ഗൈഡിന്റെ സഹായമില്ലാതെ ഈ ഭൂഗർഭനഗരത്തിലെത്തിയാൽ വഴിതെറ്റും... കപ്പഡോക്യയിലെ മായികലോകത്തിലൂടെ സഞ്ചരിക്കാം...
Mail This Article
തുർക്കിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന കപ്പഡോക്യയിലേക്കാണു യാത്ര. ഗുഹാവീടുകളും ഭൂഗർഭനഗരവുമെല്ലാം ചേർന്ന മായികലോകമാണു കാത്തിരിക്കുന്നത്.
ചെത്തിമിനുക്കിയ അദ്ഭുതനഗരം
ഏഷ്യയും യൂറോപ്പും ബന്ധിപ്പിക്കുന്ന അനറ്റോളിയൻ ഉപദ്വീപിന്റെ മധ്യഭാഗത്താണു കപ്പഡോക്യ. ഇസ്താംബുൾ നഗരത്തിൽ നിന്നു 730 കിലോമീറ്ററോളം യാത്ര ചെയ്താൽ കപ്പഡോക്യ എത്തും. അഗ്നിപർവത സ്ഫോടനങ്ങളുടെ അവശിഷ്ടങ്ങളാലുണ്ടായ മൃദുലമായ പാറകൾ കാറ്റും മഴയുമേറ്റു ദ്രവിച്ചു വിചിത്രരൂപികളായ പാറക്കൂട്ടങ്ങളായി. ഇവയാണു ഫെയറി ചിമ്മിനികൾ. ശിലാരൂപങ്ങളും അവയിൽ കൊത്തിയ ഗുഹാവീടുകളും ഭൂഗർഭനഗരങ്ങളും ഒക്കെ ചേർന്ന അതിശയിപ്പിക്കുന്ന ലോകമാണു കപ്പഡോക്യ.
കാലപ്പഴക്കവും പ്രകൃത്യാലുള്ള നാശവും മൂലം തകർച്ചയുടെ വക്കിലാണിവ. ഇതിലെ താമസക്കാരെ ഗവൺമെന്റ് ഒഴിപ്പിച്ചു. ഇവിടെ തമ്പടിച്ച സന്യാസികളാണ് ആദ്യം ഈ പാറകൾ തുരന്നെടുത്ത് അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി വലുതാക്കിയത്. പിന്നീട് അവകാശികൾ മാറി മറിഞ്ഞു.
ബസ് കപ്പഡോക്യയിലെ പ്രധാന നഗരമായ ഗൊരേമിയിലേക്കെത്തി. ഉചിസാർ, അവനോസ്, ഉർഗുപ് ഇവയെല്ലാം പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. റോമൻ കാലഘട്ടത്തിലാണ് ഇവിടെ ആദ്യമായി ജനവാസം ആരംഭിച്ചത്. പിന്നീട് ഇതൊരു സന്യാസകേന്ദ്രമായി മാറി. ഇവിടെയാണ് ഇറങ്ങേണ്ടത്.
പുലർകാലത്തെ ഗൊരേമി ആകർഷകമാണ്. വൃത്തിയുള്ള നഗരം. നരച്ച കളർ പാലറ്റിലുള്ള നഗരത്തെ വർണവിളക്കുകളും തൂക്കുറാന്തലുകളും പട്ടങ്ങളും കൊണ്ടു വർണാഭമാക്കി. ഗുഹകളെ ഹോട്ടലുകളാക്കി മാറ്റിയ കരവിരുതും കാണാം. ഹോട്ടൽ സൂക്ഷിപ്പുകാരി മൈന ആലിംഗനം ചെയ്തു സ്വീകരിച്ചു. വെളുത്ത പാറകളാൽ കുന്നിൻപുറത്തു നിർമിച്ച ആ ഹോട്ടൽ കെട്ടിടം തന്നെ സുന്ദര കാഴ്ചയാണ്. ചുറ്റും കൂണ് മുളച്ചു പൊന്തിയ പോലെയുള്ള പാറക്കൂട്ടങ്ങൾ.
വേഗം തയാറായി എത്തിയാൽ ഇപ്പോൾ തുടങ്ങുന്ന ഡേ ടൂറിൽ നിങ്ങളെ ഉൾപ്പെടുത്താം എന്ന മൈനയുടെ വാക്കു കേട്ടു ഞങ്ങൾ ശരവേഗത്തിൽ ഒരുങ്ങി ഹോട്ടൽ ലോബിയിലെത്തി. ഗൈഡ് ജലാൽ കാത്തുനിൽപ്പുണ്ട്. പല ഭൂഖണ്ഡങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി ആ ട്രാവലർ പുറപ്പെട്ടു.
ശിലയഴകിൽ വിരിഞ്ഞ കവിത
തടാകങ്ങളിലും അരുവികളിലും സമതലങ്ങളിലും രൂപപ്പെട്ട അവശിഷ്ട പാറകൾ... അവയിൽ കൊത്തിയെടുത്ത മൊണാസ്ട്രികൾ, ഗുഹാഭവനങ്ങൾ ... മണ്ണൊലിപ്പിലും കാറ്റിലും പല ആകൃതിയിൽ രൂപം പൂണ്ട പാറകൾ.. മൃദു പാറകളെ തുരന്നു നിർമിച്ച ഹോട്ടലുകൾ, റസ്റ്ററന്റുകൾ.. ആരാധനാലയങ്ങൾ.. മറ്റേതോ മനോഹര ഗ്രഹത്തിൽ എത്തിയ പ്രതീതി.
സുവനീർ കടകൾ നിറഞ്ഞ തെരുവിന്റെ അവസാനമെത്തിയപ്പോൾ 2000 വർഷം പഴക്കമുള്ള ഭൂഗർഭ നഗരം ഡെറിൻ കുയു കൺമുന്നിൽ. ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ ഫ്രിജിയാൻ എന്ന ഇൻഡോ യൂറോപ്യൻ വംശജരാണ് ഇതിന്റെ നിർമാണം ആരംഭിച്ചതെന്നു ചരിത്രം.
കൈമാക്ലി, ഗാസിമീർ, ഓസ്‌ക്കാനായ് ഇങ്ങനെ ഭൂമിക്കു താഴെ നിർമിച്ച ധാരാളം നഗരങ്ങളുണ്ട്. പലതും കൽത്തുരങ്കങ്ങൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
താഴേക്ക് ഇറങ്ങുന്തോറും പാറ തുരന്നു പലവഴിക്കു പിരിയുന്ന ഗുഹാവഴികൾ... ഭൂമിക്കടിയിൽ ഏതാണ്ട് 18 നിലകളിലായി 20,000 പേർക്കു വരെ താമസിക്കാൻ സൗകര്യങ്ങളുള്ള പൂർണ നഗരമാണു സാങ്കേതികവിദ്യയോ വൈദ്യുതിയോ ഇല്ലാതെ അവർ നിർമിച്ചത്.
അറബ് വംശജരുടെ അധിനിവേശങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപ്പെടാൻ ക്രൈസ്തവർ ഇവിടെ അഭയം തേടിയതായി പറയപ്പെടുന്നു. റോമൻ പീഡന കാലഘട്ടങ്ങളിൽ ക്രിസ്ത്യാനികൾക്കു സുരക്ഷിത താവളമൊരുക്കിയെന്നതിനു തെളിവുകളുണ്ട്. കുതിര ലായങ്ങൾ, കിണറുകൾ, ദേവാലയങ്ങൾ, വൈൻ സൂക്ഷിക്കാനുള്ള ടാങ്കുകൾ, ധാന്യപ്പുരകൾ, ആയുധപ്പുരകൾ, ശത്രുക്കളെ തുരത്താനുള്ള സംവിധാനങ്ങൾ ഇവ ഒരുക്കിയിരുന്നു.
ഗൈഡിന്റെ സഹായമില്ലാതെ ഇതിനകത്തെത്തിയാൽ വഴിതെറ്റിയതു തന്നെ. ചിലയിടങ്ങളിൽ മൂന്നടി ഉയരം മാത്രം. അവിടെയെല്ലാം കുനിഞ്ഞാണു നടക്കേണ്ടത്. ഒരു ഗുഹയിൽ വിദ്യാലയം, മറ്റൊരിടത്തു പ്രാർഥനാ മന്ദിരം, കമ്യൂണിറ്റി കിച്ചൻ പോലെയുള്ള അടുക്കള തുടങ്ങി ഒരു ഗ്രാമത്തിനു വേണ്ട സർവസന്നാഹങ്ങളും ഈ ഭൂഗർഭ ഗ്രാമത്തിലുണ്ട്.
പല നിലകളെയും ബന്ധിപ്പിച്ചു വായു അറകളുണ്ട്. അതുകൊണ്ടു ഭൂമിക്കടിയിൽ അനുഭവപ്പെടാറുള്ള ശ്വാസംമുട്ടലോ ദുഷിച്ച വായുവോ ഒന്നുമില്ല. ചെറുതണുപ്പും പ്രസരിപ്പുമുള്ള വായുവാണ് എങ്ങും. ഉറുമ്പുകൾ കൂടുകൂട്ടും പോലെ ഒരു ഗ്രാമം തന്നെ നിർമിച്ച എൻജിനീയറിങ് മികവ്.