Saturday 30 November 2024 03:14 PM IST

‘46ാം വയസ്സിലും ഇരുപത്തിയാറുകാരിയുടെ പ്രസരിപ്പോടെ അമ്മയായി’; ചിട്ടയായ പാരന്റിങ്, മക്കളുടെ ആരോഗ്യമാണ് പ്രധാനം, അനുഭവം പറഞ്ഞ് ദീപ്തി ശങ്കര്‍

Priyadharsini Priya

Senior Content Editor, Vanitha Online

paalu2

‘കനല്‍വഴിയിലൂടെ അമ്മ’, വ്യത്യസ്ത സാഹചര്യങ്ങളില്‍ മാതൃത്വത്തെ ആലിംഗനം ചെയ്തവരുടെ കഥ പറയുന്നു. സീരിയല്‍ താരവും നര്‍ത്തകിയുമായ ആര്യ പാര്‍വതിയുടെ അമ്മ ദീപ്തി ശങ്കറാണ് ഇത്തവണ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ചിത്രകാരനായ എം.പി. ശങ്കറിന്റെ ഭാര്യയാണ് ദീപ്തി. ആദ്യത്തെ കുഞ്ഞ് ജനിച്ച് 24 വർഷത്തിനു ശേഷമാണ് ആക്സ്മികമായി രണ്ടാമത്തെ മകള്‍ ജനിക്കുന്നത്. പാലു എന്ന് വിളിപ്പേരുള്ള ആദ്യ പാര്‍വതിയാണ് കുടുംബത്തില്‍ അപ്രതീക്ഷിതമായി എത്തിയ കുരുന്ന്.  

ആദ്യത്തെ കണ്മണി...

എന്റെ ഇരുപതുകളിലായിരുന്നു ആര്യയെ പ്രസവിച്ചത്, നാല്‍പ്പത്തിയാറിലാണ് രണ്ടാമത്തെ മകള്‍ ആദ്യയ്ക്ക് ജന്മം നല്‍കുന്നത്. പാലു എന്നാണ് അവളുടെ ഓമനപ്പേര്. രണ്ടു പ്രായത്തിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും സന്തോഷം മാത്രമായിരുന്നു അനുഭവം. ഇരുപതുകളില്‍ ബാല്യത്തിലെ പോലെ നിഷ്കളങ്ക മനസ്സാണ്. ഒന്നിനെ കുറിച്ചും വലിയ ടെന്‍ഷനൊന്നുമില്ല. കല്യാണം കഴിയുന്നു, ആഗ്രഹിച്ച പോലെ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നു, ആ സന്തോഷം മാത്രം.. അന്ന് നമുക്ക് ചുറ്റും അച്ഛന്‍, അമ്മ, സഹോദരന്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ കുടുംബം.. അങ്ങനെ എല്ലാവരുമുണ്ട്. ഒന്നിനെ കുറിച്ചും വ്യാകുലതകളില്ല.. 

ഞാന്‍ നഴ്സിങ് പഠിച്ചതുകൊണ്ട് പ്രസവം, വേദന... അവയെ കുറിച്ചൊക്കെ നല്ല അവബോധം ഉണ്ടായിരുന്നു. അതിന്റെതായ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. അല്ലാതെ കുഞ്ഞിനെ വളര്‍ത്തുന്നതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. ഷുഗര്‍, ബിപി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ തുടക്കം തൊട്ടേ ബെഡ് റെസ്റ്റായിരുന്നു. പരിപാലിക്കാന്‍ കുറേപേര്‍ ചുറ്റുമുള്ളത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകളൊന്നും എന്നെ ബാധിച്ചില്ല. നോര്‍മല്‍ ഡെലിവറി ആയിരുന്നു, ആര്യയെ കിട്ടിയത് അങ്ങനെയാണ്.    

arya-parvathy-mother6

നാല്‍പ്പത്തിയാറാം വയസ്സില്‍... 

നാല്‍പ്പത്തിയാറിലേക്ക് വരുമ്പോള്‍ ഗര്‍ഭധാരണം അറിയുന്നത് തന്നെ വളരെ വൈകിയാണ്. പിന്നീട് രണ്ടര മാസമേ കുഞ്ഞിനു വേണ്ടി കാത്തിരിക്കേണ്ടി വന്നുള്ളൂ... 26 മത്തെ ആഴ്ചയിലായിരുന്നു ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണം ആണെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. മുന്‍പും ആറു മാസത്തോളം പീരീഡ്സ് ആകാതെയിരുന്നിട്ട് പിന്നീടുണ്ടായ അനുഭവം ഉണ്ടായിട്ടുണ്ട്. സാധാരണ ആര്‍ത്തവത്തോട് അടുപ്പിച്ച് വയര്‍ വീര്‍ത്ത് വരാറുണ്ടായിരുന്നു. സ്വാഭാവികമായിട്ടും അങ്ങനെയാകും എന്ന് കരുതി.

ഞാന്‍ ബ്രഹ്മകുമാരീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് മൗണ്ട് അബുവിലാണ്. ഗര്‍ഭിണി ആണോ എന്നൊന്നും അറിയാതെ അങ്ങോട്ട് ഒരു യാത്ര പോയിരുന്നു. അന്ന് ശരീരത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ടെന്‍ഷന്‍ വരേണ്ട സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. ഇവിടുന്ന് ഹൈദരാബാദ് വരെ ഫ്ലൈറ്റില്‍ ആയിരുന്നു യാത്ര, പിന്നീട് ബസില്‍. അവിടെയെത്തിയ ശേഷം കൂടുതലും ഓട്ടോറിക്ഷയിലായി യാത്ര. ഒരു ഓട്ടോയില്‍ പത്തും പതിനാലും പേരെ ഇരുത്തിയാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഗര്‍ഭത്തിന്റെതായ ശാരീരിക പ്രശ്നമൊന്നും തോന്നിയില്ല, ചര്‍ദ്ദി പോലും ഉണ്ടായിരുന്നില്ല. 

നാട്ടിലെത്തി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴാണ് ചെറിയൊരു ബുദ്ധിമുട്ട് തോന്നിയത്. തല ചുറ്റുന്നതു പോലെ, ബിപിയോ ഷുഗറോ മറ്റോ കുറഞ്ഞോ എന്ന് സംശയിച്ചു. ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്നു മനസ്സിലായത്. അപ്പോഴേക്കും 26 ആഴ്ച കഴിഞ്ഞിരുന്നു. അന്ന് ആര്യ ഡാൻസ് പ്രൊഡക്‌ഷന്റെ ഭാഗമായി ഡൽഹിയിലായിരുന്നു. തല്‍കാലം മോളോട് ഇപ്പോള്‍ പറയേണ്ട എന്നു കരുതി. അവള്‍ സങ്കടപ്പെടുമോ എന്നൊക്കെ കരുതി ടെന്‍ഷനായി. ഒടുവില്‍ ഒരു മാസം വൈകിയാണ് ഏട്ടന്‍ ആര്യ മോളെ വിളിച്ചു വിശേഷം പറഞ്ഞത്. 

arya-parvathy-mother3

ആദ്യം എന്നോട് എന്തേ പറ‍ഞ്ഞില്ല എന്നവള്‍ പരിഭവിച്ചു. അമ്മ എന്തിനാ ഒളിപ്പിച്ചു വച്ചത്, എനിക്കൊരു കൂടപ്പിറപ്പ് ഉണ്ടാകുമ്പോള്‍ സന്തോഷമല്ലേ എന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞപ്പോള്‍ അവള്‍ക്കായിരുന്നു കൂടുതല്‍ ആഹ്ലാദം. സോഷ്യല്‍ മീഡിയയിലൂടെ വിശേഷം പങ്കുവച്ച് ആഘോഷമാക്കിയതും അവളാണ്. എനിക്കൊന്നും സംഭവിക്കരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവളെ ഗര്‍ഭത്തില്‍ ചുമന്നപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകളൊക്കെ എന്റെ അമ്മ പറഞ്ഞ് അവള്‍ക്കറിയാം. അവളെ പത്തു മാസവും ആശുപത്രിയില്‍ കിടന്നാണ് പ്രസവിച്ചത്. 

കുഞ്ഞിനും എനിക്കും ഒന്നും പറ്റാതെ ആരോഗ്യത്തോടെ തിരിച്ചുവരണം എന്ന ടെന്‍ഷന്‍ മാത്രമേ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ... എന്നെയും കാത്ത് 24 വര്‍ഷം സ്നേഹിച്ച ഒരു മോള്‍ പുറത്തുനില്‍ക്കുമ്പോള്‍, എനിക്ക് എന്തെങ്കിലും പറ്റിപ്പോയാല്‍ അവള്‍ക്ക് ആരുണ്ട് എന്ന് മാത്രമാണ് ചിന്തിച്ചത്. ഈയൊരു പ്രായത്തില്‍ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാകാം, ഫിഫ്റ്റി-ഫിഫ്റ്റി ചാന്‍സ് ആണെന്ന് തോന്നിയിട്ടുണ്ട്. വരാന്‍ പോകുന്ന കുഞ്ഞിനെക്കാളും ആ സമയം ഞാന്‍ ചിന്തിച്ചതും പ്രാര്‍ഥിച്ചതും ആര്യ മോള്‍ക്ക് വേണ്ടിയായിരുന്നു. 

ഇത്തവണ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ചേട്ടന് ജോലി തിരക്കു കാരണം മറ്റൊരു സ്ഥലത്തായിരുന്നു. പക്വതയോടെ എല്ലാം സ്വയം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. പാലുവിനെ ഗർഭം ധരിക്കുമ്പോള്‍ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഷുഗർ, ബിപി എല്ലാം നോർമൽ. സപ്ലിമെന്റ്സ് ഒന്നും എടുക്കേണ്ടി വന്നിട്ടില്ല. സ്കാനിങ്ങിൽ കുഞ്ഞ് ഓക്കെ ആയിരുന്നു. രാവിലെ മൂന്നേ മുക്കാൽ മുതൽ അഞ്ചു മണി വരെ ബ്രഹ്മകുമാരീസിന്റെ മെഡിറ്റേഷൻ ഉണ്ട്. അത് മുടക്കാറില്ല. ഒറ്റയ്ക്കായതു കൊണ്ട് വീട്ടുജോലികളെല്ലാം ഞാൻ തന്നെയാണ് ചെയ്തിരുന്നത്. അതില്‍പ്പരം വേറെ വ്യായാമം ഒന്നു ഉണ്ടായിരുന്നില്ല.

arya-parvathy-mother

ഞാന്‍ ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ്. മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തിനും ഒരു കാരണം ഉണ്ടാകും. ഞാന്‍ ഗര്‍ഭിണിയാകണം എന്നതും ഈശ്വര നിശ്ചയം തന്നെയാണ്. ബ്രഹ്മകുമാരീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതു കൊണ്ട് മെഡിറ്റേഷന്‍, ക്ലാസുകളിലൊക്കെ പങ്കെടുത്തിരുന്നു. ആത്മീയമായ അവസ്ഥയിലൂടെ ആയിരുന്നു കടന്നുപോയത്. എന്റെ ആര്യ മോള്‍ ടെന്‍ഷനാകരുത് എന്നൊരു നിര്‍ബന്ധം ഉണ്ടായിരുന്നു. ഒരു സാധാരണ പെണ്‍കുട്ടി പ്രസവിക്കാന്‍ പോകുന്നത് പോലെ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

അന്ന് ശിവരാത്രി, പുലര്‍ച്ചെ മെഡിറ്റേഷനും പ്രാർഥനയുമൊക്കെ കഴിഞ്ഞ ശേഷം എന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ലേബർ റൂമിൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരും ശിവരാത്രി വ്രതം എടുത്തിരുന്നു. ആകെ ഭക്തിസാന്ദ്രമായ അന്തരീക്ഷം, ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നത് കൊണ്ട് ആപത്തൊന്നും വരില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. എന്റെ പ്രാര്‍ഥന കൊണ്ടാകണം ഉച്ചയ്ക്ക് 3.18ന് പാലു ജനിച്ചു, സുഖപ്രസവമായിരുന്നു. പരമശിവന്റെ ഭക്തയായത് കൊണ്ടാകാം ശിവരാത്രി വിശേഷ ദിവസം തന്നെ പാലുവിനെ പ്രസവിച്ചത്. ദൈവം തന്ന നിധി പോലെയാണ് പാലു ഭൂമിയിലെത്തിയത്. ലേബർ റൂമിനു പുറത്ത് കുഞ്ഞിനെ കയ്യിൽ വാങ്ങിയത് ആര്യ മോളാണ്. 

ആര്യ സ്വന്തം മകളെ പോലെയാണ് പാലുവിനെ കാണുന്നത്. സഹോദരിമാര്‍ തമ്മിലുള്ള ആത്മബന്ധം അതാണ്. അനുജത്തിയുമായി വഴക്ക് ഉണ്ടാക്കാറുണ്ടോ എന്ന് പലരും ആര്യയോട് ചോദിക്കും. അപ്പോള്‍ ‘24 വയസ്സുള്ള ഞാന്‍ എന്റെ വിരലിന്റെ നീളമുള്ള പാലുവിനോട് എന്ത് വഴക്ക് ഉണ്ടാക്കാനാണ്’ എന്ന മനോഹരമായ മറുപടി ആര്യ പറയും. കഴിഞ്ഞ ദിവസം അവള്‍ പറഞ്ഞു, പാലു എന്റെ മോളായിട്ട് ജനിച്ചാല്‍ മതിയായിരുന്നു എന്ന്. പാലുവിനെ എങ്ങോട്ട് കൊണ്ടുപോകുകയാണെങ്കിലും വിഡിയോ കോളിലൂടെ കാണണം, എന്ത് ഉടുപ്പാണ് ഇട്ടിരിക്കുന്നത്, പൊട്ടു വച്ചോ എന്നൊക്കെ അന്വേഷിക്കും. അവളെപ്പോലെ പാലുവിനെ ഒരുക്കുന്നതാണ് ഇഷ്ടം. 

arya-parvathy-mother08

ആസ്വദിച്ച് അമ്മയായി...

ആര്യ പിറന്ന ശേഷം രണ്ടാമത്തെ കുട്ടിക്കായി നീണ്ട ഇടവേള എടുത്തത് മനഃപൂര്‍വമായിരുന്നില്ല. ആദ്യ പ്രസവത്തിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടിട്ടാകണം, എന്റെ അമ്മ ഇനി നീ പ്രസവിക്കേണ്ട എന്നൊക്കെ തമാശയായി പറയുമായിരുന്നു. അത് ഞങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല. പിന്നീട് ജീവിതത്തില്‍ ചെറിയ പ്രതിസന്ധിയൊക്കെ ഉണ്ടായി. അപ്പോള്‍ ഒരാളുള്ളതിനെ നന്നായി വളര്‍ത്തിയെടുക്കണം എന്ന് തോന്നി. എങ്കിലും നീണ്ട കാലയളവില്‍ രണ്ടാമതൊരു കുഞ്ഞുണ്ടായില്ല, പിന്നീട് അതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചതുമില്ല.

രണ്ടു തവണയും പോസ്റ്റ്പാര്‍ട്ടം ‍ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലൂടെയൊന്നും ഞാന്‍ കടന്നുപോയിട്ടില്ല. പ്രസവശേഷം ജോലി അവസാനിപ്പിക്കേണ്ടി വരുക, വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പറ്റാതിരിക്കുക, ഉറക്കം നഷ്ടപ്പെടുക, കുഞ്ഞിനെ ഫീഡ് ചെയ്യിപ്പിക്കണം, പിന്നെ അവര്‍ അനുഭവിച്ച വേദനകള്‍, പ്രായത്തിന്റെ പക്വതയില്ലായ്മ, ഇതുപോലുള്ള കാരണങ്ങള്‍ കൊണ്ടാകാം പെണ്‍കുട്ടികളില്‍ പോസ്റ്റ്പാര്‍ട്ടം ‍ഡിപ്രഷന്‍ ഉണ്ടാകുന്നത്. ‍ഞാന്‍ വളരെ ആസ്വദിച്ചാണ് അമ്മയായതും കുഞ്ഞിനെ പരിപാലിച്ചതും. പാലുവിനെ പ്രസവിച്ചപ്പോള്‍ പ്രായം പറഞ്ഞ് മാനസികമായി എന്നെ ആരും കുറ്റപ്പെടുത്തുകയോ കളിയാക്കുയോ ചെയ്തിട്ടില്ല. 

paalu1

ചിട്ടയോടെ പാരന്റിങ് 

പാലുവിന് ഇപ്പോള്‍ ഒന്നര വയസായി. ആര്യയാണെങ്കില്‍ ഒന്നിനും വാശി പിടിക്കുന്ന സ്വഭാവക്കാരിയല്ല. എന്റെ രണ്ടു പ്രായത്തിലും പാരന്റിങ് വളരെയധികം എന്‍ജോയ് ചെയ്തിരുന്നു. ഉറക്കവും ഭക്ഷണവും എല്ലാം കൃത്യസമയത്ത് എന്ന രീതിയില്‍ മക്കളെ ചിട്ടയോടെയാണ് വളര്‍ത്തുന്നത്. 

മൊബൈല്‍ ഫോണ്‍ കയ്യില്‍ കൊടുത്ത് ഭക്ഷണം കഴിപ്പിക്കുന്ന പരിപാടി ഇല്ല. പാലുവിന് കാര്‍ട്ടൂണ്‍ എന്താണെന്ന് അറിയില്ല. ചോക്ലേറ്റ് ഇതുവരെ കഴിക്കാന്‍ കൊടുത്തിട്ടില്ല. ഞാനൊരു ഷുഗര്‍ പേഷ്യന്റ് ആയതുകൊണ്ട് മോള്‍ ആരോഗ്യത്തോടെ ഇരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അവള്‍ക്കും ജനനത്തില്‍ ഷുഗര്‍ ഉണ്ടായിരുന്നു. എനിക്ക് ഇത്രയും പ്രായമുണ്ട്, എത്രകാലം ജീവിക്കും എന്നറിയില്ല. നാളെ പാലുവിനെ നോക്കേണ്ട ബുദ്ധിമുട്ട് ആര്യയ്ക്ക് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്ന ഒരമ്മയാണ് ഞാന്‍. എന്റെ നല്ല പ്രായത്തില്‍ അവളുടെ ആരോഗ്യം നോക്കുന്നു എന്നുമാത്രം. 

ഒരിക്കല്‍ ഞാനൊരു യൂട്യൂബ് ചാനലിനു അഭിമുഖം കൊടുത്തപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് ആ വിഡിയോക്ക് താഴെ ‘ഈ കിളവിത്തള്ളയുടെ മകളായിട്ട് ജനിച്ചത് ആ കുഞ്ഞിന്റെ ‍ദൗര്‍ഭാഗ്യം’ എന്നൊരാള്‍ വന്ന് കമന്റിട്ടു. മക്കള്‍ക്ക് ബാല്യത്തില്‍ കൊടുക്കുന്ന കെയറിങ് ആണ് പ്രധാനം. അതു മനസ്സിലാക്കാതെ അയാള്‍ കമന്റിട്ടു. ഇതൊക്കെ കാണുമ്പോള്‍ മാനസികമായി സങ്കടം തോന്നുമെങ്കിലും പിന്നീട് ഞാനത് കണ്ടില്ല എന്നു നടിക്കും. മക്കളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കണം. അവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ ഇഷ്ടമുള്ളത് കഴിച്ചോട്ടെ, അതിന് ഞാന്‍ എതിരല്ല. പക്ഷെ, കഴിയുന്നതും നല്ല ഭക്ഷണശീലം കുട്ടിക്കാലം തൊട്ടേ അവര്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്. ഇതെന്റെ മാത്രം കാഴ്ചപ്പാടാണ്.

arya-parvathy-mother78
Tags:
  • Mummy and Me
  • Baby Care
  • Parenting Tips