Saturday 20 August 2022 03:34 PM IST

‘എന്നെ ഉപദ്രവിച്ചിരുന്ന അയാളുടെ വിരലുകൾ തടിമില്ലിലെ ജോലിക്കിടയിൽ നഷ്ടപ്പെട്ടു; അതെല്ലാം എന്റെ നിഗൂഢാനന്ദങ്ങളാണ്’

Tency Jacob

Sub Editor

abuse9899999

പ്രസരിപ്പോടെ പൂമ്പാറ്റകളെ പോലെ പാറിനടക്കുന്ന പ്രായത്തിൽ ലൈംഗികമായി പീ‍ഡനത്തിനിരയാകുന്ന കുട്ടികൾ. മനസ്സ് മരവിപ്പിക്കുന്ന അവരുടെ അനുഭവങ്ങൾ...

കളിവീടുണ്ടാക്കി, ഊഞ്ഞാലിൽ ആടിതിമിർത്ത്, കണ്ണാരംപൊത്തി കളിച്ചു ഓടിച്ചാടി ഉല്ലസിക്കേണ്ട കുഞ്ഞുങ്ങൾ. അവരുടെ ചിറകിന്റെ തൂവൽ പറിച്ച് ഇരുട്ടിലേക്കു തള്ളിവിടുകയാണ് ചിലർ. എവിടെ നിന്നാണ് ചോര കിനിയുന്നത്? എങ്ങനെയാണ് മുറിവുണ്ടായത്? അതുപോലും അറിയാതെ ഇളം കണ്ണുകളിൽ അമ്പരപ്പു നിറച്ചു അവർ നമുക്കു നേരെ നോക്കുന്നു. ഏതു വാക്കു കൊണ്ട്, പ്രവർത്തി കൊണ്ട് അവർക്കേറ്റ മുറിവുകളിൽ നമ്മൾ തൈലം പുരട്ടും? നമുക്കവരെ പഴയ കുട്ടികളായി തിരിച്ചു കിട്ടുമോ? 

(നിയമപരമായ കാരണങ്ങളാൽ ആരുടെയും പേരോ സ്ഥലമോ ഉപയോഗിക്കുന്നില്ല.)

വിജനമായ ഒരിടത്ത്...

(ഇര: ഏഴു വയസ്സുള്ള പെൺകുട്ടി)

‘‘ഏകദേശം 25 കൊല്ലം മുൻപ് നടന്ന സംഭവമാണ്. അന്നത്തെ കുട്ടിയായിരുന്ന എന്നെ ഓർത്ത് എനിക്കു ഇപ്പോഴും കരച്ചിൽ വരും.’’ അവളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു. ‘‘അവിവാഹിതനായ ബന്ധു ഇടയ്ക്ക് വീട്ടിൽ വരും. ഞാനന്ന് മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. എന്നെ കൊഞ്ചിക്കാനായി അയാളുടെ മടിയിൽ കയറ്റിയിരുത്തും. നാരങ്ങാ മിഠായിയോ പോപ്പിൻസോ കരുതിയിട്ടുണ്ടാവും.

മദ്യപാനിയായ അച്ഛൻ എന്നെ ഒരിക്കലും ലാളിച്ചിരുന്നില്ല. വീട്ടുപണിക്ക് പോകുന്ന അമ്മയ്ക്ക് തിരക്കായിരുന്നു എപ്പോഴും. എനിക്കന്ന് ആ കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലുമെല്ലാം ഇഷ്ടമായിരുന്നു. പക്ഷേ, അത് കെണിയായിരുന്നുവെന്ന് പതിയെയാണ് മനസ്സിലായത്.  

പിന്നീട് അമ്മ ഓരോ ആവശ്യങ്ങൾക്ക് അയാളുടെ ഒപ്പം എന്നെ വിട്ടു തുടങ്ങി. ആ സമയം മുതലാണ് അയാളെന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. എനിക്ക് എതിർപ്പ് പറയണമെന്നുണ്ട്. വിജനമായ ഇടങ്ങളിലേക്ക് കൊണ്ടുപോയാണ് ‌ഉപദ്രവം. പല ദിവസം അത് തുടർന്നു.

സഹിക്കാൻ പറ്റാതെ ഞാൻ എതിർത്തു. നിമിഷനേരം കൊണ്ടാണ് അയാളുടെ മുഖം മാറിയത്. എന്നെ ശക്തിയായി പിച്ചി. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. വിജനമായ ആ ഇടത്ത് പക്ഷിക്കുഞ്ഞു പോലെയുള്ള ഞാനെന്ത് ചെയ്യാനാണ്?

പക്ഷേ, കഥയറിയാത്ത അമ്മ വീണ്ടും അയാളുടെ കൂടെ എന്നെ വിട്ടുകൊണ്ടിരുന്നു. അയാൾക്ക് വേറെ ജോലി കിട്ടി നാട്ടിൽ നിന്ന്  പോകുന്നതു വരെ അതു തുടർന്നു. അയാൾ എന്നെ പീഡിപ്പിക്കുക മാത്രമല്ല, എന്റെ ആത്മവിശ്വാസവും പ്രസരിപ്പും കൂടിയാണ് എടുത്തു കളഞ്ഞത്. പിന്നീട് ഞാൻ ആരോടും സംസാരിക്കാനിഷ്ടപ്പെടാത്ത ഒരു കുട്ടിയായി മാറി. പഠനത്തിൽ തളർന്ന്  എല്ലാവരാലും പരിഹസിക്കപ്പെട്ട് എല്ലാ ഇടങ്ങളിലും വേർതിരിച്ചു നിറുത്തപ്പെട്ട കുട്ടി.

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നു പറയും. പക്ഷേ, ഇളംപ്രായത്തിലെ മുറിവുകൾക്ക് ജീവിതകാലത്തോളമുണ്ടാകും ആഴം. എനിക്ക് അയാളോട്  ഇപ്പോഴും  പകയാണ്. അയാളുടെ കല്യാണം കഴിഞ്ഞെങ്കിലും കുട്ടികളില്ല. അതുപോലെ എന്നെ ഉപദ്രവിച്ചിരുന്ന അയാളുടെ  വിരലുകൾ തടിമില്ലിലെ ജോലിക്കിടയിൽ നഷ്ടപ്പെട്ടു. അതെല്ലാം എന്റെ നിഗൂഢാനന്ദങ്ങളാണ്. മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാരോടും എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളാണവരുടെ തണൽ.

പുറത്ത് നിന്നുള്ള ഒരാൾ അത് എത്ര ഉറ്റബന്ധു ആയാലും കരുതൽ വേണം. എത്ര വിശ്വാസം തോന്നിയാലും ആ ശ്രദ്ധ മനസ്സിലുണ്ടാകണം. കാര്യങ്ങൾ  തിരിച്ചറിയാനും  എതിർക്കാനുമുളള ശേഷിയും അറിവും മക്കൾക്ക് പകരണം. ആൺകുട്ടിആയാലും പെൺകുട്ടി ആയാലും.’’ 

Tags:
  • Mummy and Me