ഉലക സുന്ദരി ഉസങ്കൽ, പട്ടുപാതയുടെ പൈതൃകവും പ്രകൃതിഭംഗിയും അലങ്കാരം ചാർത്തുന്ന തുർക്കിയിലെ ട്രാബ്സോൺ
Mail This Article
സുന്ദരമായ നാല് ദിനരാത്രങ്ങൾക്ക് ശേഷം ബോസ്ഫറസ് ബ്രിജ് കടന്ന് ഇസ്താംബുളിനോട് വിട പറയുമ്പോൾ ‘ഏഷ്യയിലേക്ക് സ്വാഗതം’ എന്ന ബോർഡ് കണ്ടു. അതേ, ഞങ്ങൾ യൂറോപ്പിൽ നിന്നും വീണ്ടും ഏഷ്യയിലേക്ക് കടന്നിരിക്കുന്നു. റോഡ് ട്രിപ് എടുക്കുമ്പോൾ, തുർക്കിയിലെ ഞങ്ങളുടെ ഒരു ദിവസം അധികം നഷ്ടമാകുമല്ലോ എന്ന ആശങ്ക വൈകാതെ ഇല്ലാതായി. ഇസ്താംബുൾ നഗരാതിർത്തി കഴിഞ്ഞു ട്രാബ്സോണിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ കയറിയതോടെ റൂട്ടിന്റെ ഭംഗി മനം കുളിർപ്പിച്ചു. അൽപ ദൂരം പിന്നിട്ടപ്പോഴേക്ക് കാലാവസ്ഥയും കാഴ്ചകളും പാടെ മാറി. ഇസ്താംബുളിന്റെ താരതമ്യേന ചൂട് കൂടിയ കാലാവസ്ഥ മാറി മഴക്കാറും തണുപ്പും പൊതിഞ്ഞു. ഇടയ്ക്ക് കുറേ ദൂരം നല്ല മഴയും കോടമഞ്ഞുമുണ്ടായിരുന്നു. മലകളും താഴ്‌വരകളും ചുരങ്ങളും ടണലുകളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര മനോഹരമായ അനുഭൂതിയായി.
വഴിയിൽ പലയിടത്തും സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിന്നിരുന്നു. ഒരു സൂര്യകാന്തി പാടത്ത് ഞങ്ങൾ കുറച്ച് സമയം ചെലവിട്ടു. റോഡരികിൽ പലയിടത്തും പഴത്തോട്ടങ്ങൾ കാണാം. സായാഹ്നത്തോടെ കരിങ്കടലിന്റെ തീരത്തുകൂടിയായി സഞ്ചാരം. ട്രാബ്സോൺ നഗരത്തിലെത്തിയപ്പോഴേക്കും തുർക്കിയിലെ പത്തിലേറെ പ്രവിശ്യകളിലൂടെ കടന്നു പോയിരുന്നു.
ട്രാബ്സോൺ അന്നും ഇന്നും
ഒരു കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ സൈനിക താവളമായിരുന്ന ട്രാബ്സോൺ പിൽക്കാലത്ത് ജോർജിയ ഉൾപ്പെടെ പല രാജ്യങ്ങളുടെയും അധീനതയിലായിരുന്നു. സുൽത്താൻ മെഹ്മെദാണ് ട്രാബ്സോൺ പിടിച്ചെടുത്ത് അതിനെ തുർക്കിയുടെ ഭാഗമാക്കുന്നത്. പുരാതന സിൽക്ക് റൂട്ട് വ്യാപാരത്തിൽ വലിയൊരു കേന്ദ്രമായിരുന്നു ഇത്. വേനൽക്കാലത്ത് തുർക്കിയിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ട്രാബ്സോൺ. ൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന രാജ്യത്തെ ഉഷ്ണകാലത്ത് ട്രാബ്സോണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്നത് ജൂലൈൽ ആണ്. പച്ച പുതച്ച, കോടയിറങ്ങുന്ന പർവ്വതങ്ങളും താഴ്‌വരകളും അരുവികളും നിറഞ്ഞ ട്രാബ്സോൺ സഞ്ചാരികളുടെ, പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പറുദീസയാകും. അതുകൊണ്ടായിരിക്കും, നന്നായി അറബി സംസാരിക്കുന്നവരാണ് അവിടെ കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമുള്ള ജീവനക്കാർ.
പോകാതിരിക്കരുത് പോകുട്ടിൽ...
ട്രാബ്സോണിലെ പ്രശസ്തമയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് സമുദ്ര നിരപ്പിൽ നിന്ന് 7120 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോകുട്ട്. തുർക്കി പ്രസിഡന്റായ എർദോഗാന്റെ ജന്മനാട് റൈസിന്റെ പരിസര പ്രദേശമാണ് പോകുട്ട്. ഈ പ്രദേശങ്ങൾ എർദോഗാന്റെ ശക്തി കേന്ദ്രങ്ങളാണ്. ഹൈവേയിൽ പലയിടത്തും Batum എന്ന ബോർഡ് കാണാം. ജോർജിയയിലെ batumi യാണ് ഈ batum. ജോർജിയൻ ബോർഡറിന്റെ ഏതാണ്ട് 90 km അടുത്തുകൂടിയാണ് പോകുട്ടിലേക്കുള്ള യാത്ര. ജോർജിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുമായി പോകുന്ന വലിയ ട്രക്കുകൾ ഈ റൂട്ടിൽ കാണാം.
ഫിർട്ടിന നദിയുടെ തീരം ചേർന്നാണ് പോകുട്ടിലേക്കുള്ള വഴി. ഫിർട്ടിന നദിയിൽ റാഫ്റ്റിംഗ് സൗകര്യമുണ്ട്.. പലയിടങ്ങളിലും നദിക്കു കുറുകെ സിപ് ലൈനുകളുണ്ട്. നദിക്കു കുറുകെ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ആർച്ച് ബ്രിജുകൾ വളരെ മനോഹരമായ കാഴ്ചയാണ്.
ടാർ റോഡിൽ നിന്നും ഞങ്ങളുടെ യാത്ര ക്രമേണ സാമാന്യം ബുദ്ധിമുട്ടുള്ള ഓഫ് റോഡിലേക്ക് മാറി. ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ തന്നെ പോകേണ്ട സ്ഥലമാണ് പോകുട്ട്. ഗ്രൂപ്പ് ടൂർ പോകുന്ന സന്ദർശകരേയും കൊണ്ടു ഫോർഡിന്റെയും ബെൻസിന്റേയും വാനുകൾ വരുന്നുണ്ടായിരുന്നു. എന്നാൽ പോകുട്ട് പീക്കിന്റെ ഏറ്റവും അവസാന ഭാഗം വരെ അവയ്ക്കു പോകാൻ കഴിയില്ല. പീക്കിനു മുൻപുള്ള ഒരു സ്ഥലത്ത് അവർ യാത്ര അവസാനിപ്പിക്കും. അവിടുന്നങ്ങോട്ട് പീക് വരെ പോകാൻ പ്രൈവറ്റ് വാഹനങ്ങൾ തന്നെ വേണം.
ഒൻപത് ഡിഗ്രിയായിരുന്നു ഞങ്ങൾ ചെല്ലുന്ന സമയത്ത് പോകുട്ടിലെ ഊഷ്മാവ്. ഏതാനും ചില വീടുകളും, സഞ്ചാരികളെ ഉദ്ദേശിച്ചുള്ള ഒന്ന് രണ്ട് ചെറിയ റസ്റ്ററന്റുകളും മാത്രമേ അവിടെയുള്ളൂ. ചെറിയ കാട്ടുപൂക്കൾ നിറഞ്ഞ കുന്നുകളും കൂർത്ത്, മുകളിലേക്ക് വളരുന്ന മരങ്ങളും മലമുകളിലേക്ക് നിമിഷ നേരം കൊണ്ടു വന്നു മൂടുകയും പതിയെ പോവുകയും ചെയ്യുന്ന കനത്ത മൂടൽ മഞ്ഞും ചേർന്ന് അതീവ ഹൃദ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
നേരം ഇരുട്ടുന്നതിനു മുൻപ് ഫെർട്ടിന നദിയിൽ ഒഴുക്കും ആഴവും കുറഞ്ഞ ഒരിടത്ത് ഇറങ്ങി കുറച്ച് നേരം വെള്ളത്തിൽ കളിച്ച് ട്രിപ്പിന് വിരാമമിട്ടു.
ട്രാബ്സോണ്‍ യാത്രയിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സുമേല മൊനാസ്റ്ററി. AD 375- 95 കാലഘട്ടത്തിൽ ഏതൻസിൽ നിന്ന് വന്ന രണ്ട് സന്യാസിമാരാണ് കന്യാമറിയത്തിന്റെ പേരിൽ മേല എന്ന മലമുകളിൽ രണ്ട് റൂമുകൾ പണിത് സുമേല മൊനാസ്റ്ററി നിർമ്മിച്ചത്. പിന്നീട് ആറാം നൂറ്റാണ്ടിൽ ബൈസാന്ത്യൻ ചക്രവർത്തി ജസ്റ്റിനിയന്റെ മേൽനോട്ടത്തിൽ അത് വിപുലീകരിച്ചു. പതിമൂന്നാം നൂറ്റാണ്ടിലാണ് മൊനാസ്റ്ററി ഇന്നത്തെ രൂപത്തിൽ പുനർനിർമ്മിച്ചത്. ഓട്ടോമാൻ തുർക്കുകൾ ഭരണം കൈവശപ്പെടുത്തിയപ്പോളും മറ്റു പല മൊനാസ്റ്ററികളെയും പോലെ സുമേലയുടെയും അവകാശങ്ങളും അധികാരങ്ങളും അതേപടി തുടരാൻ അനുവദിക്കുക മാത്രമല്ല, ചില പ്രത്യേക പരിഗണനകൾ നൽകുകയും ചെയ്തിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
6700 അടി ഉയരത്തിലുള്ള സിഗാന പാസും അവിടെയുള്ള ചെറിയൊരു ഗ്രാമവുമായിരുന്നു അടുത്ത ലക്ഷ്യം. സിഗാന പാസ്സിലൂടെ മുകളിലേക്കു കയറുന്തോറും കോടമഞ്ഞ് ശക്തി പ്രാപിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ താഴേക്കു തന്നെ മടങ്ങി. അധികം കോടയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ചു. ഏതാനും വീടുകൾ മാത്രമുള്ള സിഗാന ഗ്രാമത്തിൽ കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. മലഞ്ചെരുവിൽ ഓടിക്കളിക്കുന്ന ഏതാനും കുട്ടികളും മേഞ്ഞു നടക്കുന്ന ചില പശുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൂരെ മലമുകളിൽ കോടയും വെയിലും മാറി മാറി വരികയും പോവുകയും ചെയ്യുന്നത് രസകരമായ കാഴ്ചയായിരുന്നു. ഈ വില്ലേജിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ഒരു തടാകവും നാഷണൽ പാർക്കും ലക്ഷ്യമാക്കി നീങ്ങി.
മലകളുടെ ആവാസ വ്യവസ്ഥ താളം തെറ്റിക്കാതെ റോഡിനു വേണ്ടി നിർമ്മിച്ച അനേകം ടണലുകൾ ട്രാബ്സോൺ മേഖലയിലുണ്ട്. തുർക്കിയിലെ ഏറ്റവും വലുതും ലോകത്തെ തന്നെ രണ്ടാമത്തേതുമായ ഒരു ടണലിലൂടെ വേണം സിഗാന പാസ്സിലേക്ക് പോകാൻ. 14.47 കിലോമീറ്ററാണ് ഈ ടണലിന്റെ നീളം. ഇരു വശങ്ങളിലേക്കുമുള്ള റോഡുകൾക്കായി രണ്ട് ടണലുകൾ നിർമ്മിച്ചിട്ടുണ്ട്. 2019 ൽ തുടങ്ങി, 2023 ൽ അതിന്റെ നിർമ്മാണം പൂർത്തിയാക്കി. ട്രാബ്സോണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന സ്ഥലമാണ് മിക്കവാറും ഉസങ്കൽ തടാകം. ഒമാനികൾക്ക് ട്രാബ്സോൺ എന്നാൽ സുഗോൽ ആണ്. പൊതുവെ വരണ്ട കാലാവസ്ഥ മാത്രം കണ്ടു ശീലിച്ച അറബികൾക്ക് ട്രാബ്സോൺ പോലെ പച്ചപ്പും അരുവികളുമുള്ള ഒരു പ്രദേശം ഇഷ്ടമാകുന്നതിൽ അദ്ഭുതമില്ല.