ADVERTISEMENT

ഫെയറി പൂളിൽ നിന്ന് നീണ്ട യാത്രയായിരുന്നു നീസ്റ്റ് പോയിന്റിലേക്ക്. കാലാവസ്ഥയെ വെല്ലുവിളിച്ച് ഇടുങ്ങിയ വഴികളിലൂടെ വാഹനം നീങ്ങി. ആ വഴിയിലെ ഡ്രൈവർമാർ എല്ലാരും മര്യാദക്കാരും ‘പാസിങ് പ്ലേസ്’ എന്ന ബോർഡുകൾക്ക് പരിഗണന നൽകുന്നവരും ആയിരുന്നു. എന്നാൽ ചെമ്മരിയാടുകൾക്ക് അതൊന്നും ബാധകമായിരുന്നില്ല. അതുകൊണ്ട് ഈ നിലവാരം കുറഞ്ഞ പർവത വഴികളിൽ വണ്ടി ഓടിച്ചു പോകാൻ ക്ഷമയും ശ്രദ്ധയും ആവശ്യമാണ്.


വഴുക്കൻ പാതകളിലൂടെ കയറി ഇറങ്ങി ചരിവുകളും പാറ ഇടുക്കുകളുമൊക്കെ താണ്ടി. ഈ ദ്വീപിൽ ജനസംഖ്യ നന്നേ കുറവാണ്. പ്രദേശവാസികളെക്കാൾ കൂടുതൽ ആടുകളുണ്ടെന്ന് ഒറ്റനോട്ടത്തിൽ തോന്നും.

ADVERTISEMENT


പ്രകൃതിയുടെ ഇന്ദ്രജാലം
സ്കൈ ഐലൻഡിന്റെ പടിഞ്ഞാറേ അറ്റത്താണ് നീസ്റ്റ് പോയിന്റ് ലൈറ്റ് ഹൗസ്. അതിനു താഴെയുള്ള കടലിന്റെ കാഴ്ച ഏറെ കമനീയമാണ്. സൂര്യാസ്തമയം കാണാൻ പാകത്തിന് അവിടെത്തിയാൽ തിരികെ പോകുന്നത് പ്രകൃതിയുടെ ഇന്ദ്രജാലത്തിൽ മനം നിറഞ്ഞായിരിക്കും.


ഈ സ്ഥലം സ്കോട്ട്ലൻഡിലെ പ്രശസ്തമായ ലൈറ്റ് ഹൗസിന്റേതായത് വെറുതെയല്ല. മുനമ്പിലെത്തിയാൽ പ്രാദേശിക ജീവജാലങ്ങളെ, പ്രത്യേകിച്ച് തിമിംഗലങ്ങൾ, ഡോൾഫിനുകളെപ്പോലുള്ള പോർപോയിസുകൾ, പലവിധം കടൽപ്പക്ഷികൾ ഒക്കെ കണ്ണിനു വിരുന്നാകും. ‌‌

dunvegan
ADVERTISEMENT


ഞങ്ങൾ അന്ന് പോർട്രീയിൽ താമസിച്ചു, ഏറെ വൈകിയുള്ള അന്തിനടത്തവും സ്വാദിഷ്ടമായ അത്താഴവും അവിടത്തെ ഹൈലൈറ്റ് ആയിരുന്നു. ദ്വീപിലെ ഏറ്റവും ‘ഫ്രഷ് ഫിഷ്’ അതാണ് പോർട്രീയുടെ സവിശേഷത.


അടുത്ത ദിവസം ഫെയറി ഗ്ലെൻ ലക്ഷ്യമാക്കി വണ്ടി വിട്ടു. അന്ന് ആകെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.  എങ്കിലും സ്റ്റാർ ഡസ്റ്റ് എന്ന ചലച്ചിത്രം ഷൂട്ട് ചെയ്ത ലൊക്കേഷൻ ഏറെ മികച്ചതായിരുന്നു. ബസാൾട്ട് ശില മുകളിൽ പതിച്ചതുപോലെയുള്ള കുന്ന് ദൂരക്കാഴ്ചയില്‍ പുരാതനമായ കോട്ട പോലെ തോന്നി. അതിന്റെ വിളിപ്പേരു പോലും കാസിൽ ഇവാൻ എന്നാണ്. അതിസാഹസത്തിൽ താൽപര്യമുള്ളവർക്ക് ആ കുന്നിൻമുകളിലേക്ക് കയറുന്നതിനെപ്പറ്റി ചിന്തിക്കാം.‌

മാന്ത്രികമായ ഇടങ്ങൾ
 സ്കൈ ദ്വീപുകളുടെ മാന്ത്രികതയിൽ അലിഞ്ഞു പോകാത്തവർ കാണില്ല. അവിടെ എന്തു കണ്ടാലും എന്തോ ഒരു ഗൂഢത ഒളിപ്പിച്ചിട്ടുള്ളതായി തോന്നും. ദ്വീപ് സന്ദർശനത്തിൽ അൽപം ലഹരി കൂടി കലർത്തണമെങ്കിൽ ഇവിടത്തെ ഏതെങ്കിലും ഡിസ്റ്റിലറി കണ്ടാല്‍ മതി. പ്രത്യേകിച്ച് ടാലിസ്കേർ ഡിസ്റ്റിലറി. ഇത് സ്കൈ ദ്വീപിലെ ഏറ്റവും പഴയ വിസ്കി ഡിസ്റ്റിലറിയാണ്.

ADVERTISEMENT


ഇവിടത്തെ അടുത്ത ആകർഷണമാണ് ഓൾഡ് മാൻ സ്റ്റോർ. ഫൊട്ടോഗ്രഫർമാരുടെ സ്വപ്നം എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. പോർട്രീയിൽ നിന്ന് ഏറെ അകലെയൊന്നുമല്ലാത്ത, കടൽ നിരപ്പിൽ നിന്ന് 160 അടി ഉയരം മാത്രമുള്ള ഈ സ്ഥലം ദ്വീപിലെ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.  കൂടാതെ ഒട്ടേറെ നാടൻ കഥകളുടെ പ്രഭവ സ്ഥാനവും.
അതിൽ ഏറെ പ്രചാരമുള്ളതാണ് ദ്വീപിൽ ആരെയും പരിഗണിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്ന ഒരു ഭൂതത്തിന്റെ കഥ. അത് വീണ് മരിച്ചപ്പോൾ ഭൂമി അതിനെ മണ്ണിട്ടു മൂടിയെന്ന് കഥ. പാറക്കെട്ടുകളുടെ വലിയ കൂർത്ത മുനകൾ അതിന്റെ കയ്യിലെ വിരലുകളാണത്രേ!


സ്കൈ ദ്വീപുകളെ മറക്കാനാവാത്തതാക്കുന്ന കുറേ കാര്യങ്ങളുണ്ട്. അനന്യമായ പ്രകൃതി ദൃശ്യങ്ങളും ഉൾക്കടലുകളും പാറക്കെട്ടുകളും മലകളും തീരപ്രദേശവുമൊക്കെയാണ്. അലതല്ലുന്ന കടലിന്റെ ശബ്ദം ഇപ്പോഴും എന്റെ ചെവികളില്‍ മുഴങ്ങുന്നു. നിമിഷം കൊണ്ടെന്ന വിധമുള്ള കാലാവസ്ഥാമാറ്റവും തീരത്ത് കളിച്ചു തിമിർക്കുന്ന ഓട്ടറും പാദങ്ങൾ തഴുകിപ്പോകുന്ന കാറ്റും ഒന്നും  നമ്മെ വിട്ടു പോകുന്നില്ല.  അക്കൂടെ ആ മലയാളികളുടെ ഇഞ്ചിച്ചായയുടെ രുചിയും...  അതേ, സ്കൈ ദ്വീപിൽ പോയി വന്നാൽ ആ ദ്വീപിന്റെ അനുഭവങ്ങളിൽ നിന്നു നാം പെട്ടെന്ന് മോചിതരാകുന്നില്ല...

ADVERTISEMENT