Friday 18 November 2022 04:28 PM IST

കാരണമില്ലാതെ ഉത്കണ്ഠയും വിഷാദവും, കുട്ടികള്‍ ലഹരി അഡിക്‌ഷനിലേക്ക് പോകുമോ? ‘ഹൈ റിസ്ക്’ വിഭാഗത്തില്‍പെടുന്നവരെ തിരിച്ചറിയാം

Roopa Thayabji

Sub Editor

shutterstock_1579040773

കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന കാരണങ്ങളിൽ അവരിൽ ഒളിഞ്ഞുകിടക്കുന്ന ചില സ്വഭാവങ്ങൾക്കും പങ്കുണ്ട്. കുട്ടിക്കാലത്തു തന്നെ ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ അപകടത്തെ തടയാം. 

∙ ബോർഡർ ലെവൽ ഇന്റലിജൻസ് – ബൗദ്ധികനിലവാരം ശരാശരിക്കു തൊട്ടുതാഴെ നിൽക്കുന്ന കുട്ടികൾ മറ്റുള്ളവരുടെ സ്വാധീനത്തിനു പെട്ടെന്നു വശംവദരാകാൻ സാധ്യത കൂടുതലാണ്. ഈ പോരായ്മയുള്ള കുട്ടികൾക്ക് ലഹരി മാഫിയ പോലുള്ളവയുടെ ദുരുദ്ദേശം തിരിച്ചറിയാനാകില്ല. പ്രലോഭനങ്ങളിൽ അവർ പെട്ടെന്നു വീണുപോകും. 

∙ ഡിസ്‌ലെക്സിയ – പഠനവൈകല്യമുള്ള (ഡിസ്‌ലെക്സിയ) കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ടെങ്കിലും പഠനത്തിൽ മികവു കാണിക്കാനാകില്ല. അവരെ എപ്പോഴും അലട്ടുന്ന ആശങ്കയാണിത്. മയക്കുമരുന്നുപയോഗിക്കുമ്പോൾ അവ രാസലഹരിയായതിനാൽ തന്നെ തലച്ചോറിനു പെട്ടെന്നുണർവുണ്ടായി ആശങ്കയ്ക്കു പരിഹാരം കിട്ടുന്നതായി തോന്നാം.

∙ എഡിഎച്ച്ഡി – അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ഉള്ള കുട്ടികൾക്ക് എടുത്തുചാട്ടം കൂടുതലാണ്. എക്സൈറ്റ്മെന്റ് കിട്ടുന്ന കാര്യങ്ങളിലേക്ക് റിസ്ക് നോക്കാതെ എടുത്തുചാടാനുള്ള ഈ പ്രവണത കൊണ്ടുതന്നെ ലഹരി ഉപയോഗത്തെ കുറിച്ച് ആരെങ്കിലും പറയുന്നതു കേട്ടാൽ ഒന്നു പരീക്ഷിച്ചു നോക്കാൻ തോന്നാം. എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ പൊതുവേ അഡിക്ഷനിലേക്കു നയിക്കുന്ന പ്രത്യേകതകളും കൂടുതലാണ്.

∙ ഉത്കണ്ഠയും വിഷാദവും –  പ്രത്യേകിച്ചു കാരണമില്ലാതെ തന്നെ ഉത്കണ്ഠയും വിഷാദവും പ്രകടമാക്കുന്ന കുട്ടികളുണ്ട്. ഈ  ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനായി മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വീണുപോകുന്നവരുണ്ട്. ഇത് അഡിക്‌ഷനിലേക്കു പോകാം.

∙ കുറ്റവാസന കൂടുതലുള്ളവർ – ഇത്തരം പ്രകൃതമുള്ള  കുട്ടികളും പെട്ടെന്നു മയക്കുമരുന്നിന്റെ പിടിയിൽ പെടാം. കോണ്ടാക്ട് ഡിസോർഡർ (നിയമഭാഷയിൽ ജുവനൈൽ ഡെലിഗ്‌നൻസി) ഉള്ളവർക്ക് മയക്കുമരുന്ന് ഉപയോഗത്തിനു ശേഷം മോഷണം, ലൈംഗിക അതിക്രമം പോലുള്ളവ ചെയ്യാൻ അമിതാവേശവും ധൈര്യവും കൂടുതൽ തോന്നാം. ഇത് ലഹരി അടിമത്തത്തിലേക്കു നയിക്കാം.

പഠനവൈകല്യവും ഉത്കണ്ഠയും പോലുള്ളത് പ്രത്യക്ഷത്തിൽ തിരിച്ചറിയാനാകില്ല. ഇത്തരം കുട്ടികൾ ‘ഹൈ റിസ്ക്’ വിഭാഗത്തിലാണു പെടുന്നത്. 10 ശതമാനം സ്കൂൾ കുട്ടികൾക്കും ഹൈ റിസ്ക് സ്വഭാവ സവിശേഷതകൾ ഉണ്ടാകുമെന്നതിനാൽ അധ്യാപകരും രക്ഷിതാക്കളും ഇവരെ കണ്ടെത്താനും യഥാസമയത്ത് മനഃശാസ്ത്ര സഹായം തേടാനും മടിക്കരുത്.

Tags:
  • Mummy and Me