ഒന്നാം ക്ലാസിൽ പഠിക്കുന്ന അലനെ ദേഷ്യം, പഠിക്കാൻ മടി, കടുത്ത പിടിവാശി തുടങ്ങിയ പ്രശ്നങ്ങളുമായാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. ക്ലാസ് ടെസ്റ്റുകളിൽ ഉത്തരമെഴുതി ടീച്ചറെ കാണിക്കാൻ ഓടിയിരുന്ന അലൻ ഇപ്പോൾ അങ്ങനയല്ല. ഇടവേളകളിൽ കൂട്ടുകാർ പന്തിനൊപ്പം ഓടുമ്പോൾ അലൻ പടിക്കെട്ടിൽ സങ്കടഭാവത്തോടെ തനിച്ചിരുന്നു. ആരോടും സംസാരിക്കാതെയായി.
വീട്ടിലേക്കു ഒരു കുഞ്ഞുവാവ കൂടി അനുജനായി എത്തിയതോടെയാണ് ഈ മാറ്റങ്ങളുടെ തുടക്കമെന്നു ഡോക്ടർക്കു മനസ്സിലായി. അലനു വിഷാദരോഗമാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ അച്ഛനമ്മമാർക്കു വിശ്വസിക്കാനായില്ല. മരുന്നു ചികിത്സ കൂടി വേണ്ടിവന്നുവെങ്കിലും ഏതാനും ആ ഴ്ചകൾക്കുള്ളിൽ തന്നെ അലൻ സാധാരണ നിലയിലേക്കു മടങ്ങിവന്നു.
കുട്ടികൾക്ക് എങ്ങനെ വിഷാദം?
കുട്ടികൾക്ക് എങ്ങനെയാണു വിഷാദരോഗം വരുന്നത്? അവർക്കു കളിക്കുകയും പഠിക്കുകയും ചെയ്താൽ പോരേ? ഇതാണു പലരുടേയും ധാരണ. വിഷാദരോഗം അഥവാ ഡിപ്രഷൻ (Maj or Depressive Disorder) ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളിൽ നിന്നു മാത്രമാണു വരുന്നത് എന്ന തെറ്റിധാരണയിൽ നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത്. എന്നാൽ തികച്ചും ജീവശാസ്ത്രപരമായ (Biological) കാരണങ്ങളാൽ വിഷാദരോഗം ഉണ്ടാകാം. അതു കുട്ടികളിലും സംഭവിക്കാം. വിഷാദം വരാൻ ജനിതകസാധ്യതയുള്ളവ രിൽ അതു പ്രകടമാകാൻ എന്തെങ്കിലും കാരണം (ട്രിഗർ) ഉണ്ടാകണമെന്നു നിർബന്ധവുമില്ല.
ലക്ഷണങ്ങൾ മനസ്സിലാക്കുക
കുട്ടികളുടെ വിഷാദലക്ഷണങ്ങൾ മുതിർന്നവരിൽ നിന്നും വ്യത്യസ്തമാ ണ്.ബൗദ്ധിക–ശാരീരിക–മാനസിക വികാസത്തിന്റെ തോത് ഓരോ പ്രായത്തിലും വ്യത്യാസപ്പെട്ടിരിക്കും. കുട്ടികളുടേതിൽ നിന്നും വ്യത്യസ്തമാണു കൗമാരക്കാരിലെ ലക്ഷണങ്ങൾ. വിഷാദരോഗത്തിന്റെ ഏറ്റവും പ്രധാന ല ക്ഷണമാണ് സ്ഥിരമായ തീവ്ര സങ്കടഭാവം (Pervasive low mood) കുട്ടികളിൽ അതേപടി ഇതു പ്രകടമാകണമെന്നില്ല.
അകാരണമായ ദേഷ്യം, ശാഠ്യസ്വഭാവം, പതിവില്ലാത്ത കാര്യങ്ങൾക്കു നിർബന്ധബുദ്ധി-ഇതൊക്കെയായിട്ടാണു കുട്ടികളിലെ വിഷാദരോഗം പുറത്തു വരുന്നത്.
കുട്ടികളിൽ മസ്തിഷ്ക്കവികാസത്തിന്റെ തകരാറുകൊണ്ട് ഉണ്ടാകുന്ന എഡിഎച്ച്ഡി ആയോ പെരുമാറ്റവൈകല്യരോഗമായോ ഇതു തെറ്റിധരിക്കപ്പെടാം. പലപ്പോഴും കുട്ടികൾക്ക് അവരുടെ മനസ്സിൽ രൂപമെടുക്കുന്ന സ്ഥിരമായ സങ്കടഭാവത്തെ പ്രകടിപ്പിക്കാന്‍ സാധിക്കില്ല. അതിനാലാണു കടുത്തദേഷ്യവും നിർബന്ധബുദ്ധിയുമായി അതു പുറത്തു വരുന്നത്.
വിഷാദരോഗിക്ക് ആനന്ദമനുഭവിക്കാനുള്ള ശേഷിയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രത്യാശയും നഷ്ടപ്പെടുന്നു. ആൻഹെഡോണിയ എന്നതാണ് ഈ അവസ്ഥ. കുട്ടികളിലിത് സ്കൂളിനോടുള്ള താൽപര്യ നഷ്ടമായൊക്കെയാവും പ്രകടമാവുക.
കൂട്ടുകാരൊത്തു കളിക്കുന്നതിനോ ടി.വി. കാണാനോ തന്റെ ഇഷ്ട ഹോബി തുടരാനോ താൽപര്യം കാണിച്ചെന്നു വരില്ല. ചില കുട്ടികളിൽ ഒരുതരം മെല്ലപ്പോക്കും മറ്റുചിലരിൽ ഒരു തരം വെപ്രാളവും ലക്ഷണമാകും.
വിഷാദരോഗമുള്ള കുട്ടികളിൽ അമിതക്ഷീണം (Anergia) കാണാം. കളിക്കുമ്പോഴും പഠിക്കുമ്പോഴും വളരെപ്പെട്ടെന്നു ക്ഷീണിതരാകുന്ന ഇവർ ദീർഘനേരം ഉറങ്ങാതെ കട്ടിലിൽ കിടക്കാനുള്ള പ്രവണതയും കാണിക്കും. ഛർദ്ദി, വിട്ടുമാറാത്ത തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ തുടങ്ങി വിവിധ ശാരീരിക രോഗങ്ങളായും ചിലപ്പോൾ വിഷാദം പ്രകടമാകാം. വിശപ്പിലും ശരീരഭാരത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണു കുട്ടികളിലെ വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണം.
കൃത്യമായ ഔഷധ ചികിത്സയും സൈക്കോതെറാപ്പിയും മനഃശാസ്ത്രപരവും സാമൂഹികവുമായ മുൻകരുതലുകളും കൊണ്ടു വിഷാദരോഗത്തെ ഫലപ്രദമായി നേരിടാം.
ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്
കണ്‍സല്‍റ്റന്റ് സൈക്യാട്രിസ്റ്റ്
ഗവ. മെഡി. കോളജ്, വയനാട്