സൂര്യോദയവും അസ്തമയവും ഒരേ ഇടത്ത്... ഗ്രീൻ ആൽഗേ ബേയിലെ മായാജാല കാഴ്ചകളിലൂടെ....
Mail This Article
നീണ്ട വിശാലമായ ബീച്ചുകളുള്ള സ്ഥലമാണ് ബട്ടിക്കലോവ എന്നു പറയാനാകില്ല, എങ്കിലും അതിന്റെ സമുദ്ര തീരങ്ങൾക്കു ചുറ്റും ഒട്ടേറെ ഗ്രാമങ്ങളുണ്ട്, ശാന്തമായ അവധിക്കാലത്തിന് ഒന്നാന്തരമാണ് അവ. അങ്ങനെയുള്ള ഒരിടമാണ് പാസിക്കുഡ. അടുത്ത രണ്ട് നാൾ അവിടെ ചെലവിടാനാണ് പദ്ധതി.
ഹരിതനീലിമയിൽ പാസിക്കുഡ
നിബിഡമായ പച്ചപ്പ് മൂടിയ, കുതിരലാടത്തിന്റ രൂപത്തിലുള്ള ബീച്ചിലെ സൺ സിയാം പാസിക്കുഡയിലെത്തിയപ്പോഴേക്ക് ഇരുട്ട് വീണിരുന്നു. പകൽ വിട്ടകന്നെങ്കിലും അന്തരീക്ഷത്തിൽ നിന്ന് ചൂട് മാറിയിരുന്നില്ല. തമിഴിൽ പാസിക്കുഡ എന്നാൽ ഹരിത നീല തുറമുഖം എന്നാണ് അർഥം.
മുറിയിൽ നിന്ന് അൽപം നടന്നാൽ ബീച്ചിലെത്താം. ഏതാണ്ട് സൂര്യോദയമായി. ചാഞ്ഞു കിടന്ന രണ്ട് തെങ്ങുകൾക്കിടയിലൂടെ സൂര്യൻ പ്രയാണം തുടങ്ങുന്നത് കണ്ടു. തീരത്തെ സമുദ്രത്തിന്റെ അലകളിൽ നിന്ന് സംരക്ഷിച്ചു നിന്ന മുഷിഞ്ഞ, ചാര പാറക്കെട്ടുകൾ നിറം മാറി തുടങ്ങി. അതൊരു മായാജാലം പോലെയിരുന്നു. ഇരുണ്ട രാത്രിയിലെ ചാര നിറത്തിൽ നിന്ന് ഞെട്ടിപ്പിക്കുന്ന തിളക്കമുള്ള നീലയിലേക്ക് എത്താന്‍ നിമിഷങ്ങൾ മതിയായിരുന്നു.
നോക്കി നിൽക്കെ മണൽ തിളങ്ങി, തെങ്ങോലകൾ ആടിക്കളിച്ചു, കുളിർമയുള്ള കടൽക്കാറ്റ് പാറപ്പുറം കടന്ന് തീരത്തേക്ക് പടർന്നെത്തി തണുപ്പ് വിതറി. നാട്ടുകാരനായ മുക്കുവൻ ആ പുലരിയിലെ തന്റെ സമ്പാദ്യമായ കക്കകളും ശംഖുകളുമായി കടന്നുപോയി. ആ പാറക്കെട്ടുകളുടെ സുരക്ഷിതത്വത്തിൽ വേലിയിറക്കമെത്തുവോളം കടലിൽ ഞാൻ നീന്തി തുടിച്ചു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സമുദ്രതീരമായാണ് ഈ പ്രദേശത്തെ കണക്കാക്കുന്നത്.
സായാഹ്നത്തിൽ ഞാൻ വീണ്ടും ആ സ്ഥലത്തു തന്നെ പോയി നിന്നു. കിഴക്കിനു പകരം പടിഞ്ഞാറേക്കായിരുന്നു ഇത്തവണ നിന്നത് എന്നു മാത്രം.. സൂര്യൻ കടലിലേക്ക് മറഞ്ഞു നിമിഷങ്ങൾക്കുള്ളിൽ പാസിക്കുഡ പിങ്ക് വെളിച്ചത്തിൽ കുളിച്ചു. സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്ത് കാണുന്ന മാന്ത്രികത എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. ഗ്രീൻ ആൽഗേ ബേയുടെ യഥാർഥ മായാജാലം അതായിരുന്നു.