ADVERTISEMENT

ഇത്തവണ ക്രിസ്മസിന് എവിടെ പോകും എന്ന് ആലോചിച്ചു തല പുകഞ്ഞിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. നോർവേയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് ആയ സുഹൃത്ത് അങ്ങോട്ടു ക്ഷണിക്കാൻ വിളിച്ചതാണ്.


  പാതിരാസൂര്യനും നോർത്തേൺ ലൈറ്റ്സുമെല്ലാം കൊണ്ട് കളർഫുൾ ആയ ആകാശവും ഹാപ്പിനെസ് ഇൻഡക്സിൽ ലോകത്തിന്റെ മുൻനിരയിൽ നിൽക്കുന്നതുമായ നോർഡിക് രാജ്യങ്ങളോട് പ്രിയമേറെയാണ്.  ഇത്തവണത്തെ ക്രിസ്മസ് നോർവേയിലാക്കാം എന്നു തീരുമാനിക്കാൻ വൈകിയില്ല. പോളണ്ടിൽ നിന്നു സ്കാൻഡിനേവിയൻ എയർലൈൻസിൽ നേരേ നോർവേയിലെ ബൂഡോയിലെത്തി. മഞ്ഞുകാലത്തിന്റെ സൗന്ദര്യമണിഞ്ഞ ബൂഡോ ആദ്യകാഴ്ചയിൽത്തന്നെ മനസ്സ് കീഴടക്കി.

ADVERTISEMENT

ചാരത്തിൽ നിന്ന് ഉയിർത്ത നഗരം
ആർട്ടിക് സർക്കിളിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ തീരനഗരമാണു ബൂഡോ. മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ട നാട്.  കടലിനടിയിലെ സാൾട്ട്സ്ട്രാമെൻ ചുഴികളുടെ പേരിൽ പ്രശസ്തം. പാതിരാ സൂര്യനെയും നോർത്തേൺ ലൈറ്റ്സിനെയും ഒരുപോലെ വരവേൽക്കുന്ന പ്രകൃതിരമണീയമായ നഗരം.


പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മീൻപിടിത്തം പ്രധാന തൊഴിലാക്കിയ ജനങ്ങൾ താമസിക്കുന്ന ചെറിയ ഗ്രാമമായിരുന്നു ബൂഡോ. 1816-ലാണ് നഗര പദവി ലഭിക്കുന്നത്. അക്കാലത്തു വടക്കൻ നോർവേയിലെ ഉണക്കമീൻ കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായി ബൂഡോ മാറി.

ADVERTISEMENT

ബൂഡോയുടെ ചരിത്രം വിവരിക്കുമ്പോൾ  നാട്ടുകാർ ആദ്യം ഓർക്കുക 1940 മേയ് മാസത്തിലെ ആ കറുത്ത ദിനമാകും. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയിൽ ജർമൻ ബോംബറുകൾ ഈ നഗരം ചാമ്പലാക്കി. മണിക്കൂറുകൾക്കുള്ളിൽ ബൂഡോ ജനതയുടെ സ്വപ്നങ്ങളും സമ്പാദ്യവും കത്തിയമർന്നു. വെറും രണ്ടു മണിക്കൂർ കൊണ്ട് നഗരത്തിന്റെ അറുപതു ശതമാനത്തിലധികം തകർക്കപ്പെട്ടു. മൂവായിരത്തി അഞ്ഞൂറിലധികം ആളുകൾക്കു വീട് നഷ്ടമായി. പക്ഷേ, തോറ്റുകൊടുക്കാൻ അവർ തയാറായില്ല. ചാരത്തിൽ നിന്ന് അവർ ബൂഡോയെ വീണ്ടും പണിതുയർത്തി.  

ഇന്ന് ഇവിടെയുള്ള  പുതിയ കെട്ടിടങ്ങളെല്ലാം യുദ്ധാനന്തരം പുനർനിർമിക്കപ്പെട്ടവയാണ്. 2024-ൽ യൂറോപ്യൻ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൊച്ചു ബൂഡോ ആഗോള ടൂറിസം ഭൂപടത്തിൽ ശ്രദ്ധ നേടി.

bodocity
ADVERTISEMENT

ഇരുളിൽ തെളിഞ്ഞ നോർത്തേൺ ലൈറ്റ്സ്
മഞ്ഞുകാലമെത്തിയാൽ ഈ നഗരത്തിൽ പകലും രാത്രിയും ഇരുട്ട് മൂടിക്കിടക്കും. സൂര്യപ്രകാശം കിട്ടാക്കനി യാകും.  സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഉടനെ ഞാനാ മോഹം വെളിപ്പെടുത്തി.   റെയ്ൻഡിയർ സോസേജ് കഴിക്കണം.

വൈകുന്നേരം ഞങ്ങൾ ഇരുവരും ടോർച്ചും പ്രകാശിപ്പിച്ചു ഷോപ്പിങ്ങിനിറങ്ങി. റെയ്ൻഡിയർ സോസേജും കുറച്ചു  അത്യാവശ്യ സാധനങ്ങളും വാങ്ങുകയാണു ലക്ഷ്യം. ക്രിസ്മസ് സമയം ആയതുകൊണ്ട് അവിടെ ആകെയുള്ള ഏഴു സ്റ്റോറിൽ ആറും അടച്ചു. തുറന്നു പ്രവർത്തിക്കുന്ന  ആകെയുള്ള സ്റ്റോറിൽ നിന്നു സോസേജും മറ്റു സാധനങ്ങളും വാങ്ങി. ബൂഡോ ഹാർബർ വഴിയാണ് തിരിച്ചുള്ള നടത്തം.

സംസാരത്തിൽ മുഴുകി നടക്കുമ്പോഴാണു ഹാർബറിന്റെ മുകളിലെ ആകാശത്തു തെളിഞ്ഞ ആ പച്ചവെളിച്ചം എന്റെ കണ്ണിൽ പെട്ടത്. ‘ ദേണ്ടെ.. അത്..’എന്ന് ഞാൻ അലറി. അതെ.. നമ്മുടെ നോർത്തേൺ ലൈറ്റ്സ്... ആരോറ ബോറിയലിസ് അഥവാ ധ്രുവദീപ്തി...!!! എന്റെ അലർച്ച കേട്ട് ഹാർബറിലെ ബോട്ടുകൾ പോലും ഞെട്ടിയിട്ടുണ്ടാകാം. പണ്ട് ടിവിയിൽ മകരവിളക്ക് തെളിയുന്നതു കാണുമ്പോൾ എന്റെ അമ്മൂമ്മ കാണിച്ച അതേ ആവേശപ്രകടനമാണു ഞാനും കാഴ്‌ചവച്ചത്.നേരം നന്നായി ഇരുട്ടിയപ്പോഴാണു മടങ്ങിയത്. നോർത്തേൺ ലൈറ്റ് കണ്ട സംതൃപ്തിയിൽ അന്ന് സുഖമായുറങ്ങി.

ആലിപ്പഴം വീഴ്ച
ക്രിസ്മസ് ആഘോഷവും ബൂഡോയ്ക്കു ചുറ്റുമുള്ള നഗരങ്ങളിലെ സഞ്ചാരവുമായി പിന്നീടുള്ള ദിവസങ്ങൾ ചെലവഴിച്ചു. ഒരു ദിവസം  അതിരാവിലെ എന്തൊക്കെയോ പറക്കുന്നതോ ചൂളംവിളിക്കുന്നതോ പോലെയുള്ള ശബ്ദം കേട്ടാണ് ഉണർന്നത്. വീടിന്റെ മേൽക്കൂര  പറന്നു പോകുകയാണോ എന്നു സംശയിച്ചു. 

സംഭവമെന്താണ് എന്നു നോക്കാൻ വാതിൽ തുറന്നതേ ഓർമയുള്ളൂ. ചറ പറ എന്നു മുഖത്തും തലയിലും ഒക്കെ കുഞ്ഞു പാറക്കല്ലുകൾ വാരിയെറിഞ്ഞതുപോലെ എന്തോ വീണു. വേറൊന്നുമല്ല, ആലിപ്പഴംവീഴ്ച. ശക്തമായ കാറ്റും.
മനസ്സിൽ അപായസൂചന തെളിഞ്ഞു. ആ നിമിഷം തന്നെ ഫോൺ എടുത്തുനോക്കി. ‘യുവർ ഫ്ലൈറ്റ്സ് ഹാവ് ബീൻ കാൻസൽഡ് ഡ്യൂ ടു ബാഡ് വെതർ’ എന്ന മെസേജ്. അന്നത്തേക്കു ബുക് ചെയ്ത ആക്ടിവിറ്റി ടൂറും കാൻസൽ ചെയ്തെന്നു മെസേജ് വന്നു.

കുറച്ചു നേരത്തേക്കു വിഷമം തോന്നിയെങ്കിലും പ്രഭാതഭക്ഷണം കഴിച്ചു ജാക്കറ്റും ഇട്ടു നേരേ സിറ്റി സെന്ററിലേക്കു നടന്നു.  അവിടെ ഇൻഫർമേഷൻ സെന്ററിൽ പോയി കാര്യങ്ങൾ ചോദിച്ചു.  അവിടെയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു ‘ഇതിവിടെ സാധാരണമാണ്, ഒന്നും പേടിക്കണ്ട... നാളെ ശരിയായിക്കോളും’ എന്ന്. ആ പ്രതീക്ഷയുമായി മടങ്ങി.  
അന്നു നോർവേയെ അറിയാനൊരു മലകയറ്റം നടത്തി. സ്വന്തമായി നടപ്പാത കണ്ടുപിടിച്ചുള്ള ആ സഞ്ചാരം വന്യമായ അനുഭവമാണു നൽകിയത്.   കൊടുംതണുപ്പിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിൽ തല ഉയർത്താൻ പോലും വയ്യാതെയുള്ള മല കയറ്റം.
പിറ്റേന്ന് ഇൻഫർമേഷൻ സെന്ററിലെ ഉദ്യോഗസ്ഥൻ പറഞ്ഞതുപോലെ തന്നെ ആകാശം തെളിഞ്ഞു. കാറ്റും മഴയും നിന്നു. വെളുത്ത പഞ്ഞി കഷണങ്ങൾ പോലെയുള്ള മഞ്ഞു പെയ്യാനും തുടങ്ങി. മനോഹരമായ അവധിക്കാലമേകിയ നോർവേ ഓർമകളുമായി തിരികെ പോളണ്ടിലേക്ക് പറന്നു.

ADVERTISEMENT