സാന്റാക്ലോസിന്റെ രാജ്യമായ ഫിൻലൻഡിൽ എത്തിയിട്ട് രണ്ടാം ദിവസമാണ് സാന്റാ ക്ലോസ് വില്ലേജിലേക്കു പുറപ്പെട്ടത്. റോവാനിമിയിൽ നിന്ന് ഏതാണ്ട് 8 കിലോ മീറ്റർ ദൂരം മഞ്ഞു മൂടിയ വഴികളിലൂടെ സഞ്ചരിച്ചാണ് ഞങ്ങളുടെ പ്രധാന ഡെസ്‌റ്റിനേഷനു മുന്നില്‍ എത്തിയത്.
ആർട്ടിക് സർക്കിളിനുള്ളിൽ
ആളുകളൊക്കെ വന്നു തുടങ്ങുന്നതേ ഉള്ളു. മഞ്ഞു പുതച്ച, അതിമനോഹരമായൊരു പ്രദേശമാണ് സാന്റാക്ലോസ് വില്ലേജ്. വില്ലേജിന്റെ പ്രധാന കവാടത്തിലേക്ക് കാൽ എടുത്തു വയ്ക്കുമ്പോഴാണ് നമ്മൾ ആർട്ടിക് സർക്കിളിന്റെ ഉള്ളിലേക്ക് കയറുന്നത്. ആർട്ടിക് സർക്കിളിന്റെ തുടക്കം സൂചിപ്പിച്ച് ‘620 32’ Welcome to Article Circle’ എന്നെഴുതിയ ഒരു വലിയ ലൈൻ തറയിൽ കാണാം. ആ വരയ്ക്ക് അപ്പുറം കാലെടുത്തു വയ്ക്കുമ്പോഴുണ്ടാകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല.
അവിടന്ന് ഞങ്ങൾ ആദ്യം കയറിയത് സാന്റാക്ലോസ് ഓഫിസിലേക്കാണ്. ക്രിസ്മസ് സന്ദേശം നൽകാനും നമ്മളെ ഒക്കെ കണ്ട് സംസാരിക്കാനും പുള്ളി അവിടെ കാത്തിരിക്കുന്നു. ആ കെട്ടിടത്തിന്റെ മുന്നിൽ രണ്ടാൾ പൊക്കമുള്ള വലിയ സ്നോമാൻ പ്രതിമയുണ്ട്. കൂടാതെ അവിടവിടെയായി കുറേ ഐസ് പ്രതിമകൾ നിർമിച്ച് നല്ല കളർഫുൾ ലൈറ്റ് ഇട്ടു വച്ചിരിക്കുന്നു. ഉള്ളിലേക്കു കയറിയാൽ ശരിക്കും ഫെയറി ടെയിൽ കഥകളിൽ കണ്ടിട്ടുള്ളതുപോലെ... പൂർണമായും തടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം. വളഞ്ഞു തിരിഞ്ഞു പോകുന്ന അരണ്ട വഴികളും ഇടയ്ക്കിടെ തിളക്കമുള്ള ലൈറ്റുകളും വഴി നീളെ ഒട്ടേറെ സമ്മാന പൊതികളും നിറയുന്ന ഇടനാഴികൾ. അതിലൂടെ നടന്നു വലിയ തടികൊണ്ടുള്ള പടികൾ കയറി മുകളിലോട്ടു പോയാൽ സാന്റാക്ലോസ് ഓഫിസ്. നീളൻ തൊപ്പിയും നീളൻ ഉടുപ്പും ഇട്ട സുന്ദരികളായ പെൺകുട്ടികൾ നമ്മളെ സാന്റാക്ലോസിന്റെ അടുത്തേക്കു സ്വാഗതം ചെയ്യും.
വലിയ ഒരു മരവാതിൽ തുറന്ന് അകത്തേക്കു കയറിയപ്പോൾ അതാ ഇരിക്കുന്നു നമ്മുടെ സാന്റാക്ലോസ്. ചുവന്ന വസ്ത്രവും തൊപ്പിയും അരയിൽ ഒരു ബെൽറ്റും വലിയ ബുട്ടുമിട്ട് ആറടിയിലേറെ പൊക്കവും നീളൻ താടിയും വലിയ വയറുമൊക്കെയായി കുറേ സമ്മാനപ്പൊതികളുടെ ഇടയിൽ ഇരിക്കുന്ന സാന്റാക്ലോസ്...
ചിത്രങ്ങളിൽ കാണുന്ന പോലത്തെ ക്രിസ്മസ് അപ്പൂപ്പൻ. ഗാംഭീര്യമുള്ള ശബ്ദം, ചെന്ന് കയറിയതും ഹലോ എന്നു പറഞ്ഞ് ഞങ്ങളെ പിടിച്ച് അടുത്ത് ഇരുത്തി. എവിടെ നിന്നാണ് വരുന്നതെന്നും എന്തൊക്കെ കാണാൻ വന്നതാണെന്നും ലാപ്‌ലാൻഡിനെപ്പറ്റിയും അവിടത്തെ ക്രിസ്മസ് പ്രത്യേകതകളെപ്പറ്റിയും ഒക്കെ സംസാരിച്ചു. സാന്റായുമായുള്ള സംഭാഷണം മുഴുവൻ സാന്റാക്ലോസ് വില്ലേജിലെ ആളുകൾ വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. നമുക്കു സ്വന്തമായി അതിനുള്ളിൽ ഫോട്ടോയോ വിഡിയോയോ എടുക്കാൻ അനുവാദമില്ല. താൽപര്യമുള്ളവർക്ക് വില്ലേജിൽ നിന്നു പുറത്തിറങ്ങുമ്പോൾ 45 യൂറോ കൊടുത്ത് ഒരു കോപ്പി വാങ്ങാം. പിന്നെ ഓഫിസിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്ന വഴിക്കു സാന്റാക്ലോസിന്റെ കുറെ ചരിത്രവും ഈ വില്ലേജിന്റെ നിർമാണ കഥയും ഒക്കെ വിവരിക്കുന്ന ഫോട്ടോ പ്രദർശനം കാണാം. നമ്മുടെ ക്രിസ്മസ് ആഗ്രഹങ്ങൾ എഴുതാൻ വലിയൊരു ഡ്രമ്മിൽ പേപ്പർ ചുറ്റി വച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് അതിൽ രേഖപ്പെടുത്തി വയ്ക്കാം.
സാന്റാക്ലോസ് മെയിൻ പോസ്റ്റ് ഓഫിസ്
ക്രിസ്മസ്സിനു സാന്റാക്ലോസിന്റെ പോസ്‌റ്റാഫിസിൽ നിന്ന് ആശംസകൾ കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അതിനുവേണ്ടിയാണു സാന്റ പോസ്‌റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നു സാന്റാക്ലോസിന്റെ പേരിൽ എല്ലാ സമയത്തും എവിടേക്കു വേണമെങ്കിലും ക്രിസ്മസ് കാർഡുകളും സമ്മാനങ്ങളും അയക്കാം. ഒരു യൂറോ മുതൽ മുകളിലേക്ക് പല നിരക്കുകളിൽ ഇവിടെ കാർഡ് കിട്ടും. സാന്റാക്ലോസിന്റെയും ആർട്ടിക് സർക്കിളിന്റെയും പ്രത്യേകത വിളിച്ചു പറയുന്ന മനോഹരമായ സ്‌റ്റാംപും സീലുമാണ് ഇവിടെ നിന്ന് അയയ്ക്കുന്ന ക്രിസ്മസ് കാർഡുകളിൽ ഉണ്ടാകുക. കാർഡുകൾ പോസ്റ്റു ചെയ്യാൻ രണ്ട് തപാൽ പെട്ടികളും ഇവിടെ കാണാം, അതിൽ ഒരു പെട്ടിയിൽ പോസ്‌റ്റ് ചെയ്യുന്ന കത്തുകളും സമ്മാനങ്ങളും സാധാരണ രീതിയിൽ അയക്കുന്നതുപോലെ ക്രിസ്മസ് സമയത്ത് ആ മേൽവിലാസത്തിൽ ലഭിക്കും. മറ്റേ തപാൽപെട്ടിയിൽ ഇടുന്നവ ഉടനടി മേൽവിലാസക്കാരന് എത്തിക്കും.
പോസ്റ്റ് ഓഫിസിനു തൊട്ടു മുന്നിലാണ് ടൂറിസ്‌റ്റ് ഇൻഫർമേഷൻ സെന്റർ. അവിടെച്ചെന്നാൽ പാസ്പോർട്ടിൽ ആർടിക് സർക്കിളിൽ കടന്നതിന്റെ സീൽ പതിച്ചു തരും. ഇതു നിർബന്ധമല്ല, താൽപര്യമുള്ളവർ മാത്രം ചെയ്താൽ മതി. സവിശേഷമായൊരു പ്രദേശത്തു സഞ്ചരിച്ചതിന്റെ ഓർമയ്ക്കായി ഇൻഫർമേഷൻ സെന്ററിൽ ചെന്നു സീലും അടിച്ചു പുറത്തിറങ്ങി.
സമയം ഉച്ചയായി. നല്ല വിശപ്പ്. സാന്റാ സാൽമൺ പാലസ് എന്ന പ്രശസ്ത റസ്്‍റ്ററന്റിൽ കയറി സാൽമൺ ഗ്രിൽ ഓർഡർ ചെയ്തു. ഒപ്പം ലാപ്‌ലാൻഡിന്റെ സ്വന്തം നാടൻ ബീയറും. സാന്റാ വില്ലേജ് ഒന്ന് ഓടിച്ചു കാണാനുള്ള സമയമേ ഭക്ഷണത്തിനുശേഷം ബാക്കി ഉണ്ടായിരുന്നുള്ളു. മൂന്നു മണികഴിയുമ്പോൾ ഇരുട്ടു പരക്കും.
സാന്റാക്ലോസിന്റെ വണ്ടിയും മറ്റു വിനോദങ്ങളും
സമ്മാനപ്പൊതികളുമായി മഞ്ഞിലൂടെ സാന്റാക്ലോസ് തെന്നി നീങ്ങുന്ന വണ്ടി വലിയ ആകർഷണമാണ്. വലിയ മാൻ പോലെയുള്ള മൃഗമാണ് വണ്ടി വലിക്കുന്നത്. ഈ വണ്ടിയിൽ നമുക്കും സഞ്ചരിക്കാം, പ്രത്യേകം ടിക്കറ്റ് എടുക്കണമെന്നു മാത്രം. സമീപത്തു തന്നെയുള്ള ഹസ്കി പട്ടികളുടെ പാർക്കിൽ ഹസ്കി പട്ടികൾ വലിക്കുന്ന വണ്ടിയിലും സഞ്ചരിക്കാം. സ്നോമൊബൈൽ വാടകയ്ക്ക് എടുത്ത് മഞ്ഞു മൂടിയ വഴികളിലൂടെ പറക്കാം. സാന്റാക്ലോസിനൊപ്പം താമസിക്കാനുള്ള കോട്ടേജുകളും സാന്റാ വില്ലേജിൽ ഉണ്ട്. ചെലവ് അൽപം കൂടുതലാണെന്നു മാത്രം.
കുട്ടികൾക്കും മുതിർന്നവർക്കും മനോഹരമായ അനുഭവമാണ് സാന്റാക്ലോസ് വില്ലേജ് സമ്മാനിക്കുന്നത്. ക്രിസ്മസ്–ന്യൂ ഇയർ ആഴ്ചകളിലാണ് യാത്രയെങ്കിൽ താമസത്തിനും മറ്റും റേറ്റ് അൽപം കൂടുതലായിരിക്കും. റോവാനിമി യാത്ര ചെയ്യുന്നെങ്കിൽ ജനുവരി പകുതിയോടെ പോകുന്നതാകും നല്ലത്. ആ സമയത്തും ക്രിസ്മസ്സിന്റെ എല്ലാ വിശേഷങ്ങളും കാഴ്ചകളും കാണാം. –20 ഡിഗ്രി എത്തുന്ന തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കരുതാൻ മറക്കേണ്ട.