Monday 07 October 2024 03:51 PM IST

‘കുടിക്കാൻ കുതിരപ്പാൽ, ബാര്‍ബിക്യൂ ചെയ്ത് പ്ലേറ്റില്‍ വിളമ്പിയ വിഭവം കണ്ടപ്പോഴേക്കും അമ്പരന്നു’: ഡോ. കമ്മാപ്പയുടെ സിൽക് റൂട്ട്

Baiju Govind

Sub Editor Manorama Traveller

Photos: Franklin Joshua Photos: Franklin Joshua

ജപ്പാനിലേക്കുള്ള യാത്ര കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ തന്നെ അടുത്ത ട്രിപ്പ് എവിടേക്കാണെന്ന് തീരുമാനിച്ചിരുന്നു. ഒരു ട്രിപ്പില്‍ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള റൂട്ട് മാപ്പ് ഇരുപതു പേര്‍ക്കും ഇഷ്ടപ്പെട്ടുവെന്നു മാത്രമല്ല, അതിന്റെ കൗതുകം യാത്ര പുറപ്പെടുന്ന ദിവസം വരെയുള്ള കാത്തിരിപ്പിന് ആകാംക്ഷയുടെ ചൂടു പകര്‍ന്നു. രാജ്യങ്ങളുടെ ലിസ്റ്റ് ഇങ്ങനെ: കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍. ഈ രാജ്യങ്ങളെ കോര്‍ത്തിണക്കി പണ്ടു ചൈനയില്‍ നിന്നു യൂറോപ്പിലേക്കു പ്രയാണം നടത്തിയവര്‍ സില്‍ക്ക് റൂട്ട് അഥവാ പട്ടുപാത എന്നൊരു വിളിപ്പേരിട്ടിരുന്നു. ഇന്നും സഞ്ചാരക്കുറിപ്പുകളില്‍ സില്‍ക്ക് റൂട്ട് എന്ന പേരിനു തിളക്കം മങ്ങിയിട്ടില്ല.

യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ് എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറില്‍ നിന്നു വേര്‍പെട്ട് സ്വാത ന്ത്രരായി നിലകൊള്ളുന്ന ഈ നാലു രാഷ്ട്രങ്ങളും വിനോദസഞ്ചാരത്തിന് വലിയ പ്രോത്സാഹനം നല്‍കുന്ന കാര്യം ലോകസഞ്ചാ രികളില്‍ പലരും അറിഞ്ഞു വരുന്നതേയുള്ളൂ. മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് അഡ്വാന്‍സ്ഡ് വീസ കിട്ടും. കസാക്കി സ്ഥാനില്‍ വീസ ഓണ്‍ അറൈവല്‍ ലഭ്യമാണ്. വീസ, താമസം, ഭക്ഷണം, ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടൂറിസം കേന്ദ്രങ്ങളിലെ എന്‍ട്രി ഫീസ് എന്നിവ ഉള്‍പ്പെടുന്ന ടൂര്‍ പാക്കേജാണു ഞങ്ങള്‍ തിരഞ്ഞെടുത്തത്; സാന്താ മോണിക്കയാണു ട്രാവല്‍ ഏജന്‍സി. ഡല്‍ഹിയില്‍ നിന്നു മൂന്നര മണിക്കൂര്‍ വിമാന യാത്ര നടത്തിയാല്‍ കസാക്കിസ്ഥാനിലെത്താം. കൊച്ചിയില്‍ നിന്നു ഡല്‍ഹിയി ലെത്താനും ഏകദേശം അത്രത്തോളം സമയമെടുത്തു. ഡല്‍ഹിയില്‍ എത്തിയതിന്റെ പിറ്റേന്നു വൈകിട്ടാണ് കസാക്കിസ്ഥാനിലേ ക്കുള്ള വിമാനം പുറപ്പെടുന്നത്. ആയതിനാല്‍, കുറച്ചു സമയം ഡല്‍ഹിയില്‍ ചെലവഴിച്ചു. മുന്‍പു നിരവധി തവണ സന്ദര്‍ശിച്ചിട്ടു ണ്ടെങ്കിലും കുത്തബ് മിനാറും ജന്‍പഥും രാജവീഥിയും വീണ്ടുമൊരിക്കല്‍ക്കൂടി പഴമയിലെ പുതുമയുള്ള കാഴ്ചകളായി.

1kammappa

അസ്താന എയര്‍ലൈന്‍സ് വിമാനം ഉച്ചയ്ക്ക് 2.30ന് രാജനഗരിയുടെ ശിരസ്സിലേക്ക് കുതിച്ചുയര്‍ന്നു. പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ആകാശമേടകളിലെ മേഘപടലങ്ങളിലൂടെ പറന്ന് ആ വ്യോമയാനം വൈകിട്ട് ആറിന് അല്‍മാട്ടി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് ഉദ്യാന നഗരമെന്നറിയപ്പെടുന്ന അല്‍മാട്ടി. പൂന്തോട്ടങ്ങളും ബഹുനില കെട്ടിടങ്ങളും സുന്ദരന്മാരും സുന്ദരികളും അഴകു വിടര്‍ത്തുന്ന നഗരമാണ് അല്‍മാട്ടി.

തണുപ്പിന്റെ മുഖാവരണം ചാര്‍ത്തിയ സായന്തനത്തില്‍ ആ നഗരത്തിനോടു ഗുഡ് ഈവ്‌നിങ് പറഞ്ഞു. പ്രമാദമായ റാഹത് പാലസ് ഹോട്ടലിലായിരുന്നു താമസം. ഫൈവ് സ്റ്റാര്‍ പദവിയോടു നീതി പുലര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരും റസ്റ്ററന്റിലെ ഷെഫും ആതിഥ്യമര്യാദയില്‍ വിനയാന്വിതരായി. അന്നു രാത്രി ഒരു കാര്യം മനസ്സിലാക്കി: ബാര്‍ ബി ക്യൂ പാകം ചെയ്യുന്നതില്‍ നിപുണരായ പാചകവിദ്വാന്മാരുടെ നാട്ടിലാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

അല്‍മാട്ടി സ്‌പെഷല്‍ കുതിര ഇറച്ചി

യാത്രാ സംഘത്തിലേറെയും ഡോക്ടര്‍മാരാണ്, വിശ്രമത്തിനും ഉല്ലാസത്തിനുമാണ് വന്നിട്ടുള്ളത്. ധൃതി പിടിച്ചുള്ള ഓട്ടപ്പാച്ചില്‍ വേണ്ട, ഗൈഡിനെ ഓര്‍മിപ്പിച്ചു. അതു കൃത്യമായി പാലിക്കപ്പെട്ടു - പതിമൂന്നു ദിവസം നീണ്ടു നിന്ന ടൂറില്‍ എല്ലാ ദിവസവും രാവിലെ പത്തിനാണ് പകല്‍യാത്ര ആരംഭിച്ചത്. കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ എത്തിയതിന്റെ പിറ്റേന്ന് ആദ്യദിവസം രാവിലെ ഷിംബുലാക്കിലേക്ക് നീങ്ങി.

മഞ്ഞിനു മുകളിലൂടെ തെന്നി നീങ്ങുന്ന വിനോദമായ സ്‌കീയിങ് നടത്തുന്ന റിസോര്‍ട്ടാണു ഷിംബുലാക്. സ്‌കീയിങ് റിസോര്‍ട്ട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. പ്രകൃതി സൗഹൃദമായ നിര്‍മിതികള്‍ മാത്രമേ ഇവിടെയുള്ളൂ. കോണ്‍ക്രീറ്റ് നിര്‍മിതികളില്ല. മനോഹരമായ മലമ്പ്രദേശം പല തട്ടുകളാക്കി തിരിച്ച് വിനോദ പരിപാടികള്‍ നടപ്പാക്കിയിരിക്കുകയാണ്. മലയുടെ മുകളിലേക്ക് കേബിള്‍കാര്‍ സര്‍വീസുണ്ട്. കേബിള്‍കാര്‍ മൂന്നു സ്ഥലങ്ങളില്‍ നിര്‍ത്തും. ഓരോ സ്‌റ്റോപ്പും ഓരോ സ്‌റ്റേജുകളായി അറിയ പ്പെടുന്നു. ഓരോ സ്റ്റേജിലും വിവിധ വിനോദ പരിപാടികളുണ്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവിടെ എത്ര നേരം വേണ മെങ്കിലും ചെലവഴിക്കാം. അഞ്ച് 'ടാങ്കെ' യാണ് പ്രവേശന ചാര്‍ജ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് അഞ്ച് ടാങ്കെയാണ് വിനിമയ മൂല്യം. ഷിംബുലാക്കില്‍ നിന്നു തിരികെ ഹോട്ടലില്‍ എത്തിയപ്പോഴേക്കും നേരം ഇരുട്ടി. മുറിയില്‍ പോയി ഫ്രഷ് ആയതിനു ശേഷം അത്താഴത്തിനു നീങ്ങി. മസാല പുരട്ടി ബാര്‍ബിക്യൂ ചെയ്ത് പ്ലേറ്റില്‍ വിളമ്പിയ വിഭവം കണ്ടപ്പോള്‍ അമ്പരന്നു - കുതിര ഇറച്ചി! കസാക്കിസ്ഥാനില്‍ ബീഫിനേക്കാള്‍ വില കുറവുള്ള ഭക്ഷ്യമാംസമാണു കുതിര ഇറച്ചി. ഇലകള്‍ ഉപയോഗിച്ചു തയാറാക്കിയ സാലഡ്, പ്രത്യേക ഇനം ബ്രഡ് എന്നിവയാണ് കോംബിനേഷന്‍. കുടിക്കാന്‍ കുതിരയുടെ പാല്‍.

3 kammappa

ആകെ ജനസംഖ്യയില്‍ എഴുപത്തിനാലു ശതമാനം മുസ്ലിംകളുള്ള രാജ്യമാണു കസാക്കിസ്ഥാന്‍. വസ്ത്രധാരണത്തില്‍ അവിട ത്തുകാര്‍ പാശ്ചാത്യരീതി പിന്‍തുടരുന്നു. കസാക്ക് ഭാഷയാണു സംസാരിക്കുന്നതെങ്കിലും എഴുത്തുലിപി ഇപ്പോഴും റഷ്യനാണ്.

തലകീഴായ് ഒരു വീട്

മൂന്നാറിലും ഊട്ടിയിലും കൊടൈക്കനാലിലും തെക്കേ ഇന്ത്യയിലെ മറ്റു മലയോര ഗ്രാമങ്ങളിലും കുടില്‍വ്യവസായമായി തയാറാ ക്കുന്ന ചോക്ലേറ്റുകളുടെ രുചിയോടു കിടപിടിക്കുന്ന ചോക്ലേറ്റ് വില്‍ക്കപ്പെടുന്ന രാഷ്ട്രമാണ് കസാക്കിസ്ഥാന്‍. ഗ്രാമങ്ങളിലും നഗരങ്ങളിലെ ഷോപ്പുകളിലും വിവിധ ഇനം ചോക്ലേറ്റ് വില്‍ക്കുന്ന കടകളുണ്ട്. ആസ്വാദ്യകരമായ മധുരവും പാലിന്റെ സ്വാദും മേമ്പൊടിയാക്കിയുള്ള ചേരുവ അത്തരം ചോക്ലേറ്റുകളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കുതിര, പശു എന്നിവയെ വളര്‍ത്തി പാലും മാംസവും പാലുല്‍പന്നങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന കൃഷിക്കാരാണ് ഗ്രാമങ്ങളുടെ ഐശ്വര്യം. വികസിത രാഷ്ട്രമെന്നു പറയാറായിട്ടില്ല. ഐടി, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഇതൊരു സമ്പൂര്‍ണ വികസ്വര രാജ്യമാണ്.

കുതിരപ്പാലൊഴിച്ച ചായ കുടിച്ചതിന്റെ ഉന്മേഷത്തിലാണ് രണ്ടാം ദിവസം രാവിലെ യാത്ര പുറപ്പെട്ടത്. വലിയൊരു പാര്‍ക്കി ലേക്കാണു യാത്ര. കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നട്ടു വളര്‍ത്തിയ മരങ്ങള്‍ വളരുന്ന ദേശീയോ ദ്യാനമാണ്. സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ജനങ്ങളെ വിളിച്ചുകൂട്ടി 200 ഹെക്ടര്‍ വനം സൃഷ്ടിച്ചെടുത്ത ഭരണാധികാ രികളുടെ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹം തന്നെ. ആ സ്ഥലം മുഴുവനായും നടന്നു കാണാന്‍ ഒരു പകല്‍ മതിയാകില്ല. പാര്‍ക്ക്, നടപ്പാത, വഴിയോരക്കാഴ്ചകള്‍ എന്നിങ്ങനെ സ്വാതന്ത്ര്യ സ്മാരക വനത്തിലൂടെ ഞങ്ങള്‍ ഉച്ചയോളം നടന്നു. അതിനു ശേഷം ' കോക് ടൊബേ'യിലേക്ക് തിരിച്ചു.

മലമുകളില്‍ നിന്നു മഞ്ഞു മൂടിയ താഴ് വരയെ സാക്ഷിയാക്കി സൂര്യാസ്തമയം കാണാനുള്ള വ്യൂപോയിന്റാണ് കോക് ടൊബേ. 'സൂ' അഥവാ കാഴ്ചബംഗ്ലാവ് എന്നാണ് ഈ സ്ഥലത്തിന് അവിടത്തുകാര്‍ നല്‍കിയിട്ടുള്ള വിശേഷണം. വനമേഖലയില്‍ ആയ തിനാലും മൃഗങ്ങള്‍ ഉള്ളതിനാലുമായിരിക്കാം അത്തരമൊരു വിശേഷണം ലഭിച്ചതെന്നു കരുതപ്പെടുന്നു. മലയുടെ മുകളിലേക്ക് കേബിള്‍ കാര്‍ സര്‍വീസ് നടത്തുന്നുണ്ട്. സന്ദര്‍ശകര്‍ അതില്‍ കയറി മലയുടെ നെറുകയിലെത്തി ആ നാടിന്റെ അനുമപസൗന്ദര്യം ആസ്വദിക്കുന്നു.

4 kammappa

പരന്ന മേല്‍ക്കൂരയോടു കൂടിയ ഭവനങ്ങള്‍ അവിടുത്തെ പ്രകൃതിഭംഗിക്കു മാറ്റുകൂട്ടുന്നു. കൂര്‍ത്തതോ ചെരിവുള്ളതോ ആയ മേല്‍ ക്കൂരകളോടെ നിര്‍മിച്ച വീടുകള്‍ ഇവിടെയില്ല. എല്ലാ കെട്ടിടങ്ങളും വീടുകളല്ല; അവയില്‍ ചിലതു റസ്റ്ററന്റുകളാണ്. ആളുകളെ ആകര്‍ഷിക്കാന്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നതാണു മറ്റൊരു സവിശേഷത.

കോക് ടൊബേയിലേക്കുള്ള വഴിയോരത്ത് തീര്‍ത്തും വ്യത്യസ്തമായ ഒരു നിര്‍മിതി കണ്ടു. ഒരു വീട് തലകീഴായി നില്‍ക്കുന്നു. കുന്നിന്‍മുകളില്‍ നിന്ന് ഉരുണ്ടു വീണതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. അടുത്തു ചെന്നപ്പോള്‍ അതൊരു വേറിട്ട നിര്‍മിതിയാണെന്നു മനസ്സിലായി. തറയുടെ സ്ഥാനത്ത് മേല്‍ക്കൂര. ഭിത്തികള്‍ തലകീഴായി നിലകൊള്ളുന്നു. ജനലും വാതിലും അലമാരയുമൊക്കെ എതിര്‍ദിശയിലാണ് സ്ഥാപിച്ചിട്ടുള്ളത്. 'തലതിരിഞ്ഞ' ചിന്തയില്‍ നിന്നുണ്ടായ വീട് ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട് എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്.

പരീക്ഷിത്തിന്റെ കഥ പോലെ ചിംഖാന്‍

മൂന്നാം ദിനം വന്നണഞ്ഞു. കസാക്കിസ്ഥാനോടു വിട പറയുകയാണ്. 270 കിലോമീറ്റര്‍ അകലെയുള്ള കിര്‍ഗിസ്ഥാനിലേക്കാണ് ഇനി പോകുന്നത്. ബസ്സിലാണു യാത്ര. ഒരിക്കലും മറക്കാനാവാത്ത ഭൂപ്രകൃതിയുടെ അപാര സൗ്ദര്യത്തിലൂടെയാണ് വാഹനം കടന്നു പോയത്. മരങ്ങളില്ല, പച്ചപ്പണിഞ്ഞ് വിസ്താരമുള്ള കുന്നുകള്‍, മലകള്‍.

സ്വിറ്റ്‌സര്‍ലന്‍ഡിലെ പച്ചയണിഞ്ഞ മലയോരങ്ങളുടെ മാസ്മരികഭംഗി ഓര്‍മിപ്പിക്കും വിധം മനോഹരമാണ് ഇവിടുത്തെ മലനിര. ചിത്രകാരന്റെ ഭാവനയിലെ സ്വപ്‌നഭൂമി പോലെ ചാഞ്ഞും ചെരിഞ്ഞും കിടക്കുന്ന കുന്നിന്‍ചെരിവില്‍ പലനിറങ്ങളിലുള്ള ചെറു ചെടികള്‍ പൂവണിഞ്ഞും ഇലച്ചാര്‍ത്തു ചൂടിയും വളര്‍ന്നു നില്‍ക്കുന്നു. ക്യാമറയുമായി അവിടെ എത്തുന്നവര്‍ക്ക് വിശ്രമമില്ല.

വിശ്വപ്രസിദ്ധമായ മാചുപിചുവിലെയും, കാര്‍ഷിക സമതലങ്ങളുടെ ഭൂമിയായ ഫിലിപ്പീന്‍സിലെയും ടെറസ് ഫാമിങ് രൂപത്തി ലുള്ളതാണ് കസാക്കിസ്ഥാന്‍ - കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി. തട്ടുകളായി വെട്ടിയൊതുക്കിയ ഭൂമിയെ സ്‌റ്റെപ്പി എന്നാണ് അവിടു ത്തുകാര്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെ വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചു നീങ്ങുമ്പോള്‍ പൊടുന്നനെ ഭൂപ്രകൃതിയില്‍ മാറ്റമുണ്ടായി. 'നോ മാന്‍സ് ലാന്‍ഡ്' എന്നു പറയപ്പെടുന്ന വിജനമായ പറമ്പുപോലെയുള്ള പ്രദേശത്തേക്ക് ബസ് നീങ്ങി. കസാക് - കിര്‍ഗ് അതിര്‍ത്തി നിര്‍ണയ പ്രദേശമാണ് അത്. വിജനദേശം താണ്ടിയാല്‍ ഇമിഗ്രേഷന്‍ ചെക്കിങ് പോയിന്റ്.

7 kammappa

വലിയൊരു പരീക്ഷണമാണു നേരിടാന്‍ പോകുന്നതെന്ന് അപ്പോള്‍ മനസ്സിലായിരുന്നില്ല. നിരയായി നില്‍ക്കുന്ന വാനങ്ങളുടെ അങ്ങേതലയ്ക്കല്‍ ചെറിയൊരു കെട്ടിടം, അതാണു പരിശോധനാ കേന്ദ്രം. ഒരു ഉദ്യോഗസ്ഥന്‍ കസേരയില്‍ ചാഞ്ഞിരുന്ന് ഓരോരുത്തരുടേയും യാത്രാരേഖ പരിശോധിക്കുകയാണ്. ഞങ്ങളുടെ ഊഴമെത്താന്‍ രണ്ടര മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നു. അതു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വന്ന ബസ്സ് മുന്നോട്ടു നീങ്ങി. ബാഗ് ചുമന്നുകൊണ്ട് യാത്രക്കാര്‍ പുറകെ നടക്കണം - അതാണേ്രത ചട്ടം. ചുമടെടുപ്പിന് തയാറായി ജോലിക്കാരുണ്ട്. വേണമെങ്കില്‍ അവരുടെ സഹായം തേടാം. കിര്‍ഗിസ്ഥാന്റെ പ്രവേശനകവാടം വരെയുള്ള നടത്തം അത് ഒഴിവാക്കാനാവില്ല. വല്ലാത്തൊരു നിയമം തന്നെ - പറയാതെ വയ്യ. (വെയിലത്തു നടന്നു വലഞ്ഞ് എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലം കണ്ടപ്പോള്‍ മനംമടുത്തു. നാലുവശവും മറയുള്ള ചായ്പ്പിനുള്ളില്‍ ഒരു കുഴി. ആസന്ന നിലയിലുള്ളവര്‍ക്ക് അവിടെ കാര്യം സാധിക്കാം).

ക്ഷീണത്തോടെയാണ് ബിഷ്‌കേക്ക് നഗരത്തില്‍ ചെന്നിറങ്ങിയത്. ഉച്ചയോളം സമയം വെറുതേ പോയി. അല്‍പ നേരം വിശ്രമിച്ച ശേഷം ഗാര്‍ഡന്‍ സിറ്റി കാണാനിറങ്ങി. കിര്‍ഗിസ് ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നിരയാണ് തെരുവുകള്‍. റഷ്യന്‍ ലിപിയിലാണ് കടകളുടെ പേരുകള്‍ എഴുതിയിട്ടുള്ളത്. അവരുടെ കറന്‍സിയുടെ പേര് സൂം എന്നാണ്. ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ ഒരു രൂപ അഞ്ചു പൈസ മൂല്യം.

ഇന്ത്യക്കാര്‍ അവിടത്തുകാര്‍ക്ക് പരിചിതരായ ജനവിഭാഗമാണ്. ഇന്ത്യയില്‍ നിന്നുള്ളവരെ മുഖച്ഛായ നോക്കി അവര്‍ തിരിച്ച റിയുന്നു, നമസ്‌തേ പറയുന്നു. പരിചയപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ മിഥുന്‍ ചക്രവര്‍ത്തിയെക്കുറിച്ച് അന്വേഷിക്കും. അമിതാഭ് ബച്ച ന്റെ സിനിമാ പേരുകള്‍ പറയും. ഇന്ത്യക്കാര്‍ ഒരുമിച്ച് ഒരു കടയില്‍ കയറിയാല്‍ 'അയാം എ ഡിസ്‌കോ ഡാന്‍സര്‍' എന്ന പാട്ടു വയ്ക്കും. ആതിഥ്യമര്യാദയില്‍ അവര്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗം അനുകരണാത്മകമാണ്.

തെരുവോരത്തും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മലയാളികളെ കണ്ടു. കുറച്ചു പേര്‍ ടൂറിസ്റ്റുകള്‍. മറ്റുള്ളവര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍. കസാക്കിസ്ഥാനില്‍ ഉന്നതപഠനത്തിനായി ധാരാളം മലയാളികള്‍ എത്തുന്നുണ്ടെന്നുള്ള കാര്യം പിന്നീടുള്ള ദിവസങ്ങളില്‍ മനസ്സിലായി.

രണ്ടാം ദിനം രാവിലെ ബുരാനാ ടവര്‍ സന്ദര്‍ശിച്ചു. കിര്‍ഗിസ്ഥാന്റെ പ്രതാപകാലത്ത് രാജാവായിരുന്ന ഖാന്‍ നിര്‍മിച്ചതാണ് ബുരാനാ ടവര്‍. ഭാഗവതത്തിലെ പരീക്ഷിത്ത് രാജാവ് മരണത്തെ പ്രതിരോധിക്കാന്‍ രക്ഷ തേടിയതിനു തുല്യമാണ് ബുരാനാ ടവറിന്റെ ഐതിഹ്യം. ഖാന്‍ രാജാവിന് ഏറെക്കാലം കാത്തിരുന്നൊരു കുഞ്ഞുണ്ടായി. ബുദ്ധിമാനായ കുട്ടിക്ക് പതിനാറു വയസ്സു വരെയേ ആയുസ്സുണ്ടാകൂ എന്നു ജ്യോതിഷികള്‍ വിധിച്ചു. മരണത്തില്‍ നിന്നു രക്ഷിക്കാന്‍ തന്റെ സീമന്തപുത്രനെ അദ്ദേഹം ഒരു ഗോപുരത്തിനുള്ളില്‍ താമസിപ്പിച്ചു. പക്ഷേ, ഭക്ഷണപ്പാത്രത്തില്‍ ഒളിച്ചിരുന്ന തേളിന്റെ ദംശനമേറ്റ് പതിനാറു തികയും മുന്‍പേ ആ കുട്ടി മരിച്ചു.

ഖാന്‍ രാജാവുണ്ടാക്കിയ ആ ഗോപുരമാണേ്രത ഇപ്പോഴത്തെ ബുരാനാ ടവര്‍.

ടവറില്‍ ഒരു വലിയ സ്തൂപമാണ് അവശേഷിക്കുന്നത്. അതിന്റെ വാസ്തുശില്‍പഭംഗി ആകര്‍ഷകമാണ്. അവിടെ സന്ദര്‍ശനത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവര്‍ എത്തുന്നുണ്ടെങ്കിലും ആ സ്ഥലത്തും ശുചിമുറി ഇല്ല എന്നറിയുന്നത് ശോചനീയം തന്നെ.

'അല്‍ ആര്‍ച്ച' ദേശീയോദ്യാനമായിരുന്നു അടുത്ത ഡെസ്റ്റിനേഷന്‍. മലകളും കാടും പുഴയുമുള്ള വനപ്രദേശമാണ് അല്‍ ആര്‍ച്ച. വിവിധ ഇനം പക്ഷികളും കാട്ടുമൃഗങ്ങളും അവിടെയുണ്ട്. ട്രെക്കിങ് താല്‍പര്യമുള്ളവര്‍ അവിടെ ക്യാംപ് ചെയ്ത് കാനനസവാരി നടത്തുന്നു. വനമേഖലയിലേക്കുള്ള റോഡുകള്‍ വൃത്തിയുള്ളതും സുരക്ഷിതവുമാണ്.

പാപ്പിറസ്, ഷഷ്‌ലിക: രണ്ട് അദ്ഭുതങ്ങള്‍

കിര്‍ഗിസ്ഥാനോടും പൂന്തോട്ടങ്ങളോടും യാത്ര പറഞ്ഞ് ഈ ട്രിപ്പിലെ മൂന്നാമത്തെ രാജ്യമായ ഉസ്ബക്കിസ്ഥാനിലേക്കു നീങ്ങി. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ നിന്ന് ഉസ്ബക്കിസ്ഥാനിലേക്ക് വിമാന സര്‍വീസുണ്ട്. ഒന്നര മണിക്കൂര്‍ പറന്ന് താഷ്‌കന്‍ഡില്‍ ഇറങ്ങി. ഉസ്ബക്കിസ്ഥാനിലെ പ്രധാന നഗരമാണു താഷ്‌കന്‍ഡ്. വെയിലും മഞ്ഞും മായാജാലം കാണിക്കുന്ന കാലാവസ്ഥയില്‍ അതിജീവനം നടത്തുന്ന ജനതയുടെ ഇടയിലേക്ക് ഞങ്ങള്‍ കയറിച്ചെന്നു. അവിടെ ലഭ്യമായതില്‍ ഏറ്റവും മികച്ചതെന്നു പറയാവുന്ന 'ഹോട്ടല്‍ ഉസ്ബക്ക്' എന്നു പേരുള്ള സൗധത്തിലായിരുന്നു താമസം. ഹെറിറ്റേജ് ഹോട്ടലാണ്. തനതു കലയും വാസ്തുവിദ്യയുമൊക്കെ അതിഥികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന മന്ദിരം.

ഈ ഹോട്ടലിന് ഇന്ത്യയുമായി ചെറിയ അടുപ്പമുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഈ ലോകത്തോടു യാത്ര പറഞ്ഞത് അവിടെ വച്ചായിരുന്നു. ശാസ്ത്രിയുടെ ഒരു ശില്‍പം അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലില്‍ എത്തിയ ഉടനെ ഒരു 'കറാക്ക്' കുടിച്ചു. നമ്മുടെ നാട്ടിലെ മൊന്തയോളം വലുപ്പമുള്ള കപ്പിലാണ് അത് ഒഴിച്ചു തന്നത്. കേരളത്തിലെ സ്റ്റാര്‍ ഹോട്ടലിലാണെങ്കില്‍ അത്രയും രുചികരമായ പാനീയത്തിന് 250 രൂപയെങ്കിലും കൊടുക്കേണ്ടി വരും. കൊഴുപ്പുള്ളതും പാകത്തിനു കടുപ്പത്തില്‍ തയാറാക്കിയും അമിത മധുരമില്ലാത്തതുമായ കറാക്ക് ഒരു കപ്പ് കുടിച്ചപ്പോള്‍ ക്ഷീണം പമ്പ കടന്നു. ഉസ്ബക്കിസ്ഥാനില്‍ കൃഷി ചെയ്യുന്ന തേയില തിളപ്പിച്ചു പാലു ചേര്‍ത്തു തയാറാക്കുന്ന ചായയാണു കറാക്ക്. ഇക്കാലത്തിനിടെ സന്ദര്‍ശിച്ച 43 രാജ്യങ്ങളിലും ഇത്രയും സ്വാദിഷ്ടമായ ചായ, 60 രൂപയ്ക്ക് വാങ്ങാന്‍ കഴിഞ്ഞിട്ടില്ല.

സോം ആണ് ഉസ്ബക്കിസ്ഥാനിലെ കറന്‍സി. ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം 150 സോം. പതിനായിരം രൂപയുണ്ടെങ്കില്‍ അവിടെ ഒന്നര ലക്ഷം രൂപ വിലയുള്ള സാധനങ്ങള്‍ വാങ്ങാം!

അവിടെയെത്തിയ ദിവസം നഗരപ്രദക്ഷിണം നടത്തി. മനോഹരമായ കവാടങ്ങളും മിനാരങ്ങളും ഗോപുരങ്ങളുമുള്ള മുസ്ലിം പള്ളി കള്‍ അവിടെയുണ്ട്. സമര്‍ഖണ്ഡ് നഗരത്തിലും സമീപപ്രദേശങ്ങളിലുമായി പുരാതന പള്ളികള്‍ നിലകൊള്ളുന്നു.

താഷ്‌കന്‍ഡ് നഗരം മലനിരകളുടെ നടുവിലാണ്. മധ്യ ഏഷ്യന്‍ രാജ്യങ്ങളിലെ ജനതയുമായി മുഖസാദൃശ്യമുള്ളവരാണ് ഉസ്ബക്കിസ്ഥാനികള്‍. സ്ത്രീകള്‍ തലമുടി മറയ്ക്കും വിധം ഒരു തുണി ധരിച്ചിട്ടുണ്ട്. അത് ഹിജാബിന്റെയത്രയും വലുപ്പമുള്ളതല്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതു പോലെ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാഷ്ട്രമാണ് ഉസ്ബക്കിസ്ഥാന്‍. വിനോദസഞ്ചാരികള്‍ക്കു വേണ്ടി അവിടെ നിശാ മാര്‍ക്കറ്റുകളും തെരുവുകളും പ്രവര്‍ത്തിക്കുന്നുണ്ട്. റഷ്യയില്‍ തയാറാക്കി കയറ്റുമതി ചെയ്തു വിപണനം നടത്തുന്ന വോഡ്ക വില്‍ക്കുന്ന കടകളും അവിടെ കണ്ടു.

ഉസ്ബക്കിസ്ഥാനിലെ ആദ്യ യാത്ര ചിംഖാന്‍ മൗണ്ടനിലേക്കായിരുന്നു. നാട്ടിന്‍പുറത്തെ ഒരു കുന്നിന്‍പ്രദേശം വിനോദസഞ്ചാര സൗഹൃദമാക്കി അവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിച്ചിരിക്കുകയാണ്. കുന്നിനുമുകളിലേക്കു പോകാന്‍ കേബിള്‍ കാര്‍ ഉണ്ട്. പൂരപ്പറമ്പിലെ ജയന്റ് വീലില്‍ ഘടിപ്പിച്ചതു പോലെയുള്ള കുട്ടയാണ് ഇരിപ്പിടം. പണ്ടു കാലത്ത് നമ്മുടെ ഓട്ടോറിക്ഷകളില്‍ വാതിലിനു പകരം ഉപയോഗിച്ചിരുന്ന കനംകുറഞ്ഞ പൈപ്പാണ് കേബിള്‍ കാറില്‍ ഇരിക്കുന്നവരെ സംരക്ഷിക്കുന്ന കൊളുത്ത്. അതില്‍ കയറിയുള്ള യാത്ര സാഹസികവും അതേസമയം പുതുമയുള്ളതുമായ അനുഭവമായി.

5 kammappa

കുന്നിന്റെ പകുതിയോളം എത്തും വരെ ആകാശം മേഘാവൃതമായിരുന്നു. ഞങ്ങള്‍ ഏറ്റവും മുകളിലെത്തിയപ്പോഴേയ്ക്കും ചാറ്റല്‍ തുടങ്ങി. അധികം വൈകാതെ അതൊരു കല്ലുമഴയായി മാറി. അതെ, ആകാശത്തു നിന്ന് ഈന്തപ്പഴത്തോളം വലുപ്പമുള്ള ആലിപ്പഴങ്ങള്‍ പെയ്തിറങ്ങി. ഒരിടത്ത് സുരക്ഷിതമായി നിന്നുകൊണ്ട് ഉസ്ബക്കിസ്ഥാനിലെ ആലിപ്പഴങ്ങള്‍ പെറുക്കി. റഫ്രിജറേറ്ററിന്റെ ഫ്രീസസില്‍ ഉറഞ്ഞിരിക്കുന്ന ഐസ് കഷണങ്ങളേക്കാള്‍ കട്ടിയുണ്ടായിരുന്നു ഭൂമിയില്‍ പതിച്ച മേഘപാളികള്‍ക്ക്.

മഴ നനഞ്ഞ്, കുതിര്‍ന്ന വസ്ത്രങ്ങളുമായി അവിടെ നിന്നു മടങ്ങിയപ്പോഴേക്കും പരസ്പരം പറഞ്ഞു ചിരിക്കാന്‍ അപ്രതീക്ഷിതമായി ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ക്കു കൈവന്നിരുന്നു.

ചിംഖാന്‍ എന്ന പേരിന് ഇന്ത്യയുടെ ചരിത്രത്തിലെ പേരുകളുമായി സാമ്യം തോന്നിയിരുന്നു.'ചര്‍വാക ലേക്ക്' കാണാനാണ് ഇനി പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അതൊരു കൗതുകമായി. മനുഷ്യ നിര്‍മിതമായ അണക്കെട്ടാണ് ചര്‍വാക. ഭാരതീയ ശാസ്തരത്തിലെ പഴയ ചര്‍വാകനുമായി ഈ തടാകത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും വിശ്വാസ യോഗ്യമായ കഥകളൊന്നും കേള്‍ക്കാനായില്ല.

തിരികെ ഉസ്ബക്ക് ഹോട്ടലില്‍ എത്തിയപ്പോഴേക്കും അത്താഴം റെഡി. ഷഷ്‌ലിക എന്നു പേരുള്ള ഒരു വിഭവമാണ് തയാറാ ക്കിയിട്ടുള്ളത്. ഇറച്ചി ചതച്ചരച്ച് മസാലപുരട്ടി കനലില്‍ വേവിച്ചെടുത്ത ട്രഡീഷനല്‍ വിഭവമാണു ഷഷ്‌ലിക. രൂപത്തിലും നിറത്തി ലും കെബാബുമായി സാദൃശ്യമുണ്ട്. അതിന്റെ രുചിയും സുഗന്ധവും ഒരിക്കലും മറക്കില്ല.

പഴയ റഷ്യയില്‍ നിന്നു പിരിഞ്ഞു പോന്ന രാജ്യങ്ങളായതിനാല്‍ തന്നെ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് റഷ്യയുമായി അനുകൂല മനോഭാവമാണുള്ളത്. ഇവിടത്തുകാരില്‍ പലരും റഷ്യയിലാണ് ജോലി ചെയ്യുന്നത്. പുരുഷന്മാരും സ്ത്രീകളും മനോഹരമായി വസ്ത്രധാരണം നടത്തുന്നവരാണ്. സ്ത്രീകള്‍ ജോലിക്കു പോകുന്നുണ്ട്. അവരിലേറെ പേരും സിനിമാ നടികളെ പോലെ സുന്ദരികളാണ്.

6 kammappa

രണ്ടു പകലിരവുകളില്‍ സഞ്ചാരത്തിനു ശേഷം സമര്‍ഖണ്ഡിലേക്കു തിരിച്ചു. വന്ദേഭാരത് ട്രെയ്‌നിനോടു രൂപസാദൃശ്യമുള്ള അതിവേഗ ട്രെയിനാണ്. സഹയാത്രക്കാരേറെയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ്. തട്ടുകളാക്കി തിരിച്ച മലയോരങ്ങളിലൂടെയും കാടിനു സമീപത്തുകൂടിയും 170 കിലോമീറ്റര്‍ കൂകിപ്പാഞ്ഞ് ആ ട്രെയിന്‍ സമര്‍ഖണ്ഡിലെത്തി. മുസ്ലിം പൈതൃകം പിന്‍തുടരുന്ന പ്രദേശമാണു സമര്‍ഖണ്ഡ്. പുരാതന പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും സ്മാരകങ്ങളുമാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

തിമൂറിന്റെ സ്മാരകത്തിലേക്കാണ് ആദ്യം പോയത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവ കീഴടക്കി സാമ്രാജ്യം സൃഷ്ടിച്ച തിമൂറിന്റെ സ്മൃതികുടീരമാണിത്. തിമൂറിന്റെ ശവകുടീരം ഒരു കെട്ടിടമാക്കി സംരക്ഷിച്ചിരിക്കുന്നു. പൂര്‍വകാലത്തിന്റെ പ്രതാപവും പ്രൗഡിയും വാസ്തുവിദ്യയില്‍ പ്രകടം. സ്മാരകത്തിന്റെ മുറ്റവും പരിസരവും പൂന്തോട്ടം ഉള്‍പ്പെടുന്ന പാര്‍ക്കാണ്. സാമ്രാജ്യ സ്ഥാപകന്റെ ശില്‍പം അവിടെ സ്ഥാപിച്ചിരിക്കുന്നു. തിമൂറിന്റെ പേരക്കുട്ടിയായിരുന്ന അമീര്‍ തിമൂറിന്റെ ഓര്‍മകളും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള പ്രതിഭയായിരുന്നു അമീര്‍. അദ്ദേഹ ത്തിന്റെ പേരിലുള്ള ആസ്‌ട്രോണമി സര്‍വകലാശാല ലോകപ്രശസ്തമാണ്.

കോണിഗില്‍ വില്ലേജിലേക്കാണു പിന്നീടു പോയത്. ഗ്രാമപൈതൃകം വിദേശികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ഗ്രാമമാണു കോണിഗില്‍. മള്‍ബറി ചെടിയുടെ തണ്ടു ചതച്ചു തയാറാക്കുന്ന ' പാപ്പിറസ്' ആണ് അവിടുത്തെ പ്രധാന ആകര്‍ഷണം. ഈജിപ്തി ന്റെ കണ്ടുപിടിത്തമായി അറിയപ്പെടുന്ന പാപ്പിറസ് തയാറാക്കുന്നതു പോലെയാണ് കോണിഗില്‍ ഗ്രാമത്തിലെ പരമ്പരാഗത തൊഴിലാളികള്‍ മള്‍ബറി ഉപയോഗിച്ച് പാപ്പിറസ് നിര്‍മിക്കുന്നത്. ഉസ്ബക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നവര്‍ സുവനീറായി ഇതു വാങ്ങിക്കൊണ്ടു പോകുന്നു.

ഡ്രൈ ഫ്രൂട്‌സാണ് ഈ രാജ്യത്തിന്റെ തനത് ഉത്പന്നം. കേരളത്തില്‍ കിലോയ്ക്ക് ആയിരം രൂപയ്ക്കു മുകളില്‍ വിലയുള്ള ആപ്രി കോട്ടിന് അവിടെ 300 രൂപയേ വിലയുള്ളൂ. പിസ്ത, വാള്‍നട്ട് എന്നിങ്ങനെയുള്ള മറ്റ് ഉണക്കിയ പഴങ്ങളും കുറഞ്ഞ വിലയ്ക്കു ലഭി ക്കും.

അള്‍ട്രാ മോഡേണ്‍ ദുഷാന്‍ബെ

ഈ ട്രിപ്പില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് താജിക്കിസ്ഥാന്‍. ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്ന് താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാന്‍ബേയിലേക്ക് ഒരു മണിക്കൂര്‍ റോഡ് യാത്ര. ലോക നിലവാരമുള്ള ഹൈവേ ആയതിനാല്‍ യാത്ര സുഖകരമായി. കുന്നും മലകളും അരുവികളുമായിരുന്നു ഇരുരാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ വഴിയോരക്കാഴ്ച. താജിക്കിസ്ഥാന്റെ ഭൂപ്രദേശത്തില്‍ തൊണ്ണൂറ്റഞ്ചു ശതമാനവും മലകളാണ്. അഫ്ഗാനിസ്ഥാനും ചൈനയുമാണ് അതിര്‍ത്തി രാജ്യങ്ങള്‍. 1996ല്‍ നേരിട്ട ആഭ്യന്തര യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളുടെ അടയാളങ്ങള്‍ പലയിടത്തും കാണാനാകും.

ദുഷാന്‍ബെ നഗരത്തില്‍ ' റുമി' എന്നു പേരുള്ള ഹോട്ടലിലായിരുന്നു താമസം. തുര്‍ക്കി ഭാഷയുമായി സാമ്യമുള്ള താജിക്ക് ഭാഷയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ സ്വാഗതം പറഞ്ഞത്. താജിക്കിസ്ഥാനി സൊമോനിയാണ് അവരുടെ കറന്‍സി. ഇന്ത്യന്‍ രൂപയുമായി വിനിമയം ചെയ്യുമ്പോള്‍ മൂല്യമേറിയതു സൊമോനിയാണ്. ഇന്ത്യന്‍ രൂപ 7 = 1 സൊമോനി.

8 kammappa

പതിവുപോലെ, അവിടെ എത്തിയതിനു ശേഷം ആദ്യം പോയത് നഗരക്കാഴ്ചകളിലേക്കായിരുന്നു. ലിസ്റ്റില്‍ ആദ്യം ഉണ്ടായിരു ന്നതു മ്യൂസിയമാണ്. പുരാവസ്തുക്കളുടെ പ്രദര്‍ശനമായിരിക്കുമെന്നുള്ള മുന്‍വിധി അവിടെ എത്തിയതോടെ പാടേ മാറി. അള്‍ട്രാ മോഡേണ്‍ പ്രദര്‍ശന ശാലയാണ് ദുഷാന്‍ബെ മ്യൂസിയം. ഇന്റീരിയര്‍, ലൈറ്റ് അപ്പ്, വെളിച്ച വിന്യാസം, ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിങ്ങനെ സാങ്കേതിക വിദ്യയിലെ പുത്തന്‍ ട്രെന്‍ഡുകളാണ് അവിടെ കാണാനുള്ളത്.

ഐടി മേഖലയില്‍ വന്‍ കുതിപ്പു നടത്തിയ രാജ്യമാണു താജിക്കിസ്ഥാന്‍. റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ സ്‌ഫോടനതുല്യമായ വളര്‍ച്ചയില്‍ ആ രാഷ്ട്രം സാമ്പത്തിക കുതിപ്പു നടത്തിയിരിക്കുന്നു. നഗരത്തിന്റെ ഭാഗമായി നിര്‍മിച്ചിട്ടുള്ള ഉദ്യാനത്തില്‍ പോലും അവരുടെ ' സ്‌പെന്‍ഡിങ് പവര്‍' വ്യക്തമാണ്. നഗരവീഥിയിലൂടെ നടക്കുമ്പോള്‍ ഇന്ത്യക്കാരായ നിരവധി പേരെ കണ്ടു. അവിടെ ടൂര്‍ കമ്പനി നടത്തുന്നയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളായിരുന്നു.

നാട്ടിലേക്കു മടങ്ങുന്നതിന്റെ തലേദിവസത്തെ അത്താഴം അതിഗംഭീരമായി. ദുഷാന്‍ബേയിലെ ഒരു വലിയ ഹാളിലാണ് വിരുന്നൊരുക്കിയിരുന്നത്. ഫെയര്‍വെല്‍ പാര്‍ട്ടി പോലെ രസകരമായ ചടങ്ങിന്റെ ഭാഗമായി സ്റ്റേജ് മ്യൂസിക് പ്രോഗ്രാം ഉണ്ടായി രുന്നു. രാത്രി ഏഴിനു തുടങ്ങിയ അത്താഴ സംഗീത വിരുന്ന് മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു.

9 kammappa

പിറ്റേന്നു രാവിലെ നേരത്തേ തന്നെ എല്ലാവരും മടക്കയാത്രയ്‌ക്കൊരുങ്ങി. ഡല്‍ഹിയില്‍ നിന്നുള്ള വിമാനം പറന്നിറങ്ങിയ കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നിന്നാണ് നാട്ടിലേക്കുള്ള വിമാനം പുറപ്പെടുന്നത്. താജിക്കിസ്ഥാനില്‍ നിന്നു വിമാനമാര്‍ഗം അല്‍മാട്ടിയിലെത്തി. അവിടെ നിന്നു ഡല്‍ഹിയിലേക്കു പറന്നു. തലസ്ഥാനത്ത് എത്തി ഒട്ടും കാത്തിരിക്കാതെ നെടുമ്പാശേരിയി ലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തു. മൂന്നേ കാല്‍ ലക്ഷം രൂപ ചെലവില്‍ പതിമൂന്നു ദിവസത്തെ യാത്ര - നാലു രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ സന്തോഷവും ഓര്‍മകളുമായി ഞങ്ങള്‍ വീടുകളിലേക്ക്...