Tuesday 25 January 2022 02:33 PM IST

‘ഗർഭിണിയായിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ്’: അനുപമയുടെ പോരാട്ടം

Roopa Thayabji

Sub Editor

anupama-fight

2021നെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് സമരവിജയം നേടിയ വനിതകളുടെ പേരിലാകും. ആരൊക്കെ പിന്നിലാക്കാൻ നോക്കിയാലും വിജയിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ച മനസ്സുണ്ടെങ്കിൽ നമ്മളെ പരാജയപ്പെടുത്താനാകില്ല എന്ന് വനിതകൾ ലോകത്തോടു വിളിച്ചുപറഞ്ഞ വർഷമാണിത്.

ആ നിരയിൽ കേരളത്തിൽ നിന്നുമുണ്ട് ചിലർ. സ്വന്തം കുഞ്ഞിനു വേണ്ടിയാണ് അനുപമ കോടതി കയറിയതെങ്കിൽ മക്കളുടെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരാനാണ് വാളയാറിലെ അമ്മയ്ക്ക് സമരം ചെയ്യേണ്ടി വന്നത്.

മാതൃത്വം മാത്രമല്ല ഈ സമരച്ചൂടിൽ ഉരുകിയത്. നാടിനു വേണ്ടിയും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയും ജോലി തിരിച്ചു കിട്ടാനുമെന്നു വേണ്ട, ആരൊക്കെയോ മോശക്കാരിയെന്നു മുദ്രകുത്തി പ്രചരിപ്പിച്ച ഫോൺ നമ്പർ കൊണ്ട് ഇരയാക്കപ്പെട്ട വീട്ടമ്മ വരെ പോരാടി വിജയം നേടിയവരുടെ നിരയിലുണ്ട്.

കർഷകസമരം തലസ്ഥാനത്ത് വിജയക്കൊടി പാറിച്ചപ്പോൾ ലോകം സല്യൂട്ട് ചെയ്ത ഒരു വാചകമുണ്ട്, ‘‘നിങ്ങൾക്കെന്നെ ഭ യപ്പെടുത്താനാകില്ല. നിങ്ങളുടെ പണം കൊണ്ട് എന്നെ നിശബ്ദയാക്കാനോ എന്റെ പോരാട്ടത്തിന്റെ മൂല്യമളക്കാനോ പറ്റില്ല.’’ ഇവരുടെ കൈമുതൽ സത്യവും ആത്മവിശ്വാസവുമാണ്....

അമ്മയാണ് സത്യം

വിവാഹിതയായ മകൾ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു കളയാൻ അവർ കണ്ടെത്തിയ ന്യായം ‘ഭാവി’യെ കൂട്ടുപിടിച്ചായിരുന്നു. അവിവാഹിതയായിരുന്നിട്ടും ഗർഭം ധരിച്ച കുഞ്ഞിനെ ഒ ൻപതുമാസം ചുമന്ന അനുപമ എസ്. ചന്ദ്രൻ എന്ന തിരുവനന്തപുരത്തെ അമ്മയ്ക്ക് സ്വന്തം ചോരയിൽ ജനിച്ച കുഞ്ഞിനെ തിരികെ കിട്ടണമെന്ന വാശിയായിരുന്നു.

‘‘ഗർഭിണിയായിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ്. പക്ഷേ, അതെല്ലാം പരാജയപ്പെട്ടു. എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനു പുറത്ത് എത്തിയതിൽ പിന്നെ അവനെ എനിക്കു കിട്ടിയത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ്.’’ മടിയിലിരുന്ന എയ്ഡൻ അനു അജിത് എന്ന പൊന്നുമോന്റെ നെറ്റിയിൽ മുഖംചേർത്ത് അനുപമ പറഞ്ഞു.

സ്നേഹത്തിൽ ജനിച്ചവൻ

ഭരണകക്ഷിയുടെ പ്രാദേശിക നേതാവാണ് അനുപമയുടെ അച്ഛൻ. ചെമ്പഴന്തി എസ്എൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, അനുപമ എസ്എഫ്ഐയുടെ പേരൂർക്കട മേഖലാ ജോയിന്റ് സെക്രട്ടറിയായി. ആ സമയത്താണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ അജിത് കുമാറിനെ പരിചയപ്പെട്ടതും പ്രണയിച്ചതും. ‘‘അജിത് വിവാഹിതനായിരുന്നു. എന്നു കരുതി ആ ബന്ധത്തിൽ എനിക്കുണ്ടായ കുഞ്ഞിനുമേൽ അവകാശമില്ലെന്നു നിശ്ചയിക്കാൻ ആർക്കാണ് അധികാരം ?

ഗർഭിണിയാണെന്ന വിവരം എട്ടു മാസം വരെ വീട്ടുകാരിൽ നിന്ന് രഹസ്യമാക്കി വച്ചു. വിവരമറിഞ്ഞപ്പോൾ മർദനവും ഭീഷണിയും വരെ ഉണ്ടായി. അവസാന മാസമായപ്പോഴേക്കും എനിക്കു കോവിഡ് ബാധിച്ചു. ആരോഗ്യസ്ഥിതി വഷളായി. കുഞ്ഞിന് അപകടമെന്തെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് നിർബന്ധിച്ച് സിസേറിയൻ നടത്തിയത്.

ഡിസ്ചാർജ് ആകുന്നതുവരെ കുഞ്ഞിനെ പാലൂട്ടിയും ഉറക്കിയും ഞാൻ മാതൃത്വത്തിന്റെ സന്തോഷമറിഞ്ഞു. തിരികെ പോകുന്ന വഴിക്ക് വച്ച് അച്ഛന്റെ നേതൃത്വത്തിൽ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനുവേണ്ടി ഞാൻ കരഞ്ഞു ബഹളം വച്ചു. വിവാഹപ്രായമെത്തിയ ചേച്ചിയുടെ ഭാവിയെ കരുതി അൽപകാലം കുഞ്ഞിനെ മാറ്റിയതാണെന്നും, വിവാഹം കഴിഞ്ഞാലുടൻ അവനെ തിരികെ തരാമെന്നും പറഞ്ഞാണ് എന്നെയവർ സമാധാനിപ്പിക്കാൻ ശ്രമിച്ചത്.’’

കുഞ്ഞ് തിരികെ വരുമോ?

കുഞ്ഞിനെ അന്വേഷിച്ച് അജിത് പലയിടത്തും അലഞ്ഞെങ്കിലും ഒരു വിവരവും കിട്ടിയില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോ ൾ സത്യങ്ങൾ പതിയെ മനസ്സിലായി തുടങ്ങിയെന്ന് അനുപമ പറയുന്നു. ‘‘പരിശ്രമങ്ങൾ വിഫലമായപ്പോൾ ഇക്കഴിഞ്ഞ ഏപ്രിലിൽ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകി. കുഞ്ഞിനെ ന‌ഷ്ടപ്പെട്ട അമ്മയുടെ വേദനയ്ക്കപ്പുറം വിവാഹിതനുമായുള്ള പ്രണയവും അതിന്റെ ധാർമികതയും ചർച്ച ചെയ്യാനായിരുന്നു എല്ലാവർക്കും താൽപര്യം.

സംശയത്തിന്റെ പേരിൽ ശിശുക്ഷേമ സമിതിയിലുള്ള മറ്റൊരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഞാൻ നടത്തുമ്പോൾ, അത് എന്റെ കുഞ്ഞല്ല എന്ന് അവിടെയുള്ളവർക്കെല്ലാം അറിയാമായിരുന്നു. ഒരമ്മയോട് ഇതിൽപരം എന്തു ക്രൂരത ചെയ്യാൻ ?’’

സമരവുമായി അനുപമ തെരുവിലിറങ്ങിയതോടെ ദ ത്തെടുക്കലിനു മുന്നോടിയായി ആന്ധ്രയിലെ ദമ്പതികൾ സംരക്ഷിച്ച കുഞ്ഞിനെ തിരികെയെത്തിച്ചു ഡിഎൻഎ പ രിശോധന നടത്തി. തുടർന്ന് അവൻ അമ്മയുടെ കയ്യിലേക്ക്. ‘‘ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയുണ്ട്. അ തിന്റെ തനിപകർപ്പാണു മോൻ. കുഞ്ഞിനെ തിരികെ കിട്ടി. പക്ഷേ, അവനെ എന്നിൽ നിന്ന് അകറ്റിയവർക്ക് എതിരേയുള്ള പോരാട്ടം തുടരും.’’