മരണം കൊടുങ്കാറ്റു പോലെ വീശിയിറങ്ങിപ്പോയ വയനാടിന്റെ മണ്ണിനെ ഹൃദയത്തോടു ചേർത്തു നിർത്തി മലയാളി പ്രഖ്യാപിക്കുകയാണ് ഈ പരീക്ഷണവും നമ്മള് അതിജീവിക്കും. നേരമിരുട്ടി വെളുത്തപ്പോൾ വേരറ്റുപോയ അനാഥരെ ബന്ധങ്ങളുടെയോ ബന്ധനങ്ങളുടെയോ നൂലാമാലകൾ വകവയ്ക്കാതെ ജീവിതത്തിലേക്ക് ക്ഷണിച്ച എത്രയോ നന്മ മനസുകൾ. ആ നന്മയുടെ മാലയിലെ തിളക്കമുള്ള മുത്തായി മാറുകയാണ് ദേവി നായർ എന്ന അമ്മ മനസ്. ഈ ജന്മത്തിൽ ഒരു കുഞ്ഞിനെ അവർക്ക് ദൈവം നൽകിയില്ല. ആ വേദനയുടെ മുറിവുണക്കാൻ വയനാട്ടിൽ വിധി അനാഥമാക്കിയ ഒരു പൈതലിനെ ഏറ്റെടുക്കുമെന്നാണ് ദേവിയുടെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഹൃദയത്തിൽ മാതൃസ്നേഹത്തിന്റെ കടലൊളിപ്പിച്ച ആ അമ്മ മനസിനെ നാടു വാഴ്ത്തുമ്പോൾ ദേവി നായർ വനിത ഓൺലൈനോടു മനസു തുറക്കുന്നു.
കൊതിക്കുന്നു ഈ അമ്മമനസ്
ജീവിതത്തിൽ ഒത്തിരി അനുഭവിച്ചവളാണ് ഞാൻ. രണ്ടുതവണ വിവാഹിതയായി. രണ്ടു ജീവിതങ്ങളും എനിക്കു തന്നത് കണ്ണീരല്ലാതെ മറ്റൊന്നുമില്ല. ഇന്ന് ഈ ഭൂമിയില്‍ സ്വന്തമെന്ന് പറയാൻ അച്ഛനും അമ്മയും മാത്രമേ അനിയനുമൊക്കെയേ എനിക്കുള്ളൂ. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ ആരുമില്ലാതെ വേരറ്റു പോകുന്ന ജന്മമായി മാറും എന്റേത്. എന്റേതെന്നു പറയാൻ ഒരു കുഞ്ഞുവേണം. ഞാൻ അത്രയേ ആഗ്രഹിക്കുന്നുള്ളൂ– ദേവി നായർ പറഞ്ഞു തുടങ്ങുകയാണ്.
തിരുവനന്തപുരം പ്രാവച്ചമ്പലമാണ് സ്വദേശം.അച്ഛൻ സുധാകരൻ, അമ്മ പുഷ്പ, സഹോദരൻ ശ്രീജിത്ത്. ജീവിതത്തിലെ നിറമുള്ള കാലങ്ങളിൽ ഏതൊരു പെണ്ണിനേയും പോലെ ഞാനും നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ടിരുന്നു. തിരുവനന്തപുരം സ്വദേശിയുമായുള്ള വിവാഹം സമ്മാനിച്ചത് യാതനകളുടെ ഭൂതകാലം. എന്നും കുടുംബത്തിൽ വഴക്കും ഉപദ്രവവും മാത്രം, പോരാത്തതിന് സംശയരോഗവും. ഈ വേദനകളില്‍ തണലാകാൻ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചു. പക്ഷേ ദൈവം തന്നില്ല. സമ്പത്തില്ലാതെ വരുമ്പോഴല്ല, സ്വന്തം ചോരയിൽ പിറന്ന ഒരു കുഞ്ഞിന്റെ തണലില്ലാതെ വരുമ്പോഴാണ് ഒരു പെണ്ണ് തകർന്നു പോകുന്നത്. പോരാത്തതിന് അമ്മയാകാത്തതിന്റെ പേരിലുള്ള കുത്തുവാക്കുകളും പരിഹാസ സ്വരങ്ങളും. സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് 2017ൽ ആദ്യ വിവാഹത്തിൽ നിന്നും വേർപിരിയേണ്ടി വന്നത്.
വീട്ടുകാരുടെ നിർബന്ധവും എല്ലാത്തിനുമുപരി ഒരു കുഞ്ഞു വേണമെന്ന ആഗ്രഹവുമാണ് രണ്ടാമത്തെ വിവാഹത്തിലെത്തിച്ചത്. അദ്ദേഹം ഗൾഫുകാരനായിരുന്നു. ഗൾഫുകാരനായതു കൊണ്ടുതന്നെ ഒന്നിന്റെ പേരിലും അടിയും തൊഴിയും മർദ്ദനവും ഏൽക്കേണ്ടല്ലോ എന്നേ ചിന്തിച്ചുള്ളൂ. പക്ഷേ വിവാഹത്തോടെ ആദ്യം അവര്‍ ചെയ്തത് കയ്യിലുണ്ടായിരുന്ന സ്വർണം അവർ കൈക്കലാക്കി. സ്വർണത്തിന്റെ തൂക്കവും സ്വത്തും മാത്രം കണ്ട് തുടങ്ങിയ ആ ബന്ധവും അധികനാള്‍ നീണ്ടില്ല. അതോടെ ജീവിതത്തിൽ തീർത്തും ഒറ്റയ്ക്കായി.
വേദനയുടെ നടുക്കടലിൽ വീണപ്പോഴും എനിക്ക് ആരുമില്ലല്ലോ എന്നാണ് ചിന്തിച്ചത്. ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ച് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിന്റെ പടിവാതിൽ പലതവണ ചവിട്ടി. നൂറുകണക്കിന് നൂലാമാലകളാണ് അവർ പറഞ്ഞത്. കുഞ്ഞിന്റെ പേരിൽ സ്വത്ത് എഴുതി വയ്ക്കണം എന്നതുൾപ്പെടെ നിരവധി നിയമക്കുരുക്കുകൾ. അന്നൊന്നും അതിനു കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല എന്റെ കുടുംബം.
ഇന്ന് ഞാനൊരു ജോബ് കൺസൾട്ടൻസി നടത്തുകയാണ്. ആഡംബരമില്ലെങ്കിലും മോശമല്ലാത്തൊരു ജീവിതം നയിക്കുന്നു. അച്ഛനും അമ്മയുമാണ് ഇന്ന് ഈ ജീവിതത്തിൽ കൂട്ടുള്ളത്. അവർ ഇല്ലാതായാൽ എനിക്ക് പിന്നെ ഈ മണ്ണിൽ ആരുമില്ല. ഒരുപക്ഷേ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നു വരും. അപ്പൂപ്പൻ താടി പോലെ ലക്ഷ്യമില്ലാതെ പായുന്ന എനിക്ക് ഒരു കുഞ്ഞു വേണം. അതിനുവേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഷെയർ ചെയ്തത്. ഈ ജന്മത്തിൽ ഒരു കുഞ്ഞിന്റെ അമ്മയാവാൻ എനിക്കു സാധിച്ചിട്ടില്ല . അതിനുള്ള തകരാറുണ്ടോ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊന്നും ഇത് വരെ ഡോക്ടർമാർ സ്ഥിതികരിച്ചിട്ടുമില്ല. വയനാടിന്റെ മണ്ണിൽ മണ്ണിൽ ശ്വാസം കിട്ടാതെ മരിച്ച എത്രയോ അമ്മമാരുണ്ട്, അവരുടെ അനാഥരായ മക്കളുണ്ട്. അവരിലൊരാളെ എനിക്കു തന്നൂടേ. ഞാൻ പൊന്നുപോലെ നോക്കാം. എന്നെ ദേവുമ്മ എന്ന് വിളിക്കുന്ന എത്രയോ കുഞ്ഞുങ്ങൾ ചുറ്റുമുണ്ട്. പക്ഷേ എന്റേതെന്നു പറയാന്‍ ഒരു പൈതലിനെ വേണം. അത്രയേ ഞാൻ മോഹിക്കുന്നുള്ളൂ...
എന്റെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തതു കണ്ടു. പോസ്റ്റ് കണ്ട് ഒന്നു രണ്ടു പേർ വിളിച്ചിരുന്നു. ആഗ്രഹം ശിശുക്ഷേമ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു. നല്ലതു സംഭവിക്കും എന്നു തന്നെയാണ് പ്രതീക്ഷ– ദേവി നായർ പറഞ്ഞു നിർത്തി.
ഫെയ്സ്ബുക്കിൽ ദേവി നായർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
ഈ ജന്മത്തിൽ ഒരു കുഞ്ഞിന്റെ അമ്മയാവാൻ എനിക്കു സാധിച്ചിട്ടില്ല . അതിനുള്ള തകരാറുണ്ടോ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊന്നും ഇത് വരെ ഡോക്ടർമാർ സ്ഥിതികരിച്ചിട്ടില്ല. ഈശ്വരൻ്റെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ഒരമ്മയാവാൻ സാധിക്കാത്തവളുടെ പതിനെട്ട് വർഷത്തെ പ്രാർത്ഥന ഈശ്വരൻ സാധിച്ചു തരാൻ കൂട്ടാക്കിയുമില്ല. ആ ആഗ്രഹം മാറ്റി പിടിച്ച് ജീവിക്കാൻ തുടങ്ങി . പക്ഷെ പലപ്പോഴും ഒറ്റപ്പെടൽ നന്നായി അനുഭവിക്കുമ്പോഴും ഒരു വീറോടെ ജീവിതത്തിൻ്റെ തോണി തുഴഞ്ഞു പോവാൻ ശ്രമിച്ചു . പക്ഷെ ഇങ്ങനെയൊക്കെയുള്ള ദുരന്തങ്ങൾ കാണുമ്പോൾ ഞാൻ നാളെയൊരു കാലത്ത് ഒറ്റയ്ക്കാവും എന്നൊരു തോന്നൽ വന്നെനെ മൂടും .അതോടെ ഞാൻ തളരാൻ തുടങ്ങും.
വയനാട് പ്രശ്നങ്ങൾ കണ്ട് മനസ് ആകെ നീറി പുകയുന്നുണ്ട് .ഒരു പാട് ദമ്പതികൾ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ വളർത്താൻ തരുമോ ആഗ്രഹമുണ്ട് എന്നൊക്കെ ചോദിക്കുന്നുണ്ട് .
ദത്തെടുക്കൽ നിയമപരമായി ഒരു പാട് നൂലാമാലകളാണ്. രണ്ടായിരത്തി പതിനേഴിൽ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലിൽ ഞാൻ അന്വോഷിച്ചതാണ് .അന്നവർ ഒരു പാട് നിയമങ്ങൾ പറഞ്ഞു .ഞാൻ വലിയ ഭൂസ്വത്ത് ഉടമയൊന്നുമല്ല . ഒരഞ്ച് സെൻ്റ് ഭൂമിയിൽ ഒറ്റനില വീടുണ്ട് എനിക്ക്. എൻ്റെ അച്ഛൻ്റെ ആകെ സമ്പാദ്യം. അതെനിക്ക് അച്ഛൻ ഇഷ്ടദാനമായി തന്നിട്ടുണ്ട് .പിന്നെ എൻ്റെ ഉപജീവനമാർഗ്ഗമായി ഞാനൊരു ജോബ് കൺസൾട്ടൻസി നടത്തുന്നുണ്ട്. പിന്നെ തൃശ്ശൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. പട്ടിണിയില്ലാതെ ഞാൻ ജീവിക്കുന്നുണ്ട് ( ഒരു രൂപയുടെ കടമില്ല )
വയനാട് പ്രശ്നം വന്നപ്പോൾ എന്നെ കൊണ്ട് ചെയ്യാൻ പറ്റിയത് ദുരിതാശ്വാസനിധിയിൽ ഒരു ചെറിയ തുക അയച്ചു കൊടുത്തു. അതിൽ കൂടുതലൊന്നും എനിക്ക് ചെയ്യാൻ പറ്റില്ലായെന്നറിയാം .പക്ഷെ ഒരു കുഞ്ഞിനെ വളർത്താൻ സാധിച്ചാൽ നാളെ എൻ്റെ അച്ഛൻ്റെയും , അമ്മയുടെയും കാലശേഷം എനിക്ക് കൂട്ടായി ഒരു കുഞ്ഞുണ്ടാവും .ഇല്ലേൽ എന്താ സംഭവിക്കുക എന്നെനിക്കറിയില്ല ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ഒരു കുഞ്ഞുണ്ടെങ്കിൽ ആ നിഷ്കളങ്കമായ ഒരു പുഞ്ചിരിയിൽ നമുക്ക് എല്ലാം മറക്കാൻ കഴിയുമെന്ന് പല അമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെയൊരു അമ്മയാവാൻ ഞാൻ തയ്യാറാണ്.
ഇത് വായിക്കുന്ന ഏതെങ്കിലും ഒരു മനുഷ്യന് എന്നെ സഹായിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ജന്മത്തിൽ കിട്ടുന്ന പുണ്യം ഇതായിരിക്കും . ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരു സ്ത്രീയും അനാഥമാക്കപ്പെട്ട ഒരു കുഞ്ഞും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്ന ചിത്രം നിങ്ങൾക്ക് ഓരോത്തർക്കും കാണാൻ സാധിക്കും .
NB : വീട്ടിലെ എല്ലാ അംഗങ്ങളോടും ചോദിച്ചു .അവർക്കെല്ലാവർക്കും സമ്മതമാണ് .🙏
സ്നേഹപൂർവം
ദേവിനായർ
തിരുവനന്തപുരം