ആധുനിക സപ്തമഹാദ്ഭുതങ്ങളിലൊന്നായ പെട്രയും ചാവുകടലും ഒക്കെയുള്ള ജോർദാനിൽ സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കുന്ന മരുപ്രദേശമാണ് വാഡി റം. മരുഭൂമി എന്നു കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന വെളുത്ത പഞ്ചസാര മണൽവിരിച്ച, മണൽ കുന്നുകളുള്ള ഭൂമി എന്ന സങ്കൽപവുമായി എത്തിയാൽ നിങ്ങൾക്ക് ഒരുപക്ഷേ ഇവിടുത്തെ കാഴ്ച വിശ്വസിക്കാനായി എന്നുവരില്ല. അത്രമാത്രം വേറിട്ടൊരു ഭൂപ്രകൃതിയാണ് വാഡി റമ്മിൽ.
ചാന്ദ്രതാഴ്‌വര
ചുവപ്പിന്റെ തിളക്കമാണ് വാഡി റം മരുഭൂമിയുടെ പ്രത്യേകത. കൂടാതെ മലനിരകളും മരുഭൂമിയും ഇവിടെ ഒരുമിക്കുന്നു. പ്രകൃതിയുടെ കരവിരുതിൽ രൂപപ്പെട്ട ശിലാരൂപങ്ങളും കരിങ്കൽകമാനങ്ങളും മണൽക്കുന്നുകൾക്കും മലകൾക്കുമിടയിലുള്ള അഗാധഗർത്തങ്ങളും ഒക്കെ ചേരുമ്പോൾ ഈ പ്രദേശം ഭൂമിയിൽ തന്നെയാണോ എന്ന് ആരും അമ്പരന്നു പോകും. അതിനാൽത്തന്നെ ഈ താഴ്‌വരയുടെ വിളിപ്പേര് വാലി ഓഫ് മൂൺ എന്നാണ്. ഇന്ന്
നാടോടികളായ ബെദൂവിയൻ വിഭാഗത്തിൽ പെട്ട കുറച്ചു പേർ മാത്രമേ ഇവിടുത്തെ അതികഠിനമായ ഭൂപ്രകൃതിയുമായി പൊരുത്തപ്പെട്ട് താമസിക്കുന്നവരായിട്ടുള്ളു. എങ്കിലും കഴിഞ്ഞ 4000 വർഷമായി ഈ പ്രദേശത്തു മനുഷ്യൻ താമസിക്കുന്നുണ്ട് എന്ന് ശാസ്ത്രഗവേഷകർ വിശ്വസിക്കുന്നു. അയൺ ഓക്‌സൈഡിന്റെ സാന്നിധ്യമാണ് മണ്ണിന്റെ ചുവപ്പു നിറത്തിന് കാരണമെങ്കിലും ഭൂമിയിലെ ഒട്ടുമിക്ക ധാതുക്കളും ഇവിടെയുള്ളതായി കണക്കാക്കിയിട്ടുണ്ട്. തെക്കൻ ജോർദാനിലെ വാഡി റമ്മിലേക്ക് തലസ്ഥാനമായ അമ്മാനിൽ നിന്ന് 350 കിമീ ദൂരമുണ്ട്. ജോർദാനിലെ തീരദേശ നഗരമായ അക്കബയിലേക്കുള്ള ഹൈവേയ്ക്കു സമീപമാണ് വാഡി റം.
വേറിട്ടൊരു മരുയാത്ര
മരുഭൂമിയുടെ വ്യത്യസ്തമായ കാഴ്ചകൾ മാത്രമല്ല വാഡി റം ഗ്രാമത്തിൽ എത്തുന്നവർക്കു കിട്ടുന്നത്. ഹോട്ട് എയർ ബലൂണിലോ ഒന്നോ രണ്ടോ പേർക്കു കയറാവുന്ന മൈക്രോ ലൈറ്റ് വിമാനങ്ങളിലോ മരുഭൂമിക്കു മുകളിൽ പറക്കാം. ബദൂവിയൻ ഗൈഡുകളുടെ സഹായത്തോടെ ഒട്ടക സവാരിക്കും അവസരമുണ്ട്. ഡെസേർട് സഫാരിയിലെ ഒഴിവാക്കാനാവാത്ത 4 വീൽ ഡ്രൈവ് വാഡി റമ്മിൽ കുറച്ചു കൂടി സാഹസികവും ആവേശകരവും ആണ്. മരുഭൂമിയിലെ രാത്രി ആകാശക്കാഴ്ചയും ഇവിടെ നല്ല അവസരമുണ്ട്.
വാഡി റമ്മിൽ തനത് ബദുവിയൻ ഭക്ഷണം ആസ്വദിച്ച് ബദൂവിയൻ കൂടാരങ്ങളിൽ രാത്രി താമസിക്കുന്നതിനും അവസരം ഒരുക്കാറുണ്ട്. പ്രത്യേക ഇനം കഴുകൻ, പരുന്ത്, കാട്ടുനായ, വരയാടുകൾ, പാമ്പുകൾ, പല്ലികൾ, തേളുകൾ തുടങ്ങി ഈ പ്രദേശത്തിന്റെ മാത്രം സവിശേഷതയായ ഒരുപിടി മൃഗങ്ങൾ ഈ പ്രദേശത്തുണ്ടെങ്കിലും സഞ്ചാരികൾക്ക് അവയെ സാധാരണ കാണാൻ കിട്ടാറില്ല. പലതും രാത്രിഞ്ചരൻമാർ ആണുതാനും. ഭൗമശാസ്ത്രജ്ഞർ ഭൂമിയുടെ പരിണാമത്തിലെ വലിയൊരു കണ്ണിയാണ് വാഡി റം പ്രദേശം എന്നാണ് പറയാറുള്ളത്. അതിനാൽത്തന്നെ വിശാലമായ ഈ പ്രദേശം പൂർണമായും സംരക്ഷിത സ്ഥാനവും യുനെസ്കോ ലോകപൈതൃകങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
ഹോളിവുഡിന് ഇതു ചൊവ്വ
1962 ൽ ലോറൻസ് ഓഫ് അറേബ്യ എന്ന പ്രശസ്ത ചലച്ചിത്രത്തിലൂടെയാണ് വാഡി റം രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തുന്നത്. തുടർന്ന് ഈ പ്രദേശം ഒട്ടേറെ ചലച്ചിത്രങ്ങൾക്കു പശ്ചാത്തലമായി. പ്രത്യേകിച്ചും ഹോളിവുഡിലെ അന്യഗ്രഹങ്ങളുടെ കഥ പറയുന്ന സൈ-ഫൈ ചിത്രങ്ങളിൽ. 2000 ൽ റിലീസ് ചെയ്ത റെഡ്പ്ലാനറ്റ്, 2012 ൽ പ്രൊമിത്യൂസ്, 2013 ൽ ദി ലാസ്‌റ്റ് ഡേയ്സ് ഓൺ മാഴ്സ്, 2015 ൽ ദി മാർഷ്യൻ എന്നീ ചിത്രങ്ങളിലൊക്കെ ചൊവ്വയുടെ‘വേഷമിട്ടത് വാഡി റം ആണ്. ബോളിവുഡിൽ ക്രിഷ്3 യിലെ ഒരു ഭാഗവും ഇവിടെ ചിത്രീകരിച്ചിരുന്നു. പ്രശസ്ത മലയാള നോവലിസ്‌റ്റ് ബെന്യാമിന്റെ ആടുജീവിതം ചലച്ചിത്രമാക്കുന്ന ബ്ലസി ഒരു ലൊക്കേഷനായി കണ്ടിരിക്കുന്നതും വാഡി റം തന്നെ.