ADVERTISEMENT

അതിർവരമ്പുകൾ ഭേദിച്ചു  ഒന്നായ നീലവാനവും,  നീലത്തടാകവും. തീരത്തെ പച്ച പുൽമേട്ടിൽ  തവിട്ടു നിറത്തിലുള്ള ഒരു കുതിര മേയുന്നു. അതിനപ്പുറം മഞ്ഞു മലകൾ. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നം പോലൊരു ദൃശ്യം.   കിർഗിസ്ഥാനിലെത്തിയപ്പോൾ കൺമുന്നിലെത്തിയത് ആ സ്വപ്നദൃശ്യങ്ങളാണ്...

മനോഹരഭൂമിയിലേക്ക്...
അബുദാബിയിൽ നിന്നാണ്   കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിലുള്ള  മാനസ്  ഇന്റർനാഷനൽ എയർപോർട്ടിലെത്തിയത്. രാജ്യത്തിന്റെ വടക്കേ അറ്റത്ത്, കസാഖ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് ബിഷ്കെക്ക്. നാടോടി ചരിത്രമുള്ള  ഇവിടത്തെ ഇതിഹാസ പുരുഷനായ  ‘മാനസ്’  എന്ന പോരാളിയുടെ പേരിലുള്ളതാണ് എയർപോർട്ട്... മധ്യഏഷ്യയിലെ സ്വിറ്റ്സർലൻഡ്  എന്നറിയപ്പെടുന്ന രാജ്യമാണ് കിർഗിസ്ഥാൻ.  


ഇന്ത്യക്കാർക്ക് ഇവിടേക്ക് ഓൺ അറൈയ്‌വൽ  വീസ കിട്ടും. വേണമെങ്കിൽ  വീസ എടുക്കാനും പറ്റും. പർവതങ്ങളുടെയും മേച്ചിൽപ്പുറങ്ങളുടെയും ആൽപൈൻ തടാകങ്ങളുടെയും നാടാണ് കിർഗിസ്ഥാൻ. ഒരു വിൻഡോസ് സ്ക്രീൻസേവർ പോലെയാണ് നാലു വശത്തു നോക്കിയാലും മനോഹരമായ ഭൂമി. ജൂൺ മുതൽ സെപ്റ്റംബർ  വരെയാണ് സീസൺ.

ADVERTISEMENT


കിർഗിസ്ഥാന്റെ ഉൾപ്രദേശങ്ങളിലൂ‌ടെയാണ് പോകേണ്ടത്. ഉൾറോഡുകൾ മോശം അവസ്ഥയിലാണെന്ന് മുൻകൂട്ടി അറിയാവുന്നതിനാൽ  വണ്ടിയും ഡ്രൈവറെയും നേരത്തേ  ഏർപ്പാട് ചെയ്തിരുന്നു. സമയം  രാത്രി എട്ടുമണിയോടടുത്തെങ്കിലും സൂര്യൻ വിടപറയാൻ  മടിച്ചു നിൽക്കുന്നു. വെയിൽ വീഴവേ ചുവന്ന ആകാശം ആ പ്രദേശത്തിന്റെ  മനോഹാരിതയേറ്റി. പഴക്കം  ചെന്ന സോവിയറ്റ് വണ്ടികളാണ് വഴിയിൽ  കണ്ടിരുന്നത്. പല മധ്യയേഷ്യൻ രാജ്യങ്ങളെയും  പോലെ കിർഗിസ്ഥാനും സോവിയറ്റ് ഭരണത്തിന് കീഴിലായിരുന്നു.   അരമണിക്കൂറിൽ എയർപോർട്ടിൽ നിന്നും  ബിഷ്കെക്ക്ൽ  ബുക്ക് ചെയ്യ്തിരുന്ന ഹോട്ടലിൽ എത്തി.  

Kyrgystanmountain


സുന്ദരം ബിഷ്കെക്ക്
പങ്കാളി സലീഷ്, സുഹൃത്തുക്കളായ ആബിദ്, അരുൺ എന്നിവരാണ് സഹയാത്രികർ. പിറ്റേന്ന് രാവിലത്തെ   പ്രഭാതനടത്തം  “അലാ ടൂ സ്‌ക്വയർ” ലക്ഷ്യമാക്കിയായിരുന്നു . വഴിയരികിലെ  ചില മരങ്ങളിൽ  മഞ്ഞ  നിറത്തിൽ ആപ്രികോട്ട്  പഴുത്തു നിൽക്കുന്നുണ്ട്.  ഒരു കുതിരപ്പുറത്തു വാളേന്തി നിൽക്കുന്ന മാനസ് എന്ന നാടോടി പോരാളിയുടെ  പ്രതിമ പിന്നിട്ട് ഞങ്ങൾ നടന്നു. കടും ചുവപ്പു നിറത്തിലുള്ള വലിയ കിർഗ് ദേശീയ പതാക വാനിൽ പാറിപ്പറക്കുന്നു. ചുറ്റിലും നിറയെ വാട്ടർ ഫൗണ്ടെൻസ്. അല ടൂ സ്ക്വയറിന് പിന്നിലുള്ള സ്റ്റേറ്റ് ഹിസ്റ്ററി മ്യൂസിയത്തിനടുത്ത്  ഒരു ലെനിൻ പ്രതിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT


നഗരമധ്യത്തിൽ  നിൽക്കുമ്പോൾ തന്നെ മഞ്ഞു  മൂടിയ മലനിരകൾ  ദൃശ്യമാവും. കുറച്ചു കൂടി  നടന്ന് വിക്ടറി മോണ്യുമെന്റിന് അടുത്തെത്തി.  രണ്ടാം ലോക മഹായുദ്ധം ജയിച്ചതിന്റെയും യുദ്ധത്തിൽ  ജീവൻ വെടിഞ്ഞവരുടെയും ഓർമക്കായി ഒരു കെടാവിളക്കും കാണാം. ഫ്രണ്ട്ഷിപ്  ഓഫ് നേഷൻ രണ്ടു വലിയ മാർബിളിന്റെ  തൂണുകളാണ്. ഇതിനടുത്തു തന്നെ ഏപ്രിൽ റെവലുഷന്റെ ഒരു സ്മാരകവും ഉണ്ട്,  കുറച്ചാളുകൾ  കൂടി ഒരു കറുത്ത തൂണിനെ തള്ളിയിടാൻ ശ്രമിക്കുന്ന ദൃശ്യാവിഷ്കാരം.  2010ൽ ഇവിടത്തെ പ്രസിഡന്റിന്റെ  അഴിമതിക്കെതിരെ പോരാടി തൊണ്ണൂറോളം പേർ ജീവൻ വെടിഞ്ഞിരുന്നു, അതിന്റെ പ്രതീകമാണത് .

ഇതിന്റെ വലതുഭാഗത്ത് പാർലമെന്റ് മന്ദിരം. സർക്കസ്സിന്റെ സ്ഥിരം വേദിക്കുള്ള ഒരു കെട്ടിടവും ഇവിടെ ഉണ്ട്. നാഷനൽ ലൈബ്രറിക്ക് മുന്നിൽ കിർഗിസ്ഥാനിന്റെ പ്രസിദ്ധ കവി അലികുൽ ഒസ്മാനിയയുടെ പ്രതിമ കാണാം. പാൻ ഫിലാവോ പാർക്കാണ് തൊട്ടടുത്ത്.  

ADVERTISEMENT


കിർഗിസ്ഥാന്റെ ഉൾനാടുകളിലൂടെയുള്ള യാത്രകളാണ് മനോഹരം. ചോലൻ ആപ്ത്തായിലേക്കാണ് ആദ്യം പോയത്.  യാത്ര തുടങ്ങിയപ്പോഴാണു  മനസ്സിലായത് ബഹ എന്ന ഡ്രൈവർ കം ഗൈഡിന്  ഇംഗ്ലിഷ് ഒരു പിടിയും ഇല്ല. ഗൂഗിൾ ട്രാൻസ്‌ലേറ്റർ വഴിയും ടൂര്‍ ഓപ്പറേറ്ററിനെ വിളിച്ചു സംസാരിച്ചുമാണ്  ആശയവിനിമയം നടന്നത്.

നിറയെ ചോളപ്പാടങ്ങളും ഗോതമ്പ് പാടങ്ങളും റോഡുമായി അതിന് അതിരൊരുക്കുന്ന  ബിർച്ചു മരങ്ങളും. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പേരറിയാത്ത ഏതൊക്കെയോ പൂക്കൾ മഞ്ഞയും നീലയും വയലറ്റും പിങ്കും നിറങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

ADVERTISEMENT