Saturday 10 July 2021 12:29 PM IST : By Staff reporter

ഇവിടെയുള്ളതെല്ലാം കണ്ടു തീർക്കാൻ ഒരു മാസം പോരാ...

1 - hong

നിറങ്ങളിൽ നീരാടുന്ന സ്വപ്ന ലോകം തൊട്ടറിയാൻ മൂന്നു പകലും രണ്ടു രാത്രികളും മതിയോ എന്ന സംശയത്തോടെയാണ് ഹോങ്കോങ് വിമാനത്താവളത്തിൽ ചെന്നിറങ്ങിയത്. ശ്രീലങ്കൻ എയർലൈൻസിന്റെ ടൂർ പാക്കേജിൽ ഒത്തു വന്ന യാത്രയിൽ ഇത്തരം ആശങ്കകൾക്കു സ്ഥാനമില്ലെന്ന് പല തവണ മനസ്സിൽ പറഞ്ഞു നോക്കി. ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങൾ, ആഡംബരം നിറഞ്ഞ തെരുവുകൾ, രാവും പകലും വ്യത്യാസമില്ലാത്ത നഗരത്തിരക്ക്, സൗന്ദര്യത്തിൽ നൂറിൽ നൂറു മാർക്കു നേടാൻ യോഗ്യതയുള്ള മനുഷ്യർ.... ഇതെല്ലാംകൂടി കണ്ടു തീർക്കാൻ എത്ര കാലം വേണ്ടി വരുമെന്നൊരു തോന്നൽ സ്വാഭാവികം.

ചെക് ലാക് കോക് ദ്വീപിലാണ് ഹോങ്കോങ് രാജ്യാന്തര വിമാനത്താവളം. ലോകത്തെ പത്തു മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ മുൻ നിരയിലുള്ള എല്ലാം തികഞ്ഞ എയർപോർട്ട്. ഷോപ്പിങ് മാളിന്റെ ഭംഗിയിൽ ഒരു പ്രദേശം മുഴുവൻ നിറഞ്ഞു കിടക്കുന്നു വിമാനങ്ങളുടെ താവളം. കോവ്‍‍‌ലൂൺ എന്ന സ്ഥലത്തുള്ള ഹാർബർ പ്ലാസ മെട്രൊ പൊളിറ്റൻ ഹോട്ടലിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. ഹോട്ടലിൽ നിന്നയച്ച കാറിൽ നഗരത്തിന്റെ ഏതൊക്കെയോ കൈവഴികളിലൂടെ യാത്ര ചെയ്ത് മുറിയിലെത്തി. ട്രാഫിക് സിഗ്‌നലുകൾക്കു മുന്നിലല്ലാതെ മറ്റൊരിടത്തും ഡ്രൈവർക്ക് കാർ നിർത്തേണ്ടി വന്നില്ല. ഹോങ്കോങ് നഗരത്തിൽ ഗതാഗതം ഏർപ്പെടുത്തിയിരിക്കുന്ന രീതി നമ്മുടെ നാട്ടിലെ ഭരണകർത്താക്കൾ കണ്ടു പഠിക്കേണ്ടതാണ്.

തങ്കത്തെരുവും രാജ്ഞിയും

ഹോങ്കോങ്, കോവ്‌ലൂൺ, ന്യൂ ടെറിറ്ററീസ് – ഇത്രയും സ്ഥലങ്ങളിൽ കൊണ്ടു പോകാമെന്നാണ് ട്രാവൽ ഏജൻസിയുടെ വാഗ്ദാനം. ഹോങ്കോങ് നഗരത്തിലേക്കു പോകാൻ വണ്ടി വന്നിട്ടുണ്ടെന്ന് ഞായറാഴ്ചയുടെ പ്രഭാതത്തിൽ ഹോട്ടലിന്റെ റിസപ്ഷനിൽ നിന്നു വിളി വന്നു. സഞ്ചരിക്കുന്ന കൊട്ടാരം പോലെയൊരു ബസിൽ ഭാര്യക്കൊപ്പം ഹോങ്കോങ്ങിന്റെ ഹൃദയത്തിലേക്കു നീങ്ങി. വിക്ടോറിയ പീക് എന്ന മലനിരയിലേക്കാണ് വണ്ടി നീങ്ങിയത്. കുത്തനെയുള്ള മലഞ്ചെരിവിനു താഴെ വാഹനം നിന്നു. ബ്രിട്ടീഷുകാർ നിർമിച്ച പുക തുപ്പുന്ന ട്രാം തീവണ്ടി മല മുകളിലേക്കു സർവീസ് നടത്തുന്നുണ്ട്. ചരിത്രം ഏറ്റവുമധികം ചർച്ച ചെയ്ത വിക്റ്റോറിയ രാജ്ഞിയുടെ പേരിൽ ഹോങ്കോങ്ങിൽ ഒരു മലയുണ്ടെന്ന കാര്യം അവിടെയെത്തും വരെ ടൂർ സംഘത്തിൽ മിക്കയാളുകൾക്കും അറിയില്ലായിരുന്നു. തുറമുഖം താഴ്‌വരയാക്കിയ വലിയ കുന്നാണ് വിക്റ്റോറിയ പീക്ക്. മലയുടെ മുകളിൽ നിന്നുള്ള നഗരക്കാഴ്ചയാണ് ഈ ട്രിപ്പിന്റെ ലക്ഷ്യം.

2 - hong

മാല കോർത്തതുപോലെ തീവണ്ടിപ്പാത കൊണ്ട് അലങ്കരിച്ച നഗരം. മലയ്ക്കു മുകളിലേക്ക് ഉറുമ്പുകളെപ്പോലെ അരിച്ചു കയറുന്ന ട്രാമുകൾ. സർക്കസ് കൂടാരത്തിലെ വിളക്കുകൾ പോലെ മിന്നിത്തിളങ്ങുന്ന നഗരം... ഈ ദൃശ്യങ്ങളെല്ലാംകൂടി ഒറ്റ ഫ്രെയിമിൽ പകർത്താൻ പലതവണ ശ്രമിച്ചെങ്കിലും അതൊരു വല്ലാത്ത മോഹമായിപ്പോയെന്ന് പിന്നീട് മനസ്സിലായി. മലയുടെ മുകളിലെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ നിലയുറപ്പിച്ച് ഹോങ്കോങ് നഗരവും കോവ്‌ലൂണും ലെൻസിൽ പകർത്തി. ന്യൂ ടെറിറ്ററീസ് അഥവാ പുതിയ പ്രദേശങ്ങളും അവിടെ നിന്നാൽ കാണാമായിരുന്നു.

ഉരസിയിറങ്ങുന്ന ട്രാമിൽ ഇഴഞ്ഞിഴഞ്ഞ് താഴ്‌വരയിൽ മടങ്ങിയെത്തി. സ്റ്റാർ ഫെറി ജെട്ടിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ദ്വീപിൽ നിന്നു കോവ്‌ലൂണിലേക്ക് പോകാൻ സ്റ്റാർഫെറിയിൽ നിന്നാണ് ബോട്ട് സർവീസ്. സ്റ്റാർഫെറി സർവീസ് എന്നാണ് ഈ ബോട്ട് സവാരിയുടെ പേര്. പന്ത്രണ്ടു ബോട്ടുകളാണ് സ്റ്റാർഫെറിയിൽ സർവീസ് നടത്തുന്നത്. നദിയുടെ ഇരുവശത്തിന്റെയും ഭംഗിയെപ്പറ്റി പറയാം. പടുകൂറ്റൻ കെട്ടിടങ്ങൾ നിറഞ്ഞ ഒരു തീരം. കൽപ്പടവുകൾ കെട്ടി തിട്ടയ്ക്കു കനം വരുത്തിയ മറുതീരം. രണ്ടിനും നടുവിലൂടെ നിറഞ്ഞൊഴുകുന്ന നദി. യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഈ ബോട്ട് സവാരിയെ ഉൾപ്പെടുത്തി സംരക്ഷിച്ചുപോരുന്നു. ആവേശമുണ്ടാക്കുന്ന ബോട്ട് യാത്രകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സവാരിയാണിത്, ലോക പ്രശസ്തം.

ബോട്ടിറങ്ങിയ ശേഷം, ഒന്നാന്തരം സ്വർണം വിൽക്കുന്ന സ്ഥലം കാണാനാണ് പോയത്. ഗോൾഡ് മൈൽ എന്ന തെരുവ് നേരിൽ കാണാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ യാത്രാ സംഘത്തിലെ സ്ത്രീകളുടെ കണ്ണുകൾ തിളങ്ങി. കോഴിക്കോടുള്ള ഹോട്ടലുകളിൽ ഹൽവ വിൽക്കാൻ വച്ചതുപോലെ സ്വർണക്കട്ടികൾ നിരത്തിവച്ച തെരുവു കണ്ടപ്പോൾ പുരുഷന്മാരും കണ്ണു തുറിച്ചു. നീളമുള്ളതും വട്ടത്തിൽ ചെത്തിയതും ചതുരക്കട്ടയാക്കി മുറിച്ചതുമായ സ്വർണക്കഷണങ്ങൾ കടകളുടെ മുന്നിൽ അട്ടിയിട്ട് വിൽപ്പന നടത്തുന്നു. വണ്ടിയിൽ കയറിയിട്ടും യാത്രാ സംഘത്തിലുള്ളവരുടെ മുഖത്ത് അത്ഭുതം വിട്ടുമാറിയില്ല. വാഹനത്തിന്റെ സൈഡ് ഗ്ലാസിൽക്കൂടി ആ കാഴ്ചകളിലേക്ക് എത്തിനോക്കിക്കൊണ്ട് ഗോൾഡൻ മൈലിനോടു യാത്ര പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വസ്തുക്കൾ വിൽക്കുന്ന ചുങ്കിങ് മാൻഷനിലേക്കായിരുന്നു അടുത്ത യാത്ര.

ഡിസ്നിയിലെ വണ്ടർലാൻഡ്

ഒരു മണിക്കൂർ നേരം ചുങ്കിങ് മാൻഷൻ കാണാൻ നീക്കിവച്ചിട്ടുണ്ടെന്ന് ഗൈഡ് അറിയിച്ചു. സ്കൂൾ കുട്ടികളുടെ ആവേശത്തോടെ എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി മാർക്കറ്റിലേക്കു കുതിച്ചു. ബഹുനില കെട്ടിടമാണു ചുങ്കിങ്മാൻഷൻ. തുണിയും കരകൗശല വസ്തുക്കളും വിൽക്കുന്ന കടകളാണ് ഇവിടെയുള്ളത്. ചൈനീസ്, ജാപ്പനീസ് കൈത്തറികൾ വിൽക്കുന്ന കടകളുമുണ്ട്. ഗുജറാത്തി, സിന്ധി, മാർവാഡി വ്യാപാരികളാണ് കച്ചവടക്കാർ. വായാടികളായ കച്ചവടക്കാരുടെ ക്ഷണം ഇന്ത്യയിലെ വഴിവാണിഭങ്ങളെ ഓർമിപ്പിച്ചു. ഹോങ്കോങ്ങിൽ ഏറ്റവും വേഗതയിൽ ഹിന്ദി സംസാരിക്കുന്നവർ ജീവിക്കുന്നത് ഇവിടെയാണെന്നു തോന്നി. എണ്ണയിൽ വേവുന്ന പലഹാരങ്ങളുടെയും ഇറച്ചി മസാലയുടേയും സുഗന്ധം നിറ‍ഞ്ഞ മാൻഷനിൽ പാശ്ചാത്യർ കുറവാണ്. ഇടുങ്ങിയ വഴികളും ബഹളമുണ്ടാക്കുന്ന കച്ചവടക്കാരുമുള്ള തെരുവുകൾ വെള്ളക്കാർക്കു പ്രിയമുള്ളതല്ലല്ലോ.

ഡിസ്നി ലാൻഡിലേക്കു പോവുകയാണെന്ന് ഗൈഡ് അറിയിച്ചപ്പോൾ കുട്ടികൾ തുള്ളിച്ചാടി. ചിൽഡ്രൻസ് പാർക്കിലേക്കുള്ള യാത്രയാണെന്നു കേട്ടപ്പോൾ മുതിർന്നവരിൽ ചിലർ മുഖം ചുളിച്ചു. കാണാൻ പോകുന്ന പൂരത്തിന്റെ വിശേഷങ്ങൾ ഗൈഡ് വിവരിച്ചു. പാവകളും ശിൽപ്പങ്ങളും അലങ്കരിച്ച ലോകമാണു ഡിസ്നി ലാൻഡ് എന്നു കേട്ടപ്പോൾ ഇംഗ്ലിഷ് നോവലുകൾ വായിച്ചിട്ടുള്ള യാത്രക്കാർ സ്വന്തം വിജ്ഞാനം അടുത്തിരിക്കുന്നയാളുടെ മുഖം നോക്കാതെ വിശദീകരിച്ചു തുടങ്ങി.

ലന്റാവു ദ്വീപിലെ പൊന്നീസ്ബേ പ്രദേശത്താണ് ഹോങ്കോങ് ഡിസ്നി ലാൻഡ്. അമെരിക്കയിലെ ‘ഒറിജിനൽ ഡിസ്നി ലാൻഡ്’ പോലെ എല്ലാ കാഴ്ചകളും ഇവിടെയുമുണ്ട്. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാനുള്ള കാഴ്ചകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അനുകരണങ്ങൾ സൃഷ്ടിക്കുന്നതിൽ അഥവാ ഒറിജിനലിനെ തോൽപ്പിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന വിദ്യയിൽ ചൈനക്കാരെ വെല്ലാൻ വേറാരുമില്ല. ഹാസ്യ കഥാപാത്രങ്ങൾ, റസ്റ്ററന്റ്, കാട്, മ്യൂസിയം, ബഹിരാകാശം, ഭൂഗർഭ വിസ്മയങ്ങൾ, മഹാസമുദ്രം... എന്നു വേണ്ട മറ്റൊരു ലോകം കൃത്രിമമായി ഒരുക്കിയിരിക്കുന്നു. വാൾട്ട് ഡിസ്നിയുടെ വിശാല ബുദ്ധിക്ക് ഹോങ്കോങ്ങുകാർ സൃഷ്ടിച്ച പകർപ്പ് ആരുടേയും മനം കവരും.

ഹോങ്കോങ് ഓഷ്യൻ പാർക്കിലേക്കാണു പിന്നീടു പോയത്. കടലിന്റെ അടിത്തട്ടിലെ ജീവജാലങ്ങളെ കാണാനുള്ള അവസരമൊരുങ്ങി. അക്വാസിറ്റി, ഏഷ്യൻ ആനിമൽ കിങ്ഡം, പാണ്ടകളുടെ അഭ്യാസ പ്രകടനങ്ങൾ, സ്വർണമീനുകളുടെ നീരാട്ടം, ഉപ്പുവെള്ളത്തിലെ ജീവജാലങ്ങളുടെ പ്രകടനം തുടങ്ങി അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു ഏറെയും.

ഉച്ചവരെയുള്ള യാത്രയിൽത്തന്നെ പാക്കേജിനു കൊടുത്ത പണം വസൂലായി. വിശന്നു തുടങ്ങിയിരിക്കുന്നു. ഊണു കഴിക്കാൻ ഫുഡ് സ്ട്രീറ്റിലേക്ക് നീങ്ങി. ചൈനീസ് വിഭവങ്ങളുടെ ഉത്സവപ്പറമ്പാണ് ഫുഡ് സ്ട്രീറ്റ്. വിയറ്റ്നാമീസ്, തായ്, ബർമീസ്, ഇന്ത്യൻ, അറേബ്യൻ, നേപ്പാൾ, പാക്കിസ്ഥാനി, ഫിലിപ്പീൻ, ഇന്തോനേഷ്യൻ റസ്റ്ററന്റുകൾ അവിടെയുണ്ട്. സപ്ലെയർമാർ സ്വന്തം നാട്ടു ശൈലിയിലുള്ള വസ്ത്രവിധാനങ്ങളിലാണ് ജോലി ചെയ്യുന്നത്. സസ്യാഹാരം കിട്ടുന്ന കടകളിൽ തിരക്കു കുറവ്. മസാല നിറച്ച ഞണ്ടു കറിയും ആവി പറക്കുന്ന കണവയുമാണ് ഞങ്ങൾക്ക് ആകർഷകമായി തോന്നിയത്. വടക്കേ ഇന്ത്യയിൽ നിന്നു ഞങ്ങളോടൊപ്പം പുറപ്പെട്ടവർ ഇല വർഗങ്ങൾ കൂട്ടിക്കുഴച്ചുണ്ടാക്കിയ വിഭവങ്ങളിൽ സ്വാദു കണ്ടെത്തി.

3 - hong

റെഡ‍് ലൈറ്റ് ഷോ

ഹോങ്കോങ് നഗരത്തിന്റെ ആഡംബരത്തിനിടയിൽ മുങ്ങിപ്പോകുന്ന മനുഷ്യരെക്കുറിച്ചുകൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. അബർദീൻ ബേ എന്ന സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഹോങ്കോങ് തുറമുഖം നിർമിക്കുന്നതിനു മുമ്പുള്ള കാലം മുതൽ കൂലിപ്പണിയെടുത്തു ജീവിക്കുന്നവരാണ് അബർദീനിലെ ജനങ്ങൾ. കച്ചവടക്കപ്പലുകൾ തീരത്ത് അണഞ്ഞിരുന്ന കാലത്ത് സമൃദ്ധമായി ഭക്ഷണം കഴിച്ചിരുന്നവരാണ് അവർ. പക്ഷേ, തുറമുഖം ഇവിടെ നിന്നു മാറ്റിയതോടെ കുടുംബങ്ങൾ പട്ടിണിയായി. ചെറിയ ബോട്ടുകളിൽ മീൻ പിടിച്ചാണ് ഇപ്പോൾ അവരെല്ലാം അത്താഴപ്പട്ടിണി മാറ്റുന്നത്. സാംപാൻ എന്നാണ് മീൻപിടുത്തക്കാരുടെ ബോട്ടിന് നാട്ടുകാർ പറയുന്ന പേര്. ചെറുമീനുകളെ തേടി കടലിൽ സാംപാനിൽ അലയുന്ന മീൻപിടുത്തക്കാരും ആഡംബര യാട്ടുകളിൽ ഉല്ലസിക്കുന്ന വിനോദസഞ്ചാരികളും ഹോങ്കോങ് നഗരത്തിന്റെ രണ്ടു മുഖങ്ങൾ കാട്ടിത്തരുന്നു.

ഏതു രാജ്യത്തു പോയാലും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപത്ത് ബജറ്റ് മാർക്കറ്റുണ്ടാകും. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടുന്ന വാണിജ്യ കേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റുകൾ ഒഴുകിയെത്തും. ഹോങ്കോങ്ങിൽ ലേഡീസ് സ്ട്രീറ്റ് എന്നാണ് സാധാരണക്കാർക്കുള്ള മാർക്കറ്റിന്റെ പേര്. വസ്ത്രങ്ങൾ, ഹാൻഡ് ബാഗ്, മേക്കപ്പ് ഉപകരണങ്ങൾ, പെർഫ്യൂം, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി അവിടെ കിട്ടാത്തതൊന്നുമില്ല. ഹോളിവുഡ് റോഡ്, ടെമ്പിൾ സ്ട്രീറ്റ്, ഫാ യൂൻ സ്ട്രീറ്റ് മാർക്കറ്റ്, ജേഡ് മാർക്കറ്റ്, യൂൻപോ സ്ട്രീറ്റ് ബേഡ് മാർക്കറ്റ്, ഫ്ളവർ മാർക്കറ്റ്, ഗോൾഡ് ഫിഷ് മാർക്കറ്റ് തുടങ്ങി തെരുവോര വ്യാപാര കേന്ദ്രങ്ങൾ ഹോങ്കോങ്ങിൽ വേറെയുമുണ്ട്. ഒരു ഹോങ്കോങ് ഡോളർ കിട്ടണമെങ്കിൽ എട്ടര രൂപ കൊടുക്കണം. അതു വച്ചു താരതമ്യം ചെയ്യുമ്പോൾ എറണാകുളം ബ്രോഡ് വേയിലെ നിരക്കാണ് ഹോങ്കോങ്ങിലും.

ചെറുപ്പക്കാരെ ആകർഷിക്കാൻ ഹോങ്കോങ്ങിൽ എക്സ്ക്ലൂസിവ് സംഗതികൾ ഏറെയുണ്ട്. രാപകലില്ലാതെ ആഘോഷം നടത്തുന്ന കാസിനോകളും മസാജ് പാർലറുകളുമാണ് യുവാക്കളുടെ ഹരം. ഹോങ്കോങ്ങിലെത്തി മടങ്ങുന്നതുവരെ ടൂറിസ്റ്റുകളുടെ കൂടെ ജീവിച്ച് പണം കണ്ടെത്തുന്ന യുവതികളാണ് മറ്റൊരു വിഭാഗം. ‘റെഡ് ലൈറ്റ് വിമൻ ഷോ’കൾക്ക് ഈ നാടിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. സ്ത്രീകൾക്കു വരുമാനം ഉണ്ടാക്കാൻ നിയമപ്രകാരം അംഗീകാരമുള്ള തൊഴിലാണ് എസ്കോർട്ട്.

4 - hong

ലോകം മുഴുവൻ അടക്കി ഭരിച്ച ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ്. ദ്വീപിനെ കേന്ദ്രീകരിച്ച് ബ്രിട്ടൻ ചിട്ടപ്പെടുത്തിയ വ്യാപാരം പിൽക്കാലത്ത് തുറമുഖമായി വികസിക്കുകയായിരുന്നു. വിദേശത്തു നിന്നുള്ള ബിസിനസുകാർ ഹോങ്കോങ്ങ് കേന്ദ്രീകരിച്ച് വ്യാപാരം ശക്തമാക്കിയപ്പോൾ ഈ നഗരം ആഡംബരങ്ങളുടേതായി. വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിച്ചതോടെ ലോകം മുഴുവനുമുള്ള ആളുകൾ അവിടെ എത്തിത്തുടങ്ങി. കിഴക്കിന്റെ ന്യൂയോർക്ക്, പൗരസ്ത്യ ലണ്ടൻ തുടങ്ങിയ വിളിപ്പേരുകളിൽ ഹോങ്കോങ് പ്രശസ്തമായി.

ചരിത്രവും ഭൂമി ശാസ്ത്രവും ആഡംബരക്കാഴ്ചകളും നിറഞ്ഞ ഹോങ്കോങ്ങ് സന്ദർശിക്കാൻ കഴിഞ്ഞതു വലിയ ഭാഗ്യമെന്നു ഞാൻ ഭാര്യ ലില്ലിക്കുട്ടിയോടു പറഞ്ഞു. ആഴ്ചാവസാനത്തെ മൂന്നു ദിവസങ്ങളിൽ ഇത്രയധികം കാഴ്ചകളിലേക്ക് ഞങ്ങളെ നയിച്ച ഡോ. തോമസ് മത്തായി, സി.എം. സ്റ്റീഫൻ എന്നിവരെ മനസ്സിലോർത്തു. ഹോങ്കോങ് ചുറ്റിക്കറങ്ങി മൂന്നു പകലുകൾ പോയതറിഞ്ഞില്ല. ഹോങ്കോങ് യാത്ര സിംപിളാണ്, എന്നാൽ, പവർഫുൾ...