നാടോടിക്കഥകളും പ്രകൃതിയും വശ്യതയേകിയ ശ്രീലങ്കയുടെ കിഴക്കൻ തീരം; ബട്ടിക്കലോവയെ അടുത്തറിയാം...
Mail This Article
ബട്ടിക്കലോവ... സവിശേഷമായ വശ്യതയുള്ള സ്ഥലമാണ് ശ്രീലങ്കയുടെ ഈ കിഴക്കൻ തീരം. സാംസ്കാരികമായും വംശീയമായും ഏറെ വൈവിധ്യമുള്ള നഗരത്തിലേക്ക് കൊളംബോയിൽ നിന്ന് അഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്താൽ മതി. അൽപം സമയമുണ്ടെങ്കിൽ ആനകളുടെ സംരക്ഷിത വനങ്ങളും പുൽമേടുകളും വയലുകളും ഉൾപ്പടെ പലവിധ ഭൂപ്രകൃതികൾ മുറിച്ച് പായുന്ന ട്രെയിൻ സർവീസിലും ഇവിടെത്താം.
ബസ് മാർഗമാണ് എന്റെ സഞ്ചാരം, അന്തരീക്ഷത്തിന്റെ കുളിർമ നഷ്ടമാകും മുൻപ് തന്നെ നഗരത്തിലെത്തി. ഗതാഗത കുരുക്കുകളില്ലാത്ത വീതിയേറിയ വഴി. പ്രായമേറുന്ന നഗരത്തിന്റെ ശോഭ കെടാതെ സൂക്ഷിക്കുന്ന ക്ലോക്ക് ടവറുകളും ഉദ്യാനങ്ങളും. ഡസൻ കണക്കിന് ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും. കൊളോണിയൽ കാലത്തിന്റെ ശേഷിപ്പായി വെള്ള പൂശിയ ചെറു കെട്ടിടങ്ങൾ... സഞ്ചാരികൾക്ക് കാണാൻ വൈവിധ്യമേറിയ നഗരമാണ് ബട്ടിക്കലോവ.
പഴമയിലേക്ക് നോക്കിയാൽ
കായലുകൾക്കും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയ്ക്കുള്ള കരയാണ് ബട്ടിക്കലോവ. ഡച്ച് ഭാഷയിൽ ‘വയലുകളുടെ സാമ്രാജ്യം’ എന്നാണ് പേരിന് അർഥം. ഈ പ്രദേശത്തിന്റെ തമിഴ് പേര് ‘മട്ടക്കളപ്പ്’ എന്നാണെങ്കിലും അതിനെക്കാൾ കാൽപനികമാണ് വിളിപ്പേരായ ‘പാടും മീനുകളുടെ നാട്’ എന്നത്.
തമിഴ് വംശജരും മുസ്‌ലിങ്ങളുമാണ് ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും. അതിൽ ഭൂരിഭാഗവും നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ ഡച്ച് കോട്ടയിൽ കേന്ദ്രീകരിച്ചിരിക്കുന്ന സർക്കാർ ഓഫീസുകളിൽ (കച്ചേരി) ജോലി ചെയ്യുന്നവരുമാണ്.
1628 ൽ പോർച്ചുഗീസുകാരാണ് ‘ഡച്ച് കോട്ട’ നിർമിച്ചത്. 1638 ൽ കോട്ട പിടിച്ചെടുത്ത ഡച്ചുകാർ അത് പുനർനിർമിച്ച് കോട്ടമതിലുകള്‍ കെട്ടി. ഡച്ച് കോട്ട പിന്നീട് ബ്രിട്ടിഷുകാർ കീഴടക്കി. കോട്ടയുടെ രണ്ട് വശങ്ങൾ കായലിൽ നിന്നുള്ള ഉപ്പുജലത്താലും മറ്റ് രണ്ട് വശങ്ങൾ കനാലുകളാലും സംരക്ഷിതമാണ്.
ബട്ടിക്കലോവ നഗരം വിശാലമാണ്, എന്നാൽ ഒറ്റനോട്ടത്തിൽ കണ്ണിലുടക്കുന്ന മാനം മുട്ടെ ഉയരമുള്ള കെട്ടിടങ്ങളൊന്നുമില്ല. ഫോർട്ട് കൂടാതെ സിമന്റ് തൂണുകളിലുറപ്പിച്ച സ്വർണ വർണമാർന്ന മഹാത്മാ ഗാന്ധിയുടെ ശിൽപവും പുളിയന്തീവിൽ നിന്നുള്ള ബോട്ടുകളടുക്കുന്ന ബട്ടിക്കലോവ ഗേറ്റും ആണ് പ്രധാന കാഴ്ചകൾ.
ബട്ടിക്കലോവയുടെ സമീപത്തുള്ള ചെറുദ്വീപാണ് പുളിയന്തീവ്. പുളിമരങ്ങളുടെ സമൃദ്ധിയാണ് ആ പേരിന് കാരണമത്രേ. പുളിയന്തേർ എന്നൊരു വിഭാഗം നാടോടികൾ അവിടെ ജീവിച്ചിരുന്നു. അവരുടെ ദ്വീപാണ് പുളിയന്തീവ് എന്നു വാദിക്കുന്നവരും ഉണ്ട്. രണ്ടു മണിക്കൂർ കൊണ്ട് കണ്ടു തീർക്കാവുന്നതേയുള്ളു ബട്ടിക്കലോവ.