Thursday 27 April 2023 11:47 AM IST

‘കയ്പുള്ള വസ്തുക്കൾ പുരട്ടി മുലയൂട്ടൽ നിർത്തുന്നത് നല്ലതല്ല’: കാരണം ഇതാണ്... അമ്മമാർ നിർബന്ധമായും അറിയേണ്ടത്

Chaithra Lakshmi

Sub Editor

breast-feed-stry

‘പാലില്ലാഞ്ഞിട്ടാകും.’ കുഞ്ഞൊന്നു കരഞ്ഞാലുടൻ ആ വഴി വരുന്നവരെല്ലാം ‘പാലിനു പകരം എന്തെല്ലാം നൽകാം’ എന്ന ഉപദേശവുമായെത്തും. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ നടന്നിട്ടും അമ്മമാരാകുന്ന ഭൂരിഭാഗം സ്ത്രീകളും ഈ അവസ്ഥ നേരിടുന്നുണ്ട്.

ജനിച്ച് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നാണു ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. കുഞ്ഞാവയെ പാലൂട്ടുന്നതിനെക്കുറിച്ച് അമ്മമാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം.

എപ്പോഴാണ് മുലയൂട്ടൽ തുടങ്ങേണ്ടത് ?

കുഞ്ഞു ജനിച്ചശേഷം എത്രയും വേഗം, കഴിയുമെങ്കിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പാലൂട്ടിത്തുടങ്ങാം. സിസേറിയനാണെങ്കിൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെങ്കി ൽ ഉടനെ മുലയൂട്ടാം.

പ്രസവശേഷം ആദ്യമുണ്ടാകുന്ന മുലപ്പാലായ കൊളസ്ട്രത്തിനു ‘ഗോൾഡ് ലിക്വിഡ്’ എന്നും പേരുണ്ട്. അളവു കുറവെങ്കിലും പോഷകപ്രദമാണു കൊളസ്ട്രം. രോഗപ്രതിരോധശക്തി, ദഹനശേഷി ഇവയ്ക്ക് ഇതു ഗുണകരമാണ്.

ആദ്യത്തെ രണ്ടു ദിവസം അഞ്ചു മില്ലി അളവിൽ മുലപ്പാൽ നൽകണം. ആദ്യമാസങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മുലയൂട്ടുന്നതു കുഞ്ഞിന്റെ തൂക്കം കൂടാനും അമ്മയ്ക്കു മുലപ്പാലുണ്ടാകാനും നല്ലതാണ്. രാത്രിയിലും ഇതേ രീതിയിൽ മുലയൂട്ടുക. തുടർന്നുള്ള കാലയളവിൽ ആവശ്യത്തിനനുസരിച്ചു മതി. ആദ്യ ആറു മാസം രണ്ടു മുതൽ നാലു മണിക്കൂർ ഇടവേളയിലാണു മുലയൂട്ടേണ്ടത്.

നവജാതശിശുക്കൾക്കു മുലപ്പാൽ നിർബന്ധമായും നൽകണമെന്നു പറയുന്നതെന്തുകൊണ്ട് ?

ആദ്യ ആറു മാസം കുഞ്ഞിനു വേണ്ട പോഷകങ്ങളെല്ലാം മുലപ്പാലിൽ നിന്നു ലഭിക്കും. ഓേരാ കുഞ്ഞിനും ആവശ്യമായ പോഷകങ്ങളാണു മുലപ്പാലിൽ ഉ ണ്ടാകുക. കുട്ടിയുടെ ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വേണ്ട എല്ലാ ഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. അമ്മയുടെ ശരീരത്തിൽ ഉള്ള പ്രതിരോധഘടകങ്ങൾ മുലപ്പാലിൽ ഉള്ളതിനാൽ കുഞ്ഞിനെ അസുഖങ്ങളിൽ നിന്നു സംരക്ഷിക്കുകയും െചയ്യുന്നു. പലതരം അണുബാധകൾ, അലർജി, വൈറൽ പനി ഇവയെ പ്രതിരോധിക്കും. മലബന്ധം, വയറിളക്കം, വയറിനുണ്ടാകുന്ന അസ്വസ്ഥത ഇവ തടയും. ആരോഗ്യകരമായ ഭാരം ലഭിക്കാനും സഹായിക്കും.

മുലപ്പാൽ നൽകുമ്പോൾ അമ്മയുെട ചർമത്തോടു കുഞ്ഞിനെ ചേർത്തു പിടിക്കുന്നത് കുഞ്ഞിന്റെ ശരീരോഷ്മാവ് നിലനിർത്താനും ഹൃദയമിടിപ്പ്, ശ്വാസത്തിന്റെ വേഗത എന്നിവ സാധാരണ ഗതിയിൽ നിലനിർത്താനും സഹായിക്കും.

മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞിന്റെ െഎക്യു നിലവാരം ഫോർമുല (നവജാതശിശുക്കൾക്കുള്ള പാൽപ്പൊടി) കുടിക്കുന്ന കുഞ്ഞുങ്ങളേക്കാൾ മികച്ചതാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്.

വൈറ്റമിൻ ഡി മാത്രമാണു മുലപ്പാലിൽ ഇല്ലാത്തത്. അ തുകൊണ്ട് നവജാതശിശുക്കൾക്കു േഡാക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ ഡി സിറപ്പ് നൽകണം. മുലയൂട്ടുന്നത് അമ്മമാർക്കും ഗുണകരമാണ്. ടൈപ് ടു പ്രമേഹം, സ്തനാർബുദം പോലെയുള്ള ചില തരം കാൻസർ തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയും. ഗർഭിണിയാകുന്നതിനു മുൻപുളള ശരീരഭാരത്തിലേക്കെത്താനും മുലയൂട്ടൽ സ്ത്രീകളെ സഹായിക്കും.

ഉറങ്ങാനും ശാന്തമാകാനും വേണ്ടി കുഞ്ഞ് പാൽ കുടിക്കുന്നു. ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ടോ ?

ഭൂരിഭാഗം കുഞ്ഞുങ്ങളും ഉറങ്ങാൻ വേണ്ടി പാൽ കുടിക്കുകയും ആദ്യത്തെ ഒരു വർഷം ഒന്നു മുതൽ മൂന്നു തവണ വരെ ഉണരുകയും പാൽ കുടിക്കുകയും െചയ്യാം. ഇതു സ്വാഭാവികമാണ്. എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ ചെയ്യണമെന്നില്ലെന്നു മാത്രം.

പാൽ തികട്ടി വരുന്നത് ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം ?

ഓേരാ തവണയും പാലൂട്ടിയതിനു ശേഷം അമ്മയുടെ േതാളിൽ കിടത്തി കുഞ്ഞിന്റെ പുറത്തു തട്ടി ഗ്യാസ് കളയണം. കുപ്പിപ്പാൽ കുടിക്കുമ്പോഴും ഇതേ രീതിയിൽ ഗ്യാസ് തട്ടിക്കളയണം. ഇതിനു ശേഷം മാത്രമേ കുഞ്ഞിനെ കിടത്താവൂ. അല്ലെങ്കിൽ പാൽ തികട്ടി വരാം.

മുലയൂട്ടുന്ന സമയത്ത് അമ്മമാരുടെ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പതിവായി സമീകൃത ഭക്ഷണം കഴിക്കണം. മെർക്കുറിയുടെ അളവ് കൂടുതലടങ്ങിയ സ്രാവ്, ചൂര തുടങ്ങിയ മത്സ്യങ്ങൾ, കൃത്രിമനിറങ്ങളടങ്ങിയ ഭക്ഷണം ഇവ ഒഴിവാക്കുക. പ്രസവരക്ഷയുടെ ഭാഗമായി അമ്മമാർ കഴിക്കുന്ന ചില മരുന്നുകൾ മൂലം കുഞ്ഞിന് അസ്വസ്ഥതയനുഭവപ്പെടുകയും കരയുകയും ചെയ്യുന്നതായി കാണാറുണ്ട്. ഇങ്ങനെ കണ്ടാൽ അത്തരം മരുന്നുകൾ ഒഴിവാക്കുകയും പീഡിയാട്രീഷന്റെ ഉപദേശം തേടുകയും വേണം.

ആറുമാസം കഴിയുമ്പോൾ കുഞ്ഞിന് എന്തെല്ലാം ഭക്ഷണം നൽകാം ?

ആദ്യഘട്ടത്തിൽ റാഗി പൊടിച്ചതു ശർക്കര ചേർത്തു കുറുക്കുരൂപത്തിൽ നൽകാം. അതു ദഹിക്കുന്നുണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് പുതിയ ഭക്ഷണമായി ഏത്തക്കായ പൊടിച്ചത് തുടങ്ങിയവ നൽകാം. പച്ചക്കറികൾ വേവിച്ചുടച്ചതും നൽകാം. എളുപ്പം ദഹിക്കുന്ന ഭക്ഷണമാണു നൽകേണ്ടത്. ഒരു വയസ്സിനു ശേഷമേ പശുവിൻ പാൽ, മറ്റു മൃഗങ്ങളുടെ പാൽ ഇവ നൽകാവൂ.

മുലയൂട്ടൽ നിർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലയൂട്ടൽ നിർത്തുന്നതു കുഞ്ഞിനും ചിലപ്പോൾ അമ്മമാർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാം. ഘട്ടംഘട്ടമായി മുലയൂട്ടൽ നിർത്തുന്നതാണ് ഉത്തമം. കയ്പുള്ള വസ്തുക്കളും മറ്റും പുരട്ടി മുലയൂട്ടൽ നിർത്തുന്നത് ഒഴിവാക്കാം. ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന്റെ മനസ്സിൽ ആശങ്കയും പേടിയും നിറയുന്നതിനു കാരണമാകാം. പകരം മുലയൂട്ടാത്ത സമയത്തു സ്തനങ്ങൾ കാബേജ് ഇതൾ, മുല്ലപ്പൂവ് ഇവയിലേതെങ്കിലും കൊണ്ട് പൊതിഞ്ഞു െകട്ടി വയ്ക്കാം. തുടർച്ചയായി ചെയ്താൽ ഇവയിലെ ചില ഘടകങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ മുലപ്പാൽ വറ്റാൻ സഹായിക്കും.

ചൈത്രാലക്ഷ്മി

വിവരങ്ങൾക്ക് കടപ്പാട്:. എൻ. സുബ്രഹ്മണ്യ അയ്യർ

കൺസൽറ്റന്റ്, ആർസിഎച്ച്, യുനിസെഫ്, ചെന്നൈ

ഡോ. രഞ്ജിത് പി.

ശിശുരോഗവിദഗ്ധൻ,

സാമൂഹികാരോഗ്യകേന്ദ്രം, പനമരം, വയനാട്

ഡോ. സൗമ്യ എൻ. എസ്

സർട്ടിഫൈഡ് ലാക്ടേഷൻ

കൺസൽറ്റന്റ്, സീനിയർ കൺസൽറ്റന്റ്,

ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി,

നൈൽ ഹോസ്പിറ്റൽ, തൃശൂർ