തൊണ്ണൂറു ശതമാനത്തിലേറെയും പർവതനിരകളുള്ള രാജ്യം... പ്രകൃതിഭംഗിയും സാഹസികതയും ആസ്വദിക്കാൻ സഞ്ചരിച്ചോളൂ താജിക്കിസ്ഥാനിലേക്ക്...
Mail This Article
സഞ്ചാരികളുടെ ലിസ്റ്റിൽ അപൂർവമായി ഇടംപിടിക്കുന്ന നാട്. തൊണ്ണൂറുശതമാനത്തിലേറെയും പർവതനിരകൾ നിറഞ്ഞ രാജ്യം. പ്രകൃതിഭംഗിയും സാഹസികയാത്രയും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ താജിക്കിസ്ഥാനിലേക്കാകാം യാത്ര.
പട്ടണക്കാഴ്ചകളിലൂടെ
ദുബായിൽ നിന്നു ഭർത്താവ് ജിജിൻ ജയകുമാറിനൊപ്പമാണു താജിക്കിസ്ഥാനിലേക്കു തിരിച്ചത്. തലസ്ഥാനമായ ദുഷാൻബെയിലിറങ്ങി. വിമാനത്താവളത്തിൽ നിന്നു വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു ഫ്രഷ് ആയശേഷം ദുഷാൻബെ അടുത്തറിയാൻ ഇറങ്ങി.
വലിയ റോഡുകളും ഉയർന്ന കെട്ടിടങ്ങളും ഷോപ്പിങ് സെന്ററുകളും നിറഞ്ഞ പട്ടണമാണു ദുഷാൻബെ. റൂഡാക്കി അവന്യൂ എന്ന പ്രധാനപാതയിലൂടെ വൈവിധ്യമാർന്ന കാഴ്ചകൾ കണ്ടു നടന്നു. വഴിയിലുള്ള കറൻസി എക്സ്ചേഞ്ചിൽ കയറി ഡോളർ മാറി സോമോണി എന്ന കറൻസിയാക്കി.
പ്രധാനപാതയിൽ താജിക്കിസ്ഥാന്റെ പിതാവായ ഇസ്മായിൽ സോമോനിയുടെ പ്രതിമ കാണാം, ഇരുവശത്തും കാവൽ നിൽക്കുന്ന രണ്ട് സിംഹങ്ങളും. പിന്നാലെ പാർലമെന്റ് കെട്ടിടം കണ്ടു. ഇഷ്ടംപോലെ ഇരിപ്പിടങ്ങൾ, തണൽമരങ്ങൾ, റുഡാക്കി അവന്യൂവിലൂടെ നടന്നാൽ നേരം പോകുന്നത് അറിയില്ല. റുഡാക്കി എന്ന പേർഷ്യൻ കവിയുടെ പ്രതിമയും കൃത്രിമവെള്ളച്ചാട്ടങ്ങളുമുള്ള പാർക്കിൽ എത്തിച്ചേർന്നു. സമീപം ഭീമൻ പതാകക്കോൽ. കാഴ്ചകൾ കണ്ടു നഗരപാതയിലൂടെ നടന്നു. രാത്രി ഭക്ഷണം കഴിച്ചു തിരികെ റൂമിലേക്ക്.
ലോകത്തിൻ മേൽക്കൂര
ലോകപ്രശസ്തമായ പാമീർ ഹൈവേയിലേക്കാണ് അടുത്ത ദിവസം യാത്ര. ലോകത്തിന്റെ മേൽക്കൂര എന്ന് അറിയപ്പെടുന്ന ഈ ഹൈവേ വഴി കിർഗിസ്ഥാനിലെ ഓഷിലേക്കു വരെ കടന്നു പോകാം. സമയക്കുറവു കാരണം താജിക്കിസ്ഥാൻ ഭാഗത്തെ ഹൈവേയിൽ മാത്രമാക്കി സഞ്ചാരം. ഗോർണോ ബദക്ഷാൻ എന്ന സ്വയംഭരണപ്രദേശത്തു കടക്കണം, അതിനു വീസയ്ക്ക് അപ്ലൈ ചെയ്യുമ്പോൾ തന്നെ 20 ഡോളർ അധികം കൊടുത്ത് GBAO പെർമിറ്റ് വാങ്ങണം. എന്നാലേ ഈ പാതയിലൂടെ സഞ്ചരിക്കാനാകൂ.
രാവിലെ തന്നെ ദുഷാൻബെയിലെ ഷെയർ ടാക്സി സ്റ്റാൻഡിൽ എത്തി. മധ്യ ഏഷ്യൻ രാജ്യങ്ങളിൽ ഷെയർ ടാക്സികളെ മഷ്രൂത്ക എന്നാണു വിളിക്കാറ്. ഒരു മഷ്രൂത്ക കണ്ടെത്തി, 350 സോമോണി നൽകി, ആ വണ്ടിയിൽ കയറി. വാഹനത്തിൽ ആൾ നിറയാൻ മൂന്നു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ജർമൻ സ്വദേശിയായ യുവതിയും പോളണ്ടിൽ നിന്നെത്തിയ യുവതിയും കുറേ താജിക് നിവാസികളും എത്തിയതോടെ വാഹനം പുറപ്പെട്ടു.
പുഴകളുടെയും മലകളുടെയും ഗ്രാമങ്ങളുടെയും ഇടയിലൂടെ പതിനേഴു മണിക്കൂറോളം നീണ്ട യാത്ര. ഇടയ്ക്കു രണ്ടു – മൂന്നു സ്ഥലത്തെ ചെക്പോസ്റ്റുകളിലെത്തുമ്പോൾ വിദേശികൾ ഇറങ്ങി വരിയായി നിന്നു വീസ, GBAO പെർമിറ്റ്, പാസ്പോർട്ട് ഇവ കാണിക്കണം.
പാമീർ ഹൈവേയുടെ വലതുവശത്തൂടെ ഒഴുകുന്ന പാഞ്ച് നദി കാണാം. നദിയുടെ ഒരു ഭാഗത്ത് താജിക്കിസ്ഥാൻ, മറുവശം അഫ്ഗാനിസ്ഥാൻ. യാത്രയിൽ അകലെ അഫ്ഗാൻ ഗ്രാമങ്ങൾ കാണാം.
അർധരാത്രിയോടെ ഖൊറോഗിൽ എത്തി. ജർമൻ യുവതിയും പോളണ്ട് യുവതിയും അതേ സ്‌റ്റോപ്പിലിറങ്ങി. ആരും താമസം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നില്ല. ഞങ്ങളെല്ലാം ഒരുമിച്ചുനടന്ന് ഒരു േഹാം സ്‌റ്റേ കണ്ടു പിടിച്ചു. റൂം കിട്ടിയതോടെ എല്ലാവരും ഉറക്കം പിടിച്ചു.
പിറ്റേന്നു ഖൊറോഗ് ചുറ്റിക്കണ്ടു. ദുഷൻബേ പോലെയല്ല, ഈ ചെറിയ പട്ടണം. താജിക്കിസ്ഥാനിലെ ജനങ്ങൾക്ക് ഇംഗ്ലിഷ് അത്ര വശമില്ല. താജിക്ക് ആണു ഭാഷ. റഷ്യനും അറിയാം. ഹോംസ്‌റ്റേയിൽ എത്തി ഉച്ചയ്ക്കു ശേഷം ചെക്ക് ഔട്ട് ചെയ്തു.
ഇഷ്കാഷീമിലേക്ക്...
വഖാൻ കോറിഡോർ വഴി ഇഷ്കാഷീമിലേക്കു പോകാനാണു പ്ലാൻ. ഷെയർ ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും വൈകി. വണ്ടികൾ എല്ലാം പോയിക്കഴിഞ്ഞു. പിറ്റേന്നു ഞായറാഴ്ചയായതിനാൽ ഷെയർ ടാക്സികൾ ഉണ്ടാകില്ല. എന്തായാലും മുന്നോട്ട് തന്നെ പോകാമെന്ന് ഉറപ്പിച്ചു, ഹിച്ച് ഹൈക്കിങ് തിരഞ്ഞെടുത്തു. പല വണ്ടികളിൽ കയറി സന്ധ്യ കഴിഞ്ഞ് ഇഷ്കാഷീം എന്ന ഗ്രാമത്തിൽ എത്തി. അവിടെ ഒരു ഹോസ്റ്റലിൽ മുറിയെടുത്തു.
അടുത്ത ദിവസം രാവിലെ ഗ്രാമത്തിലൂടെ നടക്കാൻ ഇറങ്ങി. പാമീർ പർവത നിരയുടെ ചെറിയ ചെരിഞ്ഞ ഭാഗത്ത്, പതിയെ കയറി ഇരുന്നു. അവിടെ ഇരുന്നാൽ അപ്പുറത്തെ അഫ്ഗാൻ ഗ്രാമവും പർവതനിരകളും കാണാം. അഫ്ഗാൻ ഭാഗത്തെ പർവതത്തെ ഹിന്ദുകുഷ് പർവത നിരകൾ എന്നും താജിക്കിസ്ഥാൻ പർവത നിരകളെ പാമീർ പർവതനിരകൾ എന്നുമാണ് അറിയപ്പെടുന്നത്.
അവിടെ നിന്നു നേരെ പാഞ്ച് നദിയുടെ തീരത്തേക്ക് നടന്നു. ശാന്തമായി ഒഴുകുന്ന ഈ നദി രണ്ട് രാജ്യങ്ങളുടെ അതിർത്തിയാണ്. പലയിടങ്ങളിലും താജിക്കിസ്ഥാൻ തങ്ങളുടെ അതിർത്തി കമ്പിവേലി തീർത്ത് ശക്തിപ്പെടുത്തുന്നതും കാണാമായിരുന്നു.
ഇഷ്കാഷീമിൽ നിന്നു വീണ്ടും ഖൊറോഗിലേക്കു മടങ്ങേണ്ടി വന്നു. ഖൊറോഗിൽ നിന്നേ തിരികെ ദുഷൻബേ എത്താൻ സാധിക്കു. അടുത്ത ദിവസം വൈകുന്നേരത്തോടെ ദുഷൻബേ എത്തി.
ഫാൻ മലനിരകൾ
പഞ്ചകെന്ദ് സെന്ററിൽ നിന്ന് ആർട്ടുക്ക് വില്ലേജിലേക്കു ടാക്സിയിൽ യാത്രയായി. ഫാൻ മലനിരകളിലേക്കാണു യാത്ര. മൊട്ടക്കുന്നുകൾ പോലെ ഒട്ടും പച്ചപ്പില്ലാതെ പരുക്കൻ പാറകളാണ് ഈ മലനിരകൾ. ഇടയ്ക്കു യാത്രക്കാർ റഷ്യൻ കവി റൂഡാക്കിയുടെ മുസോളിയം കാണിച്ചു തന്നു, പൊട്ടിപ്പൊളിഞ്ഞ റോഡ്, കുത്തനെയുള്ള കയറ്റം എല്ലാം കടന്നു ഗ്രാമത്തിൽ എത്തി.
ഷെയർ ടാക്സി ഇവിടെ വരെയേ ഉള്ളൂ. ഇനി മൂന്നു കിലോമീറ്റർ നടക്കണം. പതിയെ നടന്നു തുടങ്ങി. കഴുതപ്പുറത്തു സഞ്ചരിക്കുന്ന ഗ്രാമവാസികളെ കാണാം. ചെറിയ ഒരു അരുവി ഒഴുകുന്നുണ്ട്. മലമുകളിൽ നിന്ന് ഒഴുകി വരുന്നതാകണം.
നടന്നു ചെറിയ ഹോംസ്റ്റേയിൽ എത്തി. റസ്റ്റ് സോൺ കുറബാൻഡ് എന്നാണ് ഈ സ്ഥലത്തിന്റെ പേര്, ഫാൻ മൗണ്ടനിലേക്കു ഹൈക് ചെയ്തു പോകുന്നവരുടെ ബെയ്സ് ക്യാംപ് ആർട്ടുക്ക് അൽപലഗർ എന്നു പേരുള്ള സ്ഥലമാണ്. അവിടെ വാടക കൂടുതലായതുകൊണ്ടാണ് ഈ ചെറിയ ഹോംസ്‌റ്റേ തിരഞ്ഞെടുത്തത്.
പ്രായമേറിയ ദമ്പതിമാർ ആണ് ഉടമസ്ഥർ. അവർക്കും ഇംഗ്ലിഷ് വശമില്ല. ഞങ്ങളെ കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായി, റൂം കാണിച്ചു തന്നു. ചെറിയ ഒരു മുറി, അതിൽ രണ്ടു കട്ടിൽ. ബാഗും സാധനങ്ങളും അവിടെ വച്ചു. അടിവാരത്തിലുള്ള ഗ്രാമം ആയതു കൊണ്ട് തണുപ്പ് ഉണ്ട്, കയ്യിൽ കരുതിയ ജാക്കറ്റ് ധരിച്ച് പുറത്ത് ഇറങ്ങി, വഴിയിൽ കണ്ട അരുവി ഈ ഹോംസ്റ്റേയുടെ ഉള്ളിലൂടെ ഒഴുകുന്നുണ്ട്.
ഇന്ന് രാത്രി ഇവിടുന്ന് ഭക്ഷണം വാങ്ങാൻ തീരുമാനിച്ചു. കയ്യിലുള്ള ഭക്ഷണം ഇനി അങ്ങോട്ട് ആവശ്യമുണ്ടല്ലോ. എന്തു കിട്ടിയാലും കഴിക്കാൻ തയാറായി ഇരുന്ന ഞങ്ങൾക്കു കിട്ടിയതു പിലോവ് ആണ്. ഇവിടെ അതിഥിയായി താമസിക്കുന്ന ചെറുപ്പക്കാർ പാകം ചെയ്തതാണ്. അതീവരുചികരവും സുന്ധമുള്ളതുമായ പിലോവ്. ഇതുവരെ കഴിച്ചതിൽ ഏറ്റവും സ്വാദിഷ്ടമായ ആ പിലോവ് ഞങ്ങൾ ആസ്വദിച്ചു കഴിച്ചു.