ഒരുവശത്തു കടലും മറുവശത്തു മഞ്ഞുപൊതിഞ്ഞ മലകളും കാടുകളും; ഫിയോർഡുകളുടെ നാടായ നോർവേയിലെ പട്ടണങ്ങളിലൂടെ...
Mail This Article
നോർവേയിലെ ബൂഡോയ്ക്ക് അടുത്തുള്ള സ്ഥലങ്ങളിൽ പോകാനാണു പദ്ധതിയിട്ടത്. പകൽവെളിച്ചം കുറവായതുകൊണ്ടു വളരെ കുറച്ചു സമയമേ ഓരോ സ്ഥലത്തും കിട്ടിയുള്ളൂ. ബൂഡോ സിറ്റിയിൽ നിന്നു നാൽപതു കിലോമീറ്ററോളം ദൂരത്തിൽ ഉള്ള സ്ഥലമാണ് Kjerringoy. പോകുന്ന വഴിയിലുടനീളം, ഒരു വശത്തു മുഴുവൻ കടൽ. മറ്റൊരു വശത്തു മഞ്ഞു പൊതിഞ്ഞ മലകളും കാടുകളും.
ദൂരെ കണ്ണിൽപെടുന്ന ഫിയോർഡുകൾ (Fjords). ഹിമാനികൾ ഉരുകി നീങ്ങിയതിനെത്തുടർന്നു കടൽവെള്ളം കയറി രൂപപ്പെടുന്ന ആഴമേറിയതും ഇടുങ്ങിയതുമായ ഉൾക്കടലുകളെയാണു ഫിയോർഡ് എന്നു വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഫിയോർഡുകൾ ഉള്ളത് നോർവേയിലാണ്. അതുകൊണ്ടു ‘ഫിയോർഡുകളുടെ നാട്’ എന്നും നോർവേ അറിയപ്പെടുന്നു.
ചായം തേച്ച മരവീടുകൾ
ഗ്രാമത്തിനുള്ളിലേക്കു കടന്നപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടതു ചുവന്ന നിറത്തിലുള്ള ചായം തേച്ച ഭംഗിയുള്ള മരവീടുകളാണ്. കടൽത്തീരത്തു ഫിയോർഡ്സിന് അഭിമുഖമായുള്ള മരവീടുകൾ. മത്സ്യത്തൊഴിലാളികളുടെ ചുവന്ന നിറമുള്ള ഈ വീടുകൾ റോർബ്യൂകൾ എന്നാണ് അറിയപ്പെടുന്നത്. വല്യ അലങ്കാരങ്ങളും ആഡംബരങ്ങളും ഒന്നുമില്ല. അടുക്കും ശാന്തിയും നിറഞ്ഞ സൗന്ദര്യമുള്ള സ്ഥലം. ഈ നാട്ടിലെ പുതുതലമുറ മെച്ചപ്പെട്ട ജീവിതം തേടി നഗരങ്ങളിലേക്കു ചേക്കേറുകയാണ്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ അവർ ജന്മനാട്ടിലേക്കു മടങ്ങിയെത്തും.
ലോഫോട്ടൻ െഎലൻഡ്
ബൂഡോയിൽ നിന്നു ഫ്ലൈറ്റിൽ ഞങ്ങൾ ലോഫോട്ടൻ ഐലൻഡിലെത്തി. നോർവേയിലെ ആർട്ടിക് സർക്കിളിനുള്ളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദ്വീപസമൂഹമാണു ലോഫോട്ടൻ ഐലൻഡ്.
ലോഫോട്ടൻ എന്ന പേര് ഓൾഡ് നോർസ് ഭാഷയിലെ ‘ലോഫോട്ടർ’ എന്ന വാക്കിൽ നിന്നാണ് ഉണ്ടായത്. ‘ലോ’ എന്നാൽ ‘ലിങ്ക്സ്’ –ഒരു തരം കാട്ടുപൂച്ച) എന്നും ‘ഫോട്ടർ’ എന്നാൽ ‘പാദം’ എന്നുമാണ് അർഥം. ഈ ദ്വീപിന്റെ ആകൃതി ലിങ്ക്സ് പൂച്ചയുടെ പാദത്തിനു സമാനമായതിനാലാണ് ഈ പേര് വന്നതെന്നാണു വിശ്വസിക്കപ്പെടുന്നത്.
ആകാശത്തോളം ഉയർന്ന പർവതനിരകൾ, സ്ഫടികം പോലെ തെളിഞ്ഞ കടൽത്തീരങ്ങൾ, മഞ്ഞു പൊതിഞ്ഞ താഴ്‌വരകൾ ഇവയെല്ലാം കൊണ്ടു വിസ്മയക്കാഴ്ചകളുടെ ലോകം തന്നെയൊരുക്കി ലോഫോട്ടൻ ദ്വീപുകൾ.
ഈ ദ്വീപുകൾക്കു വികിങ് ചരിത്രവുമായി അടുത്ത ബന്ധമുണ്ട്. എഡി എട്ടു മുതൽ 11 ാം നൂറ്റാണ്ടു വരെ യൂറോപ്പിന്റെ ചരിത്രത്തെ സ്വാധീനിച്ച കടൽസാഹസിക ജനതയാണു വികിങ്ങുകൾ. സാഹസികമായ ദീർഘദൂര കടൽയാത്രകൾ, യുദ്ധവീര്യം, വ്യാപാരം എന്നിവ കൊ ണ്ടു വികിങ്ങുകൾ േലാകമെങ്ങും പ്രശസ്തി നേടി.
ആർക്കിയോളജിക്കൽ ഖനനത്തിലൂടെ വെസ്‍റ്റ് വോഗോയ് എന്ന സ്ഥലത്തു നിന്നു ലോകത്തിലെ തന്നെ വലുപ്പമേറിയ വികിങ് ലോങ്ഹൗസുകളിലൊന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ഇപ്പോൾ ലോഫോട്ടൻ വികിങ് മ്യൂസിയമായി നിലനിർത്തിയിട്ടുണ്ട്.
ലോഫോട്ടന്റെ ചരിത്രം പ്രധാനമായും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരം വർഷത്തോളമായി ജനങ്ങളുടെ പ്രധാന വരുമാന മാർഗം കടൽ വിഭവങ്ങളാണ്. ഉണക്കമീൻ (Stockfish) ആണ് പരമ്പരാഗത വിഭവം. മത്സ്യങ്ങൾ ഉണക്കി സൂക്ഷിക്കുന്ന രീതി ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. മധ്യകാലഘട്ടം മുതൽ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് ഉണക്കമീൻ കയറ്റുമതി ചെയ്തിരുന്നു. ലോഫോട്ടനിൽ എത്തിയാൽ ഉണക്കമീൻ ചിപ്സൊക്കെ കഴിച്ചു നോർത്തേൺ ലൈറ്റ്സും കണ്ടു മഞ്ഞുമഴ കൊണ്ടു നടക്കാം.
യൂറോപ്പിലെ ശരാശരി താപനില ആഗോളതാപനം മൂലം ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു പെട്ടെന്നു വർധിക്കുകയാണ്. താപനില ഉയരുന്നതിനാൽ മഞ്ഞിനു പകരം മഴ പെയ്യുന്ന സാഹചര്യം ഈ വർഷം പലയിടത്തുമുണ്ടായി. ആർട്ടിക് മേഖലയിലാണു ലോഫോട്ടൻ സ്ഥിതി ചെയ്യുന്നത് എന്നതു കൊണ്ടും താപനില പൂജ്യം ഡിഗ്രിയിൽ താഴെയായതിനാലും തീവ്രമായ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മഞ്ഞു മലകൾക്ക് മുകളിലൂടെ സാന്താക്ലോസ് സമ്മാനവും കൊണ്ടു വരുന്നതും സ്വപ്നം കണ്ട് ക്രിസ്മസ് രാത്രി കടന്നു പോയി.