ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റ്, ഇവിടെയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികൾ, സ്ട്രാസ്ബെർഗിലെ ക്രിസ്മസ് കുറച്ച് സ്പെഷലാണ്!
Mail This Article
ജർമനിയിലെ ഹാംബർഗിൽ നിന്നും ഏതാണ്ട് ആറു മണിക്കൂർ യാത്രയുണ്ട് സാർബ്രൂക്കനിലേക്ക്. അവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റായ സ്‌ട്രാസ്ബെർഗിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഡിസംബർ മാസം ഇവിടം മറ്റൊരു മായാലോകമായി മാറുന്നു. എങ്ങും ആഘോഷത്തിന്റെ വൈബ്. അതിന് മാറ്റുകൂട്ടുന്നത് അന്തരീക്ഷത്തിലെപ്പോഴും അലിഞ്ഞുതീരുന്ന ക്രിസ്മസ് ഗാനങ്ങളാണ്. എല്ലാ മുഖങ്ങളിലും ആഘോഷത്തിന്റെ ചിരി. മരങ്ങളിലെ മഞ്ഞുത്തുള്ളികൾ പോലും വെളിച്ചത്തിന്റെ തലോടലിൽ പുഞ്ചിരിക്കുന്നു. ആകാശത്ത് നിന്നും ഒരായിരം നക്ഷത്രം ഭൂമിയിൽ വീണ പോലെ സുന്ദരമാണ് സ്‌ട്രാസ്ബെർഗിലെ ക്രിസ്മസ്ക്കാലരാത്രികൾ. മണിക്കൂറുകൾ ഇടവിട്ട് ‘ക്രിസ്മസ് അപ്പൂപ്പൻ പറക്കുന്ന കാഴ്ച’യാണ് ഹാംബർഗ് ക്രിസ്മസ് മാർക്കറ്റിലെ ഹൈലൈറ്റ്. ഇതു കാണാൻ ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്. വലിയ ഒരു കേബിളിൽ കൂടിയാണ് തന്റെ വാഹനത്തിൽ സാന്റാ ആകാശത്തിലൂടെ പറക്കുന്നത്. ഈ കേബിൾ യാത്രയ്ക്കിടെ ക്രിസ്മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞയാൾ ക്രിസ്മസ് സന്ദേശം നൽകും.
ക്രിസ്മസ് മാർക്കറ്റ്, തുടക്കം ജർമനിയിൽ
14-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡ്രെസ്ഡൻ, ന്യൂറംബർഗ്, ഫ്രാങ്ക്ഫർട്ട്, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ക്രിസ്മസ് മാർക്കറ്റുകൾ ആരംഭിച്ചതായി പറയപ്പെടുന്നു. ആദ്യം അവയെ "വിന്റർമാർക്കറ്റ്" എന്നാണ് വിളിച്ചിരുന്നത്. സാധാരണയായി നവംബർ അവസാനമോ ഡിസംബർ ആദ്യമോ അവ തുറക്കും. ആളുകൾ ശൈത്യകാലത്തേക്കുള്ള വസ്ത്രങ്ങൾ , ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിവ വാങ്ങാൻ ഈ മാർക്കറ്റിനെ ആശ്രയിച്ചു തുടങ്ങി. പിന്നീട് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അവ മതപരമായ ഉത്സവങ്ങളുമായി ലയിച്ചു. നേറ്റിവിറ്റി അലങ്കാരങ്ങൾ, മണികൾ, മധുരപലഹാരങ്ങൾ, മൾഡ് വൈൻ (ഗ്ലൂവെയ്ൻ) എന്നിവ വിൽക്കുന്ന പരമ്പരാഗത സ്റ്റാളുകൾ വിപണികളുടെ പ്രധാന ആകർഷണങ്ങളായി മാറി. ക്രിസ്മസ് മാർക്കറ്റുകൾ പിന്നീട് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഫ്രാൻസ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നിവ അവരുടേതായ ശൈലിയിൽ സ്വന്തം മാർക്കറ്റുകൾ തുറന്നു. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ലോകമെമ്പാടും ക്രിസ്മസ് മാർക്കറ്റുകൾ പ്രചാരത്തിലായി. അസ്ഥിയിലേക്ക് അരിച്ചിറകുന്ന തണുപ്പിനെ ശമിപ്പിക്കാൻ ഗ്ലുവൈൻ (ചൂടാക്കി വിളമ്പുന്ന മുൾഡ് വൈൻ ) കുടിക്കാം. കമ്പിളി വസ്ത്രങ്ങൾ , കരകൗശല വസ്തുക്കൾ , പലതരം സോസേജുകൾ വറുത്ത ചെസ്നട്ടുകൾ , പച്ചസാര ലായനിയിൽ കുളിപ്പിച്ച ചൂടൻ ബദാം തുടങ്ങി മാർക്കറ്റിന്റെ കാഴ്ചകൾ പലതാണ്. ജർമൻ മാർക്കറ്റ് ചുറ്റി നടന്നു കാണുമ്പോഴും മനസ്സിൽ മുഴുവൻ യൂറോപ്പിന്റെ ക്രിസ്മസ് കാപിറ്റലായ സ്‌ട്രാസ്ബെർഗാണ്. ഈ യാത്രയുടെ പ്രധാന ഉദ്ദേശവും ഫ്രാൻസിന്റെ കിഴക്ക്, റൈൻ നദിയുടെ സംഗീതത്തിൽ ലയിച്ചുകിടക്കുന്ന സ്‌ട്രാസ്ബെർഗ് നഗരത്തിലേക്കുള്ള യാത്രയാണ്.
സ്ട്രാസ്‌ബർഗ് മായാലോകം തുറക്കുന്നു
ക്രിസ്മസ് കാലം സ്ട്രാസ്ബെർഗിൽ ഉത്സവകാലമാണ്. താമസ സ്ഥലങ്ങൾ എല്ലാം സഞ്ചാരികളെകൊണ്ട് നിറയും. ഏതാണ്ട് ഇരുപത് ലക്ഷത്തോളം സഞ്ചാരികളാണ് ഇവിടേയ്ക്ക് ക്രിസ്മസ് കാലത്തു മാത്രം എത്തിച്ചേരാറുണ്ടത്രേ. മിക്ക ഹോട്ടലുകളും മാസങ്ങൾക്ക് മുൻപേ ബുക്കിങ് അവസാനിപ്പിക്കും. സ്ട്രാസ്ബർഗിലെ പ്ലാസ് ബ്രോഗ്ലി (Place Broglie) മുതൽ പ്ലാസ് ദെ ലാ കത്തീഡ്രാൽ (Place de la Cathédrale) വരെ നീളുന്ന തെരുവുകൾ മുന്നൂറോളം ക്രിസ്മസ് സ്റ്റാളുകൾ കൊണ്ട് നിറയും. ലോകത്തിന്റെ പല നാടുകളിൽനിന്നുള്ള കലാകാരൻമാർ ഒരുക്കുന്ന കരകൗശല വസ്തുക്കളും തനത് ജർമൻ - ഫ്രാൻസ് ഭക്ഷണങ്ങളും ഈ മാർക്കറ്റിന്റെ പ്രത്യേകതയാണ്. സ്ട്രാസ്‌ബർഗിന്റെ ഗ്രാൻഡ് ഐൽ (Grande Île) പ്രദേശം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ട്രാസ്‌ബർഗ് കത്തീഡ്രൽ (Cathédrale Notre-Dame de Strasbourg) ഈ പട്ടണത്തിന്റെ ഭംഗി ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് തല ഉയർത്തി നിൽക്കുന്നു. മനോഹരമായ കനാലുകൾ, തടിയിൽ നിർമ്മിച്ച പുരാതന ദേവാലയം, തനതു ഭക്ഷണ വിഭവങ്ങൾ, കല്ലുകൾ പാകിയ നടപ്പാതകൾ ഇവയെല്ലാം ഈ പട്ടണത്തെ വേറിട്ട് നിർത്തുന്നു.
അമ്പമ്പോ! കൂറ്റൻ ക്രിസ്മസ് ട്രീ
സ്ട്രാസ്ബെർഗ് ക്രിസ്മസ് മാർക്കറ്റിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അവിടുത്തെ കൂറ്റൻ ക്രിസ്മസ് ട്രീയാണ്.ഏതാണ്ട് മുപ്പത് മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ മരം ഓരോ വർഷവും ഇവിടുത്തെ വനത്തിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കുന്ന മരങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. പിന്നണിയിൽ ഉയരുന്ന സംഗീതത്തിന്റെ ചുവടുപിടിച്ചു ഈ ക്രിസ്മസ് ട്രീയിൽ വിളക്കുകൾ തെളിയുമ്പോൾ അത് വേറിട്ടൊരു അനുഭവമായി മാറുന്നു.
സ്ട്രാസ്ബെർഗിലെ ക്രിസ്മസ് മാർക്കറ്റിനു ,ചൂടുപിടിപ്പിച്ച വീഞ്ഞിന്റെ ഗന്ധമാണ്. ഞങ്ങൾ ഫ്രഞ്ച് ദമ്പതികളായ മാർക്കും ക്ലെയെറും നടത്തുന്ന സ്റ്റാളിൽ നിന്നും വീഞ്ഞിന്റെ രുചി നുകർന്നു. വീഞ്ഞ് പകർന്നു നൽകുന്ന കപ്പിനുമുണ്ട് ഈ പട്ടണത്തിന്റെ കയ്യൊപ്പ്. മാർക്കറ്റിന്റെ വർണചിത്രം ആലേഖനം ചെയ്ത കപ്പ് തിരികെ നൽകിയാൽ 2 യൂറോ മടക്കി നൽകും. സഞ്ചാരികളുടെ വരവ് കൂടിക്കൊണ്ടിരുന്നു. ഞങ്ങൾ ജർമൻ വിഭവമായ സ്പാറ്റ്സിൽ പരീക്ഷിക്കാൻ തീരുമാനിച്ചു.ഏതാണ്ട് പാസ്തയുടെ ജർമൻ വകഭേദം. നല്ല കൊഴുത്ത ക്രീമും ചീസും ചിക്കനും മഷ്‌റൂമും ചേർത്ത ഈ വിഭവം വാങ്ങാനാണ് തിരക്കേറെയും. അൽപനേരത്തെ കാത്തിരിപ്പിന് ശേഷം വിഭവം കയ്യിൽ എത്തി. സംഗീതത്തിനൊപ്പം നൃത്തം വെക്കുന്ന ക്രിസ്മസ് ട്രീയെ സാക്ഷിയാക്കി തണുപ്പത്ത് ചൂടൻ വിഭവം അകത്താക്കി സ്‌ട്രസ്‌ബെർഗ് കത്തീഡ്രൽ ലക്ഷ്യമാക്കി നടന്നു.
പാവകളാൽ അലങ്കരിച്ച തെരുവ്
റൂ ഡ്യു മറോകാങിൽ ക്രിസ്മസ് കാലമായാൽ വീടുകൾ മുഴുവൻ പാവകൾകൊണ്ട് അലങ്കരിക്കും. അവിടെ വീടുകളുടെ മുകളിൽനിന്ന് താഴേക്ക് വലിയ ടെഡ്ഡി ബിയറുകൾ അലങ്കാരങ്ങളായി തൂങ്ങി കിടക്കുന്നു. ചിലത് ജനലിൽ നിന്ന് പുറത്തേക്ക് നോക്കുന്നു, ചിലത് മറ്റൊരാളുടെ കൈപിടിച്ച് നിൽക്കുന്നു. അവയുടെ പിന്നിൽ തിളങ്ങുന്ന ചെറിയ ലൈറ്റുകൾ, വെള്ളയും ചുവപ്പും ചേർന്ന അലങ്കാരങ്ങൾ. തെരുവിലെങ്ങും ചുട്ടെടുക്കുന്ന ചെസ്റ്റ്നട്ടിന്റെ ഗന്ധം. വാഫിൾസ്, ചോക്ലേറ്റ്, േസ്റ്റാല്ലൻ കേക്ക് എന്നിവയുടെ മധുരം. ഈ നാട്ടിലെ ശീതകാലത്തിന് ചൂട് പകരുകയാണ് ഓരോ ക്രിസ്മസ് കാലങ്ങളും. ഞങ്ങൾ എത്തിയപ്പോൾ, റൂ ഡ്യു മറോകാങ് (Rue du Maroquin) മുഴുവൻ സഞ്ചാരികളെകൊണ്ട് നിറഞ്ഞിരുന്നു. വീഥിയുടെ അറ്റത്ത് സ്ഥിതിചെയ്യുന്ന ലേ ടിയർ ബുഷോൺ (Le Tire-Bouchon) എന്ന പഴയ റസ്റ്ററന്റിന്റെ മുൻവശം, ഈ ആഘോഷത്തിന്റെ ഹൃദയം പോലെ തോന്നിക്കുന്നു. അതിന്റെ ജനലുകൾ എല്ലാം വലിയ ടെഡ്ഡി ബിയറുകളാൽ അലങ്കരിച്ചിരിക്കുന്നു. ആ കാഴ്ചയെ കാണാനായി ആളുകൾ കൂട്ടംകൂടി നിൽക്കുന്നു. ഈ കാഴ്ചകളെല്ലാം കണ്ടിറങ്ങുമ്പോൾ ഒരു മനോഹരസ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുന്ന അനുഭവമാണ്. ഞങ്ങളുടെ നടത്തം സ്ട്രാസ്ബെർഗ് കത്തീഡ്രലിന്റെ മുൻപിൽ അവസാനിച്ചു. ഒരുകാലത്തു ലോകത്തിലെ ഏറ്റവും ഉയരമേറിയ നിർമ്മിതിയായി തിളങ്ങിയിരുന്ന ഈ ദേവാലയം 1015ൽ റോമന്‍സ്കോയിസ് ശൈലയില്‍ നിർമ്മാണം ആരംഭിച്ചു. ഗോഥിക് ശൈലിയിൽ പണിപൂർത്തീകരിക്കുമ്പോഴേക്കും ഏതാണ്ട് നാല് നൂറ്റാണ്ടുകൾ പിന്നിട്ടു. പ്രവേശനസമയം കഴിഞ്ഞു പോയതിനാൽ പുറമെനിന്നുള്ള കാഴ്ചകൾ കണ്ടു ഞങ്ങൾക്ക് തൃപ്തിപ്പെടേണ്ടി വന്നു, യൂറോപ്യൻ ശൈത്യകാലത്തിന്റെ കുളിരിൽ മുങ്ങിയ ഈ പട്ടണവും അവിടെ കണ്ട ചിരികളും, ഞങ്ങളുടെ ഓർമ്മകളിൽ ഒരു പോസ്റ്റുകാർഡ് ചിത്രംപോലെ മായാതെ നിൽക്കുന്നു... അടുത്ത ക്രിസ്മസ്ക്കാലം വരെ ഓർമയായി ഇതുമാത്രം മതി.