പാറക്കെട്ടുകളും പർവതങ്ങളും നിറഞ്ഞ നാട്. ഹിമാലയൻമലനിരകളുടെ ഭാഗമായി നിൽക്കുന്ന കൊച്ചുരാജ്യം. നെല്ലും ബാർലിയും കൃഷി െചയ്തും കന്നുകാലികളെ വളർത്തിയും തങ്ങളുടെ വിശ്വാസത്തെ, മതത്തെ, ഒരുമയെ മുറുക്കെപിടിച്ച് ജീവിക്കുന്ന ജനത. ഇന്ത്യ, ചൈന പോലുള്ള വലിയ അയൽരാജ്യങ്ങൾക്കിടയിൽ പ്രശസ്തിയുടെ, പെരുമയുടെ തലയെടുപ്പില്ലാതെ കിടക്കുന്ന ഭൂട്ടാൻ. അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാനം പോലെ സന്തോഷം തന്നതായിരുന്നു ഭൂട്ടാനിലേക്കുള്ള സഞ്ചാരം. അതിർത്തി നഗരമായ ജയഗണിൽ ഒരു മതിലിന് അപ്പുറം ഭൂട്ടാനും, ഇപ്പുറം ഇന്ത്യയുമാണ്. ഭൂട്ടാന്റെ ഭാഗമായ നഗരത്തിന് ഫുൺഷോലിങ് എന്നാണ് പേര്. നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന ഭൂട്ടാന്റെ മണ്ണിലേക്ക് കടന്നതും അത്രനേരം ചുറ്റും കൂടി നിന്ന് സൈക്കിൾ റിക്ഷക്കാരുടെ ബഹളങ്ങൾ ഇല്ലാതെയായി. സെക്കന്റുകളുടെ വിത്യാസത്തിൽ സംസ്കാരവും കാഴ്ചകളും വെവ്വേറെയാകുന്ന മാന്ത്രികത.
അതിർത്തിയിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്ന് നടപടികൾ പൂർത്തിയാക്കി. തലസ്ഥാനമായ തിമ്പുവിലേക്ക് അഞ്ചുമണിക്കൂർ റോഡ് യാത്രയുണ്ട്. ഇന്ത്യൻ വാഹനങ്ങൾക്ക് പ്രത്യേക നികുതി അടച്ച് എൻട്രി പാസ് സ്വന്തമാക്കാം.
ബ്ലൂപോപ്പിയുടെ ചന്തമുള്ള നാട്
തിമ്പുവിലേക്കുള്ള ഈ അതിമനോഹര റോഡ് യാത്രയിൽ 9000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജെഡു (Gedu) എന്ന പട്ടണവും, ഇതിനടുത്തായി ചുഖ എന്ന ഡാമും കാണാം. ഭൂട്ടാന്റെ പ്രകൃതി അതിന്റെ മുഴുവൻ മനോഹാരിതയോടും കൂടി സന്ദർശകരുടെ മുന്നിൽ വിരുന്നൊരുക്കുകയാണ്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഒറ്റപ്പെട്ട ചെറിയ ഗ്രാമങ്ങളിലാണ് കഴിയുന്നത്. തലസ്ഥാനമായ തിമ്പുവാണ് ഭൂട്ടാനിലെ ഏറ്റവും വലിയ പട്ടണം.
വെള്ളച്ചാട്ടങ്ങളുടെയും മലകളുടെയും നിത്യഹരിതമായ വനങ്ങളുടെയും നാടായ ഇവിടെ ഒട്ടേറെ ജലവൈദ്യുത പദ്ധതികൾ ഉണ്ട്. മിച്ചം വരുന്ന വൈദ്യുതി ഇന്ത്യ, ബംഗ്ലാദേശ് പോലെയുള്ള രാഷ്ട്രങ്ങൾക്ക് വിറ്റാണ് അവർ വിദേശ നാണ്യം നേടുന്നത്. ഈ യാത്രയിലെ മറ്റൊരു മനോഹരമായ ദൃശ്യം വാങ്ഹാ (Wamkha) വെള്ളച്ചാട്ടമായിരുന്നു. മലനിരപ്പുകളും താഴ്‌വരകളും പിന്നിട്ടൊഴുകുന്നതു കാരണം വെള്ളച്ചാട്ടങ്ങൾ നിറഞ്ഞതാണ് ഭൂട്ടാനിലെ നദികൾ. തിമ്പു, പാറോ നദികളുടെ സംഗമവും ഇന്ത്യ നിർമിച്ചു നൽകിയ ഒരു പാലവും ഈ യാത്രയ്ക്കിടെ കാണാം. കുന്നുകളും മലകളും നിറഞ്ഞ ഭൂട്ടാനിൽ ബസ് ഉൾപ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങളില്ല. മിനിവാനുകളും കാറുകളും ഗതാഗതത്തിനായി ആശ്രയിക്കാം. ഭൂട്ടാന്റെ ദേശീയ പുഷ്പമാണ് ബ്ലൂപോപ്പി. എയ്ത്ഗൽ മെയ്ത്തുഗഹൊയം എന്നാണ് പ്രാദേശിക പേര്. അപൂർവമായി കാണുന്ന മനോഹരമായ ബ്ലൂപോപ്പി പോലെ സുന്ദരമാണ് ഭൂട്ടാനിലെ കാഴ്ചകൾ.
എങ്ങും നിറയുന്ന ബുദ്ധൻ
തിമ്പുവിൽ പൊദ്രാംഗ് നാച്ചുറൽ പാർക്കിലെ ശ്രീബുദ്ധന്റെ ശിൽപമാണ് ഏറ്റവും പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്ന്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധ ശിൽപങ്ങളിലൊന്നായി ഇത് അറിയപ്പെടുന്നു. ബുദ്ധൻറെ ഒന്നേകാൽ ലക്ഷം ചെറു ശിൽപങ്ങൾ നിറഞ്ഞ സുന്ദരമായൊരു ബുദ്ധ ക്ഷേത്രവും ഇവിടെയുണ്ട്. ആധുനിക ഭൂട്ടാന്റെ ശിൽപിയും ഭൂട്ടാൻ രാജവംശത്തിലെ മൂന്നാമത്തെ രാജാവുമായ ജിഗ്മിഡോർ ചുഖിന്റെ സ്മാരകസ്തൂപവും പ്രാർഥനാ മണ്ഡപവും ഉൾപ്പെടെയുള്ള ക്ഷേത്രാങ്കണവും സഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടുത്തെ ബുദ്ധമതചാര പ്രകാരമുള്ള പ്രാർഥനകളിൽ ഏതൊരാൾക്കും പങ്കെടുക്കാം. തിമ്പുവിലെ 150 വർഷം പഴക്കമുള്ള ഹെറിറ്റേജ് മ്യൂസിയം ഭൂട്ടാൻ സഞ്ചാരത്തിലെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഒരു പഴയ വീട് രൂപാന്തരപ്പെടുത്തിയെടുത്തതാണ് ഈ മ്യൂസിയം. ഇവിടെ ഈ രാജ്യത്തിന്റെ ഭൂതകാലസൗന്ദര്യം ആരെയും ആകർഷിക്കുന്ന രീതിയിൽ അച്ചടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
അദ്ഭുതങ്ങളൊളിപ്പിക്കും ടൈഗർനെസ്റ്റ്
ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് പാറോയിലാണ്. ഉയർന്നും താഴ്ന്നും നിൽക്കുന്ന ഹരിതാഭമായ മലനിരകൾക്കിടയിൽ പുഴയോരത്ത് പരിമിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു വിമാനത്താവളം, സന്ദർശിക്കുന്ന എല്ലാവരിലും റൊമാൻറിക് അനുഭൂതി പകരും. ഇതിന്റെ സമീപത്തു തന്നെ സന്ദർശകർക്ക് ഫോട്ടോ ഷൂട്ടിനുള്ള സ്ഥലവും ഭൂട്ടാൻ ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോഎടുക്കുന്ന സന്ദർശകരുടെ തിരക്ക് എപ്പോഴും കാണാം. പാറോയിൽ എത്തുന്നവരെ കാത്ത് മ്യൂസിയങ്ങളും പുരാതന ബുദ്ധമത ആശ്രമങ്ങളും ക്ഷേത്രങ്ങളും അടക്കം ഒട്ടേറെ കാഴ്ചകളാണുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2995 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൈഗർ നെസ്റ്റ് ആശ്രമവും ക്ഷേത്രവുമാണ്. നാലു ക്ഷേത്രകെട്ടിടങ്ങളും എട്ട് ഗുഹകളും ഉൾക്കൊള്ളുന്നതാണ് ടൈഗർനെസ്റ്റ് അഥവാ തക് സാങ് മൊണാസ്ട്രി. ഇവിടത്തെ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമാണിത്. ഒരു ദിവസം മുഴുവൻ നടന്ന് കുത്തനെയുള്ള കയറ്റവും ദുർഘടമായ പാതകളും പിന്നിട്ടുവേണം ഇവിടെയെത്താൻ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ടൈഗർനെസ്റ്റ്.
ഭൂട്ടാനിലെ നിർമിതികൾക്കെല്ലാം ഒരു ഏകീകൃത രൂപവും വാസ്തു ശിൽപ ചാരുതയുമുണ്ട്. മഞ്ഞും മഴയും തണുപ്പും കലർന്ന പ്രകൃതിക്കിണങ്ങിയ നിർമിതികളാണ് എവിടെയും. വേഷം, ഭാഷ, കറൻസി, ജീവിതരീതി, ആചാരങ്ങൾ തുടങ്ങി അവരുടെ സംസ്കാരവും വേറിട്ട് നിൽക്കുന്നു. ആ സാംസ്കാരിക മൂല്യങ്ങൾ ചോരാതെ ടൂറിസത്തെ മനോഹരമായി ബന്ധിപ്പിച്ചിരിക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ഭാരതത്തിൻറെ ആത്മീയ സാംസ്കാരിക പാരമ്പര്യങ്ങളോട് ചേർന്ന് നിൽക്കുമ്പോഴും സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതിൽ അവർ ജാഗരൂകരാണ്.