ADVERTISEMENT

തെക്കൻ ഫിൻലൻഡിലെ കടലിനു നടുവിലെ ഒരു ദ്വീപിലാണ് നോർഡിക്ക് രാജ്യങ്ങളിലെ ഏറ്റവും വലിയ വിളക്കുമാടം ബെങ്‌സ്‌കാർ ലൈറ്റ്ഹൗസ് ഉള്ളത്.
 അവിടേക്കുള്ള യാത്ര പ്ലാൻ ചെയ്താൽ ബോണസായി കിട്ടുന്ന കാഴ്ചയാണ് സമീപത്തെ മറ്റൊരു ദ്വീപിലുള്ള റോസാല വീക്കിങ് ഗ്രാമം. വീക്കിങ് യുഗം (ഏകദേശം എ.ഡി. 800-1050 വരെയുള്ള കാലഘട്ടം) വ്യത്യസ്തവും രസകരവുമായി ഈ ചെറിയ ഗ്രാമത്തിൽ ചിത്രീകരിച്ചിരിക്കുന്നു. 


ഫിൻലൻഡിലെ തെക്കുപടിഞ്ഞാറൻ തുർക്കു ദ്വീപസമൂഹത്തിലെ കിമിറ്റോൻ ദ്വീപിലെ ഒരു മനോഹര ഗ്രാമമാണ് കാസ്നാസ്. ഹെൽസിങ്കിയിൽ നിന്നും ഏകദേശം മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്യണം ഇവിടെ എത്താൻ. കാസ്‌നാസിൽ നിന്നാണ് റോസാലയിലേക്കുള്ള ബോട്ട്. 30മിനിറ്റാണ് ബോട്ട് യാത്ര. റോസാലയിൽ നിന്ന് ബെങ്‌സ്‌കാർ ലൈറ്റ്‌ഹൗസിലേക്ക് വീണ്ടും 50 മിനിറ്റ് ബോട്ട് യാത്രയുണ്ട്.


ADVERTISEMENT

റോസാല വീക്കിങ് ഗ്രാമം


vkng

കാസ്‌നാസിൽ ഹാർബറിൽ ബോട്ടുകൾ കൃത്യ സമയത്തു തന്നെ എടുക്കും. അതിനാൽ അഞ്ചു മിനിറ്റു വൈകിയാൽ പോലും യാത്രാ പദ്ധതി മുടങ്ങും. കൃത്യനിഷ്ഠയിൽ ഇവരെ തോൽപ്പിക്കാൻ ആരുമില്ലെന്ന് സാരം. വേനൽക്കാലത്താണ് ഈ ബോട്ട് സർവീസുകൾ സജീവമായുള്ളത്. 

അര മണിക്കൂർ യാത്രയ്ക്ക് ശേഷം വീക്കിങ് ഗ്രാമത്തിൽ എത്തി.

ADVERTISEMENT

റോസാല, ഹിറ്റിസ് ദ്വീപുകളിലെ പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1992 ലാണ് ഈ വീക്കിങ് കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇവിടേക്ക് കടക്കുമ്പോൾ ഒരു ജാലകം തുറന്ന് ഭൂതകാലത്തിലേക്ക് പ്രവേശിക്കുന്നത് പോലെയുള്ള അനുഭവമാണ്!

 പേരുപോലെ തന്നെ വീക്കിങ് യുഗത്തിനെ പൂർണമായും പുനർനിർമ്മിച്ച ഗ്രാമം. ഫിന്നിഷ് ദ്വീപ് സമൂഹത്തിലെ വീക്കിങ് ചരിത്രത്തെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ മ്യൂസിയവും രണ്ടു വീക്കിങ് കപ്പലുകളും ഇവിടെയുണ്ട്. കൂടാതെ ഫിൻ‌ലൻഡിലെ ഇരുമ്പുയുഗ സംസ്കാരത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയും സഞ്ചാരികൾക്കു സമ്മാനിക്കുന്നു. ഒരു കൊല്ലപ്പണിക്കാരന്റെ പണിശാലയും, അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. പച്ചവിരിച്ച ഔഷധസസ്യത്തോട്ടമാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം.
 പ്രകൃതി സംരക്ഷണത്തിൽ നോർഡിക്കിലെ ജനങ്ങൾ പേരുകേട്ടവരാണ്. അതുകൊണ്ടുതന്നെ ഒരു പുൽനാമ്പ് പോലും ആരും നശിപ്പിക്കില്ല.



വീക്കിങ്ങുകൾ, ധീരരിൽ ധീരർ

vkng2
ADVERTISEMENT

വീക്കിങ് യുഗത്തിലെ പരമ്പരാഗത കളികളായ ഫെൻസിംഗ് ,'വാർപ', അമ്പെയ്ത് എന്നീ കായിക ഇനങ്ങൾ സഞാരികൾക്ക് പരീക്ഷിക്കാൻ ഈ ഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്.

‘ആയിരം വർഷങ്ങൾക്ക് മുൻപ് നോർവേ, സ്വീഡൻ, ഡെൻമാർക്ക് പോലുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിന്നുള്ള നാവികരായിരുന്നു വീക്കിങ്ങുകൾ. അവർ ധീരരായ യോദ്ധാക്കളും നാവികരും , മറ്റ് രാജ്യങ്ങളിൽ പര്യവേക്ഷണം നടത്തി യുദ്ധം ചെയ്‌തു കടൽ വഴി വ്യാപാരം നടത്തിയിരുന്നവരുമായിരുന്നു’. ഗൈഡ് പഴയ കഥകൾ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. വീക്കിങ് കാലചിത്രം ഓരോന്നായി മുന്നിൽ തെളിഞ്ഞു വന്നു.

ശക്തമായ കപ്പലുകൾ നിർമ്മിക്കുന്നതിൽ മിടുക്കരായിരുന്നത്രേ ഇവർ.

lighthouz

‘ബഹുദൈവ വിശ്വാസികളായ അവരുടെ ജീവിതരീതിയും, വസ്ത്രധാരണവും, വീടു നിർമ്മാണ ശൈലിയുമൊക്കെ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.



ഒരു ചീഫ്റ്റൈൻ ഹാൾ(Chieftain Hall) ഇവിടെയുണ്ട്. വീക്കിങ് ഗ്രാമത്തിലെ പ്രധാനപ്പെട്ട മുറിയാണ് ചീഫ്റ്റൈൻ ഹാൾ. 'നോർസ്' നേതാക്കൾ (നോർസ് എന്ന ജനവിഭാഗം വീക്കിങ് യുഗത്തിൽ നോർഡിക്കിൽ ജീവിച്ചിരുന്നവരാണ്.), അവരുടെ യോദ്ധാക്കൾ, കുടുംബങ്ങൾ, അതിഥികൾ എന്നിവരോടൊപ്പം വിരുന്നു കഴിക്കാനും പ്രധാന തീരുമാനങ്ങൾ എടുക്കാനും ഒത്തുകൂടുന്ന ഇടമായിരുന്നു ഇത്.
 വലിയ ഇരുണ്ട മുറി. നേരിയ പ്രകാശം പരത്തിക്കൊണ്ട് മെഴുകുതിരി വെട്ടങ്ങൾ മാത്രം. ഒരു പക്ഷേ, നമ്മളും വീക്കിങിന്റെ ഇരുണ്ട യുഗത്തിലേക്ക് പൂർണ്ണമായും പ്രവേശിച്ച പ്രതീതി.

vkng3

ബെങ്‌സ്‌കാർ ലൈറ്റ്ഹൗസ്

lighthouz2

ഒരു കുഞ്ഞു വടി പോലെ അകലെനിന്നും തോന്നിപ്പിക്കുന്ന വിളക്കുമാടം അടുത്തേക്ക് വരുന്തോറും മേഘങ്ങളെ തൊടാൻ വെമ്പുന്ന പോലെ വലിയ വിസ്മയ കാഴ്ചയായി മാറിക്കൊണ്ടിരുന്നു.
 

കടൽ വളരെ പ്രക്ഷുബ്ധമായിരുന്നു . ഞങ്ങൾ സഞ്ചരിച്ച രണ്ടു നിലകളുള്ള ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഇങ്ങനെയാണെന്ന് അടുത്തിരുന്ന തദ്ദേശീയർ പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിലും കാറ്റുണ്ടാകുമെന്നു ഓർമ്മപ്പെടുത്തിയിരുന്നു. ചിലപ്പോഴൊക്കെ കഠിനമായ കാലാവസ്ഥയും ഉയർന്ന തിരമാലകളും ബെങ്‌സ്‌കാറിൽ ബോട്ട് ഇറങ്ങുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് . ബോട്ടുകൾ ഇറക്കാനാവാതെ തിരിച്ചു വിട്ടിട്ടുണ്ടത്രേ. 


lighthouz3

ഫിൻലൻഡിലെ ഹാൻ‌കോയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദ്വീപ് സമൂഹത്തിലെ ഒരു പാറക്കെട്ടിലാണ് ബെങ്‌സ്‌കാർ ലൈറ്റ്ഹൗസ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 52 മീറ്റർ ഉയരത്തിലാണ് തലയെടുപ്പോടെ ഈ വിളക്കുമാടം. ബെങ്‌സ്‌കാർ സ്ക്വയറിൽ 1906 ൽ നിർമ്മിച്ചു. നോർഡിക് രാജ്യങ്ങളിലെ ഏറ്റവും ഉയരം കൂടിയ വിളക്കുമാടമാണ്. 1.5 ഹെക്ടർ വിസ്തൃതിയുള്ള പാറക്കെട്ടുകളുള്ള ചെറിയ ദ്വീപാണിത്.
 ഈ ലൈറ്റ്ഹൗസ് നിർമ്മാണത്തിനു മുൻപ്, ദ്വീപിനു ചുറ്റുമുള്ള അപകടകരമായ തിരകളിൽ നിരവധി കപ്പലുകൾ തകർന്നിരുന്നു.

lighthwz2

ഹാൻകോ തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിനായാണ് ഈ വിളക്കുമാടം നിർമ്മിച്ചത്. ആദ്യകാലങ്ങളിൽ വിളക്കുമാട സൂക്ഷിപ്പുകാരും അവരുടെ കുടുംബങ്ങളും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.
1995 ഓഗസ്റ്റ് മുതലാണ് ലൈറ്റ്ഹൗസ് ഒരു മ്യൂസിയമായതും സന്ദർശകരെ ആകർഷിച്ചു തുടങ്ങിയതും.


light

ഇന്ന് ലൈറ്റ്ഹൗസ് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. പ്രതിവർഷം 13,000 മുതൽ 15,000 വരെ വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കുന്നു.

lighthwz3

ചരിത്രവും പോരാട്ടങ്ങളും ഉറങ്ങുന്ന ദ്വീപ്. ഇവിടെ ലൈറ്റ്ഹൗസ് മ്യൂസിയം കൂടാതെ, ബെങ്റ്റ്സ്കാർ യുദ്ധത്തെക്കുറിച്ചുള്ള പ്രദർശനം, കഫേ, താമസത്തിനും മീറ്റിങ്ങുകൾക്കുള്ള സ്ഥലങ്ങൾ എന്നിവയുണ്ട് . മ്യൂസിയത്തിൽ 1941-ലെ ബെങ്‌സ്‌കാർ യുദ്ധത്തിന്റെ ചരിത്രം ചിത്രീകരിച്ചിരുന്നു. ഷെൽ പൊട്ടലുകളും, വെടിയൊച്ചകളും ചുമരുകളിൽ പഴയ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നു; അതിജീവനത്തിന്റെ ചിഹ്നങ്ങളായി.
 ഒരുപക്ഷേ, ലോകത്തിലെ മറ്റൊരു ലൈറ്റ്‌ഹൗസിനും ഇത്രയും നാടകീയമായ ഒരു ചരിത്രം ഉണ്ടായിരിക്കില്ല. രണ്ട് ലോകമഹായുദ്ധങ്ങളിലും ആക്രമിക്കപ്പെട്ടു. 

ഇന്നും ശക്തമായ കാറ്റിനും കടൽകാഴ്ചകൾക്കുമിടയിൽ ഈ വിളക്കുമാടം വേറിട്ട് നിൽക്കുന്നു. ഇവിടുത്തെ ഓരോ പാറയ്ക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. യുദ്ധത്തിന്റെ, ശക്തമായ കടൽ തിരകളുടെ, വിഹ്വലതകളുടെ , ധീരമായ അതിജീവനത്തിന്റെ... 

ലൈറ്റ്‌ഹൗസിന്റെ മുകളിലേക്ക് പോകാൻ 252 പടികൾ കയറണം. മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവിസ്മരണീയമായിരുന്നു. കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന കടൽ, ചിതറി തെറിച്ച ദ്വീപുകൾ, അകലെ നീലാകാശം... കാഴ്ചയുടെ ഉത്സവം ! 


മനസ് പ്രശാന്തമായി.

 തിരികെയുള്ള ബോട്ട് യാത്രയിൽ കടലും കാറ്റും വീണ്ടും ചെവിയിൽ കഥകൾ മന്ത്രിച്ചുകൊണ്ടേയിരുന്നു. അകലെ വിളക്കുമാടം ഒരു പൊട്ടായി അലിഞ്ഞുചേർന്നു.



ADVERTISEMENT