ADVERTISEMENT

ഡിസംബറിന്റെ നിലാവിനെ മൂടുപടമണിയിച്ച് റോമിൽ മഞ്ഞു പെയ്യുകയാണ്. അർധരാത്രി കഴിഞ്ഞാലും നഗരം ഉറങ്ങാറില്ല. ക്രിസ്തുവിന്റെ പിറന്നാൾ, പുതുവത്സര ദിനം – രണ്ടു സന്തോഷ ദിനങ്ങളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പുരാതന നഗരം. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ എത്തിയിട്ടുണ്ട്. അവരിലേറെയും മെഴുകുതിരി തെളിച്ചാണ് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കു ചേരുന്നത്. ആചാരപരമായ ചടങ്ങുകൾ വത്തിക്കാനിലെ ബസലിക്കയിലാണ്. മറ്റു പ്രദേശങ്ങളിൽ ഉത്സവത്തലേന്നാൾ എന്നപോലെ ഒത്തുചേരലിനുള്ള ഒരുക്കങ്ങളാണ്. തെരുവുകൾ വൈദ്യുത അലങ്കാരങ്ങളിൽ മുങ്ങിക്കഴിഞ്ഞു.

rome3

എല്ലാ വർഷവും ക്രിസ്മസിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ക്രിസ്മസ് ട്രീ ഒരുക്കാറുള്ളത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ കാർമികത്വത്തിൽ ക്രിസ്മസ് ആചാരങ്ങൾ കഴിഞ്ഞ് ജനങ്ങൾ ഒഴുകിയെത്തുന്ന സ്ഥലമാണു സെന്റ് പീറ്റേഴ്സ് ചത്വരം. ഇവിടെ ഒരുക്കുന്ന പുൽക്കൂട് അതിമനോഹരമാണ്. ക്രിസ്മസ് സന്ദേശം കൈമാറാനുള്ള വേദിയുമാണ് ഈ ചത്വരം. ഡിസംബർ രണ്ടാം വാരം സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് പരേഡ് നടത്താറുണ്ട്. നമ്മുടെ നാട്ടിലെ പ്രദക്ഷിണം പോലെ വർണശഭളമാണ് പരേഡ്.

romen2
ADVERTISEMENT

സെറാമിക് ശിൽപങ്ങളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആകർഷണം. ഈ ശിൽപങ്ങൾ തെരാമോയിൽ നിന്നു കൊണ്ടു വന്നതാണ്. ഗ്രീക്ക്‌- സുമേറിയൻ- ഈജിപ്ഷ്യൻ ശൈലിയിലാണ് നിർമാണ്. ചിറകു വിടർത്തിയ ഗബ്രിയേൽ ദൈവദൂതൻ, ഔസേപ്, മറിയം, ഉണ്ണിയേശു, നക്ഷത്രം പുൽക്കൂട് എന്നിങ്ങനെ മനോഹര ദൃശ്യമാണിത്. ക്രിസ്മസ് ആഘോഷം തുടങ്ങുന്നത് ചർച്ച് ഓഫ് സാന്താ മരിയ മഗ്രിയോറെയിലാണ്. ഇവിടെയുള്ള മ്യൂസിയം റോമിന്റെ ക്രിസ്മസ് ആഘോഷത്തിലെ പാരമ്പര്യം വ്യക്തമാക്കുന്നു.

വിളക്കു തെളിഞ്ഞ തെരുവുകൾ

ADVERTISEMENT

പിയാസ്സ ഡി സ്പാഗനയുടെ സമീപത്താണ് ഷോപ്പിങ് സ്ട്രീറ്റ്. രാത്രി പന്ത്രണ്ടു വരെ ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കാണ്. കാസ്റ്റൽ സാൻ'ആഞ്ചലോ പ്രദേശത്താണ് ക്രിസ്മസ് മാർക്കറ്റ് ഒരുക്കിയിട്ടുള്ളത്. സംഗീത വിദ്വാന്മാരും കലാകാരന്മാരും അവിടെ രസകരമായ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

romen

പിയാസ ഡെൽ പോപോള എന്ന പ്രദേശം പുതുവത്സരാഘോഷം വരെ ഉത്സവത്തിമിർപ്പിലാണ്. മേളകളും സാംസ്കാരിക പരിപാടികളുമായി ഇവിടെ നടത്തുന്ന ആഘോഷത്തെ വാർഷികോത്സവമെന്നു വിശേഷിപ്പിക്കാം. ന്യൂ ഇയർ ആഘോഷിക്കാൻ റോമിലെത്തുന്നവർ ഒത്തു ചേരുന്നത് പിയാസ ഡെൽ പോപോളയിലാണ്.

ADVERTISEMENT

നിർമിതികളുടെ അനുപമ സൗന്ദര്യമാണ് റോമിലെത്തുന്നവരിൽ കൗതുകം നിറയ്ക്കുന്നത്. കാപിറ്റോളിൻ വോൾഫ് അക്കൂട്ടത്തിൽ വേറിട്ടതാണ്. റോമിന്റെ സ്ഥാപകരുടെ ചരിത്രത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. വെങ്കല ശിൽപങ്ങളെ ‘റോമിന്റെ ഉത്ഭവ’ ദൃശ്യങ്ങളെന്നു വിശേപ്പിക്കാറുണ്ട്.

സെന്റ് മാർക്സ് ബസിലിക്ക കാഴ്ചയുടെ കേദാരമാണ്. ബിബ്ലിക്കൽ സീനറികളും സുവർണ ചിത്രങ്ങളും കാഴ്ചക്കാർക്ക് അദ്ഭുതം പകരുന്നു. ചരിത്രം ചിത്രങ്ങളിലൂടെ കൈമാറുന്ന നിർമിതിയാണ് സെന്റ് മാർക്സ് ബസിലിക്കയെന്നു പറയാം. എഡി 212ൽ നിർമിച്ചുവെന്ന് ആലേഖനങ്ങൾ വ്യക്തമാക്കുന്ന ബാത്ത്സ് ഓഫ് സിരാക്കല റോമിലെ ഏറ്റവും വലിയ സ്നാനകേന്ദ്രമായി അറിയപ്പെടുന്നു.

കൊളോസസ് ഓഫ് കോൺസ്റ്റാന്റിൻ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിൻ ചക്രവർത്തിയുടെ ശിൽപം കാണാനെത്തുന്നവർക്ക് മ്യൂസിയവും മറ്റു പുരാതന നിർമിതികളും സന്ദർശിക്കാം. മ്യൂസിയങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന ക്യാപിറ്റോളിൻ ഹിൽ ഇതിൽ നിന്നു വ്യത്യസ്തമായ ചരിത്രക്കാഴ്ചയാണ്. ഹാദ്രിയാൻ ചക്രവർത്തി നിർമിച്ച ഹാദ്രിയാൻ മുസോളിയമാണ് വലുപ്പത്തിൽ മികച്ചതെന്നു പറയാവുന്ന മറ്റൊരു നിർമിതി. അതേസമയം, സെന്റ് ആഗ്‌നസ് രക്തസാക്ഷിയായ ഡൊമിഷ്യൻ േസ്റ്റഡിയത്തിന്റെ ഓർമകളാണ് ചിയേസ ഡെ സാന്റഗ്നീസ്.

ക്രിസ്മസിന് റോമിൽ കാണാനുള്ളത്

romen3

മൈക്കൽ ആഞ്ചലോയുടെ പിയേത്തയ്ക്കു മുന്നിൽ നിന്നു ഫോട്ടോ എടുക്കാനായി തിരക്കു കൂട്ടുന്ന വിദേശികളെ റോമിൽ കാണാം. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ലോകപ്രശസ്തമായ പിയേത്ത ശിൽപം.

കൊളോസിയമാണ് റോമിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം. ക്രിസ്മസ് വിരുന്നെത്തുന്ന ഡിസംബറിൽ കൊളോസിയത്തിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. കൊളോസിയത്തിനു മുന്നിൽ ക്രിസ്മസ് ട്രീ ഒരുക്കാറുണ്ട്.

rome

പുരാതന റോമൻ ക്ഷേത്രമെന്ന് അറിയപ്പെടുന്ന പാന്തിയോൺ, സെന്റ് ആന്റണിയുടെ സ്മരണയ്ക്കായി നിർമിച്ച സാന്റ് അന്റോണിയോ ഡെ പോർട്ടോഗസി, റോമിൽ നിലനിൽക്കുന്ന ജാപ്പനീസ് ആരാധനാലയമെന്ന് അറിയപ്പെടുന്ന സാന്റ മരിയ ഡെലോർട്ടോ, വിക്ടർ ഇമ്മാനുവൽ രണ്ടാമന്റെ ഓർമയ്ക്കായി നിർമിച്ച ദേശീയ സ്മാരകം എന്നിവിടങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി അറിയപ്പെടുന്നു.

ചാപ്പലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ക്രിസ്മസ് ആഘോഷിക്കുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദേശിക ടൂർ ഏജന്റുമാർ പാക്കേജ് ട്രിപ്പ് നടത്തുന്നുണ്ട്. എളുപ്പത്തിൽ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാവുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുള്ളതിനാൽ റോമിലെത്തുന്ന വിദേശികൾ ഇത്തരം ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കുന്നു.

ADVERTISEMENT