം എന്ന് തോന്നിയപ്പോൾ വീണ്ടും ക്യൂ നിന്നു. സമയം പന്ത്രണ്ട് മണി. മുസോളിയത്തിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ നഗരവീഥികളിലൂടെ നടന്നു. ആ മനോഹര കാഴ്ചകളിലൂടെയുള്ള യാത്ര തുടരുകയാണ് മനസ്സിലൂടെ...

ADVERTISEMENT