Saturday 08 June 2024 03:22 PM IST

‘വലിയ പാട്ടുകാരനാകും എന്നു പറഞ്ഞു ചിത്രാമ്മ അനുഗ്രഹിച്ചു’; സംസാരിക്കാൻ തുടങ്ങും മുൻപേ പാട്ടു മൂളിത്തുടങ്ങിയ ആദിത്യ സുരേഷ്

Roopa Thayabji

Sub Editor

adithya

‘മലരേ മൗനമാ...’ പാട്ടിന്റെ വരികളിലലിഞ്ഞു പാടുന്ന കൊച്ചുകുട്ടിയുടെ വിഡിയോ വൈറലായത് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ എന്ന തലക്കെട്ടോടെയാണ്. അത്രമാത്രം ഭാവാത്മകമായി, ശ്രുതിശുദ്ധമായി പാടുന്ന കുട്ടിയെ എസ്പിബിയുടെ കൊച്ചുമകൻ എന്നു വിശേഷിപ്പിച്ചതിൽ തെറ്റൊന്നുമില്ല.

അസ്ഥികൾ ഒടിയുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന രോഗത്തോടെ ജനിച്ച കുഞ്ഞാണ് ആദിത്യ. പക്ഷേ, പാട്ടിന്റെ മാധുര്യത്തിൽ ‌ജീവിതം ‘പെർഫെക്ട് ഓക്കെ’യാണെന്നു കൊല്ലം ഏഴാംമൈൽ സ്വദേശിയായ ആദിത്യ തെളിയിച്ചു.

ഇക്കഴിഞ്ഞ വർഷം രണ്ടു ദേശീയ പുരസ്കാരങ്ങളാണ് ആ പ്രതിഭയ്ക്കുള്ള അംഗീകാരമായി ആദിത്യയെ തേടി യെത്തിയത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാലപുരസ്കാരവും ശ്രേഷ്ഠ ദിവ്യാംഗ് ബാല പുരസ്കാരവും. സംസ്ഥാന സർക്കാരിന്റെ ക്രിയേറ്റീവ് ചൈൽഡ് പുരസ്കാര ജേതാവുമാണ്  ആദിത്യ.

കവിതയുടെ ആദ്യപാഠം

രോഗത്തിന്റെ അലട്ടല്‍ മൂലം അഞ്ചു വയസ്സു വരെ ഒരേ കിടപ്പായിരുന്നു ആദിത്യ. ടിവിയിലും മൊബൈൽ ഫോണിലും കേൾക്കുന്ന പാട്ടുകൾ ശ്രദ്ധയോടെ കേൾക്കും. അങ്ങനെ സംസാരിക്കാൻ തുടങ്ങും മുൻപേ പാട്ടു മൂളിത്തുടങ്ങി. കവിതകളും സിനിമാ പാട്ടുകളും പഠിച്ചു തുടങ്ങിയ ആദിത്യയുടെ നാലാം ക്ലാസ്സു വരെയുള്ള സ്കൂൾ കാലം അത്ര സുഖകരമായിരുന്നില്ല.

‘‘ചികിത്സകൾ തുടങ്ങിയതോടെ തനിയെ ഇരിക്കാമെന്നായി. പക്ഷേ, കഴുത്തിനു തീരെ ബലമില്ല. ബയോകെമിസ്ട്രി ബിരുദാനന്തര ബിരുദം നേടിയ അമ്മയാണ് എന്നെ സ്കൂളിലേക്ക് എടുത്തു കൊണ്ടുപോകുന്നത്. അമ്മയുടെ നെഞ്ചിലേക്ക് ചാരി കിടത്തി ക്ലാസ്സുകൾ കേൾപ്പിക്കും. മിക്ക ദിവസവും ഉച്ചയ്ക്കു വീട്ടിലേക്കു മടങ്ങും.’’

ഒന്നു മുറുക്കെ കെട്ടിപ്പിടിച്ചാൽ പോലും അസ്ഥികൾ ഒ ടിയുന്നത്ര ലോലമായിരുന്നു അന്ന് ആദിത്യയുടെ ശരീരം.

സ്കൂളിലെ പാട്ടു മത്സരത്തിനു സമ്മാനങ്ങൾ കിട്ടി തുടങ്ങിയതോടെ ടീച്ചർമാർ കലോൽസവത്തിൽ പങ്കെടുപ്പിച്ചു. എട്ടാം ക്ലാസ്സിൽ വച്ചു ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും സംസ്ഥാന കലോത്സവത്തിനു പോകാനായില്ല. ഇത്ര കാലത്തിനുള്ളിൽ 20 വട്ടം അസ്ഥികൾ ഒടിഞ്ഞതിന്റെ പേടിയിലായിരുന്നു. പിന്നീടുള്ള വർഷങ്ങളിലെല്ലാം ലളിതസംഗീതം, മലയാളം – സംസ്കൃതം പദ്യംചൊല്ലൽ, ശാസ്ത്രീയ സംഗീതം ഇവയിലെല്ലാം സമ്മാനം നേടി.

ശ്രീകുമാർ മണ്ണടി മാഷിന്റെയടുത്താണു പാട്ടു പഠിച്ചു തുടങ്ങിയത്, പിന്നെ,  മുതുപിലാക്കാട് സിസ്റ്റേഴ്സിലെ ശോഭന ടീച്ചറുടെ കീഴിൽ. തൃശൂരിലെ സനൽ മാഷിന്റെയടുത്തു നിന്നും ഇത്തിക്കാനം ഭാസി മാഷിന്റെ കീഴിലും ഓൺലൈനായി പഠിക്കുന്നുണ്ട്. ഗോപാലകൃഷ്ണൻ മണക്കാല മാഷ് വീട്ടിൽ വന്നും സംഗീതം പഠിപ്പിക്കുന്നു.

വേദികളിലെ താരം

പാട്ടുവേദികളിൽ പലരും ക്ഷണിച്ചു തുടങ്ങിയതോടെ പാട്ടു വിഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തുതുടങ്ങി. കാൽപാദം കൊണ്ടു ഫോൺ പിടിച്ചു പാടിയ ‘മലരേ... മൗനമാ...’ വൈറലായതോടെ സാക്ഷാൽ കെ.എസ്. ചിത്രയെ കാണാൻ അവസരം കിട്ടി. വലിയ പാട്ടുകാരനാകും എന്നു പറഞ്ഞു ചിത്രാമ്മ അനുഗ്രഹിച്ചു.’’

ആയിരത്തോളം വേദികളിൽ ആദിത്യ പാടി. അച്ഛൻ സുരേഷിനും അമ്മ രഞ്ജിനിയും ബിഎസ്‌സി വിദ്യാർഥിയായ ചേട്ടൻ അശ്വിനുമൊക്കെ ആദിത്യയോടു വലിയ കരുതലാണ്. കുന്നത്തൂർ വി‍ജിഎ എച്ച്എസ്എസിൽ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ആദിത്യയ്ക്ക് മറ്റൊരു സ്വപ്നം കൂടിയുണ്ട്, സിവിൽ സർവീസ്.

Tags:
  • Mummy and Me