യാത്രകളുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് മാധുരി ദീക്ഷിത്. മനോഹര ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം. പ്രകൃതിയോട് ചേർന്ന് യാത്ര നടത്താനാണ് മാധുരിക്ക് ഏറെ ഇഷ്ടം. പ്രകൃതിയുമായി ഇണങ്ങിയുള്ള അവധിക്കാല ആഘോഷങ്ങളാണ് താരം മിക്കവാറും തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോള്‍ പങ്കുവച്ച ഫോട്ടോകള്‍ മാലദ്വീപില്‍ നിന്നുള്ളതാണ്. മാലദീപിലേക്ക് കുടുംബത്തോടൊപ്പമായിരുന്നു മാധുരിയുടെ യാത്ര. മകനും ഭർത്താവും ചേർന്നുള്ള കടലിലെ സാഹസിക വിനോദങ്ങളും കാൻഡിൽ ലൈറ്റ് ഡിന്നറുമെല്ലാം ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും മാധുരി പങ്കുവച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ മാലദ്വീപിലെത്തിയ ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. നീല നിറത്തിലെ വസ്ത്രത്തിൽ അതിസുന്ദരിയായി നിൽക്കുന്ന ചിത്രത്തിന് 'ക്വീൻ' എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. നിങ്ങൾ ശരിക്കും രാജ്ഞി തന്നെയെന്നു ആരാധകരും ചിത്രത്തിനോട് പ്രതികരിച്ചിരിച്ചിട്ടുണ്ട്.
സോനേവ ജനി എന്ന ലക്ഷ്വറി റിസോർട്ടിലാണ് മാധുരി താമസിച്ചത്. മാലദ്വീപിലെ ഏറ്റവും അത്യാഡംബരപൂർവമായ റിസോർട്ടുകളിൽ ഒന്നാണിത്. ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികളിൽ സെലിബ്രിറ്റികളും കോടീശ്വരന്മാരും എല്ലാം തിരഞ്ഞെടുക്കുന്ന അത്യന്തം വിശേഷപ്പെട്ട ലക്ഷ്വറി വില്ലകളാണ് ഇവിടെയുള്ളത്. നീന്തൽ കുളവും റൂഫ് ടോപ്പും കടലിലേക്ക് തെന്നി ഇറങ്ങാനുള്ള സ്ലൈഡും എല്ലാമുള്ള ലക്ഷ്വറി വില്ലയിലുണ്ട്.