ADVERTISEMENT

ഇഷ്ടമുള്ള മേഖലകളിൽ മുഴുകി സ്വന്തം വരുമാനം നേടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഡൗൺ സിൻഡ്രം ബാധിതയായ റിസ റെജിയും കുടുംബവും.. 

‘‘റിസ, ആ തുണികളൊന്നു മടക്കി വയ്ക്കണേ.’’ അമ്മ അനിതയുടെ നിർദേശത്തിനു അദ്ഭുതഭാവത്തിൽ ഉടൻ വന്നു മറുപടി.

ADVERTISEMENT

‘‘വൈ ആർ യു ടോക്കിങ് ലൈക്ക് ദാറ്റ്?’’ അമ്മയ്ക്ക് താൻ പറഞ്ഞതിൽ തെറ്റുണ്ടോയെന്നു സംശയമായി. 

‘‘ഞാൻ യുഎസിൽ റാംപ് വാക്ക് ചെയ്യാൻ പോകുന്ന ഒരു മോഡലല്ലേ.’’ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് റിസ. വെറുതേ ഒരു ദിവസം കൊണ്ടു മണൽകൂമ്പാരത്താൽ കെട്ടിയുയർത്തിയതല്ല, ഒരു വീട് കെടാവിളക്കു പോലെ കൂടെ നിന്നു നേടിയെടുത്തതാണ് റിസയുടെ വിജയം.

ADVERTISEMENT

ഗ്ലോബൽ ഡൗൺ സിൻഡ്രം ഫെഡറേഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര സൗന്ദര്യോത്സവത്തിലേക്ക് റിസ തിര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 22 മോഡലുകളെ പങ്കെടുപ്പിച്ച് അമേരിക്കയിൽ നടത്തുന്ന ഈ സൗന്ദര്യോത്സവത്തിൽ ആ ദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരാൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

‘‘നേരെ വാ നേരെ പോ മട്ടുകാരിയാണ് റീസു. ആരെയും പേടിയില്ല.’’ റിസയുടെ അമ്മ അനിത പറയുന്നു. ‘‘അവളുടെ അഭിപ്രായം ആരുടെ മുന്നിലും പറയും. റീസുവിന്റെ സഹോദരി റേയ മുംബൈയിലാണ് ജോലി ചെയ്യുന്നത്. റീസു വിഡിയോ കോൾ െചയ്യുമ്പോൾ ചിലപ്പോൾ അവൾക്ക് ജോലി തിരക്കു കാരണം എടുക്കാൻ സാധിക്കാറില്ല. തിരികെ വിളിക്കുമ്പോൾ റീസു ചോദ്യം ചെയ്യും. ‘എന്റെ ബോ സ് സമ്മതിച്ചില്ല റീസു’ എന്നു പറഞ്ഞു റേയ തടിതപ്പും. ‘ബോസിന്റെ നമ്പർ തരൂ. ഞാൻ വിളിച്ചു പറയാം. കോൾ വരുമ്പോൾ എടുക്കുന്നതിൽ പ്രശ്നമുണ്ടാക്കരുതെന്ന്.’ അതാണ് റിസ.’’ അനിത പൊട്ടിച്ചിരിച്ചു.

ADVERTISEMENT

ഹൃദയത്തിൽ വന്നു കയറുന്ന സ്നേഹം

പന്തളം സ്വദേശി റെജി വഹീദിന്റെയും അനിതയുടെയും മകളാണ് റിസ. ഭിന്നശേഷിക്കാരായ കുട്ടികളെ എംപവർ ചെയ്യിക്കാനായി ഇരുവരും ചേർന്ന് ‘ബ്യൂട്ടിഫുൾ ടുഗെത ർ ഫൗണ്ടേഷൻ’ എന്ന സംഘടന നടത്തുന്നുണ്ട്. റെജിക്ക് പരസ്യ രംഗത്താണ് ജോലി. അനിത ഇന്ത്യയിലും വിദേശത്തുമുള്ള സ്കൂളുകളിൽ ആർട് ഇൻസ്പെക്ടറാണ്.

‘‘ആഫ്രിക്കയിലായിരുന്നു ഞങ്ങൾ. മകൾക്കു വേണ്ടിയാണ് ബെംഗളൂരൂവിലേക്കു വന്നത്. സാധാരണ സ്കൂളിലാണ് അവൾ പഠിച്ചത്. പ്ലസ് ടുവിനുശേഷം സ്പെഷൽ സ്കൂളിലും. റീസുവിന് ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സ്വാഹിലി ഭാഷകൾ അറിയാം.’’ അനിത പറയുന്നു.

‘‘ഇരുപത്തിന്നാലു വയസ്സായി റീസുവിന്. ജനന സമയത്തു തന്നെ ഡോക്ടർ അവളുടെ അവസ്ഥ പറഞ്ഞിരുന്നു. അവളെ ഉൾക്കൊണ്ടു മാത്രമേ മുന്നോട്ടു പോകൂ എന്നു  ഞങ്ങൾ തീരുമാനിച്ചു. അഞ്ചു വയസ്സുള്ളപ്പോൾ കളിക്കുന്നതിനിടയിൽ അവൾ പിന്നോട്ട് മറിഞ്ഞു വീണു. അതിനു ശേഷം ശരീരം തളർന്നു പോകുന്ന അവസ്ഥയിലേക്കെത്തിയതാണ്. അവളുടെ പോസിറ്റീവ് ഫൈറ്റ് കൊണ്ടു മാത്രമാണ് തിരിച്ചുവന്നത്. 

നൃത്തം വലിയ ഇഷ്ടമാണ്. പാട്ടു കേട്ടാൽ അപ്പോൾ തുള്ളിച്ചാടി ഡാൻസ് ചെയ്യും. അതുപോലെ നിറങ്ങളോടുള്ള ഇഷ്ടം കൊണ്ട് എപ്പോഴും വരച്ചു കൊണ്ടിരിക്കും. ബെംഗളൂരൂവിലെ ‘അസ്തിത്വ’ എന്ന സ്ഥാപനത്തിൽ പോകുന്നുണ്ട് റീസു. ലൈഫ് സ്കിൽ, വൊക്കേഷനൽ സ്കിൽ ഇവയൊക്കെയാണ് അവിടെ പരിശീലിപ്പിക്കുന്നത്. അതവളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

IMG-20220917-WA0018

സംസാരിക്കുമ്പോൾ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടാണ് അഭിനയം ഇഷ്ടമാണെന്നു മനസ്സിലാകുന്നത്. സ്വരത്തിൽ വ്യത്യാസം വരുത്തി ഡയലോഗ്സ് പറയുക, ക്യാമറയ്ക്ക് പോസ് ചെയ്യുക എല്ലാം ഒരുപാട് ഇഷ്ടമാണ്. ‘തനിഷ്ക്’ എന്ന ആഭരണ ബ്രാൻഡിന്റെ പരസ്യ മോഡലായിരുന്നു. ഇപ്പോൾ അമേരിക്കയിലെ കൊളറാഡോയിലുള്ള ഗ്ലോബൽ ഡൗൺ സിൻഡ്രം ഫൗണ്ടേഷന്റെ ആനുവൽ ഫാഷൻ മെഗാ ഇവന്റിലേക്കും ക്ഷണം വന്നു. 

മോളുമായി ഇന്റർവ്യൂവും വീടിനുള്ളിൽ മിനി റാംപ്  വാക്ക് നടത്തിയുമൊക്കെയാണ് തിരഞ്ഞെടുത്തത്. നവംബർ മാസത്തിലാണ് പ്രോഗ്രാം. അതിനുള്ള തയാറെടുപ്പിലാണ്. സെലിബ്രിറ്റീസും മോഡല്‍സുമെല്ലാം വരും. അവരുടെ കൂടെ റാംപിൽ നടക്കാനുള്ള അവസരമാണ് റീസുവിന് കിട്ടിയിരിക്കുന്നത്.’’

Super Mom Speaks

∙ നോർമൽ എന്നതിനു നമ്മൾ കൊടുത്തിരിക്കുന്ന നിർവചനമല്ല ശരിയായത് എന്ന മകൾ എനിക്ക് പഠിപ്പിച്ചു തന്നു. ഡൗൺ സിൻഡ്രം കുട്ടികളുണ്ടാകുമ്പോൾ സമൂഹം ചിന്തിക്കുന്നത് ഇവർക്കൊന്നും െചയ്യാൻ കഴിയില്ല എന്നാണ്. അല്ല ഇവർക്കു പലതും ചെയ്യാൻ കഴിയും.

∙ സാധാരണ കുട്ടിയുടെ ഒപ്പം പഠിച്ച് മുന്നോട്ടു പോകാനുള്ള കഴിവ് ഇവർക്കുണ്ടാകില്ല എന്നേയുള്ളൂ. ആളുകളെ നിരീക്ഷിച്ച് അവരെ പോലെ പെരുമാറാൻ ഇവർ എപ്പോഴും ശ്രമിക്കും. ഒരിടത്തും മാറ്റി നിർത്താതെ കൂടെ കൂട്ടുക.

∙ ഡൗൺ സിൻഡ്രം വ്യക്തികൾക്കായി തയാറാക്കിയ പലതരം തെറപ്പികൾ ചെയ്യുന്നത് വലിയ മാറ്റങ്ങളുണ്ടാക്കും.

ADVERTISEMENT