ദിനോസറിന്റെ കാലടയാളം, ഫെയറി പൂൾസ്, പുരാതന കോട്ടകൾ... പ്രകൃതിഭംഗിയും ചരിത്രവും ഒന്നിക്കുന്ന സുന്ദരകാവ്യമായ സ്കോട്ട്ലൻഡിലെ സ്കൈ ദ്വീപ്...
Mail This Article
സ്കോട്ട്ലൻഡിലെ ഇൻവേൺസിൽ നിന്ന് ദേശീയപാത എ82 ലൂടെ സ്കൈദ്വീപിലേക്കുള്ള ഡ്രൈവ് ഗംഭീരമായിരുന്നു. വഴിയിൽ ലോക്നെസ് സെന്ററിലെയും ഈലിയൻ ഡൊനാൻ കാസിലിലെയും കാഴ്ചകൾ മികച്ച അനുഭവങ്ങളായി. സ്കോട്ട്ലൻഡിന്റെ മുഖ്യഭൂമിയെ ദ്വീപുമായി ബന്ധിപ്പിക്കുന്ന ദി സ്കൈ ബ്രിജിനു മുൻപുള്ള ഗ്യാസ് സ്‌റ്റേഷൻ എത്തിയതോടെ എല്ലാം മാറി.
ഗ്യാസ് സ്‌റ്റേഷനോട് ചേർന്ന് തന്നെ ഒരു ചായക്കട.പേര് മുംബൈ തിസിൽ. അവിടെ നിന്ന് . ഇഞ്ചിച്ചായ നുണഞ്ഞു. ഇന്ത്യൻ രുചി വിളമ്പിയ കടക്കാരുമായി സംസാരിച്ചു. ഉടമസ്ഥൻ എന്റെ സ്വന്തം നാടായ വയനാട്ടിൽ നിന്നുള്ള ആളാണ്. സഹായിയായ സ്ത്രീയാകട്ടെ കോട്ടയത്തു നിന്നുള്ളവരും.
നിറത്തുള്ളികളണിഞ്ഞു പോർട്രീ
തുടക്കം തന്നെ മധുരം നിറഞ്ഞതായാൽ പിന്നാലെ വരുന്നതെല്ലാം അതിനെക്കാൾ മധുരം തുളുമ്പുന്നതാകാറാണ് പതിവ്. പാലം കടന്നപ്പോഴേക്കു കടൽ പ്രക്ഷുബ്ധമായി, മേഘങ്ങൾ മഴ കോരിച്ചൊരിയുമെന്നു ഭീഷണി മുഴക്കി... സ്കോട്ട്ലൻഡിന്റെ ഈ ഭാഗത്ത് അതൊന്നും അപ്രതീക്ഷിതമല്ല. ഇത്തരം സാഹചര്യങ്ങളിൽ ആശ്വസിക്കാൻ ഫ്ലാസ്ക് നിറയെ ചായ മേടിച്ചിരുന്നു.
ഏറെ വ്യത്യസ്തമായ പാറക്കെട്ടുകളും മധ്യകാല കോട്ടകളും ചേർന്ന് അതിപുരാതനത്വം നിറഞ്ഞ ഭാവുകമാണു സ്കൈ ദ്വീപുകൾക്ക്. പോകുംവഴി ബ്രോഡ്ഫോഡ് ഞങ്ങളുടെ മനം കവർന്നതിനാൽ അന്ന് അവിടെ തങ്ങി. അടുത്ത നാളാണു സ്കൈ ദ്വീപിന്റെ ചെറുതെങ്കിലും മനോഹരമായ തലസ്ഥാനം പോർട്രീയിൽ എത്തിച്ചേർന്നത്. തുറമുഖത്തിനു ചുറ്റുമായി, വർണങ്ങൾ വാരി വിതറി കെട്ടിപ്പടുത്ത ഇഷ്ടികക്കെട്ടിടങ്ങൾ നഗര ചത്വരത്തിലും പരിസരങ്ങളിലും തിങ്ങിനിറഞ്ഞു.
അവിടെ നിന്നു ഗ്ലെൻബ്രിട്ടിലിലെ ഫെയറി പൂൾസിലേക്ക് എത്തുക എളുപ്പമായിരുന്നു. അരമണിക്കൂർ സഞ്ചാരം മാത്രം. നന്നേ ചെറിയ പാർക്കിങ് സൗകര്യം മാത്രമുള്ള അവിടെ എത്ര േനരത്തെ എത്താമോ അത്രയും നല്ലതാണ്. മൗണ്ട് കിള്ളിനനിലെ വെള്ളച്ചാട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന ജലം പ്രകൃതി തന്നെ വെട്ടിയിറക്കിയതുപോലുള്ള പാറക്കെട്ടുകൾക്കിടയിൽ പതിച്ച് കണ്ണാടി പോലുള്ള വെള്ളം നിറഞ്ഞ കുളങ്ങൾ രൂപപ്പെട്ടിരിക്കുന്നു. കണ്ടാൽ നീന്തിത്തുടിക്കാൻ കൊതി തോന്നും. എങ്കിലും വെള്ളം കവിഞ്ഞൊഴുകുന്ന പ്രദേശങ്ങളിലൂടെ നടന്ന് അവിടേക്ക് എത്തുക അത്ര സുഗമമായി തോന്നിയില്ല.
സ്കോട്ട്‌ലൻഡിന്റെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപുകളിൽ ഏറ്റവും വലുതാണ് സ്കൈ ദ്വീപ്.
കടിക്കുന്ന ഒരുതരം ചെറു ഈച്ചകളുണ്ട് സ്കൈ ദ്വീപിൽ. വേനൽക്കാലത്ത് അവയുടെ ശല്യം വർധിക്കും. പ്രത്യേകിച്ച്, മേയ് അവസാനം മുതൽ സെപ്റ്റംബർ ആദ്യം വരെ. ഇവ അപകടകാരികളല്ല. എന്നാൽ കടിയേറ്റാൽ അസ്വസ്ഥതയും ചൊറിച്ചിലും ചുവന്ന തിണർപ്പുകളും അപൂർവമായി നീരും ഉണ്ടാകാം.
സ്‌റ്റഫിൻ ബീച്ചിൽ വേലിയിറക്ക സമയത്ത് ദൃശ്യമാകുന്ന ദിനോസറിന്റെ കാലടയാളം, 800 വർഷത്തോളമായി മക്ളിയോഡ് വംശത്തിന്റെ അഭയസ്ഥാനമായിരുന്ന ഡുനവേഗൻ കോട്ട തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ചില ആകർഷണങ്ങൾ.