Saturday 31 August 2024 12:55 PM IST

കുട്ടിക്കു വിശപ്പില്ല, ബേക്കറി ഭക്ഷണവും ചായയും മാത്രം മതി എന്നാണോ? : ഈ ടിപ്സ് പ്രയോഗിച്ചുനോക്കൂ...

Dr Krishnamohan R

kidsfoodwe

കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്ന നിരാശയുമായി വരുന്ന അമ്മമാരോടെല്ലാം അവർ എന്തൊക്കെയാണ് ഒാരോ ദിവസവും കൊടുക്കാറുള്ളത് എന്നു ചോദിക്കാറുണ്ട്. മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോടുള്ള അമ്മമാരുടെ മറുപടി– ‘‘ ഒാൻ ചായേന്റെ ആളാണ്’’ എന്നാവും. ‘‘രാവിലെ തന്നെ ഒാന് രണ്ടു ഗ്ലാസ് ചായയെങ്കിലും വേണ്ടിവരും’’. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. പക്ഷേ, തികച്ചും തെറ്റായ പ്രവണതയാണിത്. ചായയിലെയും കാപ്പിയിലെയും ചില ഘടകങ്ങൾ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം തടയുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ചായ, കാപ്പി എന്നിവ ഒഴിവാക്കുന്നതാകും നല്ലത്.

സാധാരണയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി, കുട്ടി ബേക്കറി സാധനങ്ങൾ മാത്രം കഴിക്കുന്നു എന്നതാണു മറ്റൊരു പരാതി. പക്ഷേ, ഇതൊക്കെ കുട്ടിക്ക് ആരു വാങ്ങിക്കൊടുക്കുന്നു എന്നു ചോദിക്കുമ്പോൾ ഒരു ചിരിയായിരിക്കും മറുപടി. ഒന്നും കഴിക്കാതിരിക്കുന്നതിലും ഭദമല്ലേ എന്തെങ്കിലും കഴിക്കുന്നത്. അതുകൊണ്ടാണ് ബേക്കറി സാധനങ്ങൾ വാങ്ങുന്നത്. ’’ എന്നാവും മറ്റു ചിലർ. കൊഴുപ്പ്, എണ്ണ, കൃത്രിമനിറങ്ങൾ എന്നിവ അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ കുട്ടിയുടെ ദഹനപ്രക്രിയയെയും സ്വാഭാവിക വിശപ്പിനെയും താറുമാറാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ ദിവസത്തിൽ ഒന്നോ രണ്ടോ തവണ, വളരെ ചെറിയ അളവിൽ മാത്രം നൽകുക. അതും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പലഹാരമായാൽ ഏറെ നല്ലത്.

കുട്ടിയുടെ വിശപ്പില്ലായ്മയും ഭക്ഷണം കഴിക്കാത്ത ശീലത്തെയും പറ്റി അയൽക്കാരോടും ബന്ധുക്കളോടും എല്ലാം പലയാവർത്തി പറയുന്ന ശീലം അമ്മമാർക്കുണ്ട്. തങ്ങളുടെ ടെൻഷൻ കുറയ്ക്കാൻ വേണ്ടിയാകും ഇങ്ങനെ ചെയ്യുന്നത്. കുട്ടിയുടെ സാന്നിധ്യത്തിലുള്ള ഇത്തരം പ്രസ്താവനകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. താൻ വിശപ്പില്ലാത്ത ഒരാളാണെന്നും ഭക്ഷണം കുറച്ചേ കഴിക്കൂ എന്നും ഉള്ള ഒരു തെറ്റായ വിശ്വാസം കുട്ടിയിൽ രൂപപ്പെടാൻ മാത്രമേ ഇതുകൊണ്ടു സാധിക്കുകയുള്ളൂ.

ആവശ്യത്തിൽ കൂടുതൽ ഭക്ഷമം ഒരു നേരവും കുട്ടികൾക്കു കൊടുക്കരുത്. ഒന്നിൽ കൂടുതൽ തവണ കുട്ടി മതി എന്നു പറയുക, വായടച്ചു പിടിക്കുക, തുടർച്ചയായി തുപ്പുക, കരയുക ഇതൊക്കെ ഭക്ഷണം മതിയായതിന്റെ ലക്ഷണങ്ങളാകാം. സ്നേഹക്കൂടുതൽ കൊണ്ടു മധുരം , ഭക്ഷണം എന്നിവ കൂടുതൽ നൽകുന്നത് സാധാരണമാണ്. ഭാവിയിൽ ഇതു കാരണം കുട്ടിക്ക് അനാരോഗ്യമുണ്ടാകാം. സ്നേഹപ്രകടനത്തിനുള്ള ഉപാധിയല്ല ഭക്ഷണം എന്ന കാര്യം ഒാർക്കുക.

ഒരുനേരം കഴിച്ചില്ലെങ്കിൽ പിടിച്ചിട്ടു കഴിപ്പിക്കരുത്

ടിവിയുടെയും കംപ്യൂട്ടറിന്റെയും മുന്നിലിരുത്തി ഭക്ഷണം കൊടുക്കരുത്. തീൻമേശയിലോ കുട്ടിക്കു വേണ്ടിയുള്ള പ്രത്യേക കസേരയിലോ ഇരുത്തി മാത്രം ഭക്ഷണം കൊടുക്കുക. ഒരുനേരം കുട്ടി ഭക്ഷണം കഴിക്കാതിരുന്നാൽ പോലും മാതാപിതാക്കൾക്ക് ടെൻഷൻ തുടങ്ങുകയായി. അപേക്ഷയിൽ തുടങ്ങി ഭീഷണിയിലും ബലപ്രയോഗത്തിലും അവസാനിക്കുന്ന വിവിധ മുറകൾ അവർ പുറത്തെടുക്കുന്നു. ഇതു തെറ്റായ പ്രവണതയാണ്. മറ്റു ചിലർ മിഠായി, കളിപ്പാട്ടം തുടങ്ങിയ മോഹന വാഗ്ദാനങ്ങൾ നൽകി കുട്ടിയെ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നു. ഭക്ഷണം കഴിക്കുന്നത് മറ്റാർക്കോ വേണ്ടിയാണെന്ന തോന്നലുണ്ടാവാനേ ഇത് ഉപകരിക്കൂ.

ഒരുനേരം കുട്ടി ഭക്ഷണം കഴിക്കാതിരുന്നാൽ അമിതമായി പ്രതികരിക്കാതിരിക്കുക. അടുത്ത രണ്ടോ മൂന്നോ മണിക്കൂർ ഒരു ഭക്ഷണവും നൽകാതിരിക്കുക. ഇതിനിടെ കുട്ടി വെള്ളമോ ഭക്ഷണമോ ചോദിക്കുകയാണെങ്കിൽ കൊടുക്കുക. എന്തെങ്കിലും ബേക്കറി സാധനങ്ങൾക്കോ മിഠായിക്കോ വേണ്ടി വാശി പിടിച്ചാൽ ശാന്തമായി നിരസിക്കുക. അടുത്ത ഭക്ഷണസമയത്ത് സാധാരണരീതിയിൽ ഭക്ഷണം കൊടുക്കുക.

ഇന്നത്തെ ന്യൂജനറേഷൻ കുട്ടികളിൽ പലരും വിശപ്പും ദാഹവും എന്താണെന്നു പോലും അറിയാത്തവരാണ്. ഇടയ്ക്കെങ്കിലും വിശപ്പോടു കൂടി അവർ കഴിക്കട്ടെ. ക്രമേണ അവരുടെ ഭക്ഷണരീതികളിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ തന്നെ സംഭവിക്കും.

‘ഭക്ഷണം കഴിക്കുമ്പോൾ അവർ തീരെ അടങ്ങിയിരിക്കില്ല ഡോക്ടർ’– പല അമ്മമാരുടേയും പരാതിയാണിത്. ഭക്ഷണം കഴിക്കുന്നതു പോലും ചെറിയ കുട്ടികൾ കളിയുടെ ഭാഗമായി കാണാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണു സത്യം. തറയിൽ ഭക്ഷണം എറിയുക, സ്പൂണുകൾ കൊണ്ടു കപ്പിലും പാത്രങ്ങളിലും അടിക്കുക, വെള്ളം മറിക്കുക ഇതെല്ലാം സാധാരണമാണ്. അതിനെ ഗൗരവത്തിലെടുത്തു വഴക്കു പറയാതിരിക്കുക.

ഡോ. കൃഷ്ണമോഹൻ ആർ. കണ്‍സല്‍റ്റന്റ് പീഡിയാട്രീഷന്‍, താലൂക്ക് ഹോസ്പിറ്റല്‍, അരീക്കോട്, മലപ്പുറം

Tags:
  • Manorama Arogyam
  • Kids Health Tips