ഭീമാകാരമായ ആ നിഴൽ കണ്ടു ഡൈവ് മാസ്റ്റർ ആവേശത്തോടെ അലറി... ‘വേൽ ഷാർക്...’ ക്രിസ്മസ് െഎലൻഡിൽ കണ്ട അപൂർവ കാഴ്ചകളിലൂടെ...
Mail This Article
പ്രകൃതിയിലെ അതിശയക്കാഴ്ചകൾ നിറഞ്ഞു നിൽക്കുന്ന ഇടം കൂടിയാണു ക്രിസ്മസ് െഎലൻഡ്. ഓസ്‌ട്രേലിയയുടെ അധികാര പരിധിയിലുള്ള ഈ ദ്വീപിലെ സഞ്ചാരം നൽകിയ അപൂർവനിമിഷങ്ങളിലൂടെ...
കടലിൽ വർണക്കൂട്ടിൻ അപൂർവലോകം
ഫ്‌ളൈയിംഗ് ഫിഷ്‌കോവില്‍ സ്നോർക്‌ലിങ്ങിന് ഇറങ്ങി. നീല, മഞ്ഞ, ഓറഞ്ച്, പച്ച - അങ്ങനെ പല നിറത്തിലുള്ള മത്സ്യങ്ങള്‍... പല വർണമുള്ള പൂക്കളെപ്പോലെ പവിഴപ്പുറ്റുകള്‍... ദ്വീപിനു ചുറ്റുമുള്ള കടലിലെ തെളിഞ്ഞ വെള്ളം അപൂർവകാഴ്ചകളുടെ ലോകമാണ്.
എത്തല്‍ ബീച്ചില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ കൂറ്റൻ ജെല്ലി ഫിഷുകള്‍ ഒഴുകുന്ന കാഴ്ച കണ്ടു. ഒരു ദിവസം ബോട്ട് സവാരിക്കിടെ അകലെ ഭീമാകാരമായ നിഴല്‍ കണ്ടു. ഡൈവ് മാസ്റ്റർ സാറ ആവേശത്തോടെ അലറി: ‘വേൽ ഷാർക്...’ എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി. ഏകദേശം 9 മീറ്റര്‍ നീളമുണ്ടാകും അതിന്. ഞാന്‍ വെള്ളത്തില്‍ ഇറങ്ങി. പേടിയും കൗതുകവുമാണ് ഉള്ളിൽ. മെല്ലെയുള്ള ചലനം, ശാന്തമായ ഭാവം - വേല്‍ ഷാര്‍ക്കുകള്‍ സൗമ്യരാണ്. സൂക്ഷ്മജീവികളെ ഭക്ഷിക്കുന്ന ഷാർക്കിനൊപ്പം കുറച്ചുനേരം വെള്ളത്തിൽ ചെലവഴിച്ചു.
മതിവരാതെ കാഴ്ചകൾ...
ക്രിസ്മസ് ദ്വീപിന്റെ 63 ശതമാനത്തോളം ദേശീയ ഉദ്യാനമാണ്. ഇടതൂര്‍ന്ന മഴക്കാടുകളാണു ദ്വീപിലേറെയും. മൈക്കിളിനൊപ്പം തണ്ണീർത്തടമായ‘ദ ഡെയല്‍സ് ’ പാതയിലൂടെ നടന്നു. െതളിഞ്ഞ അരുവികളും ചെസ്റ്റ് നട്ട് മരങ്ങളുമുള്ള നിത്യഹരിത വനപാതയിലൂടെ നടന്ന് എത്തിയതു ‘ഹ്യുഗ്സ് ഡെയ്ൽ’ വെള്ളച്ചാട്ടത്തിലേക്കാണ്. അവിടെയുള്ള ഗുഹയും കണ്ടു.
ഈ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഫ്രിഗേറ്റ് ബേഡ്, ആബട്ട്‌സ് ബൂബി തുടങ്ങിയ അപൂർവ ഇനം പക്ഷികളെ കണ്ടു. അടുത്ത ദിവസം ഞങ്ങള്‍ ആബട്ട്‌സ് ബൂബി കൂടുകൂട്ടുന്ന സ്ഥലങ്ങൾ കാണാൻ പോയി.. ഉയരമുള്ള മരക്കൊമ്പുകളിൽ കൂടുണ്ടാക്കുന്ന പക്ഷികളെ ബൈനോക്കുലറിലൂടെ കണ്ടു.
അഗ്നിപർവത ഉദ്ഭവമുള്ള ദ്വീപിൽ അനേകം ഗുഹകളും പ്രകൃതിദത്ത കുളങ്ങളുമുണ്ട്.' ദി ഗ്രോട്ടോ' എന്ന പ്രകൃതിദത്ത കുളം അത്തരത്തിലൊന്നാണ്. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന ജലം സ്വാഭാവികമായി സൃഷ്ടിച്ച നീന്തല്‍ക്കുളമാണിത്. തെളിഞ്ഞ വെള്ളമുള്ള ആ കുളത്തില്‍ നീന്തിയതു പുതുമയുള്ള അനുഭവമേകി. ഐലന്‍ഡിലെ മ്യൂസിയവും സന്ദർശിച്ചു. ലില്ലി ഡോളി എന്നീ ബീച്ചിലും കുറേസമയം ചെലവഴിച്ചു.
മടങ്ങുമ്പോൾ മിസിസ് ലിം എനിക്കൊരു സമ്മാനം നല്‍കി. ദ്വീപിൽ കരകൗശലം ചെയ്ത മനോഹര രൂപം... ചുവന്ന ഞണ്ട്! ചെവിയോർത്താൽ ഇപ്പോഴും ആ ഞണ്ടിനുള്ളിൽ ഇരമ്പുന്നുണ്ട്... ആ സുന്ദരദ്വീപിന്റെ ഓർമകൾ..