ജനിച്ച് ആറു മാസമാകുമ്പോൾ കുഞ്ഞിനു കട്ടിയാഹാരം കഴിക്കുവാൻ പരിശീലിപ്പിക്കണം. സ്പൂൺ ചരിഞ്ഞാൽ പോലും ഒഴുകിപ്പോകാത്ത രീതിയിലുള്ള കട്ടിയായ കുറുക്കാണ് നൽകേണ്ടത്. കുറുക്ക് പാൽക്കുപ്പിയിലാക്കി നൽകരുത്. കുഞ്ഞു ഭാവിയിൽ കട്ടിയാഹാരം കഴിക്കാതെ വരികയും ഗുരുതര പോഷണക്കുറവിന് അടിമയാകുകയും ചെയ്യും.
ആദ്യമായി ധാന്യങ്ങൾ, കൂവരക്, അരി, ഗോതമ്പ് എന്നിവ നൽകാം. ശേഷം ക്രമേണ രണ്ടു ഭാഗം ധാന്യത്തിന് ഒരു ഭാഗം പയറുവർഗം, (ചെറുപയർ, ഉഴുന്ന്, സോയബീന്‍, കടല) എന്നിവ ചേർത്ത് നൽകണം വീട്ടിലുള്ള കഞ്ഞിയും പയറും ദോശ, ഇഡ്ഡലി എന്നിവ കടലയോടൊപ്പം പരിശീലിപ്പിക്കാം. ഈ സമയം കൈവച്ച് ഉടച്ച പഴവർഗങ്ങൾ, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, കിഴങ്ങുവർഗങ്ങൾ, ഏത്തപ്പഴം എന്നിവയും നൽകാം.
കുറുക്കു നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ നവരയരി കുറുക്ക് തയാറാക്കാൻ അരക്കപ്പ് നവരയരി ഒരു പാത്രത്തിലാക്കി വറുക്കുക. പൊട്ടിത്തുടങ്ങുന്ന പാകത്തിൽ മിക്സിയിലാക്കി പൊടിച്ച് അരിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാം.
ഇതിൽ നിന്ന് ആവശ്യത്തിന് പൊടിയെടുത്തു വെള്ളം ചേർത്തു ചെറു തീയില്‍ കുറുക്കിയെടുക്കുക. പാകത്തിനു തേങ്ങാപ്പാലും ശർക്കരയും ചേർത്തു കുഞ്ഞിനു നൽകാം.
∙ നുറുക്കു ഗോതമ്പ് കുറുക്ക് തയാറാക്കാൻ നുറുക്കു ഗോതമ്പ് എട്ടു മണിക്കൂർ കുതിർത്തശേഷം അരച്ച് നന്നായി അരിച്ചെടുക്കുക. ഇത് ഒ രു പാത്രത്തിലാക്കി 15 മിനിറ്റ് ചെറുതീയിൽ കുറുക്കി പാകത്തിനു തേങ്ങാപ്പാലും പനംകൽക്കണ്ടവും ചേർത്തു കുഞ്ഞിനു കൊടുക്കാം.
∙ റാഗി കുറുക്കു തയാറാക്കാനായി പഞ്ഞപ്പുല്ല് / മുത്താറി എട്ടു മണിക്കൂർ കുതിർത്തശേഷം അരച്ചു നന്നായി അരിച്ചെടുക്കുക. ഇതു ചെറുതീയിൽ വേവിച്ചു കുറുക്കി പനംകൽക്കണ്ടം ചേർത്തു നൽകാം. എട്ടു മാസമാകുമ്പോൾ മുതൽ മധുരത്തിനായി ഈന്തപ്പഴം അരച്ചതു ചേർത്തു കുറുക്കിയെടുക്കാം.
∙ കുഞ്ഞിന് ആറു മാസമാകും വരെ മുലപ്പാൽ മാത്രം മതി. അതിനുശേഷം കുറുക്കു നൽകാം. ഒറ്റധാന്യം കൊണ്ടുള്ള കുറുക്കാണു കൊ ടുത്തു തുടങ്ങേണ്ടത്.
∙ മുലപ്പാലൂട്ടി രണ്ടു മണിക്കൂറിനു ശേഷം കുറുക്കു നൽകാം.
∙ കുറുക്ക് സ്പൂണിൽ എടുത്ത് ചെരിച്ചാൽ പെട്ടെന്ന് ഒഴുകിപ്പോരാൻ പാടില്ല. അതാണ് പാകം.
∙ കുഞ്ഞിനെ ചാരിയിരുത്തി വേണം കുറുക്കു നൽകാൻ.