ADVERTISEMENT

നല്ലതും ചീത്തയും കൃത്യമായി അപഗ്രഥിച്ചെടുക്കാനും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും പക്വത ആർജ്ജിക്കാത്ത കാലഘട്ടമാണ് കൗമാര പ്രായം. എന്തിനോടും കൗതുകം തോന്നുന്ന പ്രായം.  അതുകൊണ്ട് തന്നെ കൗമാരക്കാർ ലഹരിക്കടിമപ്പെടുവാനുള്ള സാധ്യതയേറെയാണ്. എന്തെന്ന് അറിയാനുള്ള ആകാംക്ഷ, ബോറടി മാറ്റാനുള്ള വഴി, കൂട്ടുകാരുടെ പ്രലോഭനം, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധതിരിയാനുള്ള കാരണങ്ങള്‍ നിരവധിയാണ്.

കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ ദൈനംദിന പ്രവർത്തികൾ, ഇടപെടലുകൾ തുടങ്ങിയവ  കൃത്യമായി നിരീക്ഷിക്കുക.  ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ പ്രയാസമില്ലാതെ ഈ ദുശ്ശീലത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍ സാധിക്കും. 

ADVERTISEMENT

താഴെ കാണുന്ന മാറ്റങ്ങൾ കുട്ടികളിൽ കാണപ്പെടുന്നുണ്ടോ?  

∙ അകാരണമായി ദേഷ്യപ്പെടുക.

ADVERTISEMENT

∙ പ്രത്യേകിച്ചു കാരണമില്ലാതെ പഠന നിലവാരത്തില്‍ പിന്നോട്ടു പോകുക.

∙ രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുക. 

ADVERTISEMENT

∙ കൂടുതല്‍ പോക്കറ്റ് മണി ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധാനങ്ങള്‍ കാണാതെ പോകുക.

∙ ഉറക്കത്തിന്റെ രീതിയില്‍ വരുന്ന വ്യത്യാസം, അമിതമായ ഉറക്കം, കൂടുതല്‍ സമയം മുറി അടച്ചിടുക.

∙ മുറിക്കകത്ത് അസാധാരണമായ മണങ്ങള്‍ അനുഭവപ്പെടുക.

∙ അപരിചിതരോ, പ്രായത്തില്‍ മുതിര്‍ന്നവരോ ആയ പുതിയ കൂട്ടുകാര്‍.

∙ കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കാണുക.

∙ വസ്ത്രധാരണരീതിയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസങ്ങള്‍.

∙ അലസത, ഒന്നും കൃത്യമായി ചെയ്യാനുള്ള നിഷ്ഠ ഇല്ലായ്മ. 

മുൻകരുതൽ സ്വീകരിക്കാം

∙ ഒരു സുഹൃത്ത് എന്ന പോലെ രക്ഷിതാക്കൾ കുട്ടികളോട് പെരുമാറുക. പേടി കൂടാതെ അവന് അല്ലെങ്കിൽ അവൾക്ക് എന്തും വന്നു രക്ഷിതാക്കളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നണം. 

∙ കുട്ടികളെ ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. മറിച്ച് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായം ആവശ്യമാണ്. 

∙ പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ കുട്ടിയെ കൗൺസിലിംഗ് നൽകി മടക്കിക്കൊണ്ടുവരുവാൻ ശ്രമിക്കുക. 

∙ കേരള പൊലീസിന്റെ ചിരി പദ്ധതിയിലൂടെ ഇത്തരം കുട്ടികൾക്ക് മികച്ച മാനസിക വിദഗ്ധരുടെ സേവനം കൗൺസിലിങ്ങിലൂടെ ലഭ്യമാക്കി വരുന്നു. ചിരിയിലേക്ക് വിളിക്കാനുള്ള നമ്പർ -   9497900200

കടപ്പാട്: കേരളാ പൊലീസ്

ADVERTISEMENT