ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപിരിഞ്ഞ് രൂപപ്പെട്ട ദ്വീപ്, മറ്റൊരു ലോകത്തെന്നതുപോലെ വേറിട്ട സസ്യജീവജാലങ്ങളുടെ നാട്
Mail This Article
ഏഴ് വൻകരകൾക്ക് അപ്പുറത്ത് എട്ടാമത്തെ വൻകര എന്നു വിശേഷിപ്പിക്കാവുന്ന രാജ്യമാണ് മഡഗാസ്കർ.ദ്വീപുകളുടെ സവിശേഷതയായ എൻഡെമിസം (മറ്റൊരിടത്തും കാണാത്ത ജീവിവർഗങ്ങളുടെ സാന്നിധ്യം) ഏറെയാണെന്നു മാത്രമല്ല, ശ്രദ്ധേയമായ പ്രകൃതി വൈവിധ്യവും ഇവിടെയുണ്ട്. ഏകദേശം 160 ദശലക്ഷം വർഷം മുൻപ് ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപിരിഞ്ഞ ഭൂപ്രദേശമാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മാറിയ ഈ ദ്വീപ്. മഡഗാസ്കർ ലീമറുകളുടെ നാടാണ്, മലഗാസി പ്രകൃതിയുടെ അംബാസഡർമാരാണ് ഈ ജീവികൾ. കൂടാതെ പക്ഷികൾ, പുരാതന ഉരഗ വംശങ്ങൾ, ലോകത്തിലെ ഒമ്പത് ഇനം ബയോബാബുകളിൽ ആറെണ്ണം എന്നിവയൊക്കെ ഇവിടെ കാണാം.
പരിസ്ഥിതി പ്രവർത്തകരായ 13 പേർക്കൊപ്പമായിരുന്നു മഡഗാസ്കര്‍ ട്രിപ്പ്. കെനിയയിലെ നെയ്റോബിയിൽ ഞങ്ങൾ ഒന്നിച്ചുകൂടി. അവിടെ നിന്ന് മഡഗാസ്കറിന്റെ തലസ്ഥാനമായ അന്റനാനയിലേക്ക്.
പ്രകൃതിയെ ദരിദ്രമാക്കുന്നവർ
അന്റാസിബെ നാഷനൽ പാർക്കിലേക്കുള്ള റോഡ് ട്രിപ്പിലൂടെ ആ രാജ്യത്തിന്റെ പൊതുചിത്രം ലഭിച്ചു.140 കിലോ മീറ്റർ താണ്ടാൻ മൂന്നര മണിക്കൂർ! വളഞ്ഞു പുളഞ്ഞു പോകുന്ന തകർന്ന റോഡിന് ഇരുവശവും മൊട്ടക്കുന്നുകൾ. ഇടയ്ക്കിടെ യൂക്കാലിമരങ്ങൾ വളരുന്നുണ്ട്. സൈക്കിളിലും മരച്ചക്രമുള്ള കൈവണ്ടിയിലും മരക്കരി ചാക്കിലാക്കി കൊണ്ടുപോകുന്നതു വഴിനീളെ കാണാമായിരുന്നു. പാതയുടെ ഇരു വശങ്ങളിലും മരക്കരി ചാക്കുകളിലാക്കി വിൽപനയ്ക്കു വെച്ചിട്ടുമുണ്ട്. മിക്കസ്ഥലത്തും സ്ത്രീകളാണ് വില്പനക്കാർ. കുന്നിൽ മുകളിൽ പല ഭാഗത്തും പുക ഉയരുന്നുണ്ട്. മരം കത്തിച്ച് കരിയുണ്ടാക്കുകയാണ് നാട്ടുകാർ. യാത്രയിൽ കണ്ട കാഴചകൾ വേദനാജനകമായിരുന്നു. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ ദരിദ്രരാജ്യമാണ് മഡഗാസ്കർ ഇന്ന് എന്നത് ഒരു വശത്ത്, മറുവശത്ത് പ്രകൃതിയുടെ സമ്പത്ത് എന്നേക്കുമായി നശിക്കുന്നതിന്റെ നേർക്കാഴ്ചയും.
‘ഫ്രഞ്ച് കോളനിയായിരുന്ന 1896–1960 കാലത്തുതന്നെ ഇവിടത്തെ പ്രകൃതിസ്രോതസ്സുകളുടെ ചൂഷണം തുടങ്ങിയിരുന്നു. അവർ കാടുകളിലേക്ക് റെയിൽ ട്രാക്കുകൾ നിർമിച്ച് മഹാഗണി, റോസ് വുഡ് പോലുള്ള മരങ്ങൾ മുറിച്ച് നാട്ടിലേക്ക് കടത്തി. അവിടെ അവർ യൂക്കാലി നട്ടു. അവ വളർന്നപ്പോൾ മുറിച്ചു കത്തിച്ചു കരിയാക്കി വ്യാവസായികാവശ്യത്തിന് കൊണ്ടുപോയി. മഡഗാസ്കറിനു സ്വാതന്ത്ര്യം ലഭിച്ചകാലത്ത് ബാക്കിയുണ്ടായിരുന്ന കാടു വെട്ടി പുനം കൃഷിയും കപ്പകൃഷിയും തുടങ്ങി നാട്ടുകാർ.’ ഗൈഡ് സോളോഹാരി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യമായതിനാൽ, സുസ്ഥിര വികസനമോ പരിസ്ഥിതി സംരക്ഷണ പദ്ധതികളോ കൃത്യമായി നടപ്പിലാക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. വനസംരക്ഷണത്തിന്റെ കുറവാണ് വനനാശത്തിന്റെ വേഗത കൂട്ടുന്നത്.
അറ്റുപോകുന്ന കണ്ണികൾ
മഡഗാസ്കറിന്റെ അനന്യമായ ജൈവവൈവിധ്യം ഡാർവിന്റെ സിദ്ധാന്തങ്ങളുടെ ശക്തമായ തെളിവുകളായി കരുതപ്പെടുന്നു. ആ ദ്വീപ് രാജ്യത്തെ സവിശേഷ ജീവികളായ ലീമറുകൾ, തദ്ദേശീയ സസ്യജാലങ്ങൾ, പ്രാണികൾ ഒക്കെ ഡാർവിനിസത്തെ പിന്തുണയ്ക്കുന്ന ഉദാഹരണങ്ങളാണ്. മഡഗാസ്കറിലേക്ക് പ്രകൃതിസ്നേഹികളായ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ലീമറുകൾ. അവിടെത്തെ ഓരോ ഭൂവിഭാഗത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഈ ജീവികൾ.
ലീമറുകളുടെ അടിസ്ഥാന പൂർവികർ അഫ്രിക്കയിൽ ജീവിച്ചിരുന്നവരായിരിക്കാം. വൻകരയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര ദ്വീപ് ആയതോടെ ഏതാണ്ട് 50-60 ലക്ഷം വർഷം മുൻപാണ് ഇവ മഡഗാസ്കറിലേക്ക് എത്തിയതെന്ന് കണക്കാക്കപ്പെടുന്നു. അതിനുശേഷം അവ ഒട്ടേറെ പരിണാമങ്ങൾക്ക്് വിധേയമായി.ലോകത്തെ വലിയ ദ്വീപുകളിലൊന്നായ മഡഗാസ്കറിന്റെ വൈവിധ്യമേറിയ ആവാസ സ്ഥലത്തിന് അനുയോജ്യമായ ശാരീരിക ഘടനയും പെരുമാറ്റ ശീലങ്ങളും ഇവ വികസിപ്പിച്ചു. നന്നേ ചെറിയ മൗസ് ലീമർ മുതൽ ഇപ്പോൾ വംശനാശം നേരിട്ട ജയന്റ് ലീമർ വരെ നൂറിലേറെ ഇനങ്ങളുണ്ട് ലീമറുകൾ മഡഗാസ്കറിൽ.
വനപ്രദേശങ്ങളും സൂചി വനങ്ങളും ലീമറുകളുടെ പ്രധാന വാസസ്ഥലങ്ങളാണ്. മിക്ക ലീമറുകളും സസ്യഭുക്കാണ്, കായ്ഫലങ്ങൾ, ഇലകൾ, പൂക്കൾ എന്നിവയാണ് ഇഷ്ട ഭക്ഷണം. ചില ഇനങ്ങൾ ചെറിയ പുഴുക്കളെയും കഴിക്കും. ലീമറുകൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കൂട്ടങ്ങൾ രൂപീകരിച്ചു ജീവിക്കുന്നവയാണ്. "മഡഗാസ്കർ” സിനിമ സീരീസിലൂടെ ഈ മൃഗം ലോകമെമ്പാടും പ്രശസ്തരായി. എങ്കിലും ലീമറുകൾ വംശനാശ ഭീഷണിയിലാണ് ഇപ്പോൾ. വനനശീകരണം, വേട്ടയാടൽ, കാലാവസ്ഥാ വ്യതിയാനം എന്നിവ പ്രധാന കാരണങ്ങളാണ്. മഡഗാസ്കറിന്റെ പരിസ്ഥിതി സംരക്ഷണം ലീമറുകളുടെ നിലനിൽപ്പിന് അനിവാര്യമാണ്.
പങ്ങലാനസ് കനാലിന്റെ തീരത്തുള്ള പെർമേറിയ നാഷനൽ പാർക്കിലെ രാത്രി സഫാരിയിലാണ് അയി അയി ലീമറിനെ കണ്ടത്. പരിസ്ഥിതി സൗന്ദര്യം, ജൈവ വൈവിധ്യം, കനാൽ യാത്ര എന്നിവ ചേർന്ന മനോഹര അനുഭവമായിരുന്നു അത്. തുറമുഖ നഗരമായ ടമാട്ടാവ് വഴി ഞങ്ങൾ മനമ്പാട്ടോ എന്ന ഗ്രാമത്തിലെത്തി, പങ്ങലാസ് കനാൽ വഴി ബോട്ടുയാത്രയാണ്. കനാലിനു ഇരുവശവും കൈതോല നിറഞ്ഞ കാടുകളാണ്. ഇടയ്ക്ക് പ്രദേശവാസികൾ ചെറിയ തോണിയിൽ ചെരിപ്പു തുഴയാക്കി സഞ്ചരിക്കുന്നതും കണ്ടു.
വികൃതമായ രൂപമുള്ള അയി അയി ലീമറുകളെ കാണുന്നത് അപശകുനമായാണ് മഡഗാസ്സി ജനങ്ങൾ കരുതുന്നത്. അതിന്റെ നീളമുള്ള വിരൽ ആരുടെയെങ്കിലും നേരെ ചൂണ്ടിയാൽ അയാളുടെ മരണം അടുത്തെത്തിയെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ എവിടെ കണ്ടാലും അവർ അതിനെ തല്ലികൊല്ലും. അയി അയിയെ കണ്ടെത്തിയാൽ ആ പ്രദേശത്ത്നിന്ന് ഗ്രാമീണർ ഒഴിഞ്ഞുപോകുകയും ചെയ്യുമത്രേ. ഏതായാലും അന്ധവിശ്വാസങ്ങൾക്കും വികൃതരൂപത്തിനുമൊപ്പം ആവാസവ്യവസ്ഥയുടെ നാശവും കൂടി ആയപ്പോൾ അയി അയി ലീമറുകൾ വംശനാശത്തിലേക്ക് നീങ്ങുകയാണ്.
ഇസാലോയിലെ ഇലാക്ക എന്ന സ്ഥലത്തെ രത്നസംസ്കരണകേന്ദ്രമായിരുന്നു മറ്റൊരു കാഴ്ച. മഡഗാസ്കറിന്റെ ഖനന മേഖലയിലെ പ്രാധാന്യമേറിയ ഒന്നാണ് റൂബി സഫയർ ഖനനം. റൂബി, സഫയർ എന്നിവ അതിന്റെ ഗുണനിലവാരം കൊണ്ടും നിറം കൊണ്ടും വിപണിയിൽ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ മഡഗാസ്കറിനെ രത്നങ്ങളുടെ ദ്വീപ് എന്നാണറിയപ്പെടുന്നത്.
ഇലാക്കാ പ്രദേശം ലോകത്തെ വലിയ സഫയർ ഖനന കേന്ദ്രങ്ങളിൽ ഒന്നാണ്. സന്ദർശിച്ചു.പല നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള രത്നങ്ങൾ രത്ന സംസ്കരണ വിപണന കേന്ദ്രത്തില്‍ നിരത്തി വച്ചിരിക്കുന്നു. 300ഡോളർ മുതൽ 30000 ഡോളർ വരെ വിലയുള്ളവ. കൂടാതെ ഖനനം ചെയ്ത് എടുത്തവ സംസ്കരിക്കാതെയും പ്രദർശിപ്പിച്ചിട്ടുണ്ട്. മഡഗാസ്കറിലെ സഫയർ നീല, മഞ്ഞ, പിങ്ക്, ഓറഞ്ച്-പിങ്ക് എന്നീ നിറങ്ങളിലാണ് കണ്ടുവരുന്നത് റൂബികൾക്ക് തിളങ്ങുന്ന ചുവപ്പും ചിലപ്പോൾ പിങ്ക് ഭാവവുമുണ്ട്. മണ്ണിന്റെ ഉപരിതലത്തിൽ നിന്നും നദീതടങ്ങളിൽ നിന്നും രത്‌നങ്ങൾ കണ്ടെത്തുന്നു. താഴ്ന്ന ആഴത്തിൽ ഖനനം ചെയ്യുന്നത് പോലും ചിലപ്പോൾ മെക്കാനിക്കൽ ഉപകരണങ്ങളില്ലാതെയാണ്. അനൗദ്യോഗിക ഖനനം പരിസ്ഥിതിക്കും, ജലസ്രോതസുകൾക്കും, വനങ്ങൾക്കും നാശം വരുത്തുന്നതായി പരാതിയുണ്ട്. രത്‌ന ഖനനത്തിൽ കുട്ടികളെ ഉൾപ്പെടുത്തുന്ന പ്രശ്നവും രാജ്യത്ത് ചർച്ചാ വിഷയമാണ്
മഡഗാസ്കറിൽ എമ്പാടും സഞ്ചരിക്കുന്നതിനിടെ രാജ്യതലസ്ഥാനമായ അന്റനാനോ വഴി പലവട്ടം കടന്നുപോയി. ഒരിക്കൽ കരകൗശല വസ്തുക്കൾ വിൽക്കുന്ന അവിടത്തെ പ്രശസ്തമായ മാർക്കറ്റ് സന്ദർശിച്ചു. മണ്ണും കല്ലും തടിയും ഉപയോഗിച്ച് നിർമിച്ച ശിൽപങ്ങളും മുഖംമൂടികളും മാലകളും അഗേവ് നാരിലുള്ള ബാഗും തൊപ്പിയും കളിപ്പാട്ടങ്ങളുമൊക്കെ ആഫ്രിക്കൻ ശൈലിയും ആചാരവിശേഷങ്ങളും പ്രതിഫലിപ്പിക്കുന്നവയായിരുന്നു. വിശാലമായ മാർക്കറ്റിൽ പക്ഷേ, നന്നായി വിലപേശി മാത്രമേ സാധനങ്ങൾ എടുക്കാവൂ.
മഡഗാസ്കറിലെ ഏറ്റവും പ്രശസ്തമായ ബാരന്റി വനം സ്വകാര്യ റിസർവാണ്. എയർപോർട്ടിൽ നിന്നു മൂന്നു മണിക്കൂർ യാത്രയുണ്ട് . റോഡിനിരു വശവും വിശാലമായ അഗേവ് കൃഷിതോട്ടമാണ്. പ്രാദേശിക ആവാസവ്യവസ്ഥയോടു ചേരുന്ന അഗേവ് കൃഷിക്ക് വലിയ പ്രാധാന്യമുണ്ട് വരണ്ട പ്രദേശങ്ങളിൽ. ഈ ചെടിയിൽ നിന്നു നിർമിക്കുന്ന സിസൽ ഫൈബർ ചരടുകൾ, കരകശല വസ്തുക്കൾ, മറ്റ് നിരവധി വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. സിസൽ നാരുകൾ ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
അഗേവ് ചെടിയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രാദേശിക കർഷകർ ജൈവ വളം തയ്യാറാക്കുന്നു.അഗേവ് സിറപ്പ്,അഗേവ് നീരിൽ നിന്ന് മദ്യപാനീയങ്ങൾ എന്നിവയും തയ്യാറാക്കുന്നുണ്ട്.മുറിവുകൾക്കും രോഗശമനത്തിനും അഗേവ് ചെടിയുടെ ജെൽ ഉപയോഗിച്ചുവരുന്നു.
മുള്ളുകൾക്കിടയിലെ ലീമർ
ബെറൻ്റി റിസർവിലെ സ്പൈനി ഫോറസ്റ്റ് സവിശേഷ ആവാസവ്യവസ്ഥയാണ്. തെക്കൻ മഡഗാസ്കറിലെ വരണ്ട കാലാവസ്ഥയുമായി ഏറെ പൊരുത്തപ്പെടുന്ന വലിയ സ്പൈനി ബുഷ് ആണ് ഇവിടത്തെ പ്രദാന ചെടി.
മഡഗാസ്‌കറിൽ മാത്രം കാണപ്പെടുന്ന, വരൾച്ചയെ പ്രതിരോധിക്കുന്ന മരങ്ങളാണ് ഡിഡിയേറേസി. വളഞ്ഞതും കൂടാരം പോലെയുള്ളതുമായ ശാഖകൾ കാരണം ചില ഡിഡിയേറിയേസി സ്പീഷിസുകൾക്ക് "നീരാളി മരങ്ങൾ" എന്ന് വിളിപ്പേരുണ്ട്. മഡഗാസ്‌കറിന്റെ മറ്റ് ഭാഗങ്ങളിലേതുപോലെ ബയോബാബ് മരങ്ങൾ ഇവിടെയും കാണാം. വളഞ്ഞുപുളഞ്ഞ മരങ്ങൾ, ഉയർന്ന വിചിത്രമായ ചെടികളുടെ ആകൃതികൾ മുള്ളുകൾ വിന്യസിച്ച തണ്ടുകളും ഇലകളും അതിൽ ഇരതേടി വരുന്ന കിളികൾ,മുള്ളുള്ള തണ്ടുകൾക്കിടയിൽ കിടന്നുറങ്ങുന്ന ലീമറുകൾ എന്നിവ സ്പൈനി ഫോറസ്റ്റിനെ വ്യത്യസ്തമാകുന്നു.
ബാവോബാബ് :"ജീവിതത്തിൻറെ മരങ്ങൾ"
ബാവോബാബ് മരം (Adansonia) അതിന്റെ വൈശിഷ്ട്യവും പരിസ്ഥിതിയുടെ ഭാഗമായുള്ള അതിന്റെ പ്രാധാന്യവും കൊണ്ട് ലോകമെമ്പാടും ശ്രദ്ധേയമാണ്. അത്കൊണ്ട് തന്നെ ഈ മരത്തെ “ജീവിതത്തിന്റെ മരം” എന്നും വിളിക്കാറുണ്ട്. ഇത് ഏറ്റവും പുരാതനമായ മരങ്ങളിൽ ഒന്നായി കരുതപ്പെടുന്നു, അതിന്റെ ഉത്ഭവം വിശാലമായ ഭൗമശാസ്ത്ര, ജൈവവിവരങ്ങൾ സൂചിപ്പിക്കുന്നു. ബാവോബാബ് മരത്തിന്റെ ജന്മസ്ഥാനം മഡഗാസ്കർ ദ്വീപ് ആണെന്നാണ് കരുതുന്നത്.പിന്നീട് അത് ആഫ്രിക്ക, ഓസ്ട്രേലിയ, അറേബ്യ, എന്നീ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ബാവോബാബ് മരങ്ങളുടെ പ്രാരംഭ ഉത്ഭവം അമ്പതുകോടിയോളം വർഷങ്ങൾക്ക് മുമ്പ് ഗോണ്ട്വാന ലാൻഡിൽ (Gondwana) ഉണ്ടായതായിരിക്കും. ഗോണ്ട്വാന ലാൻഡ് വിഭജിക്കപ്പെട്ടതോടെ മരം മഡഗാസ്കർ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.പിന്നീട് മരത്തിന്റെ വിത്തുകൾ സമുദ്ര പ്രവാഹങ്ങളിലൂടെ (Oceanic Dispersal) പുതുപ്രദേശങ്ങളിലേക്ക് എത്താൻ സഹായിച്ചു.മനുഷ്യരും ഈ മരത്തെ പല രാജ്യങ്ങളിലേക്കും കൊണ്ടുപോയി.
കേരളത്തിൽ തലശ്ശേരി നഗരത്തിൽ ഒരു വലിയ മരം വളരുന്നുണ്ട്.ഇത് ബ്രിട്ടീഷ്കാരുടെ കാലത്ത് നട്ടതാണെന്ന് അനുമാനിക്കുന്നു.ബാവോബാബ് മരത്തിന് ഒമ്പത് സ്പീഷിസുകളാണുള്ളത്. ഇതിൽ 6 സ്പീഷിസുകൾ മഡഗാസ്കറിലാണ് കാണപ്പെടുന്നത്. ബാക്കി 2 ആഫ്രിക്കയിലും 1 ഓസ്ട്രേലിയയിലും മാത്രം കണ്ടു വരുന്നു
പാരിസ്ഥിതിക പ്രാധാന്യവും പ്രത്യേകതകളും
ബാവോബാബിന്റെ ഉദ്ഭവവും വ്യാപനവും ഭൂമിയുടെ വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളോട് സമരസപ്പെട്ട് വളർന്നതിൻറെ മികച്ച ഉദാഹരണമാണ്. മരം വലിയതും കട്ടിയുള്ള തടി കൊണ്ട് ശ്രദ്ധേയമാണ്, ഇത് വെള്ള സംഭരണത്തിനായി ഉപയോഗിക്കുന്നു.ഭൂപ്രദേശത്തിൽ “തല കീഴായി വളരുന്ന മരം” പോലെയാണ് ഇത് കാണപ്പെടുന്നത്.ഇതിന്റെ വേരുകൾ പോലെയുള്ള തണ്ടുകളും ചെറിയ മുകളിൽ വിരിയുന്ന ഇലകളുമാണ് ഇതിനു കാരണം.
അഞ്ചുമുതൽ 20 മീറ്റർ ഉയരത്തിൽ ഇവ വളരും.വണ്ണമുള്ള മൃദുലമായ തടിയാണിതിൻ്റേത്.മരങ്ങൾക്ക് 15 മീറ്റർ വ്യാസം രേഖപ്പെടുത്തിയിട്ടുണ്ട്.11 മീറ്റർ വ്യാസമുള്ള ഒരു മരം സിംബാബ്‌വേ യിലുണ്ട്.ഇതാണ് ജീവിച്ചിരിക്കുന്ന ഏറ്റവും തടിയുള്ള മരം. ഇതിന്റെ തണ്ടിൽ 100,000 ലിറ്ററിന് മുകളിൽ വെള്ളം സംഭരിക്കാൻ കഴിയും, ഇത് വരണ്ട കാലാവസ്ഥയിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്നു.ഇത് വരണ്ട പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും മൃഗങ്ങൾക്കും പ്രധാനമായ വെള്ളത്തിന്റെ ഉറവിടമാണ്. ഏകദേശം 1000 മുതൽ 3000 വർഷം വരെ മരം ജീവിക്കുമെന്ന് കരുതപ്പെടുന്നു.