ADVERTISEMENT

പ്രകൃതിയൊരുക്കിയ മായാജാലക്കാഴ്ചകളായാണു   ചുവന്ന പാറകളാൽ നിർമിതമായ ജെറ്റി ഒഗുസും ചുവന്ന നിറമുള്ള സ്കസ്ക കാന്യനും മുന്നിൽ തെളിഞ്ഞത്. കിർഗിസ് ജനതയുടെ നാടോടി ജീവിതത്തിന്റെ ഓരത്തെ കാഴ്ചകളിലൂടെ...


കാളക്കൂറ്റന്മാരെപ്പോലെ ജെറ്റിഒഗുസ്
ഏഴ് കാളകളോട് സാമ്യമുള്ള ചുവന്ന മണൽക്കല്ലുകളാൽ  പ്രകൃതി തീർത്ത ‌ മലയിടുക്കാണു ജെറ്റി ഒഗുസ്.  അതിനടുത്തു ബ്രോക്കൻ ഹാർട്ടെന്ന ഓമനപ്പേരിൽ വിളിക്കുന്ന  മറ്റൊരു പാറ. നടുവിൽ വിടവുള്ള ഹൃദയത്തിന്റെ ആകൃതിയുള്ള പാറയാണിത്.   അതിനു താഴെ നല്ല തെളിഞ്ഞ വെള്ളമൊഴുകുന്ന ജെറ്റി-ഒഗുസ് നദി.
കാശ്മീരിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള  പ്രദേശം.  ഇടതൂർന്ന വൃക്ഷങ്ങളും പച്ച നിറത്തിലുള്ള നദിയും, നിറയെ ചെറിയ പൂക്കളുള്ള പുൽമേടുകളിൽ മേയുന്ന കാലികളും.  

CanyonKyrgystan

ഇവിടെ ധാരാളം  യാർട്ട് ക്യാംപുകൾ ഉണ്ട്. അവിടെ താമസിക്കാൻ അവസരമുണ്ട്.  നൂറ്റാണ്ടുകളായി കിർഗിസ് ജനത നാടോടി ജീവിതമാണു നയിക്കുന്നത്. ഋതുക്കൾക്കനുസരിച്ചു മാറുന്ന ഭൂപ്രകൃതി ഉപയോഗപ്പെടുത്തിയാണ് കൃഷിയും കാലി  വളർത്തലും. അതുകൊണ്ടുതന്നെ, ഇവിടങ്ങളിൽ ചരിത്ര നഗരങ്ങളോ പുരാതന അവശിഷ്ടങ്ങളോ അധികമില്ല.

കിർഗിസ്ഥാനി നാടോടികൾ  യാർട്ട് എന്ന കൂടാരങ്ങളിലാണ് താമസിക്കുന്നത്. ഇവരുടെ ദേശീയതയുടെ പ്രതീകമായ കടുംചുവപ്പ്  യാർട്ടിന്റെ മേൽക്കൂരയിലും കാണാം.. ശ്മശാനങ്ങളിലും യാർട്ടുകളുണ്ടാകും. ഇത്തരം യാർട്ടുകളിലാണു നാടോടികൾ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മരിച്ചവരെ മൂന്ന് ദിവസത്തേക്ക്  ഉപേക്ഷിക്കുന്നത്.
ഇടയന്മാർ വേനൽക്കാലത്തു ജയിലൂവിൽ (വേനൽക്കാല മേച്ചിൽപ്പുറങ്ങൾ) ഒത്തുകൂടി കന്നുകാലികളെ  മേയ്ക്കാൻ  പോകുന്നു, ശൈത്യകാലത്ത് കൊടുംതണുപ്പിൽ നിന്നു രക്ഷപ്പെടാൻ അവരവരുടെ  ഗ്രാമത്തിലേക്ക് മടങ്ങുന്നു.


ദേ, ചൊവ്വ ഗ്രഹം!
സ്കസ്‌ക കാന്യൻ -  ഫെയറി  ടെയ്ൽ കാന്യോൻ എന്നും ഇതിനു പേരുണ്ട്. ഈ സ്ഥലം ചുവന്ന നിറമായതുകൊണ്ട്  ചൊവ്വ ഗ്രഹമെന്നും വിളിക്കാറുണ്ട്.   ഇസിക്  കൂൾ തടാകത്തിന്റെ തെക്കൻ തീരത്താണു  സ്കസ്‌ക കാന്യൻ.  ടോസോർ എന്ന ഗ്രാമത്തിന് സമീപമാണിത്. അവിടെ നിന്ന് പോയത് ബർസ്‌കൂൺ  വെള്ളച്ചാട്ടം കാണാനാണ്. ദൂരക്കാഴ്ച അതി മനോഹരം. ചെറിയ കയറ്റം കയറിയാണ് കാടിനു നടുവിലുള്ള ഈ വെള്ളച്ചാട്ടത്തിലേക്കു എത്തുക.
നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത വേട്ട രീതിയാണ് ബോകോംബാവിലെ  പ്രദേശവാസികളുടേത്,  വലിയ പരുന്തുകളെ ഒരു വർഷത്തോളം സമയമെടുത്തു പരിശീലിപ്പിച്ച്,  അവയെ കൊണ്ട്  മുയലിനെയും ചെറിയ കുറുക്കനെയും വേട്ടയാടി പിടിക്കും..  ഈ വേട്ട ഇപ്പോൾ സഞ്ചാരികൾക്കായി നടത്തുന്ന ഷോ ആണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
CanyonKyrgystan
ADVERTISEMENT