Friday 22 April 2022 04:31 PM IST : By Text: Easwaran Namboothiri

ഗെയിം ഓഫ് ത്രോണിനും ഗ്ലാഡിയേറ്ററിനും മമ്മിക്കും സെറ്റിട്ട പൈതൃക ഗ്രാമം; ‘അയ്റ്റ് ബെൻ ഹൊഡു’, മൊറോക്കോയിലെ ക്ലാസിക് ലൊക്കേഷൻ

morocco-2349647

ലോകമെങ്ങും ഹിറ്റായി തീർന്ന ഗെയിം ഓഫ് ത്രോൺസ് എന്ന ടെലിവിഷൻ സീരിസിന്റെ ആരാധകർ യുങ്കായി നഗരത്തെ ഓർമിക്കുന്നുണ്ടാവും. മങ്ങിയ മഞ്ഞ നിറത്തിൽ മൺ കട്ടകളിൽ കെട്ടിപ്പൊക്കിയ കോട്ടയും മൺ വീടുകളും പിരമിഡുമുള്ള ലൈംഗിക അടിമകളുടെ കച്ചവടത്തിനു പ്രസിദ്ധമായ ‘മഞ്ഞ നഗരം. അതിൽ സുന്ദരികളായ അടിമകളുടെ കച്ചവടം നടക്കുന്ന പടുകൂറ്റൻ മൺ കോട്ടയുടെ മുൻപിൽ എത്തണമെന്നു തോന്നുന്നു എങ്കിൽ നേരെ പോകാം മൊറോക്കോയിലേക്ക്. ഗെയിം ഓഫ് ത്രോൺസിലെ യുങ്കായി മാത്രമല്ല ഗ്ലാഡിയേറ്ററിൽ അടിമയായ ശേഷം മാക്സിമസിനു പരിശീലനം നൽകുന്ന രംഗങ്ങളും  ജീസസ് ഓഫ് നസ്റേത്ത് ഉൾപ്പടെ ബൈബിൾ കഥകളിൽ വിശുദ്ധ നാടുകളിലെ പുരാതന ഗ്രാമങ്ങളുടെ രൂപത്തിലുമൊക്കെ വേഷമിട്ട ഒരു പുരാതന ഗ്രാമമുണ്ട് മൊറോക്കോയിൽ - അയ്റ്റ് ബെൻ ഹൊഡു . ആയിരത്തിലധികം വർഷം പഴക്കമുള്ള, ചരിത്രമുറങ്ങുന്ന അയ്റ്റ് ബെൻ ഹൊഡുവിന്റെ സവിശേഷത മൺ ഇഷ്ടികകൾ ഉപയോഗിച്ചു നിർമിച്ച വീടുകളും ഇടുങ്ങിയ തെരുവുകളും ഉയരമേറിയ ഗോപുരങ്ങളും ഗ്രാമത്തെ വലയം ചെയ്യുന്ന മൺ കോട്ടയുമാണ്. തെക്കൻ മൊറോക്കോയിലെ ഒരു യുനെസ്കോ പൈതൃക കേന്ദ്രം കൂടിയാണ് ഇവിടം.

roccjjgfdd

ചരിത്രത്തിന്റെ കാൽപാടുകൾ

ആധുനിക മൊറോക്കോയിലെ ഉർസസേറ്റിന് 19 മൈൽ അകലെ ഗ്രാൻഡ് അറ്റ്ലസ് പർവത നിരകളുടെ ചരിവിലാണ് അയ്റ്റ് ബെൻ ഹൊഡു. സഹാറ മരുഭൂമി കടന്ന് മാരക്കാഷ് വഴി കടന്നുപോകുന്ന പുരാതന വാണിജ്യപാതയിലെ ഏറെ പ്രധാനപ്പെട്ട സങ്കേതമായിരുന്നു ഈ ഗ്രാമം . പതിനൊന്നാം നൂറ്റാണ്ടു മുതൽ നില നിൽക്കുന്ന ഈ ഗ്രാമം സാർ എന്നു വിളിക്കുന്ന ഗോത്ര ഗ്രാമീണ സമൂഹത്തിന് ഉദാഹരണമാണ്. 

ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കാനാകും വിധം കരുത്തുറ്റ കോട്ടയാൽ സംരക്ഷിക്കപ്പെട്ടതാകും സാർ എന്ന മലയോര ഗ്രാമം. നിരീക്ഷണ ഗോപുരങ്ങളും നിയന്ത്രിതമായ രീതിയിൽ ആളുകൾക്കു കടന്നു പോകാൻ സാധിക്കുന്ന കവാടങ്ങളും ഈ  മതിലിനു ചേർന്നുണ്ടാകും. മലമുകളിലേക്കു കയറി പോകുന്ന ഇടുങ്ങിയ തെരുവുകൾ ചേർന്ന് വാസസ്ഥാനങളായ കെട്ടിടങ്ങൾ. പ്രഭുക്കൻമാർക്കും പ്രമാണികളായ കച്ചവടക്കാർക്കും കൊട്ടാരതുല്യമായ ബഹുനില മാളികകൾ തന്നെയുണ്ട്. ഇവ കസ്ബ എന്നറിയപ്പെടുന്നു. മലയുടെ മുകളിലാണ് അഗദിർ എന്ന ധാന്യസംഭരണശാല . സാറിന്റെ ഏറ്റവും വലിയ സവിശേഷത ഈ നിർമിതികളൊക്കെ യൺ ഇഷ്ടിക കൊണ്ട് നിർമിച്ചതാണ് എന്നതാണ്. ഇതു സാർ ഗ്രാമത്തിന്റെ പൊതു മാതൃക.  ഇതിന്റെ ഒരു ജീവൽ മാതൃകയാണ് സാർ ഓഫ് അയ്റ്റ് ബെൻ ഹെഡു

അയ്റ്റ് ബെൻ ഹൊഡുവിൽ ഇന്നുള്ള നിർമിതികളിൽ പതിനേഴാം നൂറ്റാണ്ടിനപ്പുറമുള്ളവ അവശേഷിപ്പില്ല. കാലത്തെയും കാലാവസ്ഥയേയും അതിജീവിച്ചു നിലനിൽക്കുന്ന ഈ ഗ്രാമത്തിൽ ഇന്നും അര ഡസൻ കുടുംബങ്ങൾ ജീവിക്കുന്നുണ്ട്.

frida-aguilar-estrada-LhVJaRPweJc-unsplash

ഇന്നും മാതൃകയാകുന്ന സാങ്കേതിക വിദ്യ

ചുവന്ന മരുഭൂമിയുടെ പശ്ചാത്തലത്തിലുള്ള ഈ ഗ്രാമം ഒരു കാലത്ത് കാതങ്ങളോളം സഞ്ചരിച്ചെത്തുന്ന സാർഥ വാഹക സംഘങ്ങളുടെ വിശ്രമ കേന്ദ്രമായിരുന്നു. ഉനില നദിക്കരയിലെ ഈ മൺ നിർമിതികൾ തെക്കൻ മൊറോക്കോയുടെ സവിശേഷ സാംസ്കാരിക പൈതൃകത്തിന്റെ അവശേഷിക്കുന്ന മാതൃകകളിലൊന്നാണ്. ഇതു തിരിച്ചറിഞ്ഞ് യുനെസ്കോ സാർ ഓഫ് അയ്റ്റ് ബെൻ ഹൊഡുവിനെ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. വളരെ ചെലവൂ കുറഞ്ഞതും കരുത്തുറ്റതും വേണ്ട വിധം പരിപാലിച്ചാൽ കാലങ്ങളോളം നിലനിൽക്കുന്നവയുമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമ്മിതികൾ.  പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള ഇന്ന് സുസ്ഥിര വികസനത്തിന്റെ ഭാഗമായി ഈ സങ്കേതം വീണ്ടും ശ്രദ്ധയാകർഷിക്കുന്നുണ്ട്. മൊറോക്കോ, ടുണിഷ്യ, അൾജീരിയ എന്നിവിടങ്ങളിലായി അവശേഷിക്കുന്ന ഒരു ഡസനിലധികം സാറുകളിൽ ഏറ്റവും വലുതും ആകർഷകവും അയ്റ്റ് ബെൻ ഹെഡുവിലേതാണ്.

rock-3173451_1920

തിരശ്ശീലയിലൂടെ ലോകർ കണ്ട സാർ

അയ്റ്റ് ബെൻ ഹെഡുവിലെ മൺ നിർമിതികൾ ഹോളിവുഡിന് ഏറെ പ്രിയപ്പെട്ടതാണ്. 60കളുടെ തുടക്കത്തിൽ സൊദോം ആൻഡ്  ഗൊമോറയിൽ തുടങ്ങി 2015 ൽ റിലീസ് ചെയ്ത ക്വീൻ ഓഫ് ദ് ഡിസേർട് വരെ ആ പട്ടിക നീളുന്നു. ഇതിനിടയിൽ ജ്യൂവൽ ഓഫ് നൈൽ, ജീസസ് ഓഫ് നസ്റേത്ത്, ലോറൻസ് ഓഫ് അറേബ്യ, പ്രിൻസ് ഓഫ് പേർഷ്യ, ഗ്ലാഡിയേറ്റർ, മമ്മി, അലക്സാണ്ടർ തുടങ്ങി ഇരുപതോളം ഇതിഹാസ ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഈ ആഫ്രിക്കൻ ഗ്രാമം.

Tags:
  • Manorama Traveller