താജിക്കിസ്ഥാനിലെ ഫാൻ മലനിരകളിലേക്കാണു യാത്ര. മൊട്ടക്കുന്നുകൾ പോലെ ഒട്ടും പച്ചപ്പില്ലാതെ പരുക്കൻ പാറകളാണ് ഈ മലനിരകൾ.
മല കയറാൻ...
റസ്റ്റ് സോൺ കുറബാൻഡ് എന്ന സ്ഥലത്തെ ഹോംസ്റ്റേയിലാണു താമസിച്ചത്, ഫാൻ മൗണ്ടനിലേക്കു ഹൈക് ചെയ്തു പോകുന്നവരുടെ ബെയ്സ് ക്യാംപ് ആർട്ടുക്ക് അൽപലഗർ എന്നു പേരുള്ള സ്ഥലമാണ്. അവിടെ വാടക കൂടുതലായതുകൊണ്ടാണ് ഈ ചെറിയ ഹോംസ്‌റ്റേ തിരഞ്ഞെടുത്തത്. ഫാൻ മൗണ്ടൻസിന്റെ മുകളിലേക്കുള്ള ട്രെക്കിങ്ങിനായി ടെന്റും സ്ലീപ്പിങ് ബാഗും ഹോംസ്റ്റേയിൽ നിന്നു വാടകയ്ക്കെടുത്തു. മൂന്നു ദിവസത്തെ ഫാൻ മൗണ്ടൻസിന്റെ ഉള്ളിലൂടെയുള്ള യാത്രയ്ക്കു തയാറായി.
രാവിലെ അഞ്ചു മണിക്ക് ഉണർന്നു, വെയിലിന്റെ കാഠിന്യമേറും മുന്നേ ഏറെ ദൂരം നടക്കണം. മലകയറ്റം തുടങ്ങി. കുറ്റിച്ചെടികളാണു കൂടുതലും. തുടക്കത്തിൽ ചെറിയ വീടുകൾ കാണാം, വഴിയുടെ ഒരു വശത്ത് അരുവി ഒഴുകുന്നു. ഇടയ്ക്ക് അരുവിയുടെ തീരത്തുള്ള സ്ഥലത്തു പ്രഭാതഭക്ഷണം കഴിക്കാനായി നിന്നു. അരുവിയിലെ വെള്ളമാണു കുടിവെള്ളത്തിനുള്ള ഏകമാർഗം. ഫിൽറ്റർ ബോട്ടിലും സാധാരണ കുപ്പിയും കയ്യിൽ കരുതിയിട്ടുണ്ട്. ഭക്ഷണമായി റൊട്ടിയും ഫ്രൂട്സും കൈവശമുണ്ട്.
ചുറ്റും മലകളാണ്. കയറ്റവും ഇറക്കവും. വടി ഉണ്ടായിരുന്നേൽ കുത്തി നടക്കാൻ കുറച്ച് എളുപ്പമായേനെ. മിക്കവാറും പാറ പൊടിഞ്ഞ് ചരൽ പോലെ കിടക്കുന്ന വഴികളാണ്, അത്ര എളുപ്പമല്ല മലകയറ്റം. അരുവി കാണുമ്പോൾ കുറച്ചു വിശ്രമിക്കാം എന്ന് തോന്നും. വെള്ളവും ശേഖരിക്കാമല്ലോ. ഉച്ചവരെ നടന്നു. വെയിൽ വന്നപ്പോൾ കുറച്ചു ക്ഷീണം തോന്നിയെങ്കിലും വൈകാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
നീല വിരിച്ചതു പോലെ തടാകം മുൻവശത്ത്, മേഘം മുട്ടുന്ന മലകൾ മഞ്ഞു കൊണ്ടു തീർത്ത കീരിടം അണിഞ്ഞു നിൽക്കും പോലെ, സുന്ദരമായ പ്രദേശം. ചുറ്റും നിശബ്ദത. ശാന്തമായ ഭൂമി. ഇത്രമേൽ സുന്ദരമായ കാഴ്ച ഞങ്ങൾക്കു മാത്രം സ്വന്തം. പരിസരത്തെങ്ങും ആരുമില്ല. തീരത്തു ബാഗ് ഇറക്കി വച്ചു, ചുറ്റും നടന്നു. കുലികാലോൺ തടാകമാണിത്. 2800 മീറ്റർ ഉയരത്തിലാണ് ഈ തടാകം.
വൈകാതെ ടെന്റ് അടിച്ചു. നടന്ന ക്ഷീണത്തിൽ അൽപം മയങ്ങി. ഇനി തടാകത്തിൽ നീന്തണം. നല്ല തണുത്ത വെള്ളം. രണ്ടും കൽപ്പിച്ചു വെള്ളത്തിൽ ഇറങ്ങി നീന്തി. തണുപ്പ് കൊണ്ടു കിടുകിടാ വിറച്ചു. പെട്ടെന്നു തോർത്തി നനഞ്ഞതൊക്കെ മാറ്റി. തണുപ്പ് മാറാൻ കുറേ ചുള്ളിക്കമ്പ് വാരിക്കൂട്ടിയിട്ടു കത്തിച്ചു, തീ കാഞ്ഞതോടെ തണുപ്പിനു ചെറിയ ആശ്വാസം കിട്ടി.
ഇതിനിടെ പട്ടാളവേഷം ധരിച്ച പ്രായമുള്ള ഒരാൾ ഞങ്ങളുടെ അടുത്തെത്തി. ഇവിടെ ക്യാംപ് ചെയ്യാൻ ഫീസ് ഉണ്ട് എന്ന് അയാൾ പറഞ്ഞു. ഈ പറയുന്നതു വാസ്തവമാണോ എന്ന് അറിയാത്തതുകൊണ്ട് റെസീപ്റ്റ് തരുമോ എന്നു ഞങ്ങൾ ചോദിച്ചു. തരും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ചെറിയ തുക വാങ്ങി അതിനു റെസീപ്റ്റ് നൽകി ശുഭയാത്രയും നേർന്ന് അദ്ദേഹം പോയി.
ആകാശത്താഴ്‌വരയിൽ
ഇവിടെ മറച്ചു കെട്ടിയ ശുചിമുറി ഒന്നുമില്ല, എല്ലാത്തിനും കുറ്റിച്ചെടിയുടെ മറവാണ് ആശ്രയം. യാത്ര പതിവായതുകൊണ്ട് ഇതൊക്കെ ഇപ്പോൾ ശീലമായി. ഇരുട്ടിത്തുടങ്ങി. തീ കൂട്ടിയത് അണഞ്ഞു. കയ്യിൽ കരുതിയ റൊട്ടി കഴിച്ചു വിശപ്പകറ്റി. ആകാശത്തും താഴ്‌വരയിലുമായി നക്ഷത്രങ്ങളും ഞങ്ങളും മാത്രമേയുള്ളൂ. പുറത്തെ തണുപ്പ് കൂടിയെന്നു തോന്നിയപ്പോൾ പതിയെ ടെന്റിൽ കയറി ഉറക്കമായി. അതിരാവിലെ എണീക്കണം. നാളെ ഏറെ ദൂരം നടക്കേണ്ടതുണ്ട്.
അഞ്ചു മണിക്ക് ഉറക്കമുണർന്നു. ചെറിയ തണുപ്പ് ഉള്ളതിനാൽ ജാക്കറ്റ് ധരിച്ചു ടെന്റിനു പുറത്തിറങ്ങി, പല്ലു തേച്ചു വസ്ത്രം മാറി. ടെന്റ് എല്ലാം മടക്കി ബാഗിലാക്കി യാത്രയ്ക്കു തയാറായി. ചുറ്റും മലകളും തടാകവും ഞങ്ങളും മാത്രമുള്ള ലോകം. കുറച്ചൂടെ ദിവസങ്ങൾ ഉണ്ടായിരുന്നേൽ ഇവിടെ തന്നെ ക്യാംപ് ചെയ്യാമെന്നു തോന്നി. മലയുടെ വശ്യമായ സൗന്ദര്യം ഇനിയും കാണാനിരിക്കുന്നതേ ഉളളൂ എന്ന തോന്നൽ ഊർജം പകർന്നു.
രണ്ടാം ദിവസമായ ഇന്ന് രണ്ട് വഴികളാണു മുന്നിൽ. അലാവുദ്ദീൻ പാസ് എന്ന ദൈർഘ്യം കുറഞ്ഞതും കുത്തനെ കയറ്റമുള്ളതും കാഠിന്യം കൂടിയതുമായ ഒന്ന്, രണ്ടാമതു ദൈർഘ്യം കൂടിയതും എന്നാൽ കയറ്റം കുത്തനെ അല്ലാത്തതുമായ ലൗഡൻ പാസ്.
കുറേയേറെ ആലോചിച്ചു ദൈർഘ്യം കുറഞ്ഞതും കാഠിന്യം കൂടിയതുമായ അലാവുദ്ദീൻ പാസ് വഴി പോകാൻ തന്നെ തീരുമാനിച്ചു നടന്നു തുടങ്ങി. ആദ്യമേ തന്നെ ഒരു അരുവി കടന്ന് അവിടെ നിന്നു വെള്ളവും നിറച്ചു മലകൾ കയറാൻ തുടങ്ങി. ചെറുതും വലുതുമായ മലകൾ നടന്നുള്ള യാത്ര എത്തിയതു ബിബിജോണാത് തടാകത്തിന്റെ തീരത്താണ്.
എല്ലാ തടാകങ്ങൾക്കും വല്ലാത്ത ഭംഗിയാണ്. ഒരു മലകൂടെ കയറിയപ്പോൾ ദുശോഖ തടാകം കണ്ടു. സൂര്യകിരണങ്ങൾ പതിക്കുമ്പോൾ നീലരത്നം പോലെ തിളങ്ങി നിൽക്കുന്ന തടാകം. ഈ തീരത്തും കുറേപ്പേർ ടെന്റ് അടിച്ചു താമസിക്കുന്നുണ്ട്.
അലാവുദ്ദീൻ തടാകം
കയറ്റങ്ങൾ കയറിത്തുടങ്ങി. ഇടതുവശത്ത് അലാവുദ്ദീൻ പർവതം തലയെടുപ്പോടെ നിൽക്കുന്നു. വലതുവശത്തു സെറിനി പർവതവും. ഈ രണ്ടു പർവതങ്ങളുടെയും മധ്യത്തിലാണ് ട്രെക്കിങ്ങിന്റെ സഞ്ചാര പാത. 3800 മീറ്റർ ഉയരമുള്ള സ്ഥലവും ഇതു തന്നെ. എത്ര സമയം അവിടെ ഇരുന്നു എന്ന് ഓർമയില്ല. നല്ല കാറ്റ് വീശുന്നു. ഈ ഉയരത്തിൽ നിന്ന് അങ്ങു താഴെ നീല തടാകം കാണാം, അലാവുദ്ദീൻ തടാകം. അവിടെയാണ് ഇന്നത്തെ യാത്ര അവസാനിക്കുന്നത്.
മല ഇറങ്ങാൻ തുടങ്ങി, ബാഗിനു ഭാരം ഉള്ളതു കൊണ്ട് ഇറക്കം ഇറങ്ങുന്നത് അത്ര എളുപ്പമല്ല. അലാവുദ്ദീൻ തടാകത്തിനു സമീപമെത്തി. തടാകങ്ങൾക്ക് എല്ലാം വിസ്മയിപ്പിക്കുന്ന നീല നിറമാണ്. തീരത്ത് ഒരു ഭാഗത്തു ബാഗ് ഇറക്കി വച്ചു. ഇവിടെ അത്യാവശ്യം ആളുകളുണ്ട് ടെന്റ് അടിക്കാൻ. തടാകത്തിന് ഇരുവശത്തും ചായി കോനകൾ എന്നു പേരുള്ള കടകളിൽ ഭക്ഷണം കിട്ടും, ഒരു കുടുംബം അവിടെ താമസിച്ചാണ് ഈ കട നടത്തുന്നത്. മറച്ചുകെട്ടിയ ഒരു ചെറിയ ശുചിമുറിയുമുണ്ട്.
വൈകാതെ ടെന്റ് അടിച്ചു ബാഗ് ഒക്കെ ഉള്ളിൽ വച്ചു.
നീന്തൽ അനുവദിക്കുന്നതല്ല എന്ന് അലാവുദ്ദീൻ തടാകത്തിനു മുന്നിൽ എഴുതി വച്ചിട്ടുണ്ട്. എന്തായാലും കട ഉണ്ടല്ലോ. അത്താഴം വാങ്ങാം എന്നു കരുതി. താജിക്കിസ്ഥാൻകാരുടെ തനതുവിഭവമായ ലാക്മാൻ സൂപ്പ് വാങ്ങി കഴിക്കാൻ ഇരുന്നു. കൂടെ കട്ടൻ ചായയും കുറച്ചു റൊട്ടിയും കിട്ടി. ഭക്ഷണം ഒക്കെ കഴിച്ചതോടെ ക്ഷീണം മാറി. രാത്രി ആകാശത്തു നക്ഷത്രങ്ങളെ കാണാം, ഇവിടെ ഒരുപാട് ടെന്റും താമസക്കാരുമുള്ളതു കൊണ്ട് അവിടവിടെ ലൈറ്റ് ഉണ്ട്, എന്നാലും കുറച്ചു നേരം നക്ഷത്രങ്ങളെ നോക്കി ആ നിലാവിൽ ഇരുന്നു. തണുപ്പ് കൂടിയതോടെ ടെന്റിന്റെ അകത്ത് കയറി ഉറങ്ങാനുള്ള തയാറെടുപ്പായി. രണ്ടാം ദിവസം ഫാൻ മൗണ്ടൻസിൽ അവസാനിച്ചു. നാളെ ഇനി തിരികെയുള്ള യാത്രയാണ്.
രാവിലെ എണീറ്റു ടെന്റ് ഒക്കെ മടക്കി ബാഗിലാക്കി. കുത്തനെയുള്ള കയറ്റമാണ് ആദ്യം. ഇത് കയറി എത്തുക 3800 മീറ്റർ ഉയരത്തിലാണ്. വളരെ പതിയെ മുന്നോട്ടു പോകുന്നതുകൊണ്ടു കൂടുതൽ സമയമെടുത്താണു മുകളിൽ എത്തിയത്. ഇനി അങ്ങോട്ട് അധികവും ഇറക്കമാണ്. കയ്യിൽ വാക്കിങ് സ്റ്റിക് (വടി) ഇല്ലാത്തത് കൊണ്ട് തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്, ഇടയ്ക്കു ചെറുതായി ഇരുന്നു പോയി ഞാൻ.
െമഹ്റുഗണും രുചിവിഭവങ്ങളും
ഏറെ ദൂരം നടന്ന്, ഇടയ്ക്കു പല സ്ഥലത്തു വിശ്രമിച്ചു. ഗ്രാമങ്ങൾ കണ്ടു തുടങ്ങി, വീടുകൾ കാണാം. ഏറെ പണിപ്പെട്ടാണു ചുവടുകൾ വയ്ക്കുന്നത്. ഇടയ്ക്കു ഗ്രാമവാസികൾ ചായ കുടിക്കാൻ അവരുടെ വീടുകളിലേക്കു ക്ഷണിച്ചു. ആ വീടുകളിലേക്കെത്തണമെങ്കിൽ ഒന്നുകിൽ കയറ്റം കയറണം, അല്ലെങ്കിൽ ഇറങ്ങണം. ഇനി കയറ്റമൊന്നും കയറാൻ വയ്യ, അെല്ലങ്കിൽ ക്ഷണം സ്വീകരിച്ചു നോക്കാമായിരുന്നു. അവരോടു യാത്ര പറഞ്ഞു ഞങ്ങൾ നടന്നകന്നു.
വൈകുന്നേരത്തോടെ ഗ്രാമത്തിലെ ഹോംസ്‌റ്റേയിലെത്തി. ഞങ്ങളെ കണ്ടതും അവിടത്തെ അപ്പൂപ്പനും കൊച്ചുമോനും ഓടിയെത്തി സ്വീകരിച്ചു. ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞെത്തിയപ്പോൾ ആശ്വാസമായി. ഭക്ഷണം കഴിച്ചു നേരത്തേ ഉറക്കമായി.
അടുത്ത ദിവസം ദുഷാൻബെയിലെത്തി. ഹോട്ടലിേലക്കു പോകുന്ന വഴിയിൽ റൊട്ടി ഉണ്ടാക്കുന്നതു കാണാമായിരുന്നു. നോൺ, ലേപിയോഷ്ക എന്നൊക്കെയാണ് താജിക്കിസ്ഥാന്റെ തനതായ റൊട്ടി അറിയപ്പെടുന്നത്. തന്തൂർ അടുപ്പിലാണ് ഇത് ഉണ്ടാക്കുന്നത്. മോഹിപ്പിക്കുന്ന ഗന്ധമുള്ള ആ റൊട്ടി വാങ്ങിയശേഷം നടന്നു ഹോട്ടലിലെത്തി. നാളെ ഒരു ദിവസം കൂടെയാണ് ഈ നാട്ടിൽ നിൽക്കുക. അവസാന ദിവസം ദുഷാൻബെയിൽ തന്നെ ചെലവഴിക്കാൻ തീരുമാനിച്ചു. ഇവിടത്തെ വലിയ ബസാറിൽ പോകണം. രുചികരമായ പിലോവ് കഴിക്കണം എന്നും തീരുമാനിച്ചു.
പിറ്റേന്ന് മെഹ്റുഗൺ എന്ന ബസാറിലെത്തി. നടന്നു കണ്ടിട്ട് തീർന്നില്ല എന്നു തന്നെ പറയാം. അത്രയും വലുതും ഗംഭീരവുമാണ് ഈ ചന്ത. സകല വസ്തുക്കളും കിട്ടുമിവിടെ. റസ്റ്ററന്റിൽ നിന്നു പിലോവും കുർത്തോബ് എന്ന വിഭവവും കഴിച്ചു. തൈരും റൊട്ടിയും തക്കാളിയും സവാളയും മുളകും ഒക്കെ ഇട്ട ഭക്ഷണമാണു കുർത്തോബ്.തിരികെ ഹോട്ടലിലേക്ക്. അതി മനോഹരമായ രാജ്യം... കുറേയേറെ ഓർമകൾ. പിന്നിട്ട വഴികളും കഥകളും പ്രകൃതിയുടെ മനോഹാരിതയും മനസ്സിൽ നിറച്ച് ആ പ്രിയനാടിനോടു വിട പറഞ്ഞു.