Saturday 26 June 2021 03:35 PM IST : By Vipin Thomas, Keezhpally

1942 A Love Story ഷൂട്ട് ചെയ്ത സ്ഥലം: ഈ താഴ്‌വരയിൽ ഇന്നും പ്രണയം പെയ്യുന്നു

1 - del

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയുടെ മുഴുവൻ അധികാരവും കയ്യാളിയിരുന്ന ഗവർണർ ജനറൽ – ജയിംസ് ആൻഡ്രൂ ബ്രൗൺ–റേംസെ. ബ്രിട്ടനിലെ സ്കോട്‍ലൻഡിൽ ജനിച്ച അദ്ദേഹം ഇന്ത്യയിൽ അറിയപ്പെട്ടത് ലോർഡ് ഡെൽഹൗസി എന്ന പേരിലാണ്. ടെലഗ്രാഫ്, റെയിൽവെ ഉൾപ്പെടെ വികസനത്തിനു പുതുവഴി തുറന്നതിന്റെ ക്രെഡിറ്റ് ഇംഗ്ലിഷ് ചരിത്രകാരന്മാർ ഡെൽഹൗസിയുടെ പേരിലാണ് എഴുതിച്ചേർത്തിട്ടുള്ളത്. 1848ൽ ഗവർണർ ജനറലായതിനു ശേഷം 1856ൽ ആ പദവിയിൽ നിന്നു മാറുന്നതു വരെ ഡെൽഹൗസി വേനൽക്കാലം ചെലവഴിച്ചത് ഹിമാചൽ പ്രദേശിലെ ഒരു ബംഗ്ലാവിലായിരുന്നു. അക്കാലത്ത് അവിടെ വിക്ടോറിയൻ, സ്കോട്ടിഷ് വാസ്തുവിദ്യയിൽ ബംഗ്ലാവുകളും ക്രൈസ്തവ ദേവാലയങ്ങളും നിർമിച്ചു. സ്വാതന്ത്ര്യാനന്തരം ആ പ്രദേശം മൊത്തത്തിൽ ‘ഡെൽഹൗസി’ എന്നറിയപ്പെട്ടു. മഞ്ഞു പുകയുന്ന മലഞ്ചെരിവ് പിൽക്കാലത്ത് ഹിമാചൽ സന്ദർശകരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറി.

പഞ്ചാബിലെ പത്താൻകോട്ട് നിന്നു പുറപ്പെട്ടു. ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സ്ഥലമാണു പത്താൻകോട്ട്. പാക്കിസ്ഥാനിലേക്ക് അവിടെ നിന്നു മുപ്പതു കിലോമീറ്ററേയുള്ളൂ. വഴിയോരത്ത് ഇന്ത്യൻ പട്ടാളക്കാർ കാവലുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ പട്ടാള ക്യാംപുകളിലൊന്നായ 'മാമൂൻ ആർമി കന്റോൺമെന്റ്' ഈ പാതയോരത്താണ്. ഹിമാചലിലേക്കും കാശ്മീരിലേക്കുമുള്ള പ്രധാന പാത അതു വഴി കടന്നു പോകുന്നു. ഞങ്ങൾ അവിടെ എത്തിയ സമയത്ത് വാഹനങ്ങൾ കുറവായിരുന്നു.

2 - del

പത്താൻകോട്ട് നിന്നും ഡെൽഹൗസിയിലേക്ക് മൂന്നര മണിക്കൂർ യാത്ര. കണ്ണെടുക്കാൻ തോന്നാത്തവിധം മനോഹരമാണ് വഴിയോരം.

ഒരുവശത്തു മലനിര. മറുവശം താഴ്‌വര. റൂഫിംഗ് സ്ലേറ്റുകൾ മേൽക്കൂരയിൽ പതിച്ച ചെറുവീടുകൾ. അരുവികൾ, മഞ്ഞുപുതച്ച മേടുകൾ... തണുത്ത കാറ്റുള്ള സായാഹ്നത്തിൽ ഞങ്ങൾ ഡെൽഹൗസിയിലെത്തി. സമുദ്ര നിരപ്പിൽ നിന്ന് 1970 മീറ്റർ ഉയരത്തിലുള്ള പട്ടണം അതി മനോഹരം.

പഴയ ലവ് േസ്റ്റാറി

3 - del

ഹിമാചലിലെ ചമ്പ ജില്ലയിലാണ്‌ ഡെൽഹൗസി പട്ടണം. ഥലാഗ്, പോട്രെയ്‌സ്, ടെഹ്റാ, ബക്രോത, ബൻകോറ എന്നീ മലനിരകളിൽ വ്യാപിച്ചു കിടക്കുന്നു ഡെൽഹൗസി ഗ്രാമം. വിനോദസഞ്ചാര കേന്ദ്രമായി മാറിയെങ്കിലും ഡെൽഹൗസിയിൽ താമസക്കാർ കുറവാണ്. സെന്റ് ഫ്രാൻസിസ് ചർച്ചിനു സമീപം 'അൽവേർണ' ആശ്രമത്തിൽ ഞങ്ങൾക്കു മുറി ലഭിച്ചു. ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച രണ്ടു പള്ളികളാണ് ഡെൽഹൗസിലിയുള്ളത് – സെന്റ് ജോൺ ചർച്ച്(1863), സെന്റ് ഫ്രാൻസിസ് ചർച്ച് (1894).

മുറിയിൽ കയറിയ ശേഷമാണ് ആശ്രമത്തിന്റെ പ്രത്യേകത അറിഞ്ഞത്. ‘എക് ലഡ്കി കോ ദേഖാ തോ ഐസാ ലഖാ...’ എന്ന ഗാന രംഗം ഓർമയില്ലേ? ‘1942 എ ലവ് േസ്റ്റാറി’യിൽ അനിൽ കപൂർ സൈക്കിളുമായി കറങ്ങുന്നത് ഈ ആശ്രമത്തിനു ചുറ്റുമാണ്. പ്രശസ്തമായ സിനിമ ചിത്രീകരിച്ച സ്ഥലത്തു താമസിക്കാൻ അവസരം കിട്ടിയതിൽ സന്തോഷം തോന്നി.

4 - del

ആശ്രമത്തിന്റെ കുറച്ചു ഫോട്ടോ എടുത്ത ശേഷം ഞങ്ങൾ കാഴ്ചകളിലേക്ക് ഇറങ്ങി. ആദ്യം സുഭാഷ് പാർക്ക് സന്ദർശിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപമാണ് ഉദ്യാനത്തിലെ പ്രധാന ആകർഷണം. സുഭാഷ് ചൗക്കിന്റെ ഒരു ഭാഗം താഴ്‌വരയാണ്. വ്യൂപോയിന്റിൽ നിന്നാൽ നിരയായ കുന്നുകൾ കാണാം. മഞ്ഞു മൂടിയ അന്തരീക്ഷം കാഴ്ചയെ കൂടുതൽ മനോഹരമാക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് രണ്ടു തവണ ഡെൽഹൗസി സന്ദർശിച്ചിട്ടുണ്ട് – 1925, 1937. ജയിൽമോചിതനായ ശേഷം അദ്ദേഹം വിശ്രമിച്ചത് ഡെൽഹൗസിയിലെ വസതിയിലായിരുന്നു. അദ്ദേഹം അഞ്ചു മാസം അവിടെ ഉണ്ടായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഡെൽഹൗസിയുടെ പ്രതാപകാലത്ത് അവിടെ എത്തിയിട്ടുള്ള മറ്റൊരു പ്രമുഖൻ ജവഹർലാൽ നെഹ്റുവാണ്.

സുഭാഷ് ചൗക്കിൽ നിന്നു ഗാന്ധി ചൗക്കിലേക്ക് രണ്ടു കി.മീ നടക്കണം. മഞ്ഞിന്റെ തണുപ്പ് ആസ്വദിച്ചുള്ള നടത്തം രസകരമായി. വഴിയോരത്ത് ഒട്ടേറെ കടകളുണ്ട്. അവിടെ നിന്ന് ‘മോമൂസ്’ വാങ്ങിക്കഴിച്ചു. ഇറച്ചി ഉപയോഗിച്ചുണ്ടാക്കിയ പലഹാരമാണു മോമൂസ്. ഡെൽഹൗസി സന്ദർശകർ ഷോപ്പിങ് നടത്തുന്ന സ്ഥലമാണ് ഈ പാതയോരം. കരകൗശല വസ്തുക്കളാണ് പ്രധാന ഐറ്റം. ഗാന്ധി ചൗക് സന്ദർശിച്ച് മടങ്ങുംവഴി പഞ്ചാബി ധാബയിൽ അത്താഴം കഴിച്ചു.

മിനി സ്വിറ്റ്സർലൻഡ്

5 - del

പിറ്റേന്നു രാവിലെ കജ്ജിയാറിലേക്കായിരുന്നു യാത്ര. ഡെൽഹൗസിയിൽ നിന്ന് ഇരുപത്തിരണ്ട് കി.മീ. ദേവദാരു, അലഞ്ചി വൃക്ഷങ്ങൾ വളർന്നു നിൽക്കുന്ന കാടിനു നടുവിലൂടെയാണ് സഞ്ചാരം. ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ പുൽത്തകിടിയും തടാകവും കണ്ടു – കജ്ജിയാർ. മിനി സ്വിറ്റ്സർലൻഡ് എന്ന് അറിയപ്പെടുന്ന സ്ഥലമാണു കജ്ജിയാർ. 'സ്വിസ് നാഷണൽ ടൂറിസ്റ്റ് ഓഫീസ്’ 1992 ലാണ് കജ്ജിയാറിന് ഈ വിശേഷണം ചാർത്തി നൽകിയത്. നാമകരണത്തിന്റെ സ്മരണയ്ക്കായി സ്തൂപം സ്ഥാപിച്ചിട്ടുണ്ട്. ‘'സ്വിറ്റ്സർലൻഡ് – 6194 കിലോമീറ്റർ’ – അവിടെ എഴുതി വച്ചിരിക്കുന്നു.

മിനി സ്വിറ്റ്സർലൻഡിനു സമീപത്തു പാരാഗ്ലൈഡിങ് നടത്താം. ബലൂൺ റോളിങ്ങാണ് അവിടുത്തെ മറ്റൊരു വിനോദം. സാഹസിക യാത്രികർക്ക് കലാടോപ്പ് വന്യജീവി സങ്കേതത്തിൽ ട്രെക്കിങ് നടത്താം. പതിനാറ് കി.മീ. ട്രെക്കിങ് വന്യജീവി ഫോട്ടൊഗ്രഫർമാരുടെ പ്രിയപ്പെട്ട യാത്രയാണ്. കുറുനരി, കീരി, കരടി എന്നിവയെ നേരിൽ കാണാം. പൈൻ മരങ്ങളും ദേവദാരു വൃക്ഷങ്ങളുമാണ് കജ്ജിയാറിന്റെ സൗന്ദര്യം. നിശബ്ദത തളം കെട്ടി നിൽക്കുന്ന കാടിനുള്ളിൽ കാറ്റിന്റെ ഇരമ്പൽ പ്രത്യേക അനുഭവമാണ്.

6 - del

ഡെൽഹൗസിയിൽ നിന്നു പത്തു കി.മീ. അകലെ ‍ഡെയിൻകുണ്ഡായിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. വായുസേനയുടെ നിരീക്ഷണത്തിലുള്ള സ്ഥലമാണ് ഡെയിൻകുണ്ഡ്. പ്രവേശനത്തിന് എയർഫോഴ്സ് അധികൃതരുടെ അനുമതി വേണം. ഡെയിൻകുണ്ഡ് മലനിരയെ വ്യൂപോയിന്റ് എന്നു വിശേഷിപ്പിക്കാം. അവിടെ നിന്നാൽ ബീസ്, രവി, ചെനാബ് നദികൾ കാണാം. മലഞ്ചെരിവിലൂടെ വെള്ളിവര പോലെ ഒഴുകുന്ന നദികൾ അതിമനോഹരമായ കാഴ്ചയാണ്.

പാഞ്ച്പുല അരുവിയുടെ തീരത്തും ബക്രോത കുന്നുകളിലും കുറേ നേരം ഇരുന്നതിനു ശേഷം ഞങ്ങൾ ഡെൽഹൗസിയോടു യാത്ര പറഞ്ഞു. മടങ്ങുമ്പോൾ വാഹനത്തിലിരുന്ന് ഡെൽഹൗസിയുടെ പ്രത്യേകതകളെ കുറിച്ച് ചിന്തിച്ചു. മനുഷ്യവാസമുള്ള പ്രദേശങ്ങളെല്ലാം താഴ്‌വരകളാണ്. പണ്ടത്തെ പഞ്ചാബ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡെൽഹൗസിയിൽ പഞ്ചാബി ധാബകൾ ഒട്ടേറെയുണ്ട്. വന്നുപോകുന്നവരിലേറെയും തലപ്പാവു ധരിച്ച സിക്കുകാരും സുന്ദരികളായ പഞ്ചാബി പെണ്ണുങ്ങളുമാണ്.

7 - del

മലയിറങ്ങുമ്പോൾ വഴിയോരത്തു ശ്രദ്ധയിൽപ്പെട്ടതു ഡിയഡോർ മരങ്ങളാണ്. ദേവദാരു, അലാഞ്ചി, ഡിയഡോർ... ഡെൽഹൗസിയുടെ സവിശേഷതകളിൽ മരങ്ങളും വലിയ പങ്കുവഹിക്കുന്നു. ഡെൽഹൗസി കണ്ടു വീട്ടിലെത്തിയപ്പോൾ ചരിത്രത്തിന്റെ ഭാഗമായി അറിയപ്പെടുന്ന സ്ഥലത്തേക്കു നടത്തിയ യാത്രയായി തോന്നിയില്ല. അതുകൊണ്ടു തന്നെ അവധിക്കാലം ചെലവിടാൻ ഒരിക്കൽക്കൂടി ഡെൽഹൗസിയിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.